ഇന്ന് ഒരു ആഖ്യാനം കൂടാതെയും തെരഞ്ഞെടുപ്പ് ജയിക്കാം, എന്നാൽ തന്ത്രപരമായ സഖ്യങ്ങൾ ഇല്ലാതെ കഴിയില്ല
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അരങ്ങ് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോഴും ‘മോദിക്കെതിരെ ആര്’ എന്ന ചോദ്യം ശക്തമായ ഒരു പ്രതിപക്ഷ വെല്ലുവിളിയുടെ അഭാവത്തിൽ ഒരു അഴിയാക്കുരുക്കായി തുടരുന്നു. ഇപ്പോഴിത് ഒരു അസമമായ യുദ്ധമാണ്; ബ്രാൻഡ് മോദിയും ബ്രാൻഡ് രാഹുലും തമ്മിൽ. പതിയെ പതിയെ മങ്ങുന്നുണ്ടെങ്കിലും ആദ്യത്തെ കക്ഷിക്ക് തന്നെയാണ് മുൻതൂക്കം. കഴിഞ്ഞ നാലര വർഷം കൊണ്ട് ബിജെപി സർക്കാരിന്റെ തിളക്കം നഷ്ടപ്പെടുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ ഇടിയുകയും ചെയ്തിരിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനകീയ സമ്മതി ഉയരുന്നുമുണ്ട്.
നിരവധി വിഷയങ്ങളാണ് സർക്കാർ പ്രതിപക്ഷത്തിന് തളികയിലെന്നോണം നൽകിയത്- റാഫേൽ യുദ്ധവിമാന ഇടപാട്, കുതിച്ചുയരുന്ന എണ്ണവില, രൂപയുടെ വിലയിടിവ്, തൊഴിൽരഹിത വളർച്ച, കാർഷിക പ്രശ്നങ്ങൾ, നോട്ടു നിരോധന കുഴപ്പങ്ങൾ, വിജയ് മല്യ ലണ്ടനിലേക്ക് രക്ഷപ്പെട്ടത് എന്നിങ്ങനെ. എന്നാൽ ഇതെല്ലാം തങ്ങൾക്ക് സഹായകമായ രീതിയിൽ ഒരു രാഷ്ട്രീയ ആഖ്യാനമാക്കി മാറ്റുന്നതിന് കോൺഗ്രസിന് കഴിഞ്ഞില്ല. മറിച്ച്, അഗസ്റ്റ ഹെലികോപ്റ്റർ വിവാദം, റോബർട്ട വാദ്ര ഇടപാട്, നാഷണൽ ഹെറാൾഡിനെതിരായ ആദായ നികുതി കേസുകൾ എന്നിവ വെച്ച് കോൺഗ്രസിനെ കുരുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇന്ന് ഒരു ആഖ്യാനം കൂടാതെയും തെരഞ്ഞെടുപ്പ് ജയിക്കാം, എന്നാൽ തന്ത്രപരമായ സഖ്യങ്ങൾ ഇല്ലാതെ കഴിയില്ല; വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും നിർണായക ഘടകം അതായിരിക്കും. ഇവിടെയും ബിജെപിക്കാണ് മുൻതൂക്കം. 2014-ൽ മോദിയുടെ ജനപ്രിയത അതിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമയത്ത് ബിജെപി 282 സീറ്റുകൾ നേടിയാണ് സ്വന്തം നിലയിൽ ഭൂരിപക്ഷം ഉറപ്പിച്ചത്. പക്ഷെ ഇപ്പോൾ പ്രതിരോധത്തിൽ നിൽക്കുന്ന ഭരണകക്ഷിക്ക് ഭൂരിപക്ഷത്തിലേക്കെത്താൻ സഖ്യകക്ഷികൾ കൂടിയേ തീരൂ. അതുകൊണ്ടാണ് ബിജെപിയുടെ തത്രജ്ഞന്മാർ ദ്വിമുഖ തന്ത്രം പയറ്റുന്നത്- എൻഡിഎയെ വിപുലമാക്കുകയോ ശക്തി കുറയാതെ നിർത്തുകയോ ചെയ്യുക, പ്രതിപക്ഷ നിരയിലെ അനൈക്യത്തെ കൗശലത്തോടെ ഉപയോഗിക്കുകയും അത്തരം സഖ്യസാധ്യതകളെ അട്ടിമറിക്കുകയും ചെയ്യുക.
Also Read: “എത്ര കാലം അവരുടെ കളത്തില്‍ കളിക്കും”? കൈരാന പറയുന്നത്
ടിഡിപിയെ നഷ്ടപ്പെട്ടെങ്കിലും ശിവസേനയും ജെഡി (യു)വുമായി ബിജെപി ഒത്തുതീർപ്പിലെത്തി. തെലങ്കാനയിലെ ആന്ധ്രയിലും ടിആർഎസും വൈഎസ്ആർ കോൺഗ്രസുമായി ഒളിസഖ്യമുണ്ടാക്കിക്കൊണ്ട് കോൺഗ്രസിന്റെ സാധ്യതകളെ നിർവ്വീര്യമാക്കുകയും ചെയ്തു. ഉത്തർ പ്രദേശിലേതുപോലെ സഖ്യങ്ങൾ (ബിഎസ്പി-എസ്പി-ആർഎൽഡി- കോൺഗ്രസ്) രൂപപ്പെടുന്നത് തടയാൻ കഴിയാത്ത ഇടങ്ങളിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരമാവധി കുറയ്ക്കാൻ ബിജെപി ആ കക്ഷികളിലും സഖ്യങ്ങളിലും പരമാവധി കുഴപ്പമുണ്ടാക്കുന്നു. യുപിയിൽ മുലായം സിങിന്റെ കുടുംബത്തിലെ ഭിന്നിപ്പുകൾ മുതലെടുക്കാൻ അവർ, പുറത്താക്കപ്പെട്ട മുന്‍ എസ്പി നേതാവും രാജ്യസഭാ എംപിയുമായ അമർ സിംഗിനെ നിയോഗിച്ചുകഴിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുമ്പ്, സമാജ്‌വാദി പാർട്ടിയിൽ അഖിലേഷ് യാദവ് പിടിമുറുക്കുന്നതിനെതിരെ കലാപമുണ്ടാക്കിയ മുലായത്തിന്റെ സഹോദരൻ ശിവപാൽ യാദവ് അമർ സിങിനൊപ്പം ചേര്‍ന്ന് സമാജ്‌വാദി സെക്കുലർ മോർച്ച എന്ന പേരിൽ ഒരു പുതിയ കക്ഷി ഉണ്ടാക്കി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ മത്സരിക്കാനുദ്ദേശിക്കുന്ന എസ് എസ് എം, മെയിൻപുരിയിൽ മുലായം സിംഗിനെ സ്ഥാനാർത്ഥിയാക്കുമെന്നും ശിവപാൽ യാദവ് പ്രഖ്യാപിച്ചു. അവർക്ക് വലിയ വിജയമൊന്നും ഉണ്ടാകില്ലെങ്കിലും പല സാധ്യതകളും നശിപ്പിക്കാൻ കഴിയും. രാഷ്ട്രീയ മോഹങ്ങളുള്ള മുലായത്തിന്റെ മരുമകൾ അപർണ യാദവിനെയും ബിജെപി-അമർ സിങ് സഖ്യം നോട്ടമിട്ടുണ്ട്. എസ് പി, ബി എസ് പി കക്ഷികൾക്കുള്ളിലെ തർക്കത്തിനിടയിൽ, ബിജെപി വിരുദ്ധ സഖ്യത്തിൽ ‘മാന്യമായ’ അത്രയും എണ്ണം സീറ്റുകൾ കിട്ടിയില്ലെങ്കിൽ തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി എസ് പി നേതാവ് മായാവതി പ്രഖ്യാപിച്ചിരിക്കുന്നു. (2014-ൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ മായാവതിയുടെ കക്ഷിക്ക് ഒറ്റ സീറ്റുപോലും കിട്ടിയില്ല എന്നോർക്കുക). ബിജെപി വിരുദ്ധ സഖ്യത്തെ തകർക്കാനുള്ള ഒരു മുന്നൊരുക്കമായോ അല്ലെങ്കിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി വിലപേശാനുള്ള തന്ത്രമാണോ, എന്താണിതെന്ന് ഇപ്പോഴും വ്യക്തമല്ല.
എണ്ണ വില ഉയരുന്നതിന് കോൺഗ്രസിനെ ആക്രമിക്കാൻ മായാവതി തുനിഞ്ഞതും ആശ്ചര്യമുണ്ടാക്കുന്നു. ഇന്ധനവില ഉയരുന്നതിന് ബിജെപിയെയും കോൺഗ്രസിനെയും അവർ ഒരുപോലെ കുറ്റപ്പെടുത്തി. 2014-ൽ ഇതിനെല്ലാം കനത്ത തോൽവിയേറ്റുവാങ്ങിയ കോൺഗ്രസിനെ വീണ്ടും ഇതിലേക്ക് വലിച്ചിടുന്നതിലൂടെ മോദി സർക്കാരിനെതിരായ പ്രതിപക്ഷ പോരാട്ടത്തെ ദുർബലപ്പെടുത്തുകയല്ലേ മായാവതി ചെയ്യുന്നത്? യുപി, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ 145 ലോക്സഭാ സീറ്റുകളിൽ ബി എസ് പി ഒരു സ്വാധീന ഘടകമാണ്. 2014-ൽ ഇതിൽ 133 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. യുപിയിൽ ബി എസ് പി -എസ് പി-ആർ എൽ ഡി- കോൺഗ്രസ് സഖ്യവും എംപി, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസ്-ബി എസ് പി സഖ്യവും ബിജെപിക്ക് മാരകമായ പ്രഹരമേല്പിക്കും.അതുകൊണ്ട്തന്നെ ഏതുവിധേനയും ഈ സഖ്യത്തെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കും. മുമ്പ് മൂന്നുതവണ ബിജെപിയുമായി കൂട്ടുചേർന്ന ചരിത്രവും ബി എസ് പിക്കുണ്ട്.
Also Read: രാഹുല്‍ ഗാന്ധിയുടെ മുന്‍പിലെ യഥാര്‍ത്ഥ പ്രതിസന്ധി
നോട്ടു നിരോധനത്തിന് തൊട്ടുപിന്നാലെ 2016 ഡിസംബറിൽ ബി എസ് പിയുടേത് എന്ന് പറയുന്ന ഒരു അക്കൗണ്ടിൽ 104 കോടി രൂപയുടെ നിക്ഷേപം വന്നതായി എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെന്റ് അവകാശപ്പെട്ടിരുന്നു. ബി എസ് പി മേധാവിയുടെ ഒരു ബന്ധുവിന്റെ പേരിൽ 3000 കോടി രൂപയുടെ ബിനാമി സ്വത്തുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയതായി കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ ടുഡേ ടിവി വാർത്ത നൽകി.
ബിഹാറിൽ ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും സമാജ്‍വാദി പാർട്ടിയിലേതിന് സമാനമായ തർക്കങ്ങൾ ഉണ്ടാകുന്നതായി വാർത്തയുണ്ട്; ഇളയ മകനും രാഷ്ട്രീയ അവകാശിയായി കരുതുന്ന തേജസ്വി യാദവും മൂത്ത മകനായ തേജ് പ്രതാപ് യാദവുമായാണ് തർക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ തർക്കം പരമാവധി രൂക്ഷമാക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നത്.
കർണാടകത്തിൽ ഭരണസഖ്യത്തിലെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ സ്വാധീനിക്കാൻ ബിജെപി നേതാക്കൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആരോപിച്ചിട്ടുണ്ട്. കോൺഗ്രസിനെ പിളർത്തി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ചില കോൺഗ്രസ് നേതാക്കൾ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ ഉടനെ തന്റെ കക്ഷിയിൽ ചേരും എന്നുമാണ് സംസ്ഥാന ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പ അവകാശപ്പെടുന്നത്.
Also Read: യു പിയിലെ 80 സീറ്റുകള്‍ തീരുമാനിക്കും ബിജെപി റെയ്സീന ഹില്ലിലേക്ക് മടങ്ങുമോ ഇല്ലയോ എന്ന്
തങ്ങളുടെ സാമൂഹ്യ അടിത്തറ വിപുലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബി ജെ പി, മാധുരി ദീക്ഷിത്, നാന പടേക്കർ, സൽമാൻ ഖാൻ, സണ്ണി ഡിയോൾ, അക്ഷയ് കുമാർ, മോഹൻ ലാൽ, ക്രിക്കറ്റ് കളിക്കാരായിരുന്ന വീരേന്ദ്ര സെവാഗ്, കപിൽ ദേവ് എന്നിവരോട് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത ആരായാൻ ആളുകളെ അയച്ചിരുന്നു.
എങ്കിലും എൻഡിഎ ഇതര കക്ഷികൾ പരിഭ്രാന്തരാകേണ്ടതില്ല. മോദി തരംഗം അതിന്റെ ഉച്ചിയിൽ നിൽക്കുമ്പോഴും അവർക്ക് 61 ശതമാനം വോട്ടു കിട്ടിയിട്ടുണ്ട്. ബിജെപിക്കെതിരെ ഒരു ദേശീയ സഖ്യമുണ്ടാക്കാൻ കഴിഞ്ഞാൽ (ഈ വർഷം ഏപ്രിലിൽ അമിത് ഷാ അവരെ ‘പാമ്പുകളും കീരികളും പൂച്ചകളും നായ്ക്കളു’മായി താരതമ്യം ചെയ്തതിനെ നിഷേധിച്ചുകൊണ്ട്) 2019-ൽ വിജയം പ്രതിപക്ഷത്തിനായിരിക്കും.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍
യു പിയിലെ 80 സീറ്റുകള്‍ തീരുമാനിക്കും ബിജെപി റെയ്സീന ഹില്ലിലേക്ക് മടങ്ങുമോ ഇല്ലയോ എന്ന്