UPDATES

ട്രെന്‍ഡിങ്ങ്

മിസ്റ്റര്‍ ആദിത്യനാഥ്, ‘ആര്‍എസ്എസ് ഭരിക്കുന്ന ഒരു നാട്ടില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു ചുക്കും പഠിക്കാനില്ല’

കാലഹരണപ്പെട്ട അതിമോഹങ്ങള്‍ അവിടെ നില്‍ക്കട്ടെ; നമുക്ക് കണക്കുകള്‍ വച്ച് സംസാരിക്കാം.

കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് ദേശീയമാധ്യമങ്ങളില്‍ നുണപ്രചാരണം നടത്തുന്നതായിരുന്നു താങ്കളുടെയും സംഘത്തിന്റെയും പണി. ചുളുവില്‍ ഒരു രാഷ്ട്രപതി ഭരണം തരപ്പെടുത്താമോ എന്നും നിങ്ങളില്‍ ചിലര്‍ വ്യാമോഹിച്ചു. കാലഹരണപ്പെട്ട അതിമോഹങ്ങള്‍ അവിടെ നില്‍ക്കട്ടെ; നമുക്ക് കണക്കുകള്‍ വച്ച് സംസാരിക്കാം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുറ്റകൃത്യങ്ങളുടെ പറുദീസയാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത് താങ്കള്‍ വിസ്മരിക്കുന്നുവോ? താങ്കള്‍ അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു; കാരണം താങ്കളുടെ അധികാര ലബ്ധി മാത്രമായിരുന്നില്ല, മറിച്ച് നിഷ്‌ക്രിയമായ പോലീസും താങ്കള്‍ തന്നെ രൂപീകരിച്ച ഹിന്ദുയുവവാഹിനിയെന്ന മാഫിയാ ഗുണ്ടാ സംഘങ്ങളും അഴിഞ്ഞാടിയതിന്റെ ഫലമായിരുന്നു അത്.

മിസ്റ്റര്‍ യോഗി,
താങ്കളുടെ അധികാരലബ്ധിക്ക് ശേഷം വെറും രണ്ടുമാസത്തിനുള്ളില്‍ 729 കൊലപാതകവും 803 ബലാത്സംഗക്കേസുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ്‌കുമാര്‍ ഖന്ന യുപി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് കേരളത്തിലെത്തിയപ്പോള്‍ താങ്കള്‍ വിഴുങ്ങിയോ?

ഈ കാലയളവില്‍ 2682 തട്ടിക്കൊണ്ടുപോകല്‍ കേസും 799 കവര്‍ച്ചക്കേസും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് മുഖ്യമന്ത്രിയായ താങ്കള്‍ നിഷേധിക്കുമോ? ബിജെപി ഭരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ മാത്രമേ ഉത്തര്‍പ്രദേശില്‍ സമാധാനം പുലരൂവെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണറാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ അവകാശപ്പെട്ടത്. താങ്കള്‍ രൂപീകരിച്ച ഹിന്ദുയുവവാഹിനിയാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് പോലീസ് അടക്കമുള്ള കുറ്റാന്വേഷണ സംവിധാനങ്ങള്‍ അടിവരയിടുന്നത് മറന്നതെന്തേ?!

ഇന്ത്യയിലേറ്റവും മോശം അവസ്ഥ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് താങ്കളുടെ ഉത്തര്‍ പ്രദേശ്. പകരുന്നതും അല്ലാത്തതുമായ ഒട്ടുമിക്ക വ്യാധികളും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന സംസ്ഥാനമാണ് യുപി. ടൈഫോയ്ഡ് മൂലം ഇന്ത്യയിലുണ്ടാകുന്ന മൊത്തം മരണങ്ങളുടേയും 48% യുപിയിലാണെന്നത് താങ്കള്‍ക്ക് അറിയാതിരിക്കില്ല. കാന്‍സര്‍ മരണങ്ങളുടെ 17% വും യു പി സംസ്ഥാനത്താണ് സംഭവിക്കുന്നത്.

അസം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാതൃമരണ നിരക്ക് യുപിയിലാണ്. താങ്കളുടെ സംസ്ഥാനത്ത് 62% ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും അവരുടെ ഗര്‍ഭധാരണ കാലത്ത് ആധുനികവൈദ്യ സഹായം ലഭ്യമല്ല എന്നു മെഡിക്കല്‍ രംഗത്തെ പഠനങ്ങള്‍ പറയുന്നു. 42% സ്ത്രീകളും സ്വന്തം വീടുകളിലാണ് പ്രസവിക്കുന്നത്.

"</p

 

ഏറ്റവും കൂടുതല്‍ ശിശുമരണ നിരക്ക് ഉള്ള സംസ്ഥാനം യു പിയാണ്. ഈ അടുത്ത കാലത്ത് ഒരു മാസത്തിനിടയില്‍ 85 പിഞ്ചു കുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞ് മരിച്ചത്. യുപിയിലെ ഏതാണ്ട് പകുതി കുഞ്ഞുങ്ങള്‍ക്കും വാക്‌സിനേഷന്‍ ലഭിക്കുന്നില്ല എന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ യുപി യെ ആണോ രണ്ടു ദിവസം കൊണ്ട് ഏതാണ്ട് 5 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ കേരളം മാതൃകയാക്കണമെന്ന് താങ്കള്‍ പറയുന്നത്.

2015ലെ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം യുപിയിലെ ജനസംഖ്യ 25% വര്‍ദ്ധിച്ചപ്പോള്‍, പബ്ലിക് ഹെല്‍ത്ത് സെന്ററുകളുടെ എണ്ണം 8% കുറഞ്ഞു. 31037 സബ്‌സെന്ററുകളും, 5172 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും, 1293 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും ആ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്താന്‍ ആവശ്യമാണ്. അവിടത്തെ സാധാരണ മനുഷ്യര്‍ക്കു വേണ്ടി, എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നു ഞങ്ങള്‍ മലയാളികള്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുകയാണ്.

ആയിരത്തില്‍ 64 കുഞ്ഞുങ്ങള്‍ താങ്കളുടെ നാട്ടില്‍ മരിക്കുമ്പോള്‍ അതില്‍ 10 ല്‍ താഴെ കുട്ടികള്‍ പോലും മരിക്കാത്ത കേരളത്തെ ഉപദേശിക്കാനുള്ള അറിവില്ലായ്മ ഓര്‍ത്ത് സഹതാപം തോന്നുന്നു. താങ്കള്‍ക്ക് കേരളത്തിലെ ആരോഗ്യ സംവിധാനത്തില്‍ നിന്നൊരുപാടു പഠിക്കാനുണ്ട്. എന്തായാലും കേരളത്തില്‍ വന്ന സ്ഥിതിക്ക് അതെല്ലാം പഠിച്ചു മനസ്സിലാക്കി സ്വന്തം സംസ്ഥാനത്തു നടപ്പിലാക്കി ജനങ്ങള്‍ക്ക് എന്തെങ്കിലും നല്ലതു ചെയ്യാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് ഈ അവസരത്തില്‍ താങ്കളെ വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു.

2010 മുതല്‍ 2017 ജൂലൈ വരെ രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരിലുണ്ടായ ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് 2014 മെയില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണെന്ന് ഇന്ത്യാസ്‌പെന്‍ഡ്. ഓര്‍ഗ് എന്ന എന്‍ജിഒ നടത്തിയ പഠനത്തില്‍ പറയുന്നതും ഞങ്ങള്‍ മലയാളികള്‍ വെടിപ്പായി വായിച്ചതാണ്. ഗോസംരക്ഷണത്തിന്റെ മറവിലുണ്ടായ 63 അക്രമസംഭവങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവരില്‍ 24 പേരും മുസ്‌ളിങ്ങളാണ്. 63 അതിക്രമങ്ങളില്‍ 32 എണ്ണവും നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഗോരക്ഷയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ അരങ്ങേറിയത്. ഗോരക്ഷയുടെ മറവില്‍ മുസ്ലിങ്ങളെയും ദളിതരെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ അതിക്രമങ്ങള്‍ക്ക് ബിജെപി മന്ത്രിസഭകള്‍ എല്ലാസഹായവും അനുവദിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. മിക്ക കേസിലും പ്രതികളെ പിടികൂടാതെ ആക്രമണത്തിന് ഇരയായവരുടെ പേരില്‍ പശുക്കടത്തിനും മറ്റും കേസെടുക്കുകയാണ് പൊലീസ് ചെയ്യുന്നത് എന്നതെല്ലാം തിരിയുന്ന ജനതയാണ് മലയാളികള്‍ എന്ന് മറക്കരുത്.

ശ്രീ ആദിത്യനാഥ്,
ക്രമസമാധാനം കൈകാര്യം ചെയ്യാനെന്ന പേരില്‍ സാധാരണക്കാരെ വെടിവച്ചുകൊന്ന സംഭവങ്ങളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മനോഹര്‍ലാല്‍ ഖട്ടര്‍ ഭരിക്കുന്ന ഹരിയാനയില്‍ 2016ല്‍ 22 സാധാരണക്കാരെയാണ് ക്രമസമാധാനപാലനത്തിന്റെ പേരില്‍ പൊലീസ് വെടിവച്ചുകൊന്നത്. മഹാരാഷ്ട്രയില്‍ 11 പേര്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെടുകയുണ്ടായി. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണവും ദിവസംതോറും വര്‍ധിക്കുകയാണ്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2015ലെ കണക്ക് പ്രകാരം മധ്യപ്രദേശില്‍ 4391, മഹാരാഷ്ട്രയില്‍ 4144, രാജസ്ഥാനില്‍ 3644 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വരും വര്‍ഷങ്ങളിലെ കണക്ക് ഇതിനേക്കാള്‍ ഗുരുതരമായിരിക്കുമെന്നാണ് ഭരണകൂടങ്ങള്‍ തന്നെ പറയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രാകൃതമായ നീതിന്യായ സംവിധാനമാണ് നിലനില്‍ക്കുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത്! ഇത് അംഗീകരിക്കാതെയാണ് കേരളത്തെ കുറ്റകൃത്യങ്ങളുടെ നാടായി ചിത്രീകരിക്കാനുള്ള ബിജെപിആര്‍എസ്എസ് ശ്രമം പാളിപ്പോയത്, അത് മനസ്സിലായ സ്ഥിതിക്ക് ഈ കാപട്യ വാചാടോപങ്ങള്‍ ഞങ്ങളുടെ നാട്ടില്‍വച്ച് ഇനിയാവര്‍ത്തിക്കരുത്..!!

കൂലിക്ക് ബംഗാളികളെ വച്ച് റാലി നടത്തി കുടുങ്ങിയ സ്ഥിതിക്ക്, ഓസിനു കിട്ടിയ ഗാര്‍ഡ് ഓഫ് ഓണറും പോക്കറ്റിലിട്ട് സ്ഥലം കാലിയാക്ക്. ആര്‍എസ്എസ് ഭരിക്കുന്ന ഒരു നാട്ടില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു ചുക്കും പഠിക്കാനില്ല. കുമ്മനത്തോട് രഹസ്യമായി ചോദിച്ചാല്‍ വ്യക്തമായി പറഞ്ഞു തരും.!

ഞങ്ങളുടെ അതിഥിയായതിലുള്ള സന്തോഷം അറിയിച്ചുകൊണ്ട്,
സ്‌നേഹാശംസകളോടെ,

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

 

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍