UPDATES

ബ്ലോഗ്

മണ്ഡല്‍ വിരുദ്ധകാല ആത്മഹത്യകള്‍ പുനഃരവതരിപ്പിക്കാന്‍ അനുവദിക്കരുത്; തീകൊളുത്തുന്ന ഭക്തരുടെ നാടാകരുത് കേരളം

സെക്രട്ടേറിയേറ്റിനു മുന്നിലെ സമരത്തിന് ഊര്‍ജം കുറഞ്ഞുതുടങ്ങിയെന്ന തിരിച്ചറിവിലാണ് ബിജെപി

കെ എ ആന്റണി

കെ എ ആന്റണി

തലസ്ഥാന നഗരിയില്‍ സെക്രട്ടേറിയേറ്റിനു മുന്നിലെ ബിജെപി സമര പന്തലിനു സമീപം ഒരാള്‍ സ്വയം തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ച സംഭവം ചില സംശയങ്ങള്‍ ഉയര്‍ത്തുന്നതിനൊപ്പം ഒട്ടും ചെറുതല്ലാത്ത ആശങ്കയും ഉണര്‍ത്തുന്നുണ്ട്. പുലര്‍ച്ചെ രണ്ടു മണിക്ക് സമരപ്പന്തലിനു സമീപമെത്തി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ചു ബി ജെ പി നേതാക്കള്‍ നടത്തിയ ആദ്യ പ്രതികരണങ്ങളില്‍ നിന്നും തുടങ്ങുന്നു സംശയങ്ങളും ആശങ്കയും.

ആത്മഹത്യക്ക് ശ്രമിച്ചയാള്‍ ഒരു ഓട്ടോ െ്രെഡവര്‍ ആണെന്നും ബിഎംഎസ്സില്‍ അംഗമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനു പകരം ഉണ്ണാവ്രതം കിടക്കുന്ന മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ സി കെ പത്മനാഭന്‍ പറഞ്ഞപ്പോള്‍ സെക്രട്ടേറിയേറ്റിനു മുന്നിലെ ബിജെപി സമര പന്തലിനു മതിയായ സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാരിനും പോലീസിനും ഉണ്ടായ വീഴ്ചയെക്കുറിച്ചായിരുന്നു എം ടി രമേശിന്റെ വിലാപം. ഇരുവരും ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്; ശരണം വിളിച്ചുകൊണ്ടാണ് ആത്‌നഹത്യക്കൊരുങ്ങിയ ആള്‍ ബി ജെപിയുടെ സമര പന്തലിലേക്ക് ഓടി അടുത്തതെന്ന്. അങ്ങനെ വരുമ്പോള്‍ സ്വയം തീപ്പന്തമായി മാറിയ ഒരാള്‍ അതും ബി ജെ പി യുടെ തൊഴിലാളി സംഘടനയായ ബിഎംഎസ്സില്‍ അംഗമായ ഒരാള്‍ ബിജെപിയുടെ സമര പന്തലിലേക്ക് എന്തിന് ഓടിക്കയറി അവിടെ ഉള്ളവരുടെ ജീവനുകൂടി ഭീഷണി ഉയര്‍ത്തണമെന്ന ചോദ്യം ഉയരുന്നത് തികച്ചും സ്വാഭാവികം.

ഇവിടെയാണ് വി പി സിംഗ് പ്രാധാനമന്ത്രിയായിരുന്ന 1990 ല്‍ ഉത്തരേന്ത്യന്‍ തെരുവുകളില്‍ അരങ്ങേറിയ മണ്ഡല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭവും അതിന്റെ ഭാഗമായി നടന്ന സ്വയം തീകൊളുത്തല്‍ നാടകങ്ങളും ഓര്‍മിക്കപ്പെടേണ്ടത്. ദളിതര്‍ക്കു ജോലിയിലും മറ്റും കൂടുതല്‍ സംവരണം ഉറപ്പുവരുത്തുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്തു നടപ്പിലാക്കാന്‍ വി പി സിംഗ് സര്‍ക്കാര്‍ ഒരുങ്ങിയപ്പോഴായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത സ്വയം തീകൊളുത്തി മരിക്കല്‍ പ്രക്ഷോഭം അരങ്ങേറിയത്. രാജീവ് ഗോസ്വാമിയെ പോലുള്ളവര്‍ പച്ചയ്ക്കു നിന്ന് കത്തുന്ന രൂപങ്ങള്‍ ഇന്നും സ്മൃതിപഥത്തില്‍ നിന്നും മാഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഒരു സത്യം പുറത്തുവന്നു; പലരും സ്വയം തീകൊളുത്തിയതല്ല സര്‍ക്കാരിനെ പേടിപ്പിക്കാന്‍ വേണ്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നിന്ന പ്രക്ഷോഭകാരികളുടെ മേല്‍ തീകൊളുത്തിയത് കൂട്ടത്തിലുണ്ടായിരുന്നവരാണെന്ന സത്യം.

ഇവിടെയും അങ്ങനെ തന്നെ നടന്നു എന്നൊന്നും പറയാനാവില്ലെങ്കിലും അയ്യപ്പന് ശരണം വിളിച്ചുകൊണ്ടു സമരപ്പന്തലിലേക്കു ആത്മഹത്യക്കൊരുങ്ങിയ ആള്‍ ഓടിക്കയറിയതിനു പിന്നില്‍ എന്തെങ്കിലും ഗൂഢലക്ഷ്യം ഉണ്ടായിരുന്നുവോയെന്ന് പോലീസ് എത്രയും പെട്ടെന്ന് കണ്ടത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഈ സംഭവം രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ബിജെപിയും സംഘപരിവാര്‍ സംഘടനകളും മാത്രമല്ല ശബരിമല വിഷയത്തില്‍ ത്രിശങ്കുവിലായ കോണ്‍ഗ്രസ്സും വല്ലാതങ്ങ് ഉപയോഗിച്ചുകൂടായ്കയില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. ഇനി ഇതൊന്നും നടന്നില്ലെങ്കിലും ഭക്തി ഭ്രാന്തായി മാറി ഉറഞ്ഞു തുള്ളുന്നവരുടെ നാടായി വളരെ എളുപ്പത്തില്‍ മാറിപ്പോയ കേരളത്തില്‍ ശബരിമലയുടെയും ഭക്തിയുടെയും പേരില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടായ്കയില്ല. രണ്ടു നാള്‍ മുന്‍പ് പിറവം വലിയ പള്ളി പ്രശ്‌നത്തില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ ഒരു സംഘം ആളുകളെയും നമ്മള്‍ കണ്ടതാണ്.

ഒരു കാര്യം ഉറപ്പാണ്, സെക്രട്ടേറിയേറ്റിനു മുന്നിലെ സമരത്തിന് ഊര്‍ജം കുറഞ്ഞുതുടങ്ങിയെന്ന തിരിച്ചറിവിലാണ് ബിജെപി. സമരം ശക്തമാക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ശബരിമലയില്‍ എത്തിക്കുന്നതിനൊപ്പം കര്‍ണാടകം കേന്ദ്രീകരിച്ചു ശബരിമല പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ കൂടി കേരളത്തിലെ സംഘ പരിവാര്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്ന വേളയിലാണ് ഇന്നത്തെ സ്വയം തീകൊളുത്തി മരിക്കാന്‍ വേണ്ടി നടന്ന ശ്രമമെന്നും കൂട്ടിവായിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘മണ്ണെണ്ണയില്‍ കുതിര്‍ന്ന് തീപ്പെട്ടി കത്തിയില്ല, അതുകൊണ്ട് ഞാന്‍ ബാക്കിയായി’

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍