UPDATES

ഡാ ലി

കാഴ്ചപ്പാട്

Vacuum Chamber

ഡാ ലി

സയന്‍സ്/ടെക്നോളജി

ലോകാവസാനത്തിന്റെ ഘടികാരത്തില്‍ അന്ത്യവിധിക്കായി ഇനിയുള്ളത് രണ്ടു മിനിറ്റാണ്

ലോകാവസാന ക്ലോക്ക് ഇനിയും മുന്നോട്ട് തിരിക്കേണ്ടി വരുമോ എന്നത് ഈ വർഷം കാത്തിരുന്നു കാണാം

ഡാ ലി

അങ്ങനെ ലോകാവസാനത്തിന്റെ ഘടികാരത്തിൽ (Doomsday Clock) അന്ത്യവിധിക്കായി ഇനി ബാക്കിയാവുന്നത് രണ്ടേ രണ്ട് മിനിറ്റുകൾ മാത്രം! ലോകാവസാനം എന്നത്തേക്കാളും നേരത്തെയായിരിക്കുന്നു! ഇതുപറയുന്നത് മറ്റാരുമല്ല, ലോകവസാനത്തിന്റെ ക്ലോക്ക് സൂക്ഷിക്കുന്ന ബുള്ളറ്റിൻ ഓഫ് അറ്റോമിക് സയന്റിസ്റ്റുകൾ (Bulletin of the Atomic Scientists) ആണ്. ഇക്കഴിഞ്ഞ ജനുവരി 25-ന്, ലോകാവസാന ക്ലോക്കിന്റെ സൂചി പതിരാത്രിക്ക് വെറും രണ്ട് മിനുറ്റായി ചുരുക്കി കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ലോകത്തിലെ അണുശാസ്ത്രജ്ഞർ ഇക്കാര്യം പ്രഖ്യാപിച്ചത്.

എന്താണ് ലോകാവസാന ഘടികാരം?

ലോകവസാനം എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരോ കാലത്തും എത്രയെത്ര വാട്ട്സാപ്പ് ഫോർവേഡുകളുമാണു കിട്ടുന്നത്, ഇതാ ലോകം അവസാനിക്കാറായി, മായൻ കലണ്ടർ പ്രകാരം ഇതൊക്കെ ലക്ഷണങ്ങൾ! അല്ലെങ്കിൽ കലിയുഗ ലക്ഷണം, അതുമല്ലെങ്കിൽ അന്തിക്രിസ്തു! അങ്ങനെ മനുഷ്യർക്ക് യുക്തിഭദ്രമായി മനസ്സിലാക്കാൻ കഴിയാത്ത ലോകാവസാന നാളുകളുടെ അയ്യരു കളിയാണു സൈബർ ലോകത്ത്.

എന്നാൽ ഇതൊന്നുമല്ലാതെ, ശാസ്ത്രജ്ഞർ, യുക്തിയിലധിഷ്ടിതമായ ഒരു ലോകാവസാന ഘടികാരം സൂക്ഷിക്കുന്നുണ്ട്. മനുഷ്യരാശിയുടെ സ്വസംഹാരത്തിന്റെ അളവുകോലിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് ഈ ഘടികാരം. അതായത് അവരവർ കുഴിക്കുന്ന കുഴിയുടെ അളവ് പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ഘടികാരത്തിൽ പാതിരാത്രിയാണ് ലോകവസാനമായി നിശ്ചയിച്ചിരിക്കുന്നത്. 1947 മാൻഹട്ടൻ പ്രൊജക്റ്റിൽ ആറ്റംബോബുണ്ടാക്കിയ അതേ ആറ്റോമിക ശാസ്ത്രജ്ഞരിൽ, ചിക്കാഗോ ശാസ്ത്രജ്ഞർ എന്നറിയപ്പെട്ടിരുന്ന ചിലരാണ് ലോകവസാന ഘടികാരത്തിന്റെ ഉപജ്ഞാതാക്കൾ. ആറ്റംബോംബുണ്ടാക്കി, അത് ജപ്പാനിലെ ഹിരോഷിമയിലിട്ടപ്പോഴാണ് മനുഷ്യർക്ക് എത്ര ഭയങ്കരമായി മനുഷ്യരാശിയെ തുടച്ചു മാറ്റാമെന്ന പരമാർത്ഥം ഈ ശാസ്ത്രജ്ഞർക്ക് മനസ്സിലായത്. ശേഷം ആണവായുധങ്ങളുടെ നശീകരണ ശേഷിയെ കുറിച്ച് സ്വയവും ലോകത്തേയും ബോധ്യപ്പെടുത്താൻ അവർ തുടങ്ങിയ ജേണൽ ആണ് ബുള്ളറ്റിൻ ഓഫ് അറ്റോമിക് സയന്റിസ്റ്റ്. ഇതിന്റെ കവറായാണ് ലോകാവസാന ഘടികാരം ആദ്യം പ്രത്യക്ഷപ്പെടുന്നത്. മാൻഹട്ടൻ പ്രൊജക്റ്റിലെ തന്നെ ഒരു ശാസ്തജ്ഞന്റെ ഭാര്യയായ ആർട്ടിസ്റ്റ് മാർട്ടിൽ ലാങ്സ്ദോർഫ് (Martyl Langsdorf) ആണ് ഈ പ്രതീകാത്മക ഘടികാരം രൂപകൽപന ചെയ്തത്. ഇപ്പോൾ റ്റെയ്ലർ & ഫ്രാൻസിസിന്റെ സഹകരണത്തോടെ ഇറക്കുന്ന ബുള്ളറ്റിൻന്റെ ബോർഡിൽ 15 നോബേൽ ജേതാക്കൾ ഉൾപ്പെടെ ലോകത്തിന്റെ പലഭാഗത്തും നിന്നുള്ള നേതാക്കളാണുള്ളത്. റേച്ചൽ ബ്രോൻസൻ (Rachel Bronson) എന്ന ആഗോള ഊർജ്ജ ശാസ്ത്രജ്ഞയാണ് ബുള്ളറ്റിന്റെ പ്രസിഡന്റ്.

പാതിരാത്രിയുടെ ഘടകങ്ങൾ

മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ കൊണ്ട് ലോകാവസാനമുണ്ടാകുന്നതാണ് ലോകവസാന ഘടികാരം പ്രവചിക്കുകയെന്നു പറഞ്ഞല്ലോ. ഇങ്ങനെ പ്രവചിക്കുന്നതിന്റെ അളവുകോലുകൾ എന്തൊക്കെയാണ്? ആഗോള ആണവയുദ്ധത്തിന്റെ കാഠിന്യമാണ് ഈ ക്ലോക്കിന്റെ സൂചി നീക്കുന്നതിൽ ഒരു പ്രധാന ഘടകം. ആണവായുധ വ്യാപനവും ശീതസമരവും ഏറ്റവും ഉച്ചസ്ഥായിയിലായിരുന്ന 1953-ലാണ് ഇതിനു മുൻപ് ഈ ക്ലോക്ക് പാതിരാത്രിക്ക് 2 മിനുട്ടു മാത്രമേ ഉള്ളൂ എന്നു കാണിച്ചത്. ആ വർഷആണ് ഓപ്പറേഷന്‍ ഐവിയുടെ ഭാഗമായി അമേരിക്ക തെർമോന്യൂക്ലിയർ ഡിവൈസ് പരീക്ഷിച്ചത്. തുടർന്ന് അതേ ഡിവൈസ് സോവിയറ്റ് യൂണിയനും പരീക്ഷിച്ചു. ശീതസമരം അവസാനിക്കുകയും സോവിയറ്റ് യൂണിയൻ തകരുകയും ചെയ്ത 1991 ആണ് ഈ ഘടികാരം പാതിരാത്രിയിൽ നിന്നും ഏറ്റവും അകന്ന ദൂരമായ 17 മിനുട്ട് രേഖപ്പെടുത്തിയത്. 2007 മുതൽ കാലാവസ്ഥ വ്യതിയാനങ്ങളും ഇതിന്റെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്താൻ തുടങ്ങി. ഒരു വർഷം ഊർജ്ജം, ആണവായുധം, കാലാവസ്ഥ എന്നിവയിൽ നടക്കുന്ന പരീക്ഷണങ്ങളും അതിനെ തുടർന്നുള്ള രാഷ്ട്രീയവും കൂടെ നയതന്ത്രവും നോക്കിയാണ് ഇപ്പോൾ ആണവ ശാസ്ത്രജ്ഞർ ഈ ലോകാവസാന ഘടികാരത്തിന്റെ നീണ്ട സൂചി നീക്കുന്നത്. കഴിഞ്ഞ വർഷം അരമിനുട്ട് മുന്നോട്ട് നീങ്ങിയിരുന്നു. ഈ വർഷം അരമിനുട്ട് കൂടെ മുന്നോട്ട് നീങ്ങി ഏറ്റവും കുറഞ്ഞ രണ്ട് മിനുട്ടിൽ എത്തിയിരിക്കുകയാണ്.

2017 എങ്ങനെ ഇത്ര അപകടകരമായി?

രണ്ടാം ലോകയുദ്ധകാലത്തെ അവസ്ഥയോളം എത്തുന്ന ഭീകരാന്തരീക്ഷം 2017-ൽ എന്തുകൊണ്ട് ഉണ്ടായി എന്നതിന് ബുള്ളറ്റിനിൽ പറയുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്.

  1. ഏറ്റവുമധികം റിസ്ക് ഉണ്ടായിരിക്കുന്നത് ആണവ മേഖലയിലാണ്. ഉത്തര കൊറിയയുടെ ആണവായുധ പദ്ധതി 2017-ല്‍ വളരെയധികം പുരോഗമിച്ചു. ഇത് ആ രാജ്യത്തിനും അതിന്റെ അയൽരാജ്യങ്ങൾക്കും അമേരിക്കയ്ക്കും അപായ സാധ്യതയുണ്ടാക്കി. അമേരിക്ക- ഉത്തരകൊറിയ എന്നീ ദ്വന്ദങ്ങളിൽ നിന്നും ഉണ്ടായ അതിശയോക്തിപരമായ വാചോടോപവും പ്രകോപനങ്ങളും ആകസ്മികമായോ തെറ്റായ കണക്കുകൂട്ടൽ കൊണ്ടോ ഒരു ആണവയുദ്ധത്തിലേയ്ക് നയിക്കാനുള്ള സാധ്യത കൂട്ടി.
  2. കൊറിയൻ ഉപദ്വീപിലെ പ്രശ്നങ്ങൾ അല്ലാതെ തന്നെ അമേരിക്കയും റഷ്യയും നറ്റോ ബോർഡറിൽ മിലിട്ടറി അഭ്യാസങ്ങൾ ഐ.എൻ,എഫിന്റെ കരാറുകൾ അവഗണിക്കുന്നതും ആണവ വ്യാപനത്തിനു കോപ്പ് കൂട്ടുന്നതും ആയുധ നിയന്ത്രണങ്ങക്കെതിരെ പുറംതിരിഞ്ഞ് നിൽക്കുന്നതും പ്രധാന കാരണങ്ങളാണ്.
  3. ഏഷ്യ- പസഫിക് ഭാഗത്താണെങ്കിൽ തെക്കൻ ചൈന കടലിൽ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്ത വിധത്തിൽ വഷളായിക്കൊണ്ടിരിക്കുന്നു.
  4. ഏഷ്യയിലാണെങ്കിൽ ഇന്ത്യയും പാകിസ്ഥാനും ഏക്കാലത്തേയും വലിയ ആണവ ആയുധശേഖരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
  5. മധ്യപൗരസ്ത്യ ദേശത്ത് ഇറാൻ ആണവ കരാറിനുള്ള അമേരിക്കൻ പിന്തുണ സംബന്ധിച്ച അനിശ്ചിതത്വം മൊത്തം ചിത്രത്തെ നരപ്പിക്കുന്നു.
  6. കാലാവസ്ഥ വ്യതിയാനത്തിൽ വളരെ പെട്ടെന്നുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ ദുരന്തമാകാവുന്ന പ്രശ്നങ്ങൾ ഇല്ലെങ്കിലും താപനിലയെ അവഗണിക്കുന്നതും കാൺബൺ ഡൈയോക്സൈഡ് വികിരണം പൂജ്യത്തിലേക്ക് താഴുന്ന രീതിക്ക് സ്ഥിരതയില്ലാത്തതും ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്ര അന്തരീക്ഷോഷ്മാവ് വര്‍ധിപ്പിക്കാം.
  7. ഇതെല്ലാമല്ലാതെ സാങ്കേതിക വിദ്യയിൽ ഉണ്ടായ വ്യത്യാസം, വിവരസാങ്കേതിക വിദ്യ ഒരു ആയുധമെന്ന നിലയ്ക്ക് ഉപയോഗിക്കാനാകുന്നതും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതിൽ തന്നെ ഇലക്ഷനുകളേയും സ്വതന്ത്രചിന്താ രൂപീകരണത്തിന് അത്യാവശ്യമായ സ്ഥാപനങ്ങളിൽ ഉള്ള പൊതുവിശ്വാസത്തേയും വഞ്ചിക്കുന്ന തരത്തിൽ നടക്കുന്ന ഇന്റർനെറ്റ് ക്യാംപെയിനുകൾ ജനാധിപത്യത്തെ നശിപ്പിക്കാൻ വളരെ ശക്തിയുള്ളവയാണ്.

എന്താണു പരിഹാരം?

മുൻപേ പറഞ്ഞത് പോലെ ലോകവസാന ഘടികാരം മുന്നോട്ട് മാത്രമല്ല പോയിട്ടുള്ളത്. അതുകൊണ്ട് ഈ ക്ലോക്കിന്റെ നീണ്ട സൂചിയെ പുറകോട്ട് തിരിക്കാൻ ബുള്ളറ്റിന്‍ ചില നിർദ്ദേശങ്ങൾ വയ്ക്കുന്നുണ്ട്. അതിൽ പ്രധാനമായവ ഇവയാണ്:
1. നോർത്ത് കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ നിർത്തലാക്കിക്കുക.
2. ഇറാന്റെ ആണവ പദ്ധതിയെ അംഗീകരിക്കുക.
3. ഹരിതവാതകങ്ങളെ കുറയ്ക്കാനുള്ള പദ്ധതികൾ ആഗോളതലത്തിൽ നടപ്പാക്കുക.

ലോകം ഇവയൊക്കെ ശ്രദ്ധിക്കുമോ? അതോ ഈ ചെവിയിലൂടെ കേട്ട് ആ ചെവിയിലൂടെ കളയുമോ? ലോകാവസാന ക്ലോക്ക് ഇനിയും മുന്നോട്ട് തിരിക്കേണ്ടി വരുമോ എന്നത് ഈ വർഷം കാത്തിരുന്നു കാണാം.

സൂചിക
1. https://thebulletin.org/2018-doomsday-clock-statement

2. https://www.nature.com/articles/d41586-018-01276-y?utm_source=briefing-dy&utm_medium=email&utm_campaign=20180129

3. https://en.wikipedia.org/wiki/Doomsday_Clock

ഡാ ലി

ഡാ ലി

ഗവേഷക, എഴുത്തുകാരി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍