UPDATES

അരുണ്‍ ദ്രാവിഡ്

കാഴ്ചപ്പാട്

Guest Column

അരുണ്‍ ദ്രാവിഡ്

കാഴ്ചപ്പാട്

ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് വേണ്ടി നിലകൊണ്ട നേതാവ് എന്ന മറ്റൊരു അംബേദ്‌ക്കര്‍ വായനയും സാധ്യമാണ്

ജാതി, ഉത്പാദനവ്യവസ്ഥയോട് ബന്ധപ്പെട്ട “തൊഴിൽ വിഭജനം മാത്രമല്ല, ഒപ്പം തൊഴിലാളികളുടെ വിഭജനവുമാണ്” എന്ന് നിരീക്ഷിച്ചത് ഡോ. അംബേദ്കറാണ്

ലോകമെമ്പാടുമുള്ള പണിയെടുക്കുന്നവർക്ക് വേണ്ടിയുള്ള ദിനമാണ് മെയ് ഒന്ന്. തൊഴിലാളികൾ അവരുടെ ദിനത്തിൽ തെരുവിൽ പ്രകടനങ്ങളും പ്രസംഗങ്ങളും നടത്താറുണ്ട്. ഇന്ത്യയിലെ തൊഴിലാളികൾ ഇന്ന് എന്തെങ്കിലും അവകാശം നേടിയിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരിൽ പ്രധാനി ഡോ. ബി.ആര്‍ അംബേദ്കറാണ്. അദ്ദേഹത്തെ മറന്നുള്ള തൊഴിലാളി ദിനം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്.

ഇന്ത്യയിലെ തൊഴിലാളികൾക്ക് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പണിയെടുക്കുവാനുള്ള ഭൗതികസാഹചര്യം ഉണ്ടാക്കികൊടുക്കുന്നതിൽ അംബേദ്കർ നിസ്തുല്യമായ പങ്ക് വഹിക്കുകയുണ്ടായി. പക്ഷെ അദ്ദേഹം നടപ്പിലാക്കിയ വിപുലമായ പദ്ധതികളെയും ഉറപ്പിൽ വരുത്തിയ അവകാശങ്ങളേയും ചരിത്രകാരന്മാർ നിർബന്ധപൂർവം മറക്കുകയാണുണ്ടായത്. അതുകൊണ്ടു തന്നെ സ്വത്വരാഷ്ട്രീയപരമായ വീക്ഷണത്തിൽ നിന്നും വിഭിന്നമായി മറ്റൊരു അംബേദ്കർ വായന സാധ്യമാക്കേണ്ടതുണ്ട്. അദ്ദേഹത്തെ അധഃകൃതവർഗ്ഗത്തിന്റെ നേതാവായി മാത്രം നിർത്തുക എന്നതുതന്നെ ഒരു കളവാണ്. സമഗ്രമായ അർത്ഥത്തിൽ മൾട്ടി ഡൈമെൻഷലായ വൈജ്ഞാനിക വ്യവഹാരത്തിൽ പരന്നുകിടക്കുന്ന അദ്ദേഹത്തെ നാം ഇനിയും വിപുലമായി വായിക്കേണ്ടതുണ്ട്.

ജാതി, ഉത്പാദനവ്യവസ്ഥയോട് ബന്ധപ്പെട്ട “തൊഴിൽ വിഭജനം മാത്രമല്ല, ഒപ്പം തൊഴിലാളികളുടെ വിഭജനവുമാണ്” എന്ന് നിരീക്ഷിച്ചത് ഡോ. അംബേദ്കറാണ്. അഥവാ ഇന്ത്യയിൽ തൊഴിലെന്നത് ഓപ്ഷണൽ അല്ല. നമ്മുടെ ജാതിക്കു നൽകപ്പെട്ട തൊഴിൽ മാത്രമേ നമുക്ക് ചെയ്യാനാകൂ. മാത്രവുമല്ല വിവിധ ജാതി വിഭാഗങ്ങൾ തമ്മിൽ കടുത്ത അന്തരം നിലനിന്നിരുന്നു. ഈ വിടവ് ഇവർ തമ്മിലുള്ള സാമൂഹ്യ ഇടപെടലിനെ സാധ്യമാക്കിയിരുന്നില്ല, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ തൊഴിലാളികൾ എന്ന പൊതു പ്ലാറ്റ്ഫോമിൽ ഇന്ത്യയിലെ തൊഴിലാളിവർഗം ഒന്നിക്കുക എന്നത് അസാധ്യമായിരുന്നു. ഈയൊരു വിമർശനമാണ് അംബേദ്കർ ഇന്ത്യയിലെ വർഗ്ഗ സമര രാഷ്ട്രീയത്തോട് പ്രകടിപ്പിച്ചത്. എല്ലാം സാമ്പത്തികമയമായ മാർക്സിന്റെ വർഗ്ഗരാഷ്ട്രീയം നയിച്ചിരുന്ന അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജാതിയെ കാതലായി അഡ്രസ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. ഇവിടെ അംബേദ്കർ കൃത്യമായ ഒരു മെതഡോളജിയിലൂടെ ഇന്ത്യൻ തൊഴിലാളി വർഗത്തെ സംബോധന ചെയ്തു.

സാമ്പത്തികമായി സമൂഹം സംഘടിക്കണമെങ്കിൽ സാമൂഹ്യമായും വിവേചനരഹിതമാക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഒരൊറ്റ വർഗ്ഗ വ്യവസ്ഥയിലേക്ക് സമൂഹം എത്തുന്നതിനെ തടയുന്ന സോഷ്യൽ സിസ്റ്റമായിരുന്നു നിലനിന്നത്. ഇവിടെയാണ് അംബേദ്കർ തുല്യതയും നീതിയും പ്രദാനം ചെയ്യുന്ന കർമ്മ പദ്ധതികൾക്കു രൂപം നൽകുന്നത്. എല്ലാവരും തുല്യതയോടെ നിലനിൽക്കുന്ന സമൂഹമേ ചൂഷണരഹിതമാവുകയുള്ളു, ഈ ആശയത്തിന്റെ മെഗാ നറേറ്റിവാണ് ഇന്ത്യൻ ഭരണഘടന.

അവകാശങ്ങൾ നേടിയെടുക്കാൻ, നിയമവ്യവസ്ഥയായിരുന്നു അംബേദ്കർ കണ്ടെത്തിയ ഏറ്റവും ഫലപ്രദമായ മാർഗം. തൊഴിൽ സമയം 14 മണിക്കൂറിൽ നിന്നും എട്ടു മണിക്കൂറായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് 1942 നവംബറിൽ നടന്ന ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ ഏഴാമത് സെഷനിൽ അംബേദ്കർ അവതരിപ്പിച്ച പ്രമേയം പാസാക്കുകയുണ്ടായി.

വൈസ്രോയി കൗൺസിലിൽ അംഗമായിരുന്നു കാലത്ത് തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഉൾപ്പെടെ ചില സുപ്രധാനമായ തൊഴിനിയമങ്ങൾ അദ്ദേഹം മുൻപോട്ടു വയ്ക്കുകയുണ്ടായി. സ്ത്രീ പുരുഷ ഭേദമന്യേ തൊഴിലാളികൾക്ക് തുല്യവേതനം, മെഡിക്കൽ ലീവ്, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അംബേദ്കറിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മാത്രമല്ല, രോഗികളായ തൊഴിലാളികൾക്ക് ഇന്‍ഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ സ്പെഷ്യൽ ഉദ്യോഗസ്ഥനെ നിയമിക്കുവാനും അദ്ദേഹം അംഗമായ സമിതിക്ക് കഴിഞ്ഞു.

Also Watch: മെയ് ഒന്ന്: ഈ ലോകത്തെ ചലിപ്പിക്കുന്നവരുടെ ദിനം (വീഡിയോ)

അംബേദ്കറിൻ്റെ ഇടപെടൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുതൽ ട്രേഡ് യൂണിയൻ വരെ ശക്തിപ്പെടുത്തലുകൾക്ക് ആക്കം കൂട്ടുകയും, 1943-ൽ ട്രേഡ് യൂണിയനുകളെ നിയമം മൂലം അംഗീകരിക്കുന്നതിനായി ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ നിയമത്തില്‍ അദ്ദേഹം ഭേദഗതി കൊണ്ടുവരുകയും ചെയ്തു. 1944 ജനുവരി 25, 26 തീയതികളിൽ ലക്നൗവിൽ ചേർന്ന സ്ഥിരം തൊഴിൽ സമിതിയുടെ യോഗത്തിൽ ഇന്ത്യയിലെ വ്യവസായ തൊഴിലാളികളുടെ ക്ഷാമബത്ത, സേവനരേഖകളുടെ പരിപാലനം, കാന്റീനുകൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ശ്രദ്ധേയമായ ഇടപെടലുകൾ അദ്ദേഹം നടത്തുകയുണ്ടായി.

സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിമന്‍ ലേബര്‍ പ്രൊട്ടക്ഷന്‍ ആക്ട്, മെറ്റേണിറ്റി ബെനിഫിക്ട് ഫോര്‍ വിമന്‍ ലേബര്‍, കല്‍ക്കരി ഖനികളിൽ തൊഴിൽ ചെയ്യാനായി സ്ത്രീകളെ നിയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങിയവയെല്ലാം തയ്യാറാക്കി നടപ്പിലാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം നടപ്പിലാക്കാൻ ശ്രമിച്ച ഹിന്ദു കോഡ് ബില്ല് അക്ഷരാർഥത്തിൽ സ്ത്രീകളുടെ സമ്പൂർണമായ വിമോചനം ലക്ഷ്യമാക്കിയുള്ളതായിരുന്നു.

1944 ഒക്ടോബറിൽ ചേർന്ന ത്രികക്ഷി തൊഴിൽ സമിതിയുടെ സമ്പൂർണ സമ്മേളനത്തിൽ, തൊഴിലിനുവേണ്ടിയുള്ള സാമൂഹ്യ സുരക്ഷിതത്വ നയങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് മതിയായ വിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വേതനം, സമ്പാദ്യം, നിയമനം, ഭവന പദ്ധതികൾ, പൊതുവായ സാമൂഹ്യ സ്ഥിതികൾ തുടങ്ങിയവ ഉറപ്പുവരുന്നതിനുള്ള ഒരു സ്ഥിരം സംവിധാനം രൂപീകരിക്കുന്നതിനുള്ള ഇടപെടൽ അംബേദ്കർ നടത്തുകയുണ്ടായി.

ഇത്തരത്തിൽ ഇന്ത്യയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കാര്യങ്ങള്‍ സാധ്യമാക്കാന്‍ അംബേദ്കർ ആവതു ശ്രമിക്കുകയുണ്ടായി. വൈസ്രോയിയുടെ കൌൺസിലിൽ അംഗമായും സ്വാതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ മന്ത്രിയായും അദ്ദേഹം നടത്തിയ ഇടപെടലുകളും ഭരണകൂടത്തിന് പുറത്ത് അദ്ദേഹം നടത്തിയ സമരങ്ങളും ജനാധിപത്യ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷെ, തൊഴില്‍ മേഖലയില്‍ അടക്കം ഡോ. അംബേദ്കർ നടത്തിയ ഇടപെടലുകൾ വേണ്ടരീതിയിൽ പുറംലോകം അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ആയതിനാൽ തന്നെ മറ്റൊരു അംബേദ്കർ വായന സാധ്യമാക്കേണ്ടതുണ്ട്.

റഫറൻസ്: കേന്ദ്ര നിയമ നിർമാണ സഭ പ്രസംഗങ്ങൾ 1942-46, വാല്യം 18; ഡോ. അംബേദ്കർ സമ്പൂർണ കൃതികൾ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (2011).

((Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അരുണ്‍ ദ്രാവിഡ്

അരുണ്‍ ദ്രാവിഡ്

റിസേര്‍ച്ച് സ്കോളര്‍, സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ്, എം ജി സര്‍വ്വകലാശാല, കോട്ടയം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍