UPDATES

ജിഷ സംഭവം ഓര്‍മ്മിപ്പിക്കുന്നത് കുടുംബഭാരം ഒറ്റയ്ക്ക് ചുമക്കുന്ന നിസ്സഹായരായ സ്ത്രീകളെ കുറിച്ച് കൂടിയാണ്‌: ജെ ദേവിക

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഇത്രയും ഭീകരമായ കൊല നടന്നിട്ട് അടുത്ത വീട്ടുകാരാരും കേട്ടില്ല എന്ന് പറയുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ, വലിയ മതില്‍ കെട്ടി അടുത്ത് നടക്കുന്നതൊന്നും ശ്രദ്ധിക്കേണ്ടെന്ന തരത്തിലുള്ള ആവാസവ്യവസ്ഥയുണ്ടാക്കി വച്ചതിന്റെ ഫലവും കൂടിയാണ് ഈ കേസ്

ജിഷ കേസ് നിരവധി സാമൂഹ്യ പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. കേവലം വധശിക്ഷയില്‍ അവസാനിക്കേണ്ട ഒരു സംഭവമല്ല ഈ കേസ്. കൊല ചെയ്‌തെന്നതുകൊണ്ട് വധിക്കാം. പക്ഷെ, ഇങ്ങനെ ക്രൂരമായ ഒരു കൃത്യത്തിലേക്ക് നയിച്ച സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് മുഖതിരിക്കുന്ന നമ്മുടെ സംസ്‌കാരവും ചോദ്യം ചെയ്യേണ്ടതുണ്ട്. സാമൂഹ്യ ശാസ്ത്രജ്ഞ ഡോ ജെ ദേവികയുടെ പ്രതികരണത്തിലേക്ക്: 

അമീറുല്‍ ഇസ്ലാമിനെ കൊല്ലണമെന്ന് പറയുകയും ജിഷയുടെ അമ്മയും സഹോദരിയും വളരെ മോശമാണെന്ന് പറയുകയും ചെയ്യുന്ന സമൂഹമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരു ചീത്തയെ ചീത്ത കൊന്നു എന്ന് പറയുന്ന പോലെ അത്ര പുച്ഛത്തോടെയാണ് സമൂഹം ഇതിനെ എടുത്തിട്ടുള്ളത്. ഒരു മോശപ്പെട്ട് സ്ത്രീയെ മോശപ്പെട്ട പുരുഷന്‍ കൊന്നു എന്ന് പറഞ്ഞാല്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. എല്ലാം ഒരുപോലെ ചീത്തകളാണ് എന്ന സമീപനം. പരസ്യമായി അത് പ്രകടിപ്പിക്കപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ജിഷയുടെ കേസില്‍ കൊലപാതകം മാത്രമല്ല ഉള്ളത്. കേരളത്തിലെ വര്‍ധിച്ചു വരുന്ന പ്രവണതയാണത്. സ്ത്രീകള്‍ ഒറ്റക്കായി പോവുകയും, കുടുംബഭാരം ഒറ്റക്ക് ചുമക്കുകയും മക്കളെ ഒറ്റക്ക് വളര്‍ത്തുകയും, ഒന്നുമില്ലാതെ ജീവിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ ഇവിടെ വര്‍ധിച്ച് വരികയാണ്. വിഭവങ്ങള്‍ എന്ന് പറയുന്നത് അവര്‍ക്ക് തീരെ ലഭ്യമല്ലാതായിട്ട് മാറുകയും ചെയ്യുന്നു. അതിനൊന്നും ഒരു പരിഹാരം കാണാനോ, അതൊരു സാമൂഹ്യ പ്രശ്‌നമായിട്ട് ഏറ്റെടുക്കാനോ കഴിഞ്ഞിട്ടില്ല. ജിഷയുടെ കേസ് നടക്കുന്ന സമയത്ത് മാത്രം അതിനെക്കുറിച്ച് ചര്‍ച്ചയുണ്ടായി. ജിഷയുടെ പോലെ കരുതലില്ലാതായിപ്പോവുന്ന കുടുംബങ്ങള്‍ ഇവിടെ കൂടിവരികയാണ്. ഒട്ടും കുറയുന്നില്ല. അത്തരം വിഷയങ്ങളിലൊന്നും യാതൊരു ശ്രദ്ധയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തു നിന്നോ ഉണ്ടാവുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ജിഷ വധം : അമീറുല്‍ ഇസ്ലാമിന് വധശിക്ഷ

ഒരര്‍ഥത്തില്‍ ഈ കേസ് അവസാനിച്ചു എന്ന് വളരെ മുമ്പ് തന്നെ നമുക്ക് തോന്നിയിട്ടുള്ളതാണ്. ഒരാളെ കിട്ടി, അയാള്‍ കുറ്റം ചെയ്തില്ലെന്ന് ആവര്‍ത്തിച്ചുപറയുന്നു, എങ്കിലും അയാള്‍ തന്നെയാണ് പ്രതിയെന്ന് ഡിഎന്‍എ തെളിവുകള്‍ വെച്ച് സ്ഥിരീകരിക്കുന്നു. ഇതിലൊന്നും നമ്മള്‍ക്ക് വ്യക്തമായി ഒന്നും പറയാന്‍ പറ്റാത്ത സാഹചര്യമുണ്ട്. മറ്റൊന്ന്, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരാകുമ്പോള്‍ വളരെ പെട്ടെന്ന് അവര്‍ക്ക് വധശിക്ഷ കിട്ടുന്ന ഒരു രീതി ഇന്ത്യയില്‍ കണ്ടുവരുന്നുണ്ട്. ആ കാര്യമാണ് ഇവിടേയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. ഒരാളെ കൊന്നു എന്നത് മാത്രമേ ഈ കേസിലെ പ്രശ്‌നമായിരുന്നുള്ളോ? എനിക്ക് തോന്നിയത് അതല്ല എന്നാണ്. കുടുംബത്തിന്റെ അങ്ങേയറ്റത്തെ ദുര്‍ബലതയും അവരുടെ സാമൂഹ്യസാഹചര്യവുമാണ് യഥാര്‍ഥ പ്രശ്‌നം. അടച്ചുറപ്പുള്ള വീടില്ല, അയല്‍വാസികള്‍ മനുഷ്യത്വം കാണിക്കാന്‍ തയ്യാറല്ലായിരുന്നു തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടതില്‍. തൊട്ടപ്പുറത്തുള്ള അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഇത്രയും ഭീകരമായ കൊല നടന്നിട്ട് അടുത്ത വീട്ടുകാരാരും കേട്ടില്ല എന്ന് പറയുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ, വലിയ മതില്‍ കെട്ടി അടുത്ത് നടക്കുന്നതൊന്നും ശ്രദ്ധിക്കേണ്ടെന്ന തരത്തിലുള്ള ആവാസവ്യവസ്ഥയുണ്ടാക്കി വച്ചതിന്റെ ഫലവും കൂടിയാണ് ഈ കേസ്. അതൊന്നും ഒരു പ്രശ്‌നമല്ല, ഏതെങ്കിലും ഒരാളെ കുറ്റവാളിയായി കിട്ടി, അതോടെ പ്രശ്‌നം തീര്‍ന്നു എന്ന് പറയുന്ന രീതി വളരെ ഭയാനകമാണെന്നേ പറയാനാവൂ.

സവര്‍ണ ക്രൈസ്തവദേശത്തിന്റെ പുറമ്പോക്കിലായിരുന്നു ജിഷയുടെ ജീവിതമെന്നത് മറക്കരുത്

ജിഷ ഒരു വരേണ്യ സ്ത്രീയുടെ ചട്ടക്കൂടിനുള്ളിലേക്ക് കയറ്റിയിരിക്കുകയാണ്. അതായത് സ്ത്രീയുടെ പരിപാവനമായ ശരീരത്തെ അവഹേളിക്കുന്ന ഒരുത്തനെ കൊല്ലണമെന്ന ബ്രാഹ്മണ ലോജിക് തന്നെയാണ് നടപ്പാക്കുന്നത്. അതല്ലാതെ ആ കൊലപാതകത്തിലേക്ക് നയിച്ച അവരുടെ ജീവിത സാഹചര്യങ്ങള്‍ ഒന്നും തന്നെ പരിഹരിക്കപ്പെട്ടിട്ടില്ല. കേരളത്തില്‍ വ്യപകമായി നിലനില്‍ക്കുന്ന സ്ത്രീകളുടെ ജീവിതസാഹചര്യമാണത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍