UPDATES

ഡോ. ടി.വി മധു

കാഴ്ചപ്പാട്

Guest Column

ഡോ. ടി.വി മധു

ട്രെന്‍ഡിങ്ങ്

ഉന്നതവിദ്യാഭ്യാസം; ഡോ. രാജന്‍ ഗുരുക്കള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റും- ഡോ. ടി.വി മധു സംസാരിക്കുന്നു

സര്‍വ്വകലാശാലകള്‍ കേവലം അധികാരകേന്ദ്രങ്ങളല്ല. അത് അറിവുല്‍പ്പാദനകേന്ദ്രങ്ങളാണ്; അങ്ങനെയാക്കേണ്ട ദൌത്യം ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റേതാണ്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായി ഡോ രാജന്‍ ഗുരുക്കളെ നിയോഗിച്ചതായുളള മന്ത്രിസഭയുടെ തിരുമാനത്തെ നല്ല നടപടിയായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തേക്കാള്‍ ഇതിനു യോജിച്ച ഒരു അക്കാദമിഷ്യന്‍ നിലവിലില്ലെന്നുതന്നെ പറയാം. നമ്മുടെ ഉപരിപഠനമേഖലയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിനു സാധിക്കും. അക്കാദമിക വിഷയങ്ങളും, എന്താണ് ഗവേഷണം, എന്താണ് അറിവുല്‍പ്പാദനം എന്നിവയെക്കുറിച്ചെല്ലാമുളള സങ്കല്‍പ്പവും ആഴത്തിലുളള കാഴ്ച്ചപ്പാടുകളും അദ്ദേഹത്തിനുണ്ട്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഇടപെടലുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും യുജിസി മാര്‍ഗ്ഗരേഖകള്‍ മറികടന്നും സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരത്തില്‍ ഇടപെടാതായും ചില ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും അതിനുവേണ്ട സമ്മതനിര്‍മ്മാണം നടത്താനും നമ്മുടെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനു സാധിക്കും.

കൗണ്‍സില്‍ കൂടുതല്‍ ശ്രദ്ധ ഊന്നേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ. പ്രധാനമായും നമ്മുടെ കേരളത്തിലെ ഭരണാധികാരികള്‍ക്ക് സര്‍വ്വകലാശാലയെ കുറിച്ചുളള സങ്കല്‍പ്പം തന്നെ ഏറെ വ്യത്യസ്തമാണ്. അഫിലിയേറ്റ് ചെയ്ത കോളേജുകളെ ഭരിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രമായാണ് അവര്‍ സര്‍വ്വകലാശാലകളെ കാണുന്നത്. അല്ലാതെ ഗവേഷണപഠനങ്ങള്‍ക്കുളള അക്കാദമിക കേന്ദ്രമെന്നനിലയിലല്ല. അറിവ് ഉല്‍പാദിപ്പിക്കുന്ന കേന്ദ്രം (Knowledge Production Centre) എന്നൊരു കാഴ്ചപ്പാട് ഇവിടെ പൊതുവെ ഇല്ല. കോളേജുകളില്‍ നടക്കുന്നത് അറിവിന്റെ വ്യാപനമാണ്. അവിടെ പഠിപ്പിക്കലാണ് നടക്കുന്നത്, അറിവിന്റെ ഉത്പാദനമല്ല. എന്നാല്‍ സര്‍വ്വകലാശാലകള്‍ പ്രധാനമായും അറിവുല്‍പ്പാദന കേന്ദ്രങ്ങളാണ്. സര്‍വ്വകലാശാല എന്ന സങ്കല്‍പ്പം അര്‍ത്ഥമാക്കുന്നതും അങ്ങനെതന്നെയാണ്.

ലോകതലത്തില്‍ തന്നെ മികച്ച സര്‍വ്വകലാശാലകള്‍ എന്നു നമ്മള്‍ കരുതുന്ന സര്‍വ്വകലാശാലകള്‍ എല്ലാം തന്നെ ജ്ഞാനോല്‍പാദനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരത്തില്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് നമ്മുടെ സര്‍വ്വകലാശാലകളെ ഫലപ്രദമായ അറിവുല്‍പാദന കേന്ദ്രങ്ങളാക്കി മാറ്റി തീര്‍ക്കേണ്ടതുണ്ട്. അത്തരം മാറ്റങ്ങളുണ്ടാക്കാന്‍ കൗണ്‍സിലിന് സാധിക്കും. സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരത്തില്‍ കൈകടത്താതെ തന്നെ അതിനുളള സമ്മതം ഉണ്ടാക്കിയെടുക്കാനാവും. അതിന് ശരിക്കും യോജിച്ച ആള്‍ തന്നെയാണ് ഡോ. രാജന്‍ ഗുരുക്കള്‍. അതുപോലെതന്നെ, കൗണ്‍സില്‍ ഇടപെടേണ്ട മറ്റൊരു മേഖല സര്‍വ്വകലാശാലകളുടെ തലപ്പത്ത് വരുന്ന വൈസ് ചാന്‍സലര്‍ നിയമനങ്ങളിലെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ്.

സങ്കുചിതരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ രണ്ട് തരത്തിലുളള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഒന്നാമതായി ഭരണനര്‍വ്വഹണരംഗത്ത് അവരുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ പ്രകടിപ്പിക്കും. രണ്ടാമതായി അഫിലിയേറ്റ് ചെയ്ത കോളേജുകളുടെ കാര്യത്തിലും സ്വാശ്രയകോളേജുകള്‍ അനുവദിക്കുന്നതിലുമാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധയൂന്നുക. ഒരു കോളേജ് പ്രിന്‍സിപ്പലിന്റെ കാഴ്ച്ചപ്പാടിലാണ് അവര്‍ അറിവുല്‍പ്പാദന കേന്ദ്രത്തെ കൈകാര്യം ചെയ്യുക. ഇങ്ങനെ നിയമിതരാകുന്ന വിസിമാര്‍ യുജിസി നിയമാവലിപ്രകാരം യോഗ്യതയുളളവരാകും. പക്ഷെ, സര്‍വ്വകലാശാലകളില്‍ പഠിച്ചോ ഗവേഷണം ചെയ്‌തോ ഒന്നും ഇവര്‍ക്ക് പരിചയമുണ്ടാകില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നമ്മുടെ സര്‍വ്വകലാശാലകളില്‍ നിയമിതരായ വിസിമാര്‍ വലിയ തരത്തിലുളള നഷ്ടങ്ങളാണ് ഉണ്ടാക്കിവെച്ചത്. വിസിമാരെ തിരഞ്ഞെടുക്കുന്നതില്‍ കൗണ്‍സിലിനു നേരിട്ട് ഇടപെടാനാകില്ലെങ്കിലും നിലവിലെ ഉപാധ്യക്ഷന്‍ വിസി നിര്‍ണ്ണയസമിതിയിലെ അംഗമായിരിക്കും എന്നത് അനുകൂലഘടകമാണ്. മാത്രമല്ല വിസി നിര്‍ണ്ണയമടക്കമുളള കാര്യങ്ങളില്‍ യുജിസി മാര്‍ഗ്ഗരേഖകള്‍ ഉണ്ടെങ്കിലും അതിലൊക്കെ യോജിച്ച ഭേദഗതികള്‍ വരുത്താനുളള സമ്മതം നിര്‍മ്മിക്കാന്‍ കൗണ്‍സിലിനു സാധിക്കും. വിസിമാരെ നിര്‍ണ്ണയിക്കുന്നതിനായി യുജിസിയുടെ മാര്‍ഗ്ഗരേഖകളുണ്ടെങ്കിലും അവ മറികടക്കാനുളള വഴികള്‍ ഇപ്പോഴുണ്ട്.

അതുപോലെ തന്നെ നമുക്ക് നല്ല സര്‍വ്വകലാശാലകള്‍ ഇല്ലാതെ പോയതിന്റെ മുഖ്യ ഉത്തരവാദിത്തം സിന്‍ഡിക്കേറ്റിനാണ്. നാമനിര്‍ദ്ദേശം വഴിയാണെങ്കിലും ഇലക്ടഡ് ആണെങ്കിലും ജനാധിപത്യപ്രക്രിയ വഴിതന്നെയാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പക്ഷെ, അക്കാദമിക കാര്യത്തില്‍ തിരുമാനമെടുക്കേണ്ടത് ഇങ്ങനെവരുന്നവരാരായിരിക്കരുത്. അക്കാദമികരംഗത്തും ഗവേഷണരംഗത്തും പരിചയമുളളവരായിരിക്കണം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. അതാണ് നേരത്തെ പറഞ്ഞത്. സര്‍വ്വകലാശാലകള്‍ കേവലം അധികാരകേന്ദ്രങ്ങളല്ല. അത് അറിവുല്‍പ്പാദനകേന്ദ്രങ്ങളാണ്. നാടിന്റെ ദിശ തന്നെ നിര്‍ണ്ണയിക്കാന്‍ സഹായിക്കേണ്ട അറിവിനെ അന്വേഷിച്ചും പരിശോധിച്ചും കണ്ടത്തേണ്ട കേന്ദ്രം. അത് മാനവികവിഷയങ്ങളാണെങ്കിലും ശാസ്ത്രവിഷയങ്ങളാണെങ്കിലും അങ്ങനെ തന്നെയാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പലപ്പോഴും അധ്യാപകസംഘടനകളില്‍ നിന്നും വരുന്നവരായിരിക്കും. തിരഞ്ഞെടുക്കുന്ന സിന്‍ഡിക്കേറ്റ് പ്രതിനിധികളും ഏറെക്കുറെ അങ്ങനെയായിരിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കുറച്ചുക്കൂടി അക്കാദമിക നിലവാരമുളളവരാകുന്ന വിധത്തിലുളളതാക്കാനുളള ചട്ടഭേദഗതിക്കുളള ശ്രമങ്ങള്‍ നടത്താന്‍ കൗണ്‍സിലിനു ഇടപെടാനാകും. അതിനുവേണ്ടിയുളള സമ്മത നിര്‍മ്മാണത്തിനുളള പ്രേരണ ചെലുത്താന്‍ കൗണ്‍സിലിനു സാധിക്കും. ഇതിനൊക്കെ ഏറ്റവും യോജിച്ച ആളാണ് രാജന്‍ ഗുരുക്കള്‍. പുറത്തുളള ചില സര്‍വ്വകലാശാലകളില്‍ അങ്ങനെയുളള രീതിയുണ്ട്. സര്‍വ്വകലാശാലകള്‍ക്കകത്തുളള ഡീനുമാരും മറ്റും റൊട്ടേറ്റായി സിന്‍ഡിക്കേറ്റിലേക്ക് തിരഞ്ഞെടുക്കുന്ന വഴിയാണത്. അത്തരം രീതി അവലംബിക്കേണ്ട പ്രാധാന്യമാണ് ഇപ്പോള്‍ നമ്മുടെ ഉന്നതപഠനരംഗത്തെ നിലവാര തകര്‍ച്ച കാണുമ്പോള്‍ തോന്നുന്നത്. ഈ നിലവാര തകര്‍ച്ച അനുദിനം കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. ഇപ്പോഴത്തെ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് ജനാധിപത്യസംവിധാനം നിലനിര്‍ത്തുന്നുവെന്നത് ശരിയാണ്. പക്ഷെ, അക്കാദമിക ജനാധിപത്യമല്ലത്.

മുമ്പ് ഡോ. കെ എം പണിക്കര്‍ ഉപാധ്യക്ഷനായിരുന്ന കാലത്ത് ഇതുപ്പോലെ ചില മാറ്റങ്ങള്‍ക്കുളള ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷെ അത് മുന്നോട്ട് കൊണ്ട് പോയികണ്ടില്ല. അന്ന് ഗവേഷപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഒരു ജേര്‍ണല്‍ ഇറക്കാന്‍ ധാരണയായിരുന്നു. മികവുറ്റ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് തന്നെ അതിനുവേണ്ടി രൂപീകരിച്ചു. അതില്‍ ഞാനുമംഗമായിരുന്നു. കണ്‍വര്‍ജന്‍സ് എന്ന മറ്റോ ആയിരുന്നു അതിന്റെ പേര്. അതുപക്ഷെ, പ്രസിദ്ധീകരിക്കാന്‍ പറ്റിയില്ല. ഡോ. പണിക്കരുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലകള്‍ മികച്ച ഗവേഷണകേന്ദ്രങ്ങളാക്കാനുളള ശ്രമങ്ങളും നടന്നിരുന്നു. എന്തുകൊണ്ടോ അതൊന്നും നടന്നുകണ്ടില്ല. ഇപ്പോള്‍ സര്‍വ്വകലാശാലകളല്‍ നടക്കുന്ന ഗവേഷണങ്ങള്‍ ഒരു നിലവാരവുമില്ലാത്തതാണ്. ശാസ്ത്രവിഷയങ്ങളാണെങ്കിലും മാനവികവിഷയങ്ങളാണെങ്കിലും അതാണ് സ്ഥിതി. മാത്രമല്ല, യുജിസിയുടെ പുതിയ ചില പ്രമോഷന്‍ പദ്ധതികള്‍ക്ക് പോയിന്റ് ലഭിക്കുന്നതിനുവേണ്ടിയാണ് പലരും ഗവേഷണങ്ങള്‍ നടത്തിവരുന്നത്. അതിനായി ഒരു നിലവാരവുമില്ലാത്ത സെമിനാറുകളും പേപ്പര്‍ അവതരണങ്ങളും നടന്നുവരുന്നു. ഈ സമ്പ്രദായം നമ്മുടെ ഗവേഷണമേഖലയെ തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്. എളുപ്പത്തില്‍ ആരെക്കൊണ്ടെങ്കിലും പ്രബന്ധങ്ങള്‍ എഴുതിപ്പിക്കുകയും പണം കൊടുത്ത് ഏതെങ്കിലും ജേണലുകളില്‍ അവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇതിനു ഇപ്പോള്‍ പ്രചോദനം നല്‍കുന്നത് യുജിസി തന്നെയാണ്. വൈകാതെ തന്നെ ഈ രീതി അവര്‍ തന്നെ എടുത്തുകളയുമെന്നുറപ്പാണ്. നമുക്ക് നമ്മുടെ സര്‍വ്വകലാശാലകളില്‍ നല്ല പഠനങ്ങളും ഗവേഷണങ്ങളും കൊണ്ടുവരണം. അവ പൊതുജനങ്ങള്‍ക്ക് ആശയവിനിമയം ചെയ്യുന്നതിന് മികച്ച നിലവാരമുളള പ്രസിദ്ധീകരണങ്ങളും ഗവേഷണത്തന്റെ മാനദണ്ഡങ്ങളും വേണം. ലോകത്തിലെ എല്ലാ മികച്ച സര്‍വ്വകലാശാലകളുടേയും മികച്ച പഠനപ്രബന്ധങ്ങള്‍ അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെയാണ് പൊതുസമൂഹത്തിനു നല്‍കുന്നത്.

അധ്യാപകന്റെ പ്രതികാരം; ആര്‍എല്‍വി കോളേജ് വിദ്യാര്‍ത്ഥികളുടെ ഉപരി പഠനം പ്രതിസന്ധിയില്‍

ഡോ. ടി.വി മധു

ഡോ. ടി.വി മധു

അസോസിയേറ്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ്റ് ഓഫ് ഫിലോസഫി, കാലിക്കറ്റ് യൂണിവേഴ്സിറ്റി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍