UPDATES

ട്രെന്‍ഡിങ്ങ്

പികെ ശശിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഡിവൈഎഫ്ഐ നേതാവ് പോലീസിനെ സമീപിക്കാത്തതില്‍ പാര്‍ട്ടിക്ക് പ്രശ്നമില്ലേ?

വളരെ പിന്തിരിപ്പൻ ആശയങ്ങളുമായി നിലനിന്നു പോവുന്ന കന്യാസ്ത്രീ മഠങ്ങൾക്കുള്ളിൽ നിന്നുകൂടി പരാതികളുമായി സ്ത്രീകൾ പുറത്തേക്കെത്തുന്ന വർത്തമാനകാലത്തുതന്നെയാണ് ഒരു ഇടതുപക്ഷ പ്രവർത്തക പാർട്ടിക്കകത്ത്‌ നീതിതേടുന്നത്.

റസീന കെ കെ

റസീന കെ കെ

പി.കെ ശശി എംഎൽഎക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗികാരോപണത്തെ കുറിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം സ്ത്രീപീഡന കേസുകളിൽ സമാനതകളില്ലാത്തതാണ്. പരാതി പാർട്ടിക്ക് ലഭിക്കുക – പാർട്ടിക്ക് മാത്രം, അത് പോലീസിന് കൈമാറണം എന്ന വകുപ്പില്ലാത്തതു കൊണ്ട് പാർട്ടിതന്നെ അന്വേഷണം ഏറ്റെടുത്തു നടത്തുക.
പരാതിക്കാരി വിഷയം പോലീസിൽ ഉന്നയിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് മറ്റെല്ലാ വാദങ്ങളെയും അടച്ചുകളയുന്ന, ഈ വിഷയത്തിലെ പ്രധാന പോയിൻറ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ യുവജന സംഘടനയുടെ നേതാവ് ആണെന്നു പറയപ്പെടുന്ന സ്ത്രീ പോലീസിന് മൊഴികൊടുക്കാൻ ഇതുവരെ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇടതുപക്ഷത്തിനകത്ത്‌ ദീർഘനാൾ പ്രവർത്തിച്ച ഒരു സ്ത്രീക്ക് അവർക്കെതിരെ നടന്ന അതിക്രമം – അത് ലൈംഗികമോ, ശാരീരികമോ, മാനസികമോ, ആവട്ടെ ഇവിടെ നിലനിൽക്കുന്ന നിയമസംവിധാനത്തെ ഏല്പിക്കാൻ കരുത്തില്ലാതെ പോവുന്നത് എന്തുകൊണ്ടായിരിക്കും? അത് തികച്ചും വ്യക്തിപരമായ തീരുമാനം ആണെന്നിരിക്കിലും അങ്ങനെ ഒരു പരാതിപ്പെടൽ സാധ്യമാവാത്ത സാമൂഹികാന്തരീക്ഷമാണ് ചുരുങ്ങിയപക്ഷം പാർട്ടിക്കകത്തു നിലനിൽക്കുന്നത് എന്നല്ലേ മനസിലാക്കേണ്ടത്?

വളരെ പിന്തിരിപ്പൻ ആശയങ്ങളുമായി നിലനിന്നു പോവുന്ന കന്യാസ്ത്രീ മഠങ്ങൾക്കുള്ളിൽ നിന്നുകൂടി പരാതികളുമായി സ്ത്രീകൾ പുറത്തേക്കെത്തുന്ന വർത്തമാനകാലത്തുതന്നെയാണ് ഒരു ഇടതുപക്ഷ പ്രവർത്തക പാർട്ടിക്കകത്ത്‌ നീതിതേടുന്നത്. ഇത്ര നാളത്തെ പാർട്ടി പ്രവർത്തനം അവരുടെ സ്വയം ശാക്തീകരണത്തിനുപോലും ഉതകുന്നതായിരുന്നില്ല എന്നത് നിസാരമായി തള്ളിക്കളയാനാവില്ല. ആക്രമണം നേരിടുന്ന ഒരു സ്ത്രീക്ക് പരാതിയുമായി മുന്നോട്ടു വരാനുള്ള ശക്തിപകരാൻ തക്കവണ്ണം ഇടതുപക്ഷത്തിന്റെ ഉൾപ്പാർട്ടി ജനാധിപത്യം വളർന്നിട്ടില്ല എന്നും, പാർട്ടി തിരഞ്ഞെടുപ്പ് വിജയത്തിൽ ആർജിച്ചതായി പറയുന്ന ഉൾക്കരുത്തൊന്നും അണികളുടെതല്ല എന്നും, ആ സ്ത്രീക്കൊപ്പം നിന്ന് അവരെ നേരാംവണ്ണം പോലീസ് പരാതിയിലേക്കെത്തിക്കാൻ പാർട്ടിക്ക് വൈമുഖ്യം ഉണ്ടെന്നുമൊക്കെ ഇവിടെ വ്യക്തമാണ്.

പാർട്ടി അന്വേഷിച്ചാൽ മതി എന്ന് ഒരു സ്ത്രീ തനിക്കുനേരെ ഉണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് ചിന്തിക്കുവാൻ എന്തായിരിക്കും കാരണം? ‘മാനഹാനി’ എന്ന പഴയകെണിയിൽ നിന്നും പാർട്ടിപ്രവർത്തകയും സ്വയം മോചിതയായിട്ടില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്? ഇത്ര വൈയക്തികമായ ഒരാലോചന ഒരു പരാതിക്കാരിയെ കുറിച്ച് -അത് പാർട്ടിക്ക് ആണെങ്കിൽപോലും -വേണോ എന്ന് ചിന്തിച്ചേക്കാം. പക്ഷെ ഈ സംഭവം തുടക്കമിടുന്നത് ഗുരുതരമായ ഒരു കീഴ്വഴക്കത്തിനാണ്. വരുംകാലത്ത് പാർട്ടികളിലോ, മറ്റേത് സമാന്തര സംവിധാനത്തിനകത്തോ ഉണ്ടാകാവുന്ന ലൈംഗിക അതിക്രമങ്ങൾ അതാതിടങ്ങളിൽ തന്നെ പരിഹരിക്കപ്പെട്ടേക്കും എന്ന ദു:സൂചനയാണിത് നൽകുന്നത് . പുറംലോകം അറിയാൻ പാടില്ലാത്ത പരമ രഹസ്യമാണ് സ്ത്രീക്ക് നേരെയുണ്ടാവുന്ന കയ്യേറ്റങ്ങൾ എന്ന മിഥ്യാധാരണയും ഈ കേസ് അടിവരയിട്ടുറപ്പിക്കുന്നുണ്ട്.

കേഡർ സ്വഭാവമുള്ള, സ്വന്തമായ ഭരണഘടനയും നിയമാവലികളും ചട്ടക്കൂടുകളും ഉള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് തീർച്ചയായും ഇടതുപക്ഷത്തിന് ഈ വിഷയത്തെ ആഭ്യന്തരമായി സമീപിക്കുവാനും പരിഹരിക്കുവാനും ഉള്ള അവകാശമുണ്ട്. രണ്ടു മന്ത്രിമാർ ഉൾപ്പെടുന്ന അന്വേഷണ കമ്മീഷൻ ചോദ്യംചെയ്യൽ, തെളിവെടുപ്പ്, മൊഴിയെടുപ്പ്, സാക്ഷിവിസ്താരം തുടങ്ങി പോലീസ് ഭാഷ്യങ്ങളോടെ പാർട്ടിക്കകത്തെ അന്വേഷണവുമായി മുന്നോട്ട് പോവുന്നത് അത്ര ആശാവഹമായ ഒരു കാഴ്ച്ചയല്ല. ഇത്തരം ഒരു തെറ്റായ അന്വേഷണ മാതൃക സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതാവില്ല.

സ്ത്രീ സുരക്ഷാ നിയമങ്ങൾ ഓരോന്നും നിർമ്മിക്കപ്പെട്ട ചരിത്രപശ്ചാത്തലം അത്രപെട്ടെന്ന് മറന്നുകൂടാ. കുടുംബത്തിനകത്ത്, മതപൗരോഹിത്യത്തിനു കീഴിൽ , വിവിധ പ്രാദേശികവേദികളിൽ , നാട്ടുക്കൂട്ടങ്ങളിൽ, സ്മാർത്തവിചാര സഭകളിൽ ഒക്കെ വിചാരണ ചെയ്യപ്പെട്ടിരുന്ന പെട്ടിരുന്ന സ്ത്രീയുടെ അവകാശങ്ങൾ, നീതിബോധം, പ്രാഥമികമായ ആവശ്യങ്ങൾ, സമത്വം, അതിക്രമങ്ങളിൽ നിന്നും രക്ഷനേടാനുള്ള പോംവഴി, കൃത്യമായ ശിക്ഷാനടപടി, ഇവയെല്ലാം കാലാകാലങ്ങളായി നിയമനിർമ്മാണത്തിലൂടെ സ്ത്രീ സമൂഹം സ്വായത്തമാക്കിയതാണ്. വലിയ സ്ത്രീമുന്നേറ്റത്തിന്റെ കഥകളുണ്ട് ഓരോ നിയമനിർമാണത്തിനും പിറകിൽ .

ശബരിമല പ്രവേശനം, ഐ. പി. സി. 497 റദ്ദു ചെയ്യൽ പോലുള്ള നിയമ പരിഷ്‌കാരങ്ങളിലൂടെ സ്ത്രീകൾ കൂടുതൽ നിയമപരിരക്ഷ ആർജ്ജിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് പുരോഗമനം സിദ്ധിച്ചു എന്ന് സ്വയം അടയാളപ്പെടുത്തുന്ന ഒരു പാർട്ടിയുടെ പ്രവർത്തകയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പാർട്ടിക്കകത്ത് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നത്. അതിനെ പാർട്ടി അന്വേഷണം എന്ന ലേബൽ ഒട്ടിച്ചു ഭരണം കയ്യാളുന്ന പാർട്ടി “ദിപ്പോ കാണിക്കാം ഞങ്ങളുടെ നീതിനിർവഹണം”എന്ന മട്ടിൽ ഒരാഘോഷമായി കൊണ്ടാടുമ്പോൾ അത് നിയമ വ്യവസ്ഥിതിയെ മാനിക്കുന്ന, വിശ്വസിക്കുന്ന സ്ത്രീകളോടുള്ള വെല്ലുവിളി തന്നെയാണ്. നിയമ വ്യവസ്ഥിതിയെ കൊഞ്ഞനം കുത്തലാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശശിയുടെ കമ്യൂണിസ്റ്റ് ‘അനാരോഗ്യ’ത്തിന് ചികിത്സയുണ്ടോ? പി.സിയെ ‘സംസ്കരിക്കാ’ന്‍ വല്ല മാര്‍ഗവുമുണ്ടോ?

പാർട്ടി സിപിഎമ്മാണ്, അത് തന്നെയാണ് പ്രശ്നവും പ്രതീക്ഷയും; വീണ്ടും വീണ്ടും പി കെ ശശി ആകരുത്

നമ്മുടെ നാട്ടിലെ ‘ശശി’ക്കേസുകളില്‍ സംഭവിക്കുന്നത്

ആങ്ങളമാരുടെ മസില്‍ പവറില്‍ – സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം?

ശശിയുടെ കമ്യൂണിസ്റ്റ് ‘അനാരോഗ്യ’ത്തിന് ചികിത്സയുണ്ടോ? പി.സിയെ ‘സംസ്കരിക്കാ’ന്‍ വല്ല മാര്‍ഗവുമുണ്ടോ?

റസീന കെ കെ

റസീന കെ കെ

മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യ അധ്യാപിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍