UPDATES

ജോണി എം.എൽ

കാഴ്ചപ്പാട്

ചില വടക്കന്‍ വീരഗാഥകള്‍

ജോണി എം.എൽ

വിദ്യാഭ്യാസത്തിനു ടാങ്ക് വയ്ക്കുന്ന ഹിന്ദുത്വ

രാജ്യത്തെ മുഴുവൻ സൈനികവത്ക്കരിക്കാനുള്ള പരോക്ഷമായ രീതികളാണ് ഇന്ന് ഹിന്ദുത്വ ചെയ്തുകൊണ്ടിരിക്കുന്നത്

ജോണി എം.എൽ

കുട്ടിക്കാലത്തുള്ള രണ്ടു കാര്യങ്ങൾ പെട്ടെന്നോർത്തു പോകുന്നു: രണ്ടും രാജ്യാഭിമാനത്തെ കുറിച്ചുള്ളത്. ഒന്നാമതായി, തിരുവനന്തപുരത്ത് ബാലഭവൻ കാമ്പസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പഴയ ഒരു വ്യോമസേനാ വിമാനം. ഡീകമ്മീഷൻ ചെയ്തതിനു ശേഷം കുട്ടികൾക്ക് കാണാനായി പണ്ടെങ്ങോ കൊണ്ടുവെച്ചതാണ്. ചാരം കലർന്ന നീല നിറമായിരുന്നു അതിന്. ഓരോ ഞായറാഴ്ചയും മ്യൂസിയം പരിസരത്തു കളിക്കാനായി പോകുന്ന ഞങ്ങളെ വീട്ടുകാർ ബാലഭവൻ വരെ നടത്തിച്ചു വിമാനവും കൂടി കാട്ടിത്തന്നിട്ടേ തിരികെ കൊണ്ട് പോയിരുന്നുള്ളൂ. ആ വിമാനം കാണുന്നത് വലിയൊരു അഭിമാനത്തോടെ ആയിരുന്നു. എന്തുകൊണ്ടെന്നറിയില്ല, അതൊരു യുദ്ധ വിമാനമായിരുന്നു എന്നും അതൊക്കെയാണ് നമ്മുടെ രാജ്യത്തെ രക്ഷിച്ചു നിറുത്തുന്നതെന്നും ആരും പറഞ്ഞുതരാതെ തന്നെ മനസിലാക്കിയിരുന്നു. രണ്ടാമത്തേത്, തിരുവനന്തപുരത്തു തന്നെ പ്രവർത്തിയ്ക്കുന്ന വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ചാരനിറം കലർന്ന ബസുകൾ റോഡിലൂടെ പോകുന്നത് കാണുന്നതായിരുന്നു. അതിനകത്തിരുന്ന അപരിചിതരായ ഓരോ മനുഷ്യരും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ബഹിരാകാശ പരീക്ഷണങ്ങളുടെ ചുക്കാൻ പിടിക്കുന്നവരാണെന്നോർത്തു ഞങ്ങൾ അഭിമാനിച്ചിരുന്നു. ഇതിനു സമാനമായ ഒരു അനുഭവമായിരുന്നു നമ്മുടെ മിലിട്ടറിയുടെ ശക്തിമാൻ ലോറികൾ കാണുമ്പോൾ ഉണ്ടായിരുന്നത്. ചിലപ്പോൾ വളരെ നീളമുള്ള ചരക്കു തീവണ്ടികളിൽ കരസേനയുടെ വിവിധ ആയുധങ്ങളും ടാങ്കുകളും വാഹനങ്ങളും കൊണ്ടുപോകുന്നത് കുട്ടികളായ നമ്മൾ അത്യാഹ്ളാദത്തോടെയും അത്യന്തം ബഹുമാനത്തോടെയും കണ്ടു നിന്നിരുന്നു.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഡികമ്മീഷൻ ചെയ്ത ഒരു ടാങ്ക് പ്രദർശിപ്പിക്കണം എന്ന് അതിന്റെ വൈസ് ചാൻസലറായ ജഗ്ദേശ് കുമാർ പറയുന്നത് കേൾക്കുമ്പോൾ അറിയാതെ ഈ ചിത്രങ്ങൾ മനസ്സിൽ വന്നു പോകുന്നു. സർവകലാശാലയുടെ ചുമരിൽ ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കെ വീരചരമം പ്രാപിച്ച സൈനികരുടെയും സൈനിക മേധാവികളുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഇതേ വൈസ് ചാൻസലർ തീരുമാനിച്ചിരുന്നു (ഗാന്ധിയൻ മാർഗം ശരിയെന്നു കരുതുന്ന ഒരു വ്യക്തി എന്ന നിലയിൽ പലപ്പോഴും ഞാൻ സ്വയം ചോദിച്ചുപോകുന്നത് സേവനം എന്ന വാക്കിനെ എങ്ങനെ നമുക്ക് ശമ്പളം കിട്ടുന്ന ഒരു ജോലിയുമായി ഘടിപ്പിച്ചു പറയാം എന്നതാണ്. സൈനിക സേവനം എന്നൊന്നില്ല; എന്നാൽ നിർബന്ധിത സൈനിക സേവനം ഉണ്ട് താനും- ഇന്ത്യയിൽ ഇല്ലെന്നേയുള്ളൂ. വിനോബാ ഭാവെ ഭൂദാന പ്രസ്ഥാനം നടത്തുന്ന അമ്പതുകളിൽ ഉയർന്നു വന്നിരുന്ന ഒരു ചോദ്യമാണ് അദ്ദേഹത്തിനെ പ്രസ്ഥാനത്തിലെ ശമ്പളം പറ്റുന്ന ചില പ്രവർത്തകരെ സംബന്ധിച്ചുള്ളത്. സേവനം എന്ന് വിനോബാജി ആവർത്തിച്ചു പറഞ്ഞപ്പോൾ, ശമ്പളം പറ്റുന്ന സഹപ്രവർത്തകരെ എങ്ങനെ സേവകർ എന്ന് വിളിക്കാം എന്ന ചോദ്യം ഉയർന്നിരുന്നു. ഒരു പ്രസ്ഥാനത്തിന്റെ നടത്തിപ്പിന് വേണ്ട ചില സവിശേഷ ജോലികൾ ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കേണ്ടി വരും എന്ന് മാത്രമേ വിനോബാജി പറഞ്ഞുള്ളൂ. ഇന്നും സർക്കാരിതര സേവന സംഘടനകളിൽ – എൻജിഓകളിൽ- പ്രവർത്തിക്കുന്നവർ ശമ്പളം പറ്റുന്നത് കൊണ്ട് അവരെ എത്രമാത്രം ദേശസേവകർ എന്ന് വിളിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നിലനിൽക്കുന്നുണ്ട്). ഇന്ത്യയുടെ പരമോന്നതമായ സർവകലാശാലകൾ ദേശീയ വിരുദ്ധരുടെ വിളഭൂമിയാകുന്നു എന്നതിനെ ചെറുക്കാനും വിദ്യാർത്ഥികളിൽ രാജ്യസ്നേഹം വളർത്താനുമാണ് ഈ നീക്കങ്ങൾ എന്ന് ഹിന്ദുത്വ അനുഭാവിയായ വൈസ് ചാൻസലർ സമ്മതിച്ചിട്ടുണ്ട്.

ഈയൊരു വാർത്ത കേട്ടത് മുതൽ ഞാൻ ആലോചിക്കുന്ന ഒരു കാര്യം എന്നിൽ എങ്ങനെ ദേശസ്നേഹം വളർന്നു എന്നുള്ളതായിരുന്നു. പാകിസ്ഥാൻ ഇന്ത്യയുടെ ശത്രു എന്നൊരു ധാർമ്മിക രാഷ്ട്രീയ ഭൂമികയിലാണ് എന്റെയും ബാല്യകാലം കഴിഞ്ഞത്. അതുകൊണ്ടു തന്നെ ഇന്ത്യൻ മുസ്ലീങ്ങളെ വെറുക്കാതെ തന്നെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരാജയത്തെ ആഘോഷിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ ആളുകൾ പാകിസ്ഥാൻ ടീമിന്റെ പരാജയത്തെ ആഘോഷിക്കുന്നത് പോലെയായിരുന്നില്ല അത്. അന്നത്തെ പാകിസ്താന്റെ കളിക്കാരെ ഞങ്ങൾ വെറുത്തിരുന്നില്ല. സത്യത്തിൽ ഇന്ത്യൻ കളിക്കാർ മോശപ്പെട്ട കളി കാഴ്ചവെയ്ക്കുമ്പോൾ പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ പക്ഷം പിടിക്കുന്നതിലും നമുക്ക് പ്രശ്നം ഉണ്ടായിരുന്നില്ല. ഇന്ത്യൻ കളിക്കാരോടൊപ്പം തന്നെ നമുക്ക് ഡേവിഡ് ബൂണിനെയും റിച്ചാർഡ് ഹാർഡ്‌ലിയെയും പാട്രിക് പാറ്റേഴ്സൺനെയും അംബ്രോസിനെയും റിച്ചാർഡ്സിനെയും മിയാൻ ദാദിനെയും ഇമ്രാൻ ഖാനെയും വസിം അക്രത്തെയും ഒക്കെ ഇഷ്ടപ്പെടാൻ കഴിഞ്ഞിരുന്നു. കളിയായിരുന്നു കളിക്കാരനെ വിലയിരുത്താനുള്ള മാർഗം, ദേശസ്നേഹമായിരുന്നില്ല. ഒരിക്കലും ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ഞാൻ (തെങ്ങിന്റെ മടല് കൊണ്ടുള്ള ബാറ്റു പോലും തൊട്ടിട്ടില്ലാത്ത വ്യക്തിയാണ് ഞാൻ) ഇത്രയും കളിക്കാരെ ഓർത്തിരിക്കണമെങ്കിൽ അത് കളിയുടെ ആകർഷണം തന്നെയാകണം, രാജ്യസ്നേഹത്തിന്റേത് ആയിരിക്കില്ല. അക്കാലത്ത് ഇറങ്ങിയിരുന്നു ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലും സ്പോർട്സ് സ്റ്റാറിലും വന്നിരുന്ന ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ, പോസ്റ്ററുകൾ എന്നിവ ഇന്ത്യൻ കളിക്കാരുടേത് മാത്രമായിരുന്നില്ല; പാകിസ്ഥാൻ കളിക്കാരും ഇന്ത്യൻ കളിക്കാരും ചെറുപ്പക്കാരുടെ മുറികളിലെ ഹാൾ ഓഫ് ഫെയിമിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ രാജ്യസ്നേഹത്തിൽ അവർ ഒറ്റും പിന്നിലായിരുന്നുമില്ല.

ഇന്ന് ഹിന്ദുത്വവാദികൾ കോളേജുകളിൽ രക്തസാക്ഷികളുടെ പടം വെച്ചും ടാങ്ക് സ്ഥാപിച്ചും ഗിന്നസ് ബുക്കിൽ പേര് വരുത്താൻ പാകത്തിൽ ദേശീയപതാക ഉണ്ടാക്കിയും ചരിത്രം തിരുത്തിയും സിലബസ് തിരുത്തിയും വേദപഠനത്തിനും കൈനോട്ടത്തിനും ജ്യോതിഷത്തിനും ഡിഗ്രി കോഴ്‌സുകൾ തുടങ്ങിയും ഒക്കെ ഇന്ത്യയിൽ ദേശീയവാദികളെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ വീണ്ടും ഞാൻ അതെ ചോദ്യത്തിൽ തിരികെ എത്തുന്നു; എന്താണ് എന്നെയും ഞാനുൾപ്പെടുന്ന തലമുറയെയും അതിനു മുന്നാലെ വന്നവരെയൊക്കെയും ദേശസ്നേഹം പഠിപ്പിച്ചത്? എത്ര തിരഞ്ഞിട്ടും എനിക്കു ഇൻഡോക്ടറിനേഷൻ അഥവാ പ്രത്യയശാസ്ത്ര കുത്തിവെയ്പ് എന്നതിനെ കാണാൻ കഴിയുന്നില്ല. ഭരണകൂടം അതിന്റെ എല്ലാ ആസുരഭാവത്തോടെയും നിന്നിരുന്ന ഒരു കാലം തന്നെയായിരുന്നു അതും. അടിയന്തരാവസ്ഥയിലും ലൈസൻസ് രാജിലും പെട്ട് ഉഴലുന്ന രാഷ്ട്രീയ, സാമ്പത്തിക ഭൂമികയായിരുന്നു രാജ്യത്തിന്റേത്. ജനങ്ങൾ അരിഷ്ടിച്ച് കഴിഞ്ഞപ്പോൾ രാഷ്ട്രീയക്കാരനും ജന്മിയും അപ്പോഴും സുഭിക്ഷമായി കഴിഞ്ഞു കൊണ്ടിരുന്ന കാലം തന്നെയായിരുന്നു അതും. പക്ഷെ അതൊന്നും ദേശീയത എന്ന ഭ്രാന്തിന്റെ പേരിൽ ആയിരുന്നില്ല. ഈ പശ്ചാത്തലത്തിൽ എന്നെ ദേശസ്നേഹം പഠിപ്പിച്ചത് എന്റെ വിദ്യാലയങ്ങൾ തന്നെയായിരുന്നു. ആ വിദ്യാലയങ്ങളിൽ ഒന്നും തന്നെ ടാങ്കുകളോ വീരരക്തസാക്ഷികളുടെ ചിത്രങ്ങളോ ഉണ്ടായിരുന്നില്ല. ഒരേ ഒരു രക്തസാക്ഷിയുടെ ചിത്രം മാത്രം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തെ പക്ഷെ നാം രക്തസാക്ഷിയുടെ ചിത്രം എന്ന നിലയിൽ ആയിരുന്നില്ല തിരിച്ചറിഞ്ഞത്; അത് നമ്മുടെ അപ്പൂപ്പന്റെ, നമ്മുടെ രാജ്യത്തിന്റെ പിതാവിന്റെ ചിത്രമായിരുന്നു. വിദ്യാലയത്തിലെത്തുന്ന ഒരു കുട്ടിക്ക് ആ ഒരൊറ്റ ചിത്രം മതിയായിരുന്നു രാജ്യത്തെ കുറിച്ച് ആത്മവിശ്വാസം ഉണ്ടാകുവാൻ.

‘ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു…” എന്ന് തുടങ്ങുന്ന ഒരു പ്രതിജ്ഞ എല്ലാ പാഠപുസ്തകങ്ങളുടെയും മൂന്നാമത്തെയോ നാലാമത്തെയോ പേജിൽ തന്നെ ഉണ്ടായിരുന്നു. ആ ഒരു പ്രതിജ്ഞ ആയിരുന്നു നമ്മുടെ രാജ്യസ്നേഹത്തിന്റെ മധുരമായ ഔഷധം. ഒരു ഹോമിയോ ഗുളിക പോലെ എന്നും നാം അത് നാവിലിട്ടു നുണഞ്ഞു. ‘ജയ് ഹിന്ദ്’ എന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ നാം വിളിച്ചു പറഞ്ഞു. പിന്നെ ‘ജനഗണമന’ എന്നാരംഭിക്കുന്ന ദേശീയഗാനം. അത് കേട്ടാൽ ആനന്ദവും ആഹ്ളാദവും കൊണ്ട് വിജൃംഭിതരാകണമെന്ന് അധ്യാപകർ പറഞ്ഞു തന്നിരുന്നു. പിന്നെ മാർച്ചിങ് ട്യൂണിനൊത്ത് ക്ലാസ്സ് മുറികളിലേക്കുള്ള മടക്കം. കൈ ആഞ്ഞു വീശി, കാലുകൾ നീട്ടി വെച്ച് ആവേശത്തോടെയുള്ള നടത്തം. സ്‌കൗട്ടിലും എൻസിസിയിലുമുള്ള കുട്ടികൾ യൂണിഫോം അണിഞ്ഞു വരുമ്പോൾ അവരെയൊക്കെ ആദരപൂർവം നോക്കിനിൽക്കൽ. ദേശസ്നേഹം വളരാൻ ഇതൊക്കെ ധാരാളം മതിയായിരുന്നു. ഈ ദേശസ്നേഹ പ്രതിജ്ഞയും ജനഗണമനയും ഈ മാർച്ചിങ് ട്യൂണും ഒന്നും തന്നെ അതിർത്തിയിൽ ഇതാ പാകിസ്ഥാൻ അല്ലെങ്കിൽ ചൈന വന്നു നിൽക്കുന്നു എന്ന് പറഞ്ഞല്ല നടത്തിയിരുന്നത്. ഒരു ആധുനിക ഭാരതത്തിന്റെ സൃഷ്ടിക്കായി പൗരന്മാരെ വാർത്തെടുക്കുന്നതിന്റെ അടിസ്ഥാനപാഠങ്ങളായിട്ടായിരുന്നു. ജയ് ഹിന്ദ് എന്ന് ഞങ്ങൾ കുട്ടികൾ തൊണ്ടപൊട്ടി വിളിച്ചത് ‘ഹിന്ദു ഭാരതം’ ജയിക്കട്ടെ എന്നതിന് വേണ്ടിയായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസം നമുക്ക് കൃത്യമായ രാജ്യസ്നേഹം നല്കിക്കഴിഞ്ഞിരുന്നു. പിന്നെ കോളേജിൽ പോകുമ്പോൾ ടാങ്കും രക്തസാക്ഷികളുടെ ചിത്രവും വേണ്ടി വന്നിരുന്നില്ല.

മാർച്ചിങ് ട്യൂണിനൊത്ത് കൈവീശി ക്ലാസിൽ ചെല്ലുമ്പോൾ നാം പഠിച്ചതെന്താണ്? അവിടെയാണ് പഴയ വിദ്യാ സമ്പ്രദായത്തിന്റെ ഗുണം കുടികൊള്ളുന്നത്. ഏകദേശം നാല് ദശകങ്ങൾക്ക് ശേഷം പലതും മറന്നു പോയെങ്കിലും അടിസ്ഥാനങ്ങൾ ഓർമ്മയുണ്ട്. ക്‌ളാസിൽ നമ്മെ ഉള്ളൂരിനെ പഠിപ്പിക്കുകയാണ്: “അടുത്ത് നില്‍പ്പോരനുജനെ നോക്കാൻ അക്ഷികളില്ലാത്തോർക്ക്- അരൂപൻ ഈശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം?” നമുക്ക് ദൈവത്തെ കാണണമായിരുന്നു. അതിനാൽ നമ്മൾ അടുത്തിരുന്ന സഹോദരനെ നോക്കി. അവനെ കണ്ടു. അവന്റെ ജാതിയും മതവുമല്ല കണ്ടത്. അവനെ മാത്രം. അപ്പോൾ അതാ വരുന്നു അടുത്ത പാഠം: “അവനവനാത്മ സുഖത്തിനായാചരിക്കുന്നവ- അപരന്നു സുഖത്തിനായ് വരേണം.” ഗുരുവരുളാണ്. ആരെയും ഉപദ്രവിക്കരുത്- ഒരു പീഡയെറുമ്പിനും വരാ- വരരുത്, അദ്ധ്യാപകൻ അടിവരയിടുന്നു. പിന്നെ വരുന്നു അടുത്ത ക്ലാസ്. “തേനാക രാത്രി തേനാക പകൽ, തേനാക മന്നിടം..” തേൻ എന്ന മധുരത്തിന്റെ ഗുണങ്ങൾ പഠിക്കുകയാണ്. തേനാക മന്നിടം. ഈ ഭൂമിയെ മധുരമാക്കൂ. അടുത്ത ക്ലാസ്സ്- “സ്നേഹമാണഖില സാരമൂഴിയിൽ, സ്നേഹസാരമിക സത്യമേകമാം, സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും.” ആശാൻ പാടുന്നു. എതിരഭിപ്രായമുണ്ടാകുമോ? വീണ്ടും അതാ -യത്ര നാര്യസ്തു പൂജ്യന്തേ തത്ര രമന്തേ ദേവതാഃ” – എവിടെയാണോ സ്ത്രീ പൂജിക്കപ്പെടുന്നത് അവിടെ ദൈവം വസിക്കുന്നു. സ്ത്രീയെ നാം ബഹുമാനിക്കാതിരിക്കുമോ? അപ്പോൾ ടാഗോറിൽ നിന്നൂർജം കൊണ്ട് ശങ്കരക്കുറുപ്പ് പാടുന്നു- നിഭൃതമിരുട്ടിൽ നിഗൂഢമരുന്നേ നീ ധ്യാനിക്കും ദൈവതം അവിടെ നിലകൊൾവീല.” നിന്റെ ദൈവം പാടത്തു പണിയെടുക്കുന്ന കർഷകന്റെ അടുത്താണ്. അതിനാൽ ഭജനം, പൂജനം, ആരാധന ഒക്കെ നീ നിറുത്തുക സാധോ. ആശാൻ പറഞ്ഞു തരുന്നു: “നമസ്കാരമുപഗുപ്ത, വരിക ഭവാൻ നിർവാണ നിമഗ്നനാകാതെ… താവാദൃശ സുതന്മാരെ ക്ഷിതിദേവിയ്ക്കിനി വേണം അധികം പേരെ”. അപ്പോൾ നമ്മൾ രണ്ടു തരത്തിലുള്ള സാധുക്കളെ കുറിച്ച് അറിയുന്നു- വെറുതെ മന്ത്രം ചൊല്ലുന്നവനും ലോകസേവ ചെയ്യുന്നവനും- തെരഞ്ഞെടുക്കാനുള്ള അധികാരം നമുക്കുണ്ടായിരുന്നു. അതാ ഒടുവിൽ വരുന്നു- അതിഥി ദേവോ ഭവ- അതിഥികൾ ദൈവസമാനരാണ്. നമുക്ക് ആരെയെങ്കിലും വെറുക്കാനാകുമോ?

അടിസ്ഥാന വിദ്യാഭ്യാസത്തിലാണ് കാര്യം. അത് ശരിയായെങ്കിൽ എല്ലാം ശരിയായി. ഇന്നത്തെ വിദ്യാഭ്യാസം കമ്പോളത്തിന്റെ ആവശ്യങ്ങൾക്കായി (ഇന്ന് നിലവിലുള്ള കമ്പോളത്തിന്റെ) തയാർ ചെയ്യപ്പെട്ടതാണ്. സാഹിത്യ-ഭാഷാ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. സാഹിത്യം-ഭാഷ- ചരിത്രം-ഭൂമിശാസ്ത്രം തുടങ്ങി ഹ്യൂമാനിറ്റീസ് എന്നറിയപ്പെടുന്ന വിഷയങ്ങളുടെയെല്ലാം സീറ്റുകൾ വെട്ടിക്കുറയ്ക്കുകയാണ് ഇപ്പോൾ സർവ്വകലാശാലകൾ ചെയ്യുന്നത്. അതിന്റെ ഫലമോ, മാനുഷിക-പാരിസ്ഥിതിക മൂല്യങ്ങളില്ലാത്ത അനേകം തലമുറകൾ ഉണ്ടായി വരുന്നു. മൃദുല ഭാവങ്ങൾ മാറി അവിടെ ഉത്പാദനവും ഉപഭോഗവും ഇടം പിടിക്കുന്നു. അങ്ങിനെ മാനസികരോഗികളുടേതായ വലിയൊരു മനുഷ്യരാശി സൃഷ്ടിക്കപ്പെടുന്നു. അതെ നിങ്ങൾ വായിച്ചത് ശരി തന്നെയാണ്. മാനസികരോഗികൾ എന്ന് തന്നെയാണ് ഞാൻ എഴുതിയത്. എന്തുകൊണ്ടെന്ന് ഞാൻ വിശദീകരിക്കാം. ആധുനിക സാങ്കേതിക വിദ്യയുടെ സാഹചര്യത്തിൽ വളരുന്ന കുട്ടികൾക്ക് അവരുടെ മനസുകൾക്ക് പ്രോസസ്സ് ചെയ്യാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ അറിവുകളും വിവരങ്ങളും ഇമേജുകളും വീഡിയോകളും ലഭിക്കുന്നു. ഇതൊക്കെ ഉണ്ടാക്കുന്ന വൈകാരികവും ബൗദ്ധികവുമായ മാറ്റങ്ങളെ കൈകാര്യം ചെയ്യാൻ കുട്ടികൾ, കൗമാരപ്രായക്കാർ, നവയുവാക്കൾ അടങ്ങുന്ന തലമുറയ്ക്ക് കഴിയുന്നില്ല. അതെ സമയം അവർ സാഹിത്യം വായിക്കുന്നവരും ലളിതകലകളിൽ താത്പര്യം പുലർത്തുന്നവരും നല്ല സിനിമകൾ കാണുന്നവരും നല്ല സംഗീതം കേൾക്കുന്നവരും നല്ല മാനുഷിക ഇടപെടലുകൾ നടത്തുന്നവരും ആണെങ്കിൽ സാങ്കേതികത നൽകുന്ന ഇമ്പാക്റ്റുകളെ ക്രമീകരിക്കാനും സന്തുലനം ചെയ്യാനും ഇത്തരം പഴക്കങ്ങളിലൂടെ കഴിയുന്നു. ഇത്തരം ഇടപെടലുകൾ എല്ലാം തന്നെ ഹീലിംഗ് അഥവാ ശമനങ്ങളാണ്. എന്നാൽ ഇന്നത്തെ ഉപരി വിദ്യാഭ്യാസരംഗം ഈ സാധ്യതകൾ വെട്ടിക്കുറയ്ക്കുകയാണ്. ആ ഇടത്തിലാണ് പ്രത്യയശാസ്ത്രപരമായ ഉറപ്പില്ലാത്ത, സൈദ്ധാന്തിക അടിത്തറയില്ലാത്ത, ബൗദ്ധിക യുക്തികൾ ഇല്ലാത്ത അതിവൈകാരികമായ ദേശസ്നേഹം കടത്തി വിടുന്നത്. മാനസിക രോഗമല്ലാതെ മറ്റെന്താണ് ഇതിലൂടെ ഉണ്ടാകുന്നത്?

കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ സൂക്ഷ്മമായി പഠിക്കുന്ന ഗീത ധർമ്മരാജൻ ഇന്ത്യൻ എക്സ്പ്രസ്സ്-ൽ (ജൂലൈ 28, 2017) എഴുതിയ ലേഖനം ശ്രദ്ധേയമാണ്. ‘മുറിയിലെ ആന’ എന്ന ആ ലേഖനത്തിൽ ഇന്ന് നഴ്സറി ക്‌ളാസിൽ പഠിക്കുന്ന നൂറ്റിയെഴുപത് മില്യൺ കുഞ്ഞുങ്ങൾ 2030 -ൽ ഇന്ത്യൻ നഗരങ്ങളിലെ തൊഴില്‍പ്പടയിൽ കൂട്ടിച്ചേർക്കപ്പെടും എന്ന് കണക്കുകൾ കാട്ടി പറയുന്നു. എന്നാൽ അത്തരം ഒരു ഭാവിയെ കൈകാര്യം ചെയ്യാനുള്ള ഒരു തയാറെടുപ്പും കുട്ടികൾക്ക് ഇന്ത്യയിൽ വിദ്യാഭ്യാസ പദ്ധതി ആസൂത്രണക്കാർ ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്ന് അവർ പറയുന്നു. “നഴ്സറി കുട്ടികൾക്ക് ആവശ്യമായ ഒരു പരിപാടിയും വിദ്യാഭ്യാസ പദ്ധതികളിൽ ഇല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ടത് സർഗാത്മകത, പരീക്ഷണോന്മുഖത, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, സംരംഭകത്വം, മികവിനുള്ള ശ്രമം എന്നിവയാണ്. എന്നാൽ ലക്ഷക്കണക്കിന് തൊഴിൽപ്പടയെ സൃഷ്ടിച്ചെടുക്കുക എന്ന മഹാപരിശ്രമത്തിനിടയിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനായുള്ള ഒരു പദ്ധതിയും ഉണ്ടാക്കിയിട്ടില്ല.” വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഗീത ധർമരാജൻ ഉന്നയിക്കുന്നത്. അടിസ്ഥാനം തെറ്റിയ ഒരു തൊഴിൽപ്പട ദേശീയതയുടെയോ മതത്തിന്റെയോ പേരിലുള്ള ഏതു പ്രേരണയ്ക്കും വഴങ്ങിക്കൊടുക്കും എന്നുള്ള ഒരു വലിയ അപകടം ഇതിലുണ്ട്. ഈ അടുത്തിടെ പ്രശസ്തയായ ഒരു യുവ ബോളിവുഡ് നടി ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് തെറ്റിച്ചു പറഞ്ഞു. ഒരു കൂട്ടച്ചിരിയിൽ ഒതുങ്ങിയ പ്രശ്‌നത്തിൽ എന്നാൽ വലിയൊരു അപകടം നിറഞ്ഞിരിക്കുന്നു. അടിസ്ഥാനമായ അറിവുകളെ പോലും ശേഖരിച്ചു വെയ്ക്കാൻ മനസ്സില്ലാത്ത ഒരു തലമുറയാണ് സാങ്കേതികത നയിക്കുന്ന ഈ കാലത്ത് ഏറ്റവും നല്ലതെന്നു പറയപ്പെടുന്ന സ്‌കൂളുകളിൽ നിന്ന് പോലും പുറത്തു വരുന്നത്. അത് കുട്ടികളുടെ തെറ്റല്ല, മറിച്ച് അവരിൽ ജ്ഞാനഭാവം സൃഷ്ടിക്കാൻ വേണ്ട ആശയങ്ങൾ അടിസ്ഥാനവിദ്യാഭ്യാസത്തിൽ നൽകുന്നില്ല എന്നത് തന്നെയാണ്.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ടാങ്ക് സ്ഥാപിക്കണം എന്ന വാദത്തെ രണ്ടാമതൊന്നു ആലോചിക്കുമ്പോൾ ചിരിച്ചു കൊണ്ട് സമ്മതിച്ചു കൊടുക്കാവുന്നതേയുള്ളൂ. ഡീക്കമ്മീഷൻ ചെയ്ത എല്ലാ ആയുധിയും വിമാനങ്ങളും ടാങ്കുകളും എല്ലാ സ്‌കൂളുകളിലും കോളേജുകളിലും വെച്ചാലും കുഴപ്പമില്ല. പക്ഷെ, സർവകലാശാലകളിൽ ഉള്ള പഠനവിഷയങ്ങൾ എല്ലാം തന്നെ സൈനിക പരിശീലനം നേടുന്നവർക്കും നിർബന്ധിതമാക്കണം. സൈനിക സേവനത്തിനു പോകുന്നവർ എല്ലാം തന്നെ ശാസ്ത്രവും ചരിത്രവും ഭാഷകളും സാഹിത്യവും സംഗീതവും നിർബന്ധമായും പഠിക്കണം. എല്ലാ സൈനികരും കുറഞ്ഞപക്ഷം ബിരുദധാരികൾ ആയിരിക്കണം എന്ന അവസ്ഥ കൊണ്ടുവരണം. അപ്പോൾ നമ്മുടെ മൊത്തം ദേശസ്നേഹത്തിന്റെ വ്യവഹാരം മാറും. വിദ്യാഭ്യാസമുള്ള ഒരു സൈനികൻ താൻ എന്തിനു വെടിവെയ്ക്കണം എന്നാലോചിക്കും. എട്ടാം ക്ലാസ്സുകാരൻ അതാലോചിക്കില്ല. ഒരു സൈനിക പരിശീലന ക്യാമ്പിലും മൊസർട്ടിനെയും ശെമ്മാങ്കുടിയെയും കേൾപ്പിക്കില്ല. ഒരു സൈനിക ക്യാമ്പിലും ചന്ദ്രലേഖയുടെ ശിഷ്യരേയും മായാറാവുവിനെയും കൊണ്ട് നൃത്തം ചെയ്യിപ്പിക്കില്ല. ഒരു സൈനിക ക്യാമ്പിലും പസോളിനിയെയും അടൂർ ഗോപാലകൃഷ്ണനെയും കാണിക്കില്ല. ചെയ്‌താൽ പിന്നെ സൈന്യം ഉണ്ടാകില്ല.

ഒരു രാജ്യത്തെ മുഴുവൻ സൈനികവത്ക്കരിക്കാനുള്ള പരോക്ഷമായ രീതികളാണ് ഇന്ന് ഹിന്ദുത്വ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാൽ കോളേജിൽ ടാങ്ക് വെയ്ക്കുന്നത് വലിയൊരു പ്രശ്നമുള്ള കാര്യമല്ല. സ്‌കൂൾ വിദ്യാഭ്യാസരംഗത്തെ ടാങ്ക് ചെയ്യുന്നതാണ് പ്രശ്നം. ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസമാണ് വേണ്ടത്. വിദ്യാഭ്യാസമുള്ള ജനത സ്വയം തെരഞ്ഞെടുപ്പുകൾ നടത്തിക്കൊള്ളും. നവദേശീയതയുടെ സ്ഥാനത്ത് വൈവിധ്യങ്ങളെ അംഗീകരിക്കുന്ന, അപരത്വത്തെ ആദരിക്കുന്ന ദേശീയബോധവും മനുഷ്യാന്തസ്സിനേയും പാരിസ്ഥിതിക സഹജീവനത്തെയും കുറിച്ചുള്ള ബോധവും വരുമ്പോഴാണ് നാം ഒരു രാഷ്ട്രം എന്ന നിലയിൽ ആധുനീകരിക്കപ്പെടുന്നത്. തൊഴിൽപ്പടയെയും സൈനികരെയും സൃഷ്ടിച്ചു കൊണ്ടല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജോണി എം.എൽ

ജോണി എം.എൽ

കലാ, സാംസ്‌കാരിക നിരൂപകന്‍, ക്യുറേറ്റര്‍. സാംസ്കാരിക രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ സംസ്കാരം, മാറുന്ന ജീവിത പരിസരങ്ങൾ എന്നിവയെ ഉത്തരേന്ത്യൻ കാഴ്ചയിൽ നിന്ന് കൊണ്ടുള്ള വിശകലനങ്ങളാകും ഈ കോളത്തില്‍ ഉണ്ടാവുക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍