UPDATES

ട്രെന്‍ഡിങ്ങ്

എന്തൊക്കെ പാടില്ലെന്ന് കമ്മീഷന്‍ പറഞ്ഞോ അതൊക്കെ ചെയ്യുന്നു; വിഷമൊഴുകുകയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍

പലരും മറന്നു തുടങ്ങിയിരുന്ന ശബരിമല വിഷയം മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്

കെ എ ആന്റണി

കെ എ ആന്റണി

കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം അന്ത്യഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കൊട്ടിക്കലാശത്തിന് ഇനി കേവലം അഞ്ചുനാൾ മാത്രം. ദൈവത്തിന്റെയോ മതത്തിന്റെയോ പേരിൽ ആരും വോട്ടു പിടിക്കാൻ ശ്രമിക്കരുതെന്ന സംസ്ഥാന മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണയുടെ മുന്നറിയിപ്പോടുകൂടിയാണ് ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായതെങ്കിലും പ്രചാരണം അതിന്റെ അന്ത്യഘട്ടത്തിലേക്കു കടക്കുമ്പോൾ അത്യന്തം വിഷലിപ്‌തമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. എന്തൊക്കെ പാടില്ലെന്ന് കമ്മീഷൻ നിഷ്കർഷിച്ചുവോ അവ തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമായിരിക്കുന്നത്. കേരളത്തിന്റെ പുനർനിർമിതി, നവോഥാന മൂല്യങ്ങൾ, വികസനം തുടങ്ങിയ വിഷയങ്ങൾ തമസ്ക്കരിക്കപ്പെടുകയും ദൈവം, മതം, ജാതി തുടങ്ങിയ വിഷയങ്ങൾ പ്രചാരണായുധമായി മാറുകയും ചെയ്തിരിക്കുന്നു. ഇതോടൊപ്പം വ്യക്തിഹത്യയും, വ്യാജ വിഘടന വാദവും കൂടിയാകുമ്പോൾ എല്ലാ അർത്ഥത്തിലും തികച്ചും വിഷലിപ്തം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ശബരിമല ക്ഷേത്രമോ സ്വാമി അയ്യപ്പനോ പ്രചാരണ വിഷയമാക്കരുതെന്ന് ടീക്കാറാം മീണ പറഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ ബി ജെ പി കേരള നേതാക്കൾ അവ രണ്ടും ഇക്കുറി പ്രചാരണ വിഷയം തന്നെ ആയിരിക്കുമെന്ന് തറപ്പിച്ചു പറഞ്ഞിരുന്നു. ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും മാത്രമല്ല ജനറൽ സെക്രട്ടറിമാരായ എം ടി രമേശും കെ സുരേന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാൽ ഇവർക്കെതിരെ എന്തെങ്കിലും നിയമ നടപടിക്ക് തിരെഞ്ഞെടുപ്പ് കമ്മീഷൻ മുതിർന്നില്ല. പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാർഥികൂടിയായ സുരേന്ദ്രൻ അയ്യപ്പ ഭക്തനായല്ല താൻ തന്നെയാണ് സാക്ഷാൽ അയ്യപ്പൻ എന്ന മട്ടിലാണ് ആ മണ്ഡലത്തിൽ പ്രചാരണ രംഗത്തുള്ളത്. ഹിന്ദു ഐക്യ വേദി നേതാവ് ശശികലയും ചിദാനന്ദപുരിയുമൊക്കെ ഇക്കഴിഞ്ഞ ആഴ്ച സെക്രട്ടറിയേറ്റിനു മുൻപിൽ യോഗം സംഘടിപ്പിച്ചതും ശബരിമലയും ആചാര സംരക്ഷണവുമൊക്കെ പറഞ്ഞു തന്നെ.

സത്യത്തിൽ തിരഞ്ഞെടുപ്പിനിടയിൽ പലരും മറന്നു തുടങ്ങിയിരുന്ന ശബരിമല വിഷയം മുഖ്യ തിരെഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. കോഴിക്കോട്ടെ സ്വീകരണ യോഗത്തിൽ പാതി പറഞ്ഞുവെച്ചത് മംഗളൂരുവിലും ചെന്നെയിലും മോദി പൂർത്തിയാക്കി. കേരളത്തിൽ അയ്യപ്പന്റെ പേര് പറയാനാവാത്ത സ്ഥിതിയാണെന്ന് പറഞ്ഞ മോദി കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ ശബരിമലയെക്കുറിച്ചു പറഞ്ഞാൽ അകത്തുപോകുമെന്നും എൻ ഡി എ സ്ഥാനാർത്ഥിയെ ഇതിന്റെ പേരിൽ 15 ദിവസം ജയിലിലടച്ചുവെന്നും ആരോപിച്ചു. ശബരിമല വിഷയം പറഞ്ഞതിനല്ല മറിച്ച് നിയമലംഘനം നടത്തിയതിന്റെ പേരിലാണ് ഇപ്പറയപ്പെട്ടവർ അകത്തുപോയതെന്ന വസ്തുത പ്രധാനമന്ത്രി സൗകര്യപൂർവം മറച്ചുവെക്കുകയായിരുന്നു. അവിടം കൊണ്ടും അവസാനിച്ചില്ല മോദിയുടെ വിഷം ചീറ്റൽ. ശബരിമല വിഷയത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്സും മുസ്ലിം ലീഗും ചേർന്ന് അത്യന്തം അപകടകരമായ കളിയാണ് കളിക്കുന്നതെന്നും കേരളത്തിൽ ബി ജെ പി ഉള്ളിടത്തോളം കാലം വിശ്വാസം തകർക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നൽകാനും മോദി മറന്നില്ല.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ അവിടെ ഉയർന്നുകണ്ട മുസ്ലിം ലീഗ് പതാകകൾ പാകിസ്ഥാൻ പാതകയാണെന്ന് പറഞ്ഞത് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷാ ആയിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പതാകയും പാകിസ്ഥാന്റെ പതാകയും ഒന്നല്ലെന്നും വയനാട് പാകിസ്ഥാനിൽ അല്ലെന്നും അറിയാഞ്ഞിട്ടല്ല അമിത്ഷാ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചതെന്നും ലക്‌ഷ്യം വർഗീയ ധ്രുവീകരണം തന്നെയാണെന്നും വ്യക്തമായിട്ടും കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷനോ നമ്മുടെ കോടതികളോ ഒരു ചെറുവിരൽ പോലും അനക്കിയതായി കണ്ടില്ല. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലിം വൈറസ്, പച്ച വൈറസ് പ്രയോഗങ്ങൾക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബരിമല സംബന്ധിച്ച കള്ള പ്രചാരണത്തിനെതിരെയുമൊന്നും ഒരു നടപടിയും കണ്ടില്ല. ഒരുപക്ഷെ ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും വർഗീയ ധ്രുവീകരണം നടന്നോട്ടെ എന്ന് കരുതിയിട്ടാവുമോ ആവോ?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍