UPDATES

വിശകലനം

രക്തസാക്ഷികളുടെ പേരും എണ്ണവും പറഞ്ഞു വടകരയില്‍ പോര് മൂര്‍ദ്ധന്യത്തില്‍

ജയരാജനെതിരെ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കോൺഗ്രസിലെ കെ മുരളീധരൻ ആണെങ്കിലും ഇരവാദവുമായി ജയരാജനെതിരെ ഇരമ്പിയാർക്കുന്നത് ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയും ആർ എം പി യുമാണ്.

കെ എ ആന്റണി

കെ എ ആന്റണി

കളരി പരമ്പരയിൽ പെട്ട വീരന്മാരുടെയും വീരാoഗനമാരുടെയും നാട് മാത്രമല്ല വടകര. അത് ധീര രക്തസാക്ഷികളുടെ സ്മരണകൾ ഇരമ്പുന്ന മണ്ണു കൂടിയാണ്. കമ്മ്യൂണിസ്റ്റുകാർ കൊണ്ടാടുന്ന മണ്ടോടി കണ്ണൻ മുതൽ ആർ എം പി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരൻ വരെയുള്ളവർ സ്വന്തം ചോരകൊണ്ട് ചരിത്രം എഴുതിയ മണ്ണ്. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജൻ വടകര ലോക്സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടാൻ എത്തിയതോടെ ഇവിടുത്തെ തിരെഞ്ഞെടുപ്പ് പ്രചാരണ വിഷയം കൊലപാതക രാഷ്ട്രീയത്തിലേക്കും രക്തസാക്ഷിത്വത്തിലേക്കും മാത്രം ഒതുങ്ങിയെന്നത് തികച്ചും സ്വാഭാവികം. അദ്ദേഹം ഒരേ സമയം രണ്ടു കൊലപാതക രാഷ്ട്രീയ കേസുകളിൽ പ്രതി സ്ഥാനത്തു നില്കുന്നയാളും അരുംകൊല രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയും ആണെന്നത് താന്നെ കാരണം.

ജയരാജനെതിരെ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കോൺഗ്രസിലെ കെ മുരളീധരൻ ആണെങ്കിലും ഇരവാദവുമായി ജയരാജനെതിരെ ഇരമ്പിയാർക്കുന്നത് ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയും ആർ എം പി യുമാണ്. ടി പി വധക്കേസിൽ ജയരാജൻ പ്രതിയല്ലെങ്കിലും പ്രതി ആണെന്നുള്ള പ്രചാരണം തന്നെയാണ് രമയും ആർ എം പിയും മണ്ഡലത്തിലുടനീളം അഴിച്ചുവിടുന്നത്. അതുകൊണ്ടു തന്നെ കടുത്ത പ്രതിരോധത്തിലാണ് സി പി എമ്മും അവരുടെ സ്ഥാനാർത്ഥിയും.

ജയരാജനെതിരെ ആർ എം പിയും അവരെ കൂട്ടുപിടിച്ച് യു ഡി എഫും ഉയർത്തുന്ന ആരോപണങ്ങളെ മറികടക്കുക എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ് കഴിഞ്ഞ ദിവസം സി പി എം വടകര കോട്ടപ്പറമ്പിൽ രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം സംഘടിപ്പിച്ചത്. സംഗമം ഉദ്ഘാടനം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തങ്ങളുടെ സ്ഥാനാർഥി പി ജയരാജനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത് കള്ളക്കേസ്സുകളാണെന്നും അതേ സമയം വടകരയിൽ ആർ എസ് എസ്സും കോൺഗ്രസ്സും മുസ്ലിം ലീഗും ആർ എം പി യുമൊക്കെ ഒരേ തൂവൽ പക്ഷികളായാണ് പ്രചാരണം നടത്തുന്നതെന്നും എന്നാൽ അവരുടെ കള്ളപ്രചാരണം വടകരയിലെ വോട്ടർമാർ തള്ളിക്കളയുമെന്നും പറഞ്ഞു. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത് വടകര ലോക്സഭ മണ്ഡലത്തിൽ മാത്രം തങ്ങളുടെ നൂറോളം പ്രവർത്തകർ കൊലക്കത്തിക്ക് ഇരയായിട്ടുണ്ടെന്നും ഈ അരുംകൊലകൾക്കു പിന്നിൽ ബി ജെ പി – ആർ എസ് എസ്സും കോൺഗ്രസ്സും മുസ്ലിം ലീഗുമാണെന്നാണ്.

മലബാർ മേഖലയിൽ സി പി എമ്മുകാരാൽ കൊലചെയ്യപ്പെട്ട ആർ എസ് എസ് – ബി ജെ പി, മുസ്ലിം ലീഗ്, കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് യു ഡി എഫിനുവേണ്ടി ആർ എം പി തിരിച്ചടിക്കാൻ ശ്രമിക്കുന്നത്. ആർ എം പി യുടെ ഈ നീക്കം ചൂണ്ടിക്കാട്ടി മണ്ഡലത്തിൽ കോ-ലീ-ബി സഖ്യം സജീവമാണെന്ന തങ്ങളുടെ വാദത്തെ സ്ഥാപിച്ചെടുക്കാൻ സി പി എം ശ്രമിക്കുന്നു എന്നിടത്താണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. സി പി എമ്മിന്റേത് മുനയില്ലാത്ത വാദമാണെന്ന് ആർ എം പി നേതാവ് എൻ വേണു പറയുമ്പോഴും ആർ എസ് എസ് -ബി ജെ പി രക്തസാക്ഷികളെ വെച്ചുള്ള ആർ എം പി യുടെ കളി തങ്ങൾക്കു ക്ഷീണം ചെയ്യുമോ എന്ന ആശങ്ക യു ഡി എഫ് പ്രവർത്തകർക്കിടയിൽ, പ്രത്യേകിച്ചും മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ ശക്തമാണ്.

രക്തസാക്ഷികളുടെ പേരും എണ്ണവും പറഞ്ഞു പോര് മുറുകുമ്പോൾ വടകരയിലെ തെരഞ്ഞെടുപ്പ് ഫലം തികച്ചും പ്രവചനാതീതം ആകുന്നു. സ്ഥാനാർഥി നിർണയത്തിന്റെ കാര്യത്തിൽ ഉണ്ടായ താമസം തുടക്കത്തിൽ കെ മുരളീധരനും യു ഡി എഫിനും അല്പം ക്ഷീണം ഉണ്ടാക്കിയെങ്കിലും ഇപ്പോൾ നടക്കുന്നത് ഇഞ്ചോടിഞ്ചു പോരാട്ടം തന്നെയാണ്. ബി ജെ പിയുടെ ഒരു കൈ സഹായം യു ഡി എഫിന് ഉണ്ടാകുമെന്നു സംശയിക്കുമ്പോൾ തന്നെ വീരേന്ദ്രകുമാറിന്റെ എൽ ജെ ഡി യുടെ തിരിച്ചുവരവ് അതിനെ മറികടക്കാൻ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ജയരാജനും കൂട്ടരും. അതേസമയം വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കാറ്റ് തങ്ങൾക്കു അനുകൂലമാക്കുമെന്ന് യു ഡി എഫും കരുതുന്നു.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍