UPDATES

ദിവ്യ കളത്തിങ്കല്‍

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ദിവ്യ കളത്തിങ്കല്‍

ട്രെന്‍ഡിങ്ങ്

വനാവകാശം കാറ്റിൽ പറക്കുമ്പോൾ 10 ലക്ഷം ആദിവാസി കുടുംബങ്ങള്‍ വനത്തിനു പുറത്തേക്ക്; കോർപ്പറേറ്റ് അട്ടിമറിക്ക് കുട പിടിച്ച് കേന്ദ്ര സർക്കാരും പരിസ്ഥിതി സംഘടനകളും

കേരളത്തിൽ നിന്നും 894 കുടുംബങ്ങൾ പുറത്തിറങ്ങേണ്ടി വരും

ഫെബ്രുവരി 20 നു പുറത്തു വന്ന കോടതി വിധി അനുസരിച്ചു ഇന്ത്യൻ കാടുകളിൽ നിന്നും 10 ലക്ഷത്തിൽ അധികം ആദിവാസി കുടുംബങ്ങൾ കുടിയിറങ്ങേണ്ടി വരും. കണക്കനുസരിച്ചു 1,127,446 ആദിവാസി കുടുംബങ്ങൾ ഇതിൽ വരും. പരിസ്ഥിതി സംഘടനകൾ കൊടുത്ത കേസുകൾ പ്രകാരം, വനാവകാശ നിയമം അനുസരിച്ചു ക്ലെയിമുകള്‍ തള്ളിപ്പോയ എല്ലാ ആദിവാസികളെയും അതാത് സംസ്ഥാന സർക്കാരുകൾ കുടിയൊഴിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നുള്ള വാദങ്ങളിൽ ആണ് അടുത്ത വാദത്തിനു മുന്നോടിയായി, അതായത് 24 ജൂലൈ 2019നു മുമ്പായി, ഇവരെ പുറത്താക്കണം എന്ന് പറഞ്ഞിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള 17 സംസ്ഥാനങ്ങൾ ഇതിനു വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചതനുസരിച്ചു കേരളത്തിൽ നിന്നും 894 കുടുംബങ്ങൾ പുറത്തിറങ്ങേണ്ടി വരും.

ഈ സാഹചര്യത്തിൽ നമ്മൾ ഓർക്കേണ്ടത് 2002-2003 കാലഘട്ടത്തിൽ വന്ന സുപ്രീം കോടതി വിധിയാണ്. അതിനെ തുടർന്ന് കാടുകളിൽ നിന്ന് പുറത്തു പോകേണ്ടി വന്നത് ലക്ഷക്കണക്കിന് ആളുകളാണ്. ഇതിനെ തുടർന്നുണ്ടായ ആദിവാസി പ്രക്ഷോഭങ്ങളുടെ കൂടി സാഹചര്യത്തിൽ ആണ് വനാവകാശ നിയമം നിലവിൽ വരുന്നത്. നിയമം അനുസരിച്ചു, ആദിവാസികൾ അനുഭവിച്ചു വന്നിരുന്ന അവകാശങ്ങളെ അംഗീകരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, വനാവകാശ രേഖയില്ല എന്നത് പുറത്താക്കാൻ ഒരു കാരണമല്ലെന്നും നിയമം വന്നത് മുതൽ തന്നെ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടു എന്നുമാണ്. പിന്നീട് നടക്കുന്നതൊക്കെ നടപടിക്രമങ്ങൾ മാത്രമാണ്, അത് പ്രധാനമാണ് എങ്കിൽ കൂടി.

വനാവകാശം മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം എന്നത് ഗ്രാമസഭകൾക്കു കൊടുക്കുന്ന പ്രത്യേക അധികാരങ്ങൾ ആണ്. നിയമത്തിന്റെ നടത്തിപ്പിൽ പ്രധാനപ്പെട്ട റോൾ എടുക്കുന്നതും ഗ്രാമസഭ തന്നെയാണ്. ഓരോ ഊരിലെയും ക്ലെയിമുകൾ സ്വീകരിക്കേണ്ടതും, അതിനു വേണ്ട തെളിവുകൾ ശേഖരിക്കേണ്ടതും ഒക്കെ തന്നെ ഗ്രാമസഭയാണ്. ഇതിനു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നത് മാത്രമാണ് ആദ്യ ഘട്ടത്തിൽ വനം വകുപ്പിന് ചെയ്യാനുള്ളൂ. ഇങ്ങനെ ഗ്രാമസഭ ശേഖരിക്കുന്ന തെളിവുകൾ പരിശോധിക്കുകയും ക്ലെയിമുകൾ അംഗീകരിക്കുകയും ചെയ്യുക എന്ന് മാത്രമാണ് ഇതിനു മുകളിലുള്ള കമ്മിറ്റികൾക്ക് ചെയ്യാനുള്ളൂ.

വികേന്ദ്രീകൃതമായ ഒരു വന സംരക്ഷണ ആശയം കൂടിയാണ് വനാവകാശ നിയമം. ചരിത്രപരമായി ആശ്രയിച്ചിരുന്ന കാട്, വനവിഭവങ്ങൾ, മൽസ്യസമ്പത്തു എന്നിവയിൽ അവർക്കുള്ള അവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് വിഭവങ്ങൾക്കു മേലുള്ള അവകാശ സ്ഥാപനം കൂടിയാണ്. 2006ല്‍ നിയമം വന്നതിനു 10 വര്‍ഷങ്ങള്‍ക്ക് ശേഷവും കേരളത്തിൽ സാമൂഹിക വനാവകാശo 16% മാത്രമാണ് നടപ്പാക്കിയതെന്നാണ് കണക്കുകള്‍. ഇത് കണക്കാക്കുന്നത് എത്ര ക്ലെയിമുകൾ അംഗീകരിച്ചു എന്ന തോതിൽ അല്ല, മറിച്ചു ആദിവാസികൾക്ക് ക്ലെയിം ചെയ്യാവുന്ന വനഭൂമിയുടെ കണക്കു പ്രകാരമാണ്. കേരളത്തിൽ സാമൂഹിക വനാവകാശം പ്രകാരം ആദിവാസികൾക് ലഭിക്കേണ്ടത് 21 ലക്ഷം ഏക്ര വനഭൂമിയാണ്. (കേരളത്തിന്റെ അവസ്ഥയിൽ വനാവകാശത്തിന്റെ നടത്തിപ്പ് വളരെ പുറകിലാണ്. ആദിവാസി ഗ്രാമസഭകൾ അംഗീകരിച്ചത് തന്നെ ചുരുങ്ങിയ സ്ഥലങ്ങളിലും. കേരളത്തിലെ പൊതുവെയുള്ള ട്രെൻഡ് തന്നെ അവർക്കു കൈവശ രേഖ ഉള്ള സ്ഥലങ്ങളിൽ വനാവകാശ രേഖ കൊടുക്കുക എന്നതാണ്. അതേസമയം സാമൂഹിക വനാവകാശം, വികസനാധികാരം എന്നിവ അംഗീകരിക്കുന്നത് വളരെ കുറവും. സാമൂഹിക വനാവകാശ പ്രകാരം, ഒരു ഊരിന്‌ അവർക്കു ചരിത്രപരമായി അവകാശമുള്ള സ്ഥലങ്ങൾ രേഖപ്പെടുത്തി അധികാരം കൊടുക്കുക എന്നതാണ്. അവർ വിഭവങ്ങൾ ശേഖരിക്കുന്ന മലകൾ, പുഴയുടെ ചില ഭാഗങ്ങൾ എന്നിങ്ങനെ കാടിന്റെ വലിയ ഭാഗം ആയിരിക്കും. ഇത് പല ആദിവാസി വിഭാഗങ്ങൾക്കും പല രീതിയിൽ ആയിരിക്കും. പ്രാക്തന ഗോത്ര വിഭാഗങ്ങൾ (കാടർ, കാട്ടുനായ്ക്കർ, കുറുമ്പർ, ചോലനായകർ മുതലായവർ) വനവിഭവങ്ങളെ ആശ്രയിച്ചു പോരുന്നവർ ആയതിനാൽ അവർക്കു കാടിന്റെ വലിയ ഒരു ഭാഗത്തിന്റെ സാമൂഹിക അവകാശം ആയിരിക്കും ഉണ്ടായിരിക്കുക.

ഇങ്ങനെ ഒക്കെ ആയിരിക്കെ തന്നെ ഗ്രാമസഭകൾക്കുള്ള പ്രത്യേക അധികാരം എല്ലാ സമയത്തും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഒരു ‘തലവേദന’ ആയി തുടർന്നു. ആദിവാസി മേഖലകളിലെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും ആദിവാസി ഗ്രാമസഭയുടെ അംഗീകാരം വേണം എന്നതുകൊണ്ട് തന്നെ വൻ കോര്‍പ്പറേറ്റ് പദ്ധതികൾക്ക് അനുമതി കൊടുക്കുവാൻ കാലതാമസം നേരിട്ട് കൊണ്ടിരുന്നു. ഇത്തരം പദ്ധതികൾക്ക് ഗ്രാമസഭ അംഗീകാരം എടുത്തു കളയാൻ പല തവണ ശ്രമം നടത്തി നോക്കി. നിയമഗിരിയിലെ വേദാന്തക്കുള്ള അംഗീകാരം സുപ്രീം കോടതി എടുത്തു കളഞ്ഞത് ദോൻഗ്രിയ കൊന്ത് ആദിവാസികൾക്കുള്ള പരമ്പരാഗത സാമൂഹിക അവകാശത്തെ മുൻനിർത്തിയാണ്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് നിയമം ഇന്ത്യയിലെ കോര്‍പ്പറേറ്റ് നിക്ഷേപങ്ങൾക്ക് ഭീഷണി ആണ് എന്ന് തന്നെയാണ്. ഒരേ സമയം വന സംരക്ഷകരും കോര്‍പ്പറേറ്റുകൾക്ക് അനുമതി കൊടുക്കേണ്ടവരും ആകേണ്ടി വരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആണ് ഇതിലെ തുടക്കം മുതലേ ഉള്ള മുഖ്യ വില്ലൻ. വനാവകാശ നിയമത്തിന്റെ വരവിനു ശേഷം, പരിസ്ഥിതി മന്ത്രാലയം ദേശീയ കടുവ സംരക്ഷണ അതോറിറ്റി യുടെ രൂപീകരണത്തിൽ കൂടി ഉദ്ദേശിച്ചത് തന്നെ സംരക്ഷിത പ്രദേശങ്ങളിൽ വനാവകാശ നിയമം തിരിച്ചു കൊണ്ട് വന്നിട്ടുള്ള അധികാരങ്ങളെ മറിച്ചു വെക്കാനാണ്. വനാവകാശ നിയമത്തിലെ വകുപ്പുകൾ പ്രകാരം (ക്രിട്ടിക്കല്‍ വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്)വനപ്രദേശത്തെ വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുക സാധ്യമല്ല.

തുടക്കം മുതൽ തന്നെ നിയമത്തിന്റെ നടത്തിപ്പിന് എതിര് നിൽക്കുന്നവരാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അതിന്റെ കീഴിൽ നിലകൊള്ളുന്ന സംസ്ഥാന വനം വകുപ്പുകളും. കേരളത്തിൽ നോക്കുകയാണെങ്കിൽ ആദ്യം മുതൽ തന്നെ നിയമത്തിന്റെ നടത്തിപ്പിന് വിലങ്ങു തടിയായതു വനം വകുപ്പായിരുന്നു. കേരളത്തിൽ വന സംരക്ഷണ സമിതികൾ ഉള്ളതുകൊണ്ട് നിയമത്തിന്റെ ആവശ്യമില്ല എന്നൊക്കെ അവര്‍ വാദിച്ചിരുന്നു. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരിലെ ഒരു വിഭാഗവും ആദിവാസികൾക്ക് വനാവകാശം കൊടുക്കുന്നത് കാടിന്റെ നാശത്തിൽ കലാശിക്കുമെന്നു വാദിക്കുകയും, കേസ് കൊടുക്കുക വരെ ചെയ്‌തിട്ടുണ്ട്. ആദിവാസികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ കേവല കാരണങ്ങൾ ആയി നിലനിർത്തുകയും, അവകാശങ്ങളെ കുറിച്ച് പറയുമ്പോൾ അതിനെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്യുക എന്ന സമീപനത്തിൽ നിന്നും പരിസ്ഥിതി പ്രവർത്തകർ ഒരിഞ്ചുപോലും മാറിയിട്ടില്ല. വയനാട് വന്യജീവി സങ്കേതത്തിൽ നിന്നും ആദിവാസികളെ ഒഴിപ്പിക്കുന്നതിൽ നിന്നും പരിസ്ഥിതി പ്രവർത്തകർ മുൻനിരയിൽ തന്നെ ആയിരുന്നു. 2014ല്‍ ആണ് ഇന്ത്യയിലെ ഒരു കൂട്ടം പരിസ്ഥിതി സംഘടനകൾ സുപ്രീം കോടതിയെ സമീപിക്കുന്നത്- Wildlife Trust of India, Nature Conservation Society, Tiger Research and Conservation Trust, Bombay Natural History Society, വനം വകുപ്പിൽ നിന്നും വിരമിച്ച ഉദോഗസ്ഥർ, മുരുകദാസ് എന്നിവർ. തള്ളിപ്പോയ ക്ലെയിമുകൾ കണക്കാക്കി അവരെ പുറത്താക്കണം എന്നാണു അവർ വാദിച്ചത്. അതേസമയം കേന്ദ്ര ആദിവാസി മന്ത്രാലയം, ഇത്തരം ക്ലെയിമുകൾ തള്ളിപ്പോയതിനെ കുറിച്ച് റിവ്യൂ ചെയ്യണം എന്ന് പറയുന്നവർ തന്നെയാണ്. പല കാരണങ്ങൾ പറഞ്ഞു വനാവകാശ ക്ലെയിമുകൾ തള്ളി കളയാറുള്ളതാണ് എന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് എല്ലാം അറിയാവുന്നതാണ്. കൂടുതൽ ആർജവത്തോടെ നിയമം നടപ്പിലാക്കാൻ നോക്കുന്ന സമയത്തു ഇത്തരത്തിൽ ഉണ്ടാകുന്ന ഒരു വിധി മനുഷ്യരുടെ ആത്മവീര്യം തകർക്കുന്നതാണ്.

ഈ കേസിന്റെ വാദം നടക്കുന്ന സമയത്തു മുതിർന്ന അഭിഭാഷകരെ നിയമിക്കണം എന്നും നിയമത്തെ ഡിഫൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് മുതിർന്ന പ്രതിപക്ഷ നേതാക്കളും ആദിവാസി പ്രവർത്തകരും ആദിവാസി മന്ത്രിക്കു കത്തയക്കുകയുണ്ടായി. കേസിന്‍റെ വാദത്തിന്റെ പല സമയത്തും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകർ ഹാജർ ആകാത്തതിനെ കുറിച്ചും, ഏറ്റവും ജൂനിയർ ആയ അഭിഭാഷകരെ നിയമിക്കുന്നതിനെക്കുറിച്ചും അവർ ചൂണ്ടി കാണിച്ചു ഡി രാജ, ബൃന്ദ കാരാട്ട് എന്നിവർ ഈ നിവേദനത്തിൽ ഒപ്പിട്ടിരുന്നു. UPA ഭരണ കാലത്തു ഏറ്റവും മുതിർന്ന വക്കീൽ ആയ ഫാലി എസ് നരിമാനാണ് ഈ കേസിനു വേണ്ടി ഹാജരായത് എന്നും അവർ പറയുന്നുണ്ട്. ഇതിൽ നിന്നൊക്കെ തന്നെ കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കോര്‍പ്പറേറ്റുകളെ സഹായിക്കുക എന്നത് മാത്രമാണ് സർക്കാർ ചെയ്തത്.

ഇവിടെ പരിസ്ഥിതി വാദികള്‍ ഓർക്കേണ്ട ചെലതുണ്ട്. ഇവിടുത്തെ കാടുകൾ നശിപ്പിക്കുന്നത് ഇരുമ്പിനും അലുമിനിയതിനും ഒക്കെ ആയി കോര്‍പ്പറേറ്റുകളും സർക്കാരും കൂടി ആണെന്നും ആദിവാസികള്‍ അല്ല എന്നുമാണ്. ആദിവാസികളെ ഇറക്കിവിട്ടു കാട് സംരക്ഷിക്കാം എന്നൊക്കെ ഉള്ള അതിതീവ്ര പരിസ്ഥിതി വാദം ഒക്കെ വച്ച് ജീവിക്കുന്നത് നവ ലിബറൽ കാലത്താണ് എന്ന് ഓർക്കുന്നത് നന്നാകും. മാറിയ കാലത്തു നിയമങ്ങൾ സ്വയം ഉണ്ടാകുന്നതല്ല, അത് ഉണ്ടാക്കി എടുക്കുന്നതാണ്. വനാവകാശ നിയമം ഡൈല്യൂട്ട് ചെയ്യാൻ പല സമയത്തും ഉണ്ടായിട്ടുള്ള ശ്രമങ്ങളെ തെരുവിൽ ചെറുത്തവരാണ് ഇവിടുത്തെ ആദിവാസികൾ. മനുഷ്യരെയും വിഭവങ്ങളെയും സംരക്ഷിക്കുന്നത് നിയമങ്ങളാണ്, കോര്‍പ്പറേറ്റുകൾ അല്ല.

ദിവ്യ കളത്തിങ്കല്‍

ദിവ്യ കളത്തിങ്കല്‍

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഗവേഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍