UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീ ചേലാകര്‍മ്മം: മാതൃഭൂമിയുടെ മുസ്ലീം സ്ത്രീ ഉത്കണ്ഠകള്‍

മാതൃഭൂമി വാര്‍ത്തയിലും അതിന്മേലുള്ള പ്രതികരണങ്ങളിലും സ്ത്രീ ചേലാകര്‍മ്മത്തെ വിശേഷിപ്പിക്കാന്‍ മാറിമാറി ഉപയോഗിക്കുന്ന പടങ്ങളും വിവരണങ്ങളും ആഫ്രിക്കന്‍, പ്രാകൃതം എന്നിവയാണ്

പെണ്‍കുട്ടികള്‍ക്കും ചേലാകര്‍മം, ക്രൂരം, പ്രാകൃതം എന്ന സ്‌തോഭജനകമായ തലക്കെട്ടുമായാണ് 26-08-2017 ലെ മാതൃഭൂമി ദിനപത്രം പുറത്തിറങ്ങിയത്. കെ പി ഷൗക്കത്ത് അലി, കൃപ കെ ചിദംബരം, എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ചേലാകര്‍മ്മം വ്യാപകമാകുന്നുവെന്നും ഇതിനായുള്ള പ്രത്യേക ക്ലിനിക്കുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് അവകാശപ്പെടുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗോത്രങ്ങളിലും നിലനില്‍ക്കുന്ന ക്രൂരമായ ആചാരം ഇപ്പോള്‍ കേരളത്തിലും എന്ന മട്ടില്‍ അവതരിപ്പിച്ച് ഏതാണ്ട് മുഴുനീളെ പേജ് വരുന്ന വാര്‍ത്തയും പ്രസ്താവനകളും, സ്ത്രീ ചേലാകര്‍മ്മം പോലുള്ള ആചാരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് തുടച്ചുനീക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സഹിയോ നേരത്തെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് മാതൃഭൂമി ലേഖകര്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു സ്ത്രീയും കോയമ്പത്തൂരിലെ മറ്റൊരു സ്ത്രീയും ചേലാകര്‍മ്മം നടത്തിയതായി കണ്ടെത്തി എന്നതാണ് മാതൃഭൂമി ന്യൂസിന്റെ ആധാരം. ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഈ പ്രാകൃതാചാരത്തിന് ഇരകളാക്കുന്നുണ്ടെന്നും ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജനനനേന്ദ്രിയം അംഗവിച്ഛേദം ചെയ്ത് ചേലാകര്‍മം നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ടെന്നും വാര്‍ത്ത അവകാശപ്പെടുന്നു.

സ്ത്രീ ചേലാകര്‍മ്മ വാര്‍ത്തക്ക് ശനിയാഴ്ചയും തുടര്‍ ദിവസങ്ങളിലും മാതൃഭൂമി നല്‍കിയ വര്‍ദ്ധിച്ച പ്രാധാന്യവും ഇടവും ഈ വിഷയത്തെ മാതൃഭൂമി സമീപിക്കുന്ന ഗൗരവത്തെ കുറിച്ചുള്ള സൂചന നല്‍കുന്നുണ്ട്. നരേന്ദ്ര മോദി-ബിജെപിയുടെ പ്രധാന മന്ത്രിയാണോ അതോ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയോ എന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചോദ്യം രാജ്യത്തെ മിക്ക ദിനപത്രങ്ങളുടെയും ലീഡ് ന്യൂസായി വന്ന ദിവസം ആ വാര്‍ത്ത പോലും അകം പേജിലേക്ക് മാറ്റിവെച്ചാണ്, ആഴ്ചകള്‍ക്കു മുമ്പ് മറ്റൊരു ന്യൂസ് പോര്‍ട്ടലില്‍ വന്ന സ്ത്രീചേലാകര്‍മ്മ വാര്‍ത്ത, എക്‌സ്‌ക്‌ളൂസീവെന്ന മട്ടില്‍ മാതൃഭൂമി മുഖ്യ വാര്‍ത്തയാക്കിയത്. നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ഒരു കോടതി വാര്‍ത്ത ലീഡായി കൊടുത്ത്, മാതൃഭൂമിയുടെ പ്രധാന വായാനാ സമൂഹത്തെ വേദനിപ്പിക്കണ്ട എന്ന കരുതിയാകണം അതേ വായനക്കാരുടെ മുസ്ലിം വിരുദ്ധ മനോഭാവത്തെ തൊട്ടു തലോടുന്ന ചേലാകര്‍മ്മ വാര്‍ത്ത പത്രം ലീഡാക്കിയത് എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ വന്നു കഴിഞ്ഞു. ‘മുസ്ലിം വാര്‍ത്തകളോ’ട് മാതൃഭൂമി പുലര്‍ത്തിപ്പോരുന്ന ചരിത്രപരമായ സമീപനത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം വായനകള്‍ക്കു പ്രസക്തിയുണ്ടെങ്കിലും തത്കാലം അത്തരം ഗൂഡാലോചന സിദ്ധാന്തങ്ങള്‍ നമുക്ക് മാറ്റിവെക്കാം.

വാര്‍ത്തയ്ക്ക് മാതൃഭൂമി നല്‍കിയ പ്രാധാന്യം അതിന്റെ ഉള്ളടക്കത്തിന്റെ ഗുണനിലവാരത്തിലോ അതിലെ വസ്തുതകളുടെ വിന്യാസത്തിലോ മാതൃഭൂമി പുലര്‍ത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാം. മറ്റു ദേശീയ വാര്‍ത്തകളൊക്കെയും മാറ്റിവെച്ച്, ലീഡ് സ്റ്റോറിയാകാന്‍ മാത്രമുള്ള എന്ത് ഗുണനിലവാരമാണ് മാതൃഭൂമിയിലെ ചേലാകര്‍മ്മ വാര്‍ത്തക്കുള്ളത്? മറ്റൊരു ന്യൂസ് പോര്‍ട്ടലില്‍ ആഴ്ചകള്‍ക്കു മുമ്പേ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍, മറ്റൊരു വാര്‍ത്ത മാധ്യമത്തിലെ ‘എക്‌സ്‌ക്ലൂസീവ്’ ആയി മാറുന്നതെങ്ങനെയാണ്?, സഹിയോ എന്ന സന്നദ്ധ സംഘടനായുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മാതൃഭൂമി ലേഖകര്‍ അവകാശപ്പെടുന്നതുപോലെ ശരിയാണെന്നു സമ്മതിച്ചാല്‍ തന്നെ ആ റിപ്പോര്‍ട്ടില്‍ നിന്നും മറ്റു ന്യൂസ് പോര്‍ട്ടലുകളില്‍ നിന്നും കൂടുതലോ വ്യത്യസ്തമോ ആയ എന്ത് വിവരമാണ് മാതൃഭൂമിയുടെ ലേഖകര്‍ തങ്ങളുടെ വാര്‍ത്തകളില്‍ നല്‍കിയത്? ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്തതാണ് സ്ത്രീ ചേലാകര്‍മ്മത്തെ പ്രാകൃതമായ ആചാരമാക്കുന്നതെങ്കില്‍, ശാസ്ത്രീയമായ എന്തൊക്കെ മാനദണ്ഡങ്ങളാണ് റിപ്പോര്‍ട്ട് തയാറാക്കാന്‍ സഹിയോയും ആ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വാര്‍ത്ത തയ്യാറാക്കാന്‍ മാതൃഭൂമിയും സ്വീകരിച്ചത്? ഏതു തരം ഗവേഷണ രീതികളാണ് ഉപയോഗിച്ചത്?

മേല്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ഒരു വാര്‍ത്ത എന്ന നിലയ്ക്കുള്ള മാതൃഭൂമിയുടെ സ്ത്രീ ചേലാകര്‍മ്മത്തെ കുറിച്ചുള്ള കണ്ടെത്തലുകളുടെയും അവകാശവാദങ്ങളുടെയും ഗുണനിലവാരത്തെ ഒറ്റനോട്ടത്തില്‍ തന്നെ ഇല്ലാതാക്കിക്കളയുന്നുണ്ട്. മാത്രവുമല്ല, വാര്‍ത്തയ്ക്കുവേണ്ടി മാതൃഭൂമി ആശ്രയിച്ച സഹിയോയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കുന്ന മുന്നറിയിപ്പ് പോലും വാര്‍ത്ത തയ്യാറാക്കുമ്പോള്‍ മാതൃഭൂമി ലേഖകര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ഈ അന്വേഷണം ഏതെങ്കിലും മീഡിയ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അത് കൂടുതല്‍ സെന്‍സേഷണല്‍ ആകാന്‍ സാധ്യത ഉണ്ടെന്നും അങ്ങനെ ചെയ്യുന്നവര്‍ പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്നുമുള്ള ആമുഖത്തോടെ സഹിയോ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഇങ്ങനെ വായിക്കാം: ‘വാര്‍ത്താമാധ്യമങ്ങളോട് ഒരു അപേക്ഷ: സ്ത്രീ ചേലാകര്‍മ്മം എന്ന ആചാരം പലര്‍ക്കും ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇത് മീഡിയയില്‍ സെന്‍സേഷന്‍ ആകാവുന്ന ഒരു വിഷയവുമാണ്. എന്നിരുന്നാലും ഇതിനു വിധേയമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് വളരെ വൈകാരികമായ ഒരു വിഷയം ആണെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഇതിനാല്‍, ഈ വിഷയം കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റര്‍, ഫോട്ടോഗ്രാഫര്‍, ഗ്രാഫിക് ഡിസൈനേഴ്‌സ്, ബ്ലോഗേഴ്‌സ് എന്നിവര്‍ സമചിത്തതയോടും സഹാനുഭൂതിയോടും കൂടി വര്‍ത്തിക്കണം എന്ന് അപേക്ഷിക്കുന്നു. ”അപരിഷ്‌കൃതം”, ”ദാരുണം”, ”ഗോത്രീയം” എന്നിങ്ങനെയുള്ള പദങ്ങള്‍ ഈ ആചാരത്തെ ക്കുറിച്ച് എഴുതുമ്പോള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം‘. മറ്റൊരു പ്രധാന കാര്യം കൂടി പ്രസ്തുത റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ കാണാം. ‘ഈ ആചാരം കേരളത്തില്‍ എത്രത്തോളം വിപുലമാണ് എന്നതിന് കണക്കുകള്‍ ഇല്ല – എത്ര കാലമായി ഇതിവിടെ നിലനില്‍ക്കുന്നു എന്നതിനും. സ്ത്രീലൈംഗികത സംബന്ധമായ വിഷയമായത് കൊണ്ടും, മതത്തിന്റെ ഒരു ഘടന കാരണവും വളരെ സ്വകാര്യമായി മാത്രം, ഒരു പക്ഷെ, അനുഷ്ഠിച്ചു വരുന്ന ഇത്തരം ആചാരങ്ങളെ കുറിച്ച് വിവരം ശേഖരിക്കുന്നത് വളരെ പ്രയാസമേറിയതാണ്.’

വ്യക്തവും ആധികാരികവുമായ അന്വേഷണം ഇനിയും നടക്കേണ്ട മേഖലയാണിതെന്നും അത്തരം അന്വേഷണങ്ങള്‍ നടന്ന ശേഷം മാത്രം സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണിതെന്നുമാണ് മാതൃഭൂമി ലേഖകര്‍ ആശ്രയിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നത്. വാര്‍ത്തയുടെ ഉറവിടം നല്‍കിയ ഈ മുന്നറിയിപ്പ് പോലും പാലിക്കാതെ തയ്യാറാക്കിയ മാതൃഭൂമി വാര്‍ത്തയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഇനി വേറെ വല്ല ശാസ്ത്രീയ പരിശോധനയുടെയും ആവശ്യമുണ്ടോ? ശാസ്ത്രീയതയാണ് എല്ലാത്തിന്റെയും മാനദണ്ഡമെങ്കില്‍, ഒരു കാര്യം ശാസ്ത്രീയമല്ല, പ്രാകൃതമാണ്, വ്യാപകമാണ് എന്നൊക്കെ പറയാനും ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ഉണ്ടാകുമല്ലോ. ഇനിയതല്ല, ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും അശാസ്ത്രീയമാണ് എന്നു പറയാന്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ആവശ്യമില്ല എന്നാണോ?

Also Read: കേരളത്തിലും പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം നടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ചേലാകര്‍മ്മം നടക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ക്രൂരമായ ഏര്‍പ്പാടാണോ? ശാസ്ത്രീയമാണോ? അത് ഏതെങ്കിലും മതവിഭാഗത്തില്‍ മാത്രം നടക്കുന്ന ആചാരമാണോ? ഉണ്ടെങ്കില്‍ ഇസ്ലാമിന് അതിനോടുള്ള സമീപനം എന്താണ് എന്നതൊന്നും ഈ ലേഖനത്തിന്റെ കേന്ദ്ര പ്രമേയമല്ല. അങ്ങനെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ മാത്രമുള്ള റിസോഴ്‌സുകള്‍ ലഭ്യമല്ല എന്നത് തന്നെ കാരണം. മറിച്ച്, ഇത്തരം അവകാശവാദങ്ങള്‍ നടത്തുന്ന ആളുകള്‍ പുലര്‍ത്തുന്ന വൈരുധ്യത്തിലേക്കും കാപട്യത്തിലേക്കും ശ്രദ്ധ ക്ഷണിക്കാനും അതുവഴി നമ്മുടെ ശാസ്ത്രീയാവബോധത്തിന്റെ പ്രശ്‌നങ്ങളിലേക്കും അതിന്റെ രാഷ്ട്രീയ താല്പര്യങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കാനുമാണ് ഇവിടെ ശ്രമിക്കുന്നത്. ശാസ്ത്രീയം മാത്രമായതോ, റിസ്‌ക് ഇല്ലാത്തതോ, പ്രാദേശിക സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നത് മാത്രമായ കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഒരു സമൂഹമല്ല നമ്മുടേത്. മതപരമായ വിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, രാഷ്ട്രീയമായ നിലപാടുകളുടെ കാര്യത്തിലും വിനോദ, വിജ്ഞാന മേഖലകളുടെ കാര്യത്തിലും ഒക്കെ അങ്ങനെ തന്നെയാണ്.

Also Read: പെൺസുന്നത്ത്/ചേലാകർമ്മം കേരളത്തിലും – ഒരു സഹിയോ അന്വേഷണം

വിദേശത്തു നിന്ന് വന്നു എന്നത് ഒരു കാര്യത്തെ എതിര്‍ക്കാനുള്ള മാനദണ്ഡമാണെങ്കില്‍ ഏറെ പുരോഗമനപരമെന്നു അവകാശപ്പെടുന്ന മാര്‍ക്‌സിസത്തെ നാം തള്ളിപ്പറയേണ്ടതുണ്ട്. അങ്ങനെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല, ആ മാര്‍ക്‌സിസത്തിന്റെ വക്താക്കളെ നാം അധികാരത്തിലെത്തിച്ചു. പഴയ ആചാരങ്ങളെ തള്ളിപ്പറയാന്‍ കാണിക്കുന്ന വാശി കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയുടെ കാര്യത്തില്‍ നാം കാണിക്കാറില്ല. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ഏറെ പുരോഗമിച്ച ഇക്കാലത്തും വളം ചേര്‍ക്കാത്ത ജൈവ കൃഷിയിലാണ് ഇപ്പോഴും നമ്മുടെ താല്പര്യം. സ്‌കൂളില്‍ പഠിക്കുകയാണെങ്കില്‍ വയനാട്ടിലെ കനവിലോ, പാലക്കാട്ടെ സാരംഗിലോ തന്നെ പഠിക്കണം എന്നും വാശിയുള്ളവരാണ് നമ്മുടെ പുരോഗമനവാദികളില്‍ അധികംപേരും. ജീവന്‍ പണയം വെച്ചുള്ള തെയ്യങ്ങള്‍ നമ്മുടെ സാംസ്‌കാരികാവബോധത്തിന്റെ കൂടി ഭാഗമായാണല്ലോ പരിഗണിക്കപ്പെടാറുള്ളത്. ഇങ്ങനെ ഒട്ടനവധി വൈരുധ്യങ്ങള്‍ ശാസ്ത്രീയതയുടെയും പുരോഗമന ചിന്തയുടെയും കാര്യത്തില്‍ നമ്മെ അടക്കി ഭരിക്കുന്നുണ്ട്. വളരെ ദുര്‍ബലമായ ഇത്തരം ബോധങ്ങളാണ് മലയാളിയുടെ ശാസ്ത്രീയാവബോധത്തിന്റെ അടിസ്ഥാനം. ഈ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് പോളിയോ കുത്തിവെയ്പ് ആരോഗ്യത്തിനു നല്ലതാണോ ചീത്തയാണോ എന്ന് സംസ്‌കൃത പണ്ഡിതനായ സുകുമാര്‍ അഴീക്കോടിന് അഭിപ്രായം പറയാന്‍ കഴിയുന്നത്. ഡിപിഇപിയെ കുറിച്ചുള്ള മലയാളി പുരോഗമനവാദികളുടെ അവസാനത്തെ അഭിപ്രായം നിയമജ്ഞനായ കൃഷ്ണവാര്യരുടെത് ആകുന്നത്. പേപ്പട്ടി വിഷബാധയെ കുറിച്ചുള്ള പുരോഗമനവാദികളുടെ നിലപാട് സാഹിത്യവിമര്‍ശകനായ എം.എന്‍ വിജയന്റെ അഭിപ്രായം ആകുന്നത്. ഇതേ ശാസ്ത്രീയബോധം തന്നെയാണ് മുസ്ലിം സ്ത്രീയെ കുറിച്ചുള്ള നമ്മുടെ സാമൂഹിക ബോധത്തിന്റെ മാനദന്ധം മലയാളം അധ്യാപകനായ എം.എന്‍ കാരശ്ശേരി എന്ന പുരുഷന്റെ അഭിപ്രായ പ്രകടനങ്ങളാകുന്നത്.

Also Read: കേരളത്തിലെ പെണ്‍സുന്നത്ത് വിവരങ്ങള്‍ പുറത്തെത്തിച്ച ആയിഷ മെഹ്മൂദിന് പറയാനുള്ളത്

ഇനി സ്ത്രീകളുടെ ചേലാകര്‍മ്മം എന്ന വിഷയത്തിലേക്കു വരികയാണെങ്കില്‍ തന്നെ, സര്‍ക്കംസിഷന്‍ എന്ന വാക്കാണ് ചേലാകര്‍മ്മത്തിനു വേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്. ഖിതാന്‍ എന്നാണു അതിന്റെ അറബി പദം. പക്ഷെ, ഈയിടെയായി സുന്നത്ത് എന്ന പദമാണ് ഇവിടെ പലരും വ്യാപകമായി ഉപയോഗിച്ച് കാണുന്നത്. മുസ്ലിങ്ങള്‍ മാത്രമാണ് ചേലാകര്‍മ്മം ചെയ്യാറുള്ളത് എന്ന അന്ധവിശ്വാസത്തില്‍ നിന്നാകണം ഈ പദം ഉപയോഗിക്കാന്‍ പലരും തിടുക്കം കാട്ടുന്നത്. സുന്നത്ത് എന്ന പദത്തിന് ഇസ്ലാമില്‍ അര്‍ത്ഥം തന്നെ മറ്റൊന്നാണ്. പ്രവാചകരുടെ ജീവിതത്തെയും വാക്കുകളെയും സൂചിപ്പിക്കുന്ന വലിയൊരു ആശയത്തിന്റെ പേരാണ് സുന്നത്ത്. ഈ പദം ചേലാകര്‍മ്മത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതില്‍ തന്നെ പ്രശ്‌നമുണ്ട്. മാത്രവുമല്ല, മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രമുള്ള ഒരേര്‍പ്പാടുമല്ല ഇത്. ഈ ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി, അമേരിക്കയിലെ വന്‍കിട ആശുപത്രികളില്‍ ഇന്‍ ഇന്‍ഷ്വറന്‍സ് ക്ലെയിം ചെയ്യുന്നതിന് വേണ്ടി രോഗികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഒരു സുഹൃത്തിനോട് സംസാരിച്ചിരുന്നു. താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ഭൂരിഭാഗം പുരുഷന്മാരും അത്രയ്ക്ക് വ്യാപകമല്ലെങ്കില്‍ കൂടി സ്ത്രീകളും ചേലാകര്‍മ്മം ചെയ്തതായാണ് ആശുപത്രികള്‍ നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാകുന്നത് എന്നാണ് ആ സ്‌നേഹിതന്‍ പറഞ്ഞത്. പലരും മനസ്സിലാക്കുന്നത് പോലെ, ഇസ്ലാമിലെയോ, ആഫ്രിക്കന്‍ രാജ്യങ്ങളിലെയോ മാത്രം ഏര്‍പ്പാടല്ല ഇതെന്ന് സാരം. യുഎസ്സില്‍ തന്നെ നിലവില്‍ സ്ത്രീകളുടെ ചേലാകര്‍മ്മത്തിനു നിരോധനമില്ല, നിയന്ത്രണമേയുള്ളൂ. പതിനെട്ടു വയസ്സിനു താഴെയുള്ളവരില്‍ ഫീമെയ്ല്‍ ജെനിറ്റല്‍ മ്യൂട്ടേഷന്‍ നടത്തുന്നതിനെ നിയന്ത്രിക്കുന്ന ഫെഡറല്‍ പ്രൊഹിബിഷന്‍ ഓഫ് ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടേഷന്‍ ആക്ട് ആണ് ഇത് സംബന്ധിച്ച യുഎസ്സില്‍ ഇപ്പോള്‍ നിലവിലുള്ള നിയമം.

സൂചനകള്‍ ഉണ്ടെങ്കിലും, കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രമാണ് സ്ത്രീ ചേലാകര്‍മ്മം നടക്കുന്നത് എന്നു മാതൃഭൂമി വാര്‍ത്തയില്‍ തെളിച്ചു പറയുന്നില്ല. പ്രവാചകനെ നിന്ദ്യമായി അവതരിപ്പിച്ച കുറിപ്പ് പ്രസിദ്ധീകരിച്ച ശേഷം, മുസ്ലീം സമൂഹത്തെ ഇത്രമേല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രഹരശേഷിയുള്ള ഒരു സ്റ്റോറി ലീഡ് ആയി കൊടുത്തപ്പോഴും മുസ്ലീം എന്ന വാക്ക് ഒരിടത്തും ഉപയോഗിക്കാതിരിക്കാതിരിക്കാന്‍ മാതൃഭൂമി ലേഖകര്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. മാത്രവുമല്ല, വാര്‍ത്ത തയ്യാറാക്കാന്‍ നിയോഗിച്ചവരില്‍ ഒരാള്‍ മുസ്ലിം പേരുള്ള ആളുമാണ്. അതുവഴി ആ പ്രാതിനിധ്യവും ഉറപ്പുവരുത്തുന്നതില്‍ പത്രം ശ്രദ്ധിച്ചു. പക്ഷെ, ഇത്തരമൊരു ന്യൂസിനോട് പ്രതികരിക്കാന്‍ മാതൃഭൂമി ക്ഷണിച്ചത് വിവിധ മുസ്ലീം സംഘടനകളുടെ തലപ്പത്തിരിക്കുന്നവരെ മാത്രമാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഈ ന്യൂസിന്റെ മൊത്തം ട്വിസ്റ്റും കിടക്കുന്നതും അവിടെയാണ്. മാതൃഭൂമിയും അവരുടെ പ്രിയപ്പെട്ട പ്രധാന വായനാ സമൂഹവും മുസ്ലീം തീവ്രവാദി എന്നു പതിവായി വിശേഷിപ്പിക്കുന്ന സംഘടനയുടെ നേതാവിനു പോലും ഈ സ്റ്റോറില്‍ പ്രധാനപ്പെട്ട ഇടം കൊടുത്തു എന്നതാണ് ഈ വാര്‍ത്തയിലൂടെ മാതൃഭൂമിയുടെ നടത്തിയ മറ്റൊരു വിചിത്രമായ മുന്നേറ്റം.

ചേലാകര്‍മ്മത്തിനു സമാനമായ റിസ്‌ക് ഫാക്ടര്‍ ഉള്ള പലവിധത്തിലുള്ള ഏര്‍പ്പാടുകള്‍ സ്ത്രീകളില്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്നുണ്ട്. മാതൃഭൂമി തന്നെ പ്രസിദ്ധീകരിച്ച ഡോ. ഡെസ്മണ്ട് മോറിസ് എഴുതിയ നഗ്നനാരി എന്ന പുസ്തകം അതെക്കുറിച്ചെല്ലാം വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ചേലാകര്‍മ്മത്തിനു സമാനമായ തരത്തിലും രീതിയിലുമുള്ള, പ്രജനനാവയങ്ങളുടെ പ്രത്യേക തരത്തിലുള്ള ആകാര ക്രമീകരണം ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ ഒരു പ്രധാന ഏര്‍പ്പാടാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സൗന്ദര്യക വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാത്ത ആളുകള്‍ ഇന്നുണ്ടോ? നവജാത ശിശുക്കള്‍ക്ക് വേണ്ടി നാം വ്യാപകമായി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ പലതും രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപതമാണെന്ന പഠനങ്ങള്‍ ഇന്ന് വ്യാപകമായി പുറത്തു വരുന്നുണ്ട്. ഇവയോടൊക്കെയും മാതൃഭൂമി പുലര്‍ത്തിപ്പോരുന്ന സമീപനത്തില്‍ നിന്നും വ്യത്യസ്തമായ സമീപനം ചേലാകര്‍മ്മത്തിനോട് മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യം പ്രധാന വരുമാനമായി കാണുന്ന ഒരു പത്രത്തിന് എങ്ങനെയാണ്, തങ്ങളുടെ അന്വേഷണത്തില്‍ രണ്ടു സ്ത്രീകളില്‍ മാത്രം കണ്ടെത്താനായാതെന്ന് ലേഖകര്‍ തന്നെ പറയുന്ന ഒരു കാര്യം സ്‌തോഭജനകമായ വാര്‍ത്തയായി മാറുന്നത്? വിവിധ തരത്തിലുള്ള രതി രീതികള്‍ വിശദീകരിക്കുന്ന കാമസൂത്രയില്‍ ഏതൊക്കെ രീതികളാണ് സ്ത്രീ സൗഹൃദപരമായിട്ടുള്ളത്? ഏതൊക്കെ പൊസിഷനുകളാണ് സ്ത്രീകളുടെ ആരോഗ്യത്തെ പരിഗണിക്കുന്നത്? യഥാര്‍ഥത്തില്‍ ഇത്തരം വൈരുധ്യങ്ങളിലും ഒളിച്ചുകളികളിലുമാണ് സ്ത്രീ ചേലാ കര്‍മ്മത്തെ കുറിച്ചുള്ള വാര്‍ത്തയുടെ രാഷ്ട്രീയം കിടക്കുന്നത്. ആ രാഷ്ട്രീയം യഥാര്‍ഥത്തില്‍ മുസ്ലീം വാര്‍ത്തകളോട് മാതൃഭൂമി പുലര്‍ത്തുന്ന സമീപനങ്ങളുടെ ചരിത്രത്തിലാണ് അള്ളിപ്പിടിച്ചു കിടക്കുന്നത്.

മാതൃഭൂമി വാര്‍ത്തയോട് പ്രതികരിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ മുസ്ലീം നേതാക്കളിലും ഉണ്ട് ആ രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ ഭാവപ്പകര്‍ച്ചകള്‍. പ്രവാചക നിന്ദ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മാതൃഭൂമിയെ സഹായിച്ച മുജാഹിദ് നേതാവ് ഹുസ്സൈന്‍ മടവൂര്‍ മുതല്‍ മാതൃഭൂമി വാര്‍ത്ത വായിച്ച് കോഴിക്കോട്ടെ ഒരു ക്ലിനിക്ക് അടച്ചുപൂട്ടാന്‍ പോയ മുസ്ലിം ലീഗ് നേതാവ് പി.കെ ഫിറോസില്‍ വരെ വ്യാപിച്ചു കിടക്കുന്നുണ്ട് ആ രാഷ്ട്രീയത്തിന്റെ വംശാവലി. മാതൃഭൂമി വാര്‍ത്ത വായിച്ച് ഒരു സലഫി പരിശീലന കേന്ദ്രത്തിനും പൂട്ടിടാന്‍ ഇറങ്ങിത്തിരിക്കാതിരുന്ന ഫിറോസിന്, ഒരു ക്ലിനിക്കിന് താഴിടാന്‍ അധികമൊന്നും ആലോചിക്കേണ്ടി വരാത്തത് എന്തുകൊണ്ടായിരിക്കണം? ഫിറോസിനെ പിന്തുണച്ച് സയ്യിദ് മുനവര്‍ അലിക്ക് പോസ്റ്റിടാനും പിന്നെ എളുപ്പത്തില്‍ അത് പിന്‍വലിക്കാനും സാധിക്കുന്നത് എന്തുകൊണ്ടായിരിക്കും? താന്‍ എഡിറ്റ് ചെയ്ത ഇസ്ലാമിക വിജ്ഞാനകോശത്തില്‍ സ്ത്രീ ചേലാകര്‍മ്മം മതപരമായ ഒരാചാരമാണ് എന്നെഴുതിയ ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിന് മാതൃഭൂമിയില്‍ അത് മുസ്ലിം വിരുദ്ധമാണ് എന്നു പറയേണ്ടി വരുന്നത്/പറയാന്‍ കഴിയുന്നത് എന്തുകൊണ്ടായിരിക്കും? മറ്റൊരു മുസ്ലീം വാര്‍ത്തയ്ക്ക് വേണ്ടിയും പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ വിളിക്കാത്ത മാതൃഭൂമിക്ക്, ഈ ഘട്ടത്തില്‍ നാസറുദ്ദീന്‍ എളമരം അത്യാവശ്യപ്പെട്ട ഒരു മുസ്ലിം നേതാവായി മാറുന്നതെങ്ങനെയായിരിക്കും? സലഫികളെയും ചേലാകര്‍മ്മത്തെയും കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തകളോടുള്ള പി.കെ ഫിറോസിന്റെ രീതിശാസ്ത്രപരമായ സമീപനം വ്യത്യസ്തമാകുന്നത് എങ്ങനെയായിരിക്കും? നടന്‍ ദിലീപിന്റെ ‘ദേ പുട്ട്’ അടിച്ചു പൊളിച്ച ഡിവൈഎഫ്ഐയും ഡൌണ്‍ ടൌണ്‍ അടിച്ചു തകര്‍ത്ത യുവമോര്‍ച്ചയും ക്ലിനിക് അടച്ചു പൂട്ടിയ മുസ്ലിം യൂത്ത് ലീഗും എവിടെയെങ്കിലും വ്യത്യസ്തമാകുന്നുണ്ടോ? ഇങ്ങനെ മതപരവും രാഷ്ട്രീയപരവുമായ സമീപനങ്ങളിലെ ഒട്ടേറെ വൈരുധ്യങ്ങളിലേക്ക് സ്ത്രീ ചേലാകര്‍മ്മത്തെ കുറിച്ചുള്ള വാര്‍ത്ത നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നുണ്ട്.

മാതൃഭൂമി വാര്‍ത്തയിലും അതിന്മേലുള്ള പ്രതികരണങ്ങളിലും സ്ത്രീ ചേലാകര്‍മ്മത്തെ വിശേഷിപ്പിക്കാന്‍ മാറിമാറി ഉപയോഗിക്കുന്ന പടങ്ങലും വിവരണങ്ങളും ആഫ്രിക്കന്‍, പ്രാകൃതം എന്നിവയാണ്. ആഫ്രിക്കന്‍ ജനങ്ങളെയും അവരുടെ ആചാരങ്ങളെയും പ്രാകൃതം, ഭീകരം എന്നൊക്കെ വിശേഷിപ്പിക്കുന്നതില്‍ അടങ്ങിയിരിക്കുന്ന വംശീയമായ മുന്‍വിധികള്‍ നമുക്കിനിയും മനസ്സിലായിട്ടില്ല എന്നത് പുരോഗമന ബോധത്തെ കുറിച്ചുള്ള നമ്മുടെ അവകാശവാദങ്ങളെ തന്നെ റദ്ദ് ചെയ്യുന്നുണ്ട്. കാപ്പിരികളുടെ നാട്ടില്‍ എന്ന എസ് കെ പൊറ്റക്കാടിന്റെ പുസ്തകം മികച്ച യാത്രാവിവരണമായി കണ്ടു വായിച്ച കാലത്തില്‍ നിന്നും ആഫ്രിക്കക്കാരനെ നീഗ്രോ എന്നു വിളിച്ചതിന്റെ പേരില്‍ ലോകബാങ്കിനു വിശദീകരണം നല്‍കേണ്ടി വന്ന ഒരു മന്ത്രിയിലേക്ക് നാം മാറിയത് നമ്മുടെ പുരോഗമനവാദികളും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. മികച്ച യാത്രാവിവരണത്തിനുള്ള അവാര്‍ഡിന് പരിഹരിക്കാന്‍ കാപ്പിരികളുടെ നാട്ടില്‍ എന്ന പുസ്തകം അതിന്റെ തലക്കെട്ട് കൊണ്ട് തന്നെ യോഗ്യമല്ല ഇന്ന്. ആഫ്രിക്കന്‍ ആയതെല്ലാം ബൈ ഡിഫോള്‍ട്ട് ഭീഭത്സവും പ്രാകൃതവുമാണ് എന്ന ബോധം വംശീയതയുടെ വംശാവലി വേരറ്റുപോയിട്ടില്ല എന്നതിലേക്കാണ് സൂചന നല്‍കുന്നത്. ആഫ്രിക്കന്‍ സമം പ്രാകൃതം എന്ന ആ വംശീയ ബോധത്തിന്റെ സമവാക്യത്തിലേക്ക് ഇസ്ലാമും മുസ്ലിങ്ങളും കൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു എന്ന വ്യത്യാസമേ ഇപ്പോള്‍ ഉള്ളൂ.

പുറമേക്ക് സ്ത്രീ പക്ഷം എന്നു തോന്നിപ്പിക്കുന്ന നിലപാടുകള്‍ നമ്മുടെ രാഷ്ട്രീയ സന്ദിഗ്ദ്ധാവസ്ഥകളെയും യഥാര്‍ഥത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും എങ്ങനെ മറച്ചുവെയ്ക്കുന്നു എന്നതിലേക്ക് സൂചന നല്‍കുന്ന നിരീക്ഷണം സതിയെ മുന്‍ നിര്‍ത്തി സാമൂഹിക ശാസ്ത്രജ്ഞനായ ആശിഷ് നന്ദി അവതരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ സതി മൂലം മരണപ്പെട്ട സ്ത്രീകളുടെ എണ്ണം പത്തിനും ഇരുപതിനും ഇടയിലാണ്. അതേസമയം നഗരങ്ങളില്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നടന്ന പീഡനങ്ങളില്‍ മരണപ്പെട്ടത് സ്ത്രീകളുടെ എണ്ണമോ? ആയിരക്കണക്കിന് വരും. പക്ഷെ, സതിക്കെതിരെ നടക്കുന്ന പ്രചാരങ്ങള്‍ക്കു ലഭിക്കുന്ന സ്വീകാര്യതയോ മറ്റുള്ളവയ്ക്ക് ലഭിക്കാറില്ല. സ്ത്രീവാദമെന്നാല്‍, ഗ്രാമങ്ങളില്‍ ജീവിക്കുന്ന അക്ഷരാഭ്യാസമില്ലാത്ത, ദരിദ്രരായ, ജാതി ശ്രേണിയില്‍ താഴെക്കിടയിലുള്ളവര്‍ക്കിടയില്‍ നടപ്പിലാക്കേണ്ട ഒന്നാണ് എന്ന ബോധമാണ് ഇന്ത്യന്‍ സ്ത്രീവാദങ്ങളുടെ പ്രധാന പരിമിതി എന്നു ആശിഷ് നന്ദി നിരീക്ഷിക്കുന്നു.

ഒരര്‍ഥത്തില്‍ നമ്മുടെ സ്ത്രീവാദം തന്നെ സാമൂഹികമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് ഇത്തരം സ്ത്രീകള്‍ക്ക് വേണ്ടിയും അവരെ മുന്നില്‍ കണ്ടുമാണ്. അവര്‍ക്കു പുറത്തുള്ള സ്ത്രീകള്‍ ബൈ ഡിഫോള്‍ട്ട് പരിഷ്‌കാരികളും അതുകൊണ്ടു തന്നെ സംസ്‌കാര സമ്പന്നരുമാണ് എന്നതാണല്ലോ സാമാന്യ ധാരണ. കേരളത്തിലെ മുസ്ലീം കുടുംബങ്ങളിലെ സ്ത്രീപ്രശ്‌നങ്ങളില്‍ സവിശേഷമായ ശ്രദ്ധ ഊന്നിയാണല്ലോ മാതൃഭൂമിയുടെ സ്ത്രീപക്ഷ നിലപാടുകള്‍ തിടം വെക്കാറുള്ളത്. സ്ത്രീകള്‍ക്കിടയില്‍ നടക്കുന്ന ചേലാകര്‍മ്മം ആണല്ലോ മലയാളി സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ആശിഷ് നന്ദി പറഞ്ഞതുപോലെ, പലര്‍ക്കും തങ്ങളുടെ പിന്തിരിപ്പന്‍ രാഷ്ട്രീയ, സാംസ്‌കാരിക നിലപാടുകള്‍ ഒളിപ്പിച്ചുവെക്കാനുള്ള മികച്ച ഇടം തന്നെയാണ് മലയാളി മുസ്ലിം സ്ത്രീ. മാതൃഭൂമിയുടെ കാര്യത്തില്‍ മാത്രമല്ല, നാസിറുദ്ദീന്‍ എളമരത്തിന്റെയും ഹുസ്സൈന്‍ മടവൂരിന്റെയും ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിന്റെയും പി.കെ ഫിറോസിന്റെയും ഒക്കെ കാര്യത്തില്‍ അതങ്ങനെ തന്നെയാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി കൊടുത്താല്‍ സ്ത്രീസൗഹൃദ തൊഴില്‍ ഇടമായി മാറാന്‍ കഴിയും എന്നതാണല്ലോ പലരുടെയും വിശ്വാസം. എളുപ്പ വഴികളിലും കുറുക്കു വഴികളിലും ഉള്ള വിശ്വാസം മലയാളികളെ എന്നെങ്കിലും രക്ഷിക്കുമായിരിക്കും!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

യാസര്‍ അറാഫത്ത് നൂറാനി

യാസര്‍ അറാഫത്ത് നൂറാനി

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍, പ്രവാസി വായന മാസിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍