UPDATES

സോമി സോളമന്‍

കാഴ്ചപ്പാട്

My Africa

സോമി സോളമന്‍

ട്രെന്‍ഡിങ്ങ്

‘നിങ്ങള്‍ ഇന്ത്യക്കാര്‍ ബീഫ് കഴിക്കില്ലല്ലോ’? ‘ഞാന്‍ കഴിക്കും’; ടാന്‍സാനിയന്‍ രുചികള്‍ തിരുത്തുന്ന മുന്‍ധാരണകള്‍

‘പനീർ’ സവർണ വിഭവവും ‘പശുവിറച്ചി’ അവർണ വിഭവും ആകുന്നത് ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതിഘടനയുടെ ഫലമാണ്.

ഞാൻ – രണ്ടു സമൂസ.
കടക്കാരൻ – ഇവിടെ ബീഫ് സമൂസയെ ഉള്ളു. നിങ്ങള്‍ ഇന്ത്യക്കാർ ബീഫ് കഴിക്കില്ലല്ലോ…
ഞാൻ – ഇന്ത്യക്കാർ ബീഫ് കഴിക്കും. മീൻ കഴിക്കാത്ത മസായികൾ ടാന്‍സാനിയയിൽ ഉള്ളപോലെ ബീഫ് കഴിക്കാത്ത ചില വിഭാഗങ്ങൾ ഇന്ത്യയിലുമുണ്ട്.

പാമ്പിനെ തിന്നുന്ന ആഫ്രിക്കക്കാർ, പട്ടിയെ തിന്നുന്ന ചൈനക്കാർ ഇങ്ങനെ ഓരോ നാടിനെ കുറിച്ചും അവിടുത്തെ ഭക്ഷണ രീതികളെ കുറിച്ചും പൊതുബോധത്തിനു മുൻവിധികളുണ്ട് . തെറ്റിദ്ധാരണകളുടെ പുറത്ത് കെട്ടിപ്പൊക്കിയ മുൻവിധികളുടെ കാര്യത്തിൽ ആഫ്രിക്ക തന്നെയാണ് മുന്നിൽ. മനുഷ്യർ, ഭാഷ, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം എന്ന് വേണ്ട ആഫ്രിക്കൻ മനുഷ്യരെ സ്പർശിക്കുന്ന എല്ലാ മേഖലയിലും കൊളോണിയൽ കാലഘട്ടം നിർമ്മിച്ചെടുത്ത ‘ഭയം’ നിറച്ച ചിത്രങ്ങളും ചിന്തകളുമാണ് നവമാധ്യമങ്ങളുടെ കാലഘട്ടത്തിലും പിന്തുടർന്ന് പോരുന്നത്.

ആഫ്രോ -അമേരിക്കൻ വംശജർക്കെതിരെ നടന്ന അക്രമങ്ങളുടെ ഫലമായി ഉയർന്നു വന്ന ‘ബ്ലാക്ക് ലൈഫ് മാറ്റേഴ്സ്’ മൂവ്മെന്റ് പോലെ ആഫ്രിക്കയ്‌ക്കെതിരിയുള്ള കൊളോണിയൽ വാർപ്പുമാതൃകകൾക്കും അധിക്ഷേപങ്ങൾക്കും മറുപടി നൽകാനായി റിപ്പറെഷൻ മൂമമെന്റുകൾ ആഫ്രിക്കൻ സമൂഹങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ആഫ്രിക്കൻ സംരംഭകർക്ക്‌, ഗവേഷകർക്ക് അങ്ങനെ വിവിധ തുറകളിൽ പെട്ടവരുടെ കൂട്ടായ്മകൾ രൂപപ്പെട്ടു വരുന്നുണ്ട് .നൂറ്റാണ്ടുകളായി ഒരു ജനസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അനീതിക്കെതിരെ അവർ തീർക്കുന്ന പ്രതിരോധങ്ങളുടെ മുഖമായിരിക്കും ഇനി വരുന്ന കാലത്തിന് എന്നാണ് ഈ മൂവ്മെന്റുകൾ നല്‍കുന്ന സൂചനകള്‍.

ഗായകൻ അക്കോണിന്റെ ‘ലൈറ്റനിംഗ് ആഫ്രിക്കയും’ ബിയോൺസിന്റെ സംഗീതത്തിലൂടെയുള്ള പ്രതിരോധങ്ങളും, ഓപ്ര വിൻഫ്രി ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ സംരംഭങ്ങളും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സമ്പന്നർ നേതൃത്വം നൽകുന്ന വൻകിട ‘മാധ്യമ’ സംരംഭങ്ങളും റുവാണ്ടയിലെ 64 ശതമാനം സ്ത്രീ പ്രാതിനിധ്യമുള്ള പാർലമെന്റും കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിൽ തൊഴിൽ മേഖലകളിൽ നടക്കുന്ന തദ്ദേശവത്ക്കരണവും എല്ലാം ആഫ്രിക്ക നേതൃത്വം നല്കാനിരിക്കുന്ന പുതിയ ലോക ക്രമത്തിന്റെ തുടക്കങ്ങളാകാം.

ഭക്ഷണ വിശേഷങ്ങൾ

ഒരു സമൂഹത്തിൽ ലഭ്യമാകുന്ന വിഭവങ്ങളാണ് ആ സമൂഹത്തിന്റെ ഭക്ഷണ സംസ്കാരം രൂപപ്പെടുത്തുന്നത്. ഒരു സമൂഹം നിലനിൽക്കുന്ന ഭൂ പ്രകൃതിയുടെ സ്വഭാവം, കാലാവസ്ഥ , രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങൾ എന്നിവയെല്ലാം ചേർത്താണ് ഒരു സമൂഹത്തിന്റെ രുചിക്കൂട്ടുകൾ നിർമ്മിക്കപ്പെടുന്നത്. സാമൂഹിക – സാമ്പത്തിക ഘടന ഭക്ഷണലഭ്യതയുടെ നിർണായക ഘടകമാണ്. ഇന്ത്യൻ സമൂഹത്തിൽ അത് വ്യക്തമാണ്. ജാതിഘടന അനുസരിച്ച് ഭക്ഷണരീതികൾ മാറുന്നത് ജാതിഘടന സാമ്പത്തിക ഘടനയെ നിർണയിക്കുന്നത് കൊണ്ടും സാമ്പത്തിക സാഹചര്യങ്ങൾ ജീവിതചര്യകളെ നിർണയിക്കുന്നത് കൊണ്ടുമാണ്. ‘പനീർ’ സവർണ വിഭവവും ‘പശുവിറച്ചി’ അവർണ വിഭവും ആകുന്നത് ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതിഘടനയുടെ ഫലമാണ്.

ആഫ്രിക്കയിലെ ടാൻസാനിയയാണ് കുറെ വര്‍ഷങ്ങളായി വീട്. അതുകൊണ്ടു തന്നെ പരിചയമുള്ളതും ദാർ-എസ്-സലാം നഗരം പരിചയപ്പെടുത്തിയ സ്വാഹിലി രുചിശീലങ്ങളാണ്. സമത്വത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നതാണ് ടാൻസാനിയൻ സമൂഹിക ഘടന. ടാങ്കയിൽ ആയാലും ദാർ-എസ്-സലാമിൽ ആയാലും ഭക്ഷണത്തിനു ചുറ്റുമിരുന്ന് പങ്കിട്ടു കഴിക്കുന്ന ശീലം കാണാൻ കഴിയും, വീടുകളിലെ ഭക്ഷണ സമയത്ത് എല്ലാവരും നിലത്തോ തീന്മേശയിലോ ഒത്തുകൂടി ഒരുമിച്ചിരുന്നാണ് കഴിക്കുക. പുരുഷന്മാർ ആദ്യം സ്ത്രീകൾ പിന്നീടെന്നോ, വീടുകളിൽ സഹായത്തിനു നിൽക്കുന്നവർക്ക് വേറെ ഇടമെന്നോ വേർതിരിവ് കണ്ടിട്ടില്ല.

ദാർ-എസ്-സലാം ഇന്ത്യൻ മഹാസമുദ്രത്തോട്‌ ചേർന്നുള്ള പ്രദേശമാണ്. അതുകൊണ്ടു തന്നെ കടൽമത്സ്യങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാണ്. ദാർ-എസ് -സലാം നഗരത്തിലെ വലിയ മാർക്കറ്റ്, സാൻസിബാർ, കിഗംബോണി ഫെറികളുടെ അടുത്താണ്. റോഡിൻറെ ഒരു വശത്ത് കടലിനോടു ചേർന്ന് മീഞ്ചന്തയും റോഡിൻറെ മറുവശത്ത് പച്ചക്കറി, ഉണക്കമീൻ ചന്തയും അടുക്കളയുമാണ്. വലിയ വലിയ ചീനച്ചട്ടികളിൽ തിളച്ചു മറിയുന്ന എണ്ണയിൽ ഉപ്പിട്ട മീൻ വറുത്തു മാറ്റും. കുഞ്ഞുനാളിൽ കേട്ടിട്ടുള്ള കഥകളിലെ നരകത്തിലെ തിളച്ചുമറിയുന്ന എണ്ണയും തീയും പുകയുമാണ് അടുക്കള കാണുമ്പോ ഓര്‍മ വരിക. ഫ്രിഡ്ജ് ഇല്ലാത്ത ഉൾപ്രദേശങ്ങളിലേക്ക് പോകുന്ന മീനുകളാണ് ഈ വറുത്ത മീനുകൾ. നഗര ജീവിതത്തിന്റെ തിരക്കുകളിൽ പ്രധാനമായും ഈ വറുത്ത മീൻ ഇടഭക്ഷണമായാണ് ഉപയോഗിക്കുക.

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നീ ക്രമങ്ങൾക്കു പകരം ഇടഭക്ഷണങ്ങൾ നഗരജീവിതത്തിന്റെ ഭാഗമാണ്. പുഴുങ്ങിയ മുട്ട തലച്ചുമടായി വിൽക്കുന്നവർ, ഓറഞ്ച്, പഴം, കൂന്തൽ സൂപ്പ്, തണ്ണിമത്തൻ, കരിക്ക്, ചക്ക, പപ്പായ, കപ്പലണ്ടിമിട്ടായി, എള്ള് മിട്ടായി, കശുവണ്ടി ചുട്ടത്, കപ്പ ചുട്ടത്, മധുരക്കിഴങ്ങ് ചുട്ടത്, ഏത്തപ്പഴം ചുട്ടത് ഇങ്ങനെ എല്ലാം ചെറിയ കഷ്ണങ്ങളായി വിൽക്കുന്ന വഴിയോര കച്ചവടക്കാർ നഗരക്കാഴ്ചകളുടെ ഭാഗമാണ്.

തലേന്ന് കലക്കിവച്ച അരിമാവും സോഡാപ്പൊടിയും, രാവിലെ ഉണ്ണിയപ്പച്ചട്ടിയില്‍ വറുത്തെടുക്കുന്ന ‘വിറ്റുമ്പ’യും അപ്പപ്പോള്‍ പരത്തി ചുട്ടെടുക്കുന്ന ചപ്പാത്തികളും, നിരനിരയായി ഇരിക്കുന്ന ഫ്‌ളാസ്‌ക്കുകളിലെ കട്ടൻചായയും വിൽക്കുന്ന സ്ത്രീകളെ വഴിയോരങ്ങളിൽ കാണാം. സഞ്ചരിക്കുന്ന ഹോട്ടലുകളാണ് ഓരോ സ്ത്രീയും. മിക്കവാറും സ്ത്രീകളുടെ മുതുകിലെ മാറാപ്പിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുണ്ടാകും. ഒരു സ്ത്രീയും കനലടപ്പും പലഹാരങ്ങളും അതിനു ചുറ്റുമുള്ള ഒറ്റത്തടി ബെഞ്ചുകളും അതിജീവനത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ്.

ഉച്ചയാകുമ്പോഴേക്കും തിളച്ച വെള്ളത്തിൽ അരിയിട്ട് എണ്ണയൊഴിച്ചു പാകം ചെയ്‌തെടുക്കുന്ന ചോറും, തിളച്ച എണ്ണയിൽ ഉള്ളിയിലിയും തക്കാളിയും ഇലകളുമിട്ട (ചീരയിലയോ മത്തയിലയോ മധുരക്കിഴങ്ങിലായോ) കറി ഉണ്ടാകും. അതുമല്ലെങ്കിൽ വെണ്ടയ്ക്കയും തൈരും കറിയോ, ഉള്ളിയും കാബേജും എണ്ണയിൽ വഴറ്റിയതോ, വൻപയറും തക്കാളിയും ഉള്ളിയും എണ്ണയിൽ വഴറ്റിയതോ ഉണ്ടാകും.

ഇറച്ചിവകകൾ കൂടുതലും കനലിൽ ചുട്ടെടുക്കുന്നതിനോടാണ് തദ്ദേശിയർക്കു പ്രിയം. പശുവും കോഴിയും ആടും പന്നിയും പോത്തും എല്ലാം ഉണ്ടാകും, പ്രധാനമായും നാരങ്ങയും ഉപ്പുമാണ് ചേർക്കുക. മസാലകൾ ചേർത്തുള്ള വറുക്കലും പൊരിക്കലും ചുട്ടെടുക്കലും അപൂർവമാണ്. നമ്മുടെ ചമ്മന്തി പോലെയാണ് ‘ചച്ചാണ്ടു’; എരിവ് വേണ്ടവർക്ക് ‘പീലി പീലി മ്പൂസീ’ – തക്കാളി പോലെയുള്ള എരിവുള്ള മുളകാണ്. അതിഭീകര ഏരിയാണ്. മാങ്ങയും മുളകും ചച്ചാണ്ടു, പുളിയും മുളകും ചച്ചാണ്ടു… ഇങ്ങനെ പലതരം ചച്ചാണ്ടു കിട്ടും ഇറച്ചിക്ക് തൊട്ടു കൂട്ടാൻ.

ചോളപ്പൊടി തിളച്ചവെള്ളത്തിൽ വേവിച്ചു കുഴച്ചെടുക്കുന്നതാണ് ഉഗാലി. പ്രത്യേകിച്ച് വികാരങ്ങൾ ഒന്നുമില്ലാത്ത ഉഗാളിയുടെ കൂടെ തക്കാളിച്ചാറിൽ വേവിച്ചെടുത്ത ഇറച്ചി, തേങ്ങാപ്പാലിൽ വേവിച്ച ചെറുപയർ കറി ഒക്കെയായി കഴിക്കുമ്പോ നല്ല വികാരം തോന്നും.
മത്തങ്ങാ തേങ്ങാപ്പാലിൽ വേവിച്ചതും, മധുരക്കിഴങ്ങ് തേങ്ങാപ്പാലില്‍ വേവിച്ചതും വിശേഷാവസരങ്ങളിൽ വിളമ്പുന്ന വിഭവങ്ങളാണ്.

റാഗി കുറുക്കിയതും കപ്പപ്പൊടി കുറുക്കിയതുമൊക്കെ ‘ഊജി’ എന്നാണറിയപ്പെടുന്നത്. മീനും ഇറച്ചിയുമെല്ലാം ഉപ്പും കിഴങ്ങുവര്‍ഗങ്ങളും ഇലകളുമിട്ടു വേവിച്ചെടുത്ത് സൂപ്പുപോലെ കഴിക്കുന്നതിനെ ‘ചെംഷ’ എന്ന് വിളിക്കുന്നു.

ടാന്‍സാനിയയിലെ ‘മ്പെയ’യിലാണ് അരിയുണ്ടാകുന്നത്. പാടശേഖരങ്ങൾ ആണെന്നാണ് കേട്ടിട്ടുള്ളത്. ‘മ്പെയ’ റൈസ് ടാന്‍സാനിയയയിലെ തദ്ദേശ വിത്തിനത്തിൽ പെട്ടതാണെന്ന് അറിവ്. ‘ബുക്കോബാ’ എന്ന മേഖലയാണ് പഴങ്ങളുടെ കേന്ദ്രം. ഇറച്ചിവകകളും പച്ചക്കായും ഇട്ടു വേവിച്ച് തേങ്ങാപ്പാൽ ഒഴിച്ച് വേവിച്ചെടുക്കുന്ന കറികൾ ഇവിടങ്ങളിൽ സാധാരണമാണ്.

മസായി ഗോത്ര വിഭാഗങ്ങൾ വനമേഖലകളിലാണ് താമസം. പച്ചയിറച്ചി ആയിരുന്നു പ്രധാന ഭക്ഷണം. ഇപ്പോ ചോളക്കൃഷി തുടങ്ങിയതോടു കൂടി ഉഗാലിയും ചുട്ട ഇറച്ചിയും പുതിയ ശീലങ്ങളായിട്ടുണ്ട്. കർശനമായി ഗോത്രനിഷ്ഠകൾ പിന്തുടരുന്ന മസായികൾ മീൻ കഴിക്കാറില്ല. ഉപ്പും ഉപയോഗിക്കാറില്ല; ഉപ്പിന്റെ ലഭ്യതക്കുറവായിരിക്കണം അതിൽ നിന്നും പിന്തിരിപ്പിച്ചത്.

ഇങ്ങനെ വിവിധ രുചി ഭേദങ്ങളുടെ കാഴ്ചകളാണ് ടാൻസാനിയ എനിക്ക് പരിചയപ്പെടുത്തി തന്നിട്ടുള്ളത്. അതിനാകട്ടെ കേട്ട് പഴകിയ കഥകളുമായി ഒരു ബന്ധവുമില്ല താനും. മുന്‍ധാരണകളെ തകർത്തെറിയാനുള്ളതാണ് ഓരോ ആഫ്രിക്കൻ രുചിയും. ഇനിയും പുതിയ കാഴ്ചകളും അറിവുകളും ചരിത്രവും എന്നെ കാട്ടിത്തരാനായി ടാൻസാനിയ കരുതി വെച്ചിട്ടുണ്ടാകണം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആഫ്രിക്കന്‍ കേരളം – ചിത്രങ്ങളിലൂടെ

അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും നിറങ്ങള്‍; ‘ആഫ്രിക്കന്‍ ലുക്ക്’ വസ്ത്രങ്ങള്‍ പറയുന്ന രാഷ്ട്രീയം

വിലയ്ക്ക് വാങ്ങുന്ന ഭൂഖണ്ഡവും വിലയില്ലാത്ത മനുഷ്യരും

കൊളോണിയലിസത്തിന്റെ വിഴുപ്പ് ആഫ്രിക്കയുടെ മുകളിൽ അലക്കരുത്

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍