UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്ക്

എം ബി സന്തോഷ്

കാനത്തില്‍നിന്ന് കനയ്യയിലേക്കുള്ള ദൂരം

കേരളത്തില്‍ കാനം രാജേന്ദ്രന്‍ എന്ന സെക്രട്ടറി തന്നെയാണ് സി.പി.ഐയിലെ അവസാന വാക്കെന്ന് പാര്‍ട്ടി കോണ്‍ഗ്രസും അടിവരയിട്ടു

സി.പി.ഐയുടെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് കൊടിയിറങ്ങുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പൊട്ടിച്ചിരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേതാണ്. എതിരാളിയായ കെ.ഇ. ഇസ്മയിലിനെ ദേശീയ കൗണ്‍സിലില്‍ നിലനിര്‍ത്തേണ്ടിവന്നു എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം കാനത്തിന്റെ തിരക്കഥയനുസരിച്ചുതന്നെയായിരുന്നു. സി.ദിവാകരന്‍, സി.എന്‍.ചന്ദ്രന്‍, കമലാസദാനന്ദന്‍ തുടങ്ങി തന്റെ വാദങ്ങള്‍ക്ക് കരുത്തു പകരുന്നവരൊക്കെ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കപ്പെടുന്നത് നിസ്സഹായതയോടെ ഇസ്മയിലിന് കണ്ടുനില്‍ക്കേണ്ടി വന്നു. ഇതുതന്നെയാവാം, ഒരു പക്ഷെ ദേശീയ കൗണ്‍സിലില്‍ ഇസ്മയിലിനെ നിലനിര്‍ത്തിയതിന് പിന്നിലെ ഉദ്ദേശ്യവും.

സി.പി.ഐ ജനറല്‍ സെക്രട്ടറിയുടെ കാലയളവ് രണ്ടുതവണയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും എസ്.സുധാകര്‍റെഡ്ഡിക്ക് മൂന്നാമൂഴം നല്‍കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. അതേസമയം പ്രതീക്ഷിച്ചിരുന്നതുപോലെ അനാരോഗ്യം വേട്ടയാടിയ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി ഗുരുദാസ്ദാസ് ഗുപ്ത ഒഴിഞ്ഞു. പകരം ആ സ്ഥാനത്തേക്ക് ആരെയും നിശ്ചയിച്ചിട്ടില്ല. അമര്‍ജിത്കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡി.രാജ എന്നിവരുടെയൊക്കെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും തീരുമാനം പാര്‍ട്ടി പിന്നീടത്തേക്ക് മാറ്റിവച്ചു. എ.ഐ.ടി.യു.സി വര്‍ക്കിംഗ് വിമെന്‍ കൗണ്‍സില്‍ ദേശീയ സെക്രട്ടറിയും അംഗന്‍വാടി വര്‍ക്കേഴ്‌സ് അഖിലേന്ത്യാ കോ- കണ്‍വീനറും സുധാകര്‍ റെഡ്ഡിയുടെ ഭാര്യയുമായ ബി.വി.വിജയലക്ഷ്മി തൊഴിലാളി മേഖലയെ പ്രതിനിധാനം ചെയ്ത് ദേശീയ കൗണ്‍സിലിലെത്തി. സുധാകര്‍റെഡ്ഡി – വിജയലക്ഷ്മി, രാജ- ആനിരാജ എന്നിവരാണ് പാര്‍ട്ടിയുടെ ദമ്പതികളായ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍.

കേരളത്തില്‍ കാനം രാജേന്ദ്രന്‍ എന്ന സെക്രട്ടറി തന്നെയാണ് സി.പി.ഐയിലെ അവസാന വാക്കെന്ന് പാര്‍ട്ടി കോണ്‍ഗ്രസും അടിവരയിട്ടു. രണ്ടു തവണ തുടര്‍ച്ചയായി യു.ഡി.എഫ് മണ്ഡലമായ വാഴൂരില്‍നിന്ന് വിജയിച്ച് 1982ലും 1987ലും ഭരണ – പ്രതിപക്ഷ നിരകളിലെ തിളങ്ങുന്ന ജനപ്രതിനിധിയായി മാറിയ കാനത്തിന് പിന്നീട് അവിടെനിന്ന് മത്സരിച്ച് ജയിക്കാനായില്ല. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന നേതാവ് പിന്നീട് ശ്രദ്ധിച്ചത് തൊഴിലാളി വര്‍ഗമേഖലയിലാണ്. എ.ഐ.ടി.യു.സിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സി.പി.ഐയുടെ നിര്‍ണായക സ്വാധീനശക്തിയായി മാറുന്ന അവസരത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പന്റെ വിയോഗം. അപ്പോള്‍, എല്ലാവരും പ്രതീക്ഷിച്ചത് കാനം രാജേന്ദ്രനായിരിക്കും അടുത്ത സെക്രട്ടറി എന്നാണ്.

അവിടെ, സി.ദിവാകരന്‍ അവകാശവാദവുമായി രംഗത്തുവന്നു. എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയിരുന്ന ദിവാകരന്‍ ആദ്യതവണ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തില്‍നിന്ന് ജയിച്ചുകയറി നേരെ പോയത് ഭക്ഷ്യ, പൊതുവിതരണ, മൃഗസംരക്ഷണ മന്ത്രിയുടെ കസേരയിലേക്കാണ്. ആദ്യ തവണയാണ് നിയമസഭയിലേക്കെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായി. അതിന്റെയൊക്കെ കരുത്തില്‍ ദിവാകരന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചു.

മുന്‍ റവന്യൂമന്ത്രിയും രാജ്യസഭാംഗവുമായ കെ.ഇ.ഇസ്മയിലാണ് സി.ദിവാകരന്റെ പിന്നിലെന്ന് പാര്‍ട്ടിയില്‍ കുറ്റപ്പെടുത്തലുണ്ടായി. പട്ടാളക്കാരനായി സേവനമനുഷ്ഠിക്കവേ കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ പിരിച്ചുവിടപ്പെട്ട പാരമ്പര്യമുള്ള ഇസ്മയില്‍ കാനം രാജേന്ദ്രനെതിരെയുള്ള യുദ്ധമുഖത്തേയ്ക്ക് ദിവാകരനെ ആനയിക്കുകയായിരുന്നു. അങ്ങനെ, സി.കെ.ചന്ദ്രപ്പന്റെ പിന്‍ഗാമിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന കാനം നോക്കിനില്‍ക്കേ മണ്ണും ചാരി നിന്ന പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി. ചന്ദ്രപ്പന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ വോട്ടെടുപ്പിലൂടെ കണ്ടെത്തുന്നതിനോട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് എതിര്‍പ്പായിരുന്നു. അങ്ങനെ, കാനവും ദിവാകരനും മാറിനില്‍ക്കട്ടെ എന്ന് പാര്‍ട്ടി തീരുമാനിച്ചു. ഒട്ടും താല്‍പര്യമില്ലാതിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ ‘ഒത്തുതീര്‍പ്പ്’ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു.

സി.പി.ഐക്ക് ഒരു പ്രത്യേകതയുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നില്‍ക്കുമ്പോള്‍ ഒന്നാം കക്ഷിയായ സി.പി.എമ്മിനെ എതിര്‍ക്കുക. 1964ലെ പിളര്‍പ്പു മുതല്‍ ഒരു മാര്‍ക്‌സിസ്റ്റു വിരുദ്ധ നിലപാടാണ് പാര്‍ട്ടിയുടെ അടിത്തറ. മലപ്പുറത്ത് മുസ്ലിംലീഗ് കോണ്‍ഗ്രസ് വിരുദ്ധ നിലപാട് കൈക്കൊള്ളുന്നതിന് സമാനം തന്നെയാണത്. മുന്നണിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീന കക്ഷിയോടുള്ള രണ്ടാം കക്ഷിയുടെ അസൂയയല്ലാതെ മറ്റൊന്നുമല്ല. ദിവാകരന്‍ – ഇസ്മയില്‍ പക്ഷം സി.പി.ഐയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അനുകൂല വിഭാഗമാണ്. എന്തിന്, സി.പി.ഐയുടെ പിണറായിയാണ് ഇസ്മയില്‍ എന്നുപോലും പ്രചരിക്കപ്പെട്ടു.

കോണ്‍ഗ്രസ് ബാന്ധവത്തില്‍ തീരുമാനമായി; ഇനി സിപിഐയുടെ വേളി ഓഫര്‍ സിപിഎമ്മിന് സ്വീകരിച്ചുകൂടെ?

ഇവിടെയാണ് കാനം അതിസമര്‍ത്ഥമായി മാര്‍ക്‌സിസ്റ്റ് വിരുദ്ധ വിത്തെറിഞ്ഞ് എല്‍.ഡി.എഫിലെ തിരുത്തല്‍ ശക്തിയായി മാറിയത്. പന്ന്യന്‍ സി.കെ.ചന്ദ്രപ്പനെപ്പോലെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കെതിരെ ആഞ്ഞടിക്കാന്‍ സന്നദ്ധനായില്ല. സംസ്ഥാന സെക്രട്ടറി പദവിയില്‍ വീണ്ടും തുടരാനുള്ള താല്പര്യമില്ലായ്മ പന്ന്യന്‍ തന്നെ തുറന്നു പറഞ്ഞതോടെ കഴിഞ്ഞതവണ കാര്യങ്ങള്‍ കാനത്തിന് അനുകൂലമായി. അപ്പോഴും ദിവാകരന്‍ – ഇസ്മയില്‍ കൂട്ടുകെട്ട് എതിരെ നിലയുറപ്പിച്ചെങ്കിലും കാനം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ബെനറ്റ് എബ്രഹാം എങ്ങനെ സി.പി.ഐ ചിഹ്നത്തില്‍ മത്സരിക്കാനെത്തി എന്ന് പലരും ആശ്ചര്യപ്പെട്ടിരുന്നു. സി.പി.എമ്മിന്റെ പ്രതിനിധിയായി പി.എസ്.സി ഉള്‍പ്പെടെയുള്ളിടങ്ങളില്‍ നിയോഗിക്കപ്പെട്ട ആള്‍ എപ്പോഴാണ് സി.പി.ഐയിലെത്തിയതെന്ന് പാര്‍ട്ടിക്കാര്‍ തന്നെ മുറുമുറുത്തു. സ്ഥാനാര്‍ത്ഥി വോട്ടെടുപ്പിനൊടുവില്‍ മൂന്നാം സ്ഥാനത്തെത്തി എന്നുമാത്രമല്ല, തെരഞ്ഞെടുപ്പിന് മുമ്പുതന്നെ തിരുവനന്തപുരം സി.പി.ഐയുടെ ‘പേമെന്റ് സീറ്റാ’ണെന്ന് പ്രചാരണം ശക്തമാവുകയും ചെയ്തിരുന്നു. ബെനറ്റിനെ അവതരിപ്പിക്കാന്‍ കമ്മിറ്റികളില്‍ കാര്യമായി ഇടപെട്ട ദിവാകരന്‍ ദേശീയ എക്‌സിക്യുട്ടീവില്‍നിന്ന് പുറത്താകുന്നതില്‍വരെ അത് ചെന്നെത്തി.

അതെന്താ, ഞങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമല്ലേ എന്ന് കാനം ചോദിക്കുമോ എന്നാണ് ഇനിയറിയേണ്ടത്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ദിവാകരന്‍ രണ്ടുതവണ മത്സരിച്ചു ജയിച്ച കരുനാഗപ്പള്ളിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെത്തി. അവസാന നിമിഷം തിരുവനന്തപുരം കമ്മിറ്റിയുടെ കാരുണ്യത്താല്‍ നെടുമങ്ങാട്ട് ദിവാകരന് സീറ്റു കിട്ടി. ജയിച്ച് മന്ത്രിയാകാനൊരുങ്ങി നിന്ന ദിവാകരനെ പുതുമുഖങ്ങള്‍ മന്ത്രിയാകട്ടെ എന്ന നിലപാടിലൂടെ കാനം ഒതുക്കി. ഇത്തവണ സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കുമ്പോള്‍ കാനത്തെ സംസ്ഥാന സെക്രട്ടറിയായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കേണ്ടതില്ല എന്നായിരുന്നു ഇസ്മയില്‍ വിഭാഗത്തിന്റെ താല്പര്യം. അതിനായി അവര്‍ കണ്ടുവച്ചത് ദിവാകരനെയായിരുന്നു. തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിച്ച കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് ഇസ്മയില്‍ ഔദ്യോഗികപക്ഷത്തിനെതിരെ കടുത്ത രോഷത്തിലുമായിരുന്നു. എന്നാല്‍, മത്സര സമയമായപ്പോള്‍ ദിവാകരന്‍ പിന്മാറി. ത്രിപുര കൂടി ഇടതുപക്ഷത്തെ കൈവിട്ട അവസരത്തില്‍ പാര്‍ട്ടിയില്‍ അനൈക്യം എന്ന നിലയില്‍ വാര്‍ത്ത വരുന്നത് ഗുണകരമാവില്ലെന്നായിരുന്നു ദിവാകരന്റെ വാദം. അതോടെ, മത്സരം ഒഴിവായി, കാനം ഐകകണ്ഠ്യന സംസ്ഥാന സെക്രട്ടറിയായി.

എനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതിനാല്‍ ഒഴിവാക്കി: സി ദിവാകരന്‍

ദേശീയ കൗണ്‍സിലില്‍നിന്ന് ഇത്തവണ ഒരു പക്ഷേ കഴിഞ്ഞ തവണ ഒഴിവാക്കിയ എക്‌സിക്യുട്ടീവിലേക്കു തന്നെ പരിഗണിച്ചുകൂടായ്കയില്ല എന്ന പ്രതീക്ഷയായിരുന്നു ദിവാകരന്. അവിടെയാണ് എക്‌സിക്യുട്ടീവില്‍നിന്നുതന്നെ ഒഴിവാക്കപ്പെടുന്ന അവസ്ഥയിലെത്തിയത്. അത് നേരത്തേ ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് അതിനായി കൂടിയ കമ്മിറ്റിയില്‍ പോലും പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറാകാത്തത്. ‘ഗോഡ്ഫാദര്‍മാരില്ലാത്തതിനാല്‍ പുറത്തുപോവേണ്ടി വരുന്നു’ എന്ന പരസ്യവിമര്‍ശനം അടുത്ത നടപടിക്ക് കാരണമാവുമോ എന്ന് കണ്ടറിയണം. സ്വന്തം തടി ‘രക്ഷിച്ച്’ കൗണ്‍സിലില്‍ ഇരിപ്പിടം നിലനിര്‍ത്തിയ ഇസ്മയിലിന് ഒപ്പമുണ്ടായിരുന്നവരെയാരെയും നിലനിര്‍ത്താനായില്ല. പുതിയതായി ഉള്‍പ്പെട്ടവരില്‍ തന്നോട് താല്പര്യമുള്ള ഒരാളെയും ഉള്‍ക്കൊള്ളിക്കാനുമായില്ല. കൗണ്‍സിലിന് മുകളിലുള്ള കേന്ദ്ര സെക്രട്ടേറിയറ്റില്‍ കാനവും ബിനോയ് വിശ്വവുമാണ് അംഗങ്ങള്‍. ഇതുവരെ ക്ഷണിതാവായിരുന്ന കാനം കേന്ദ്ര സെക്രട്ടേറിയറ്റിലെ പൂര്‍ണ അംഗമാവുന്നതോടെ കേന്ദ്ര നേതൃത്വത്തിലെ സ്വാധീനശക്തി കൂടും. സെക്രട്ടേറിയറ്റ് അംഗമായിരുന്ന പന്ന്യന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായ ഒഴിവിലേക്കും ഇസ്മയിലിനെ പരിഗണിച്ചില്ല. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍, നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരന്‍, മുന്‍ കിളിമാനൂര്‍ എം.എല്‍.എയും ദളിത് നേതാവുമായ എന്‍..രാജന്‍, പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആതിഥേയ ജില്ല കൂടിയായ കൊല്ലം ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍, മഹാളാ സംഘം സംസ്ഥാന സെക്രട്ടറി പി.വസന്തം എന്നിവരാണ് പുതിയതായി കേരളത്തില്‍നിന്ന് ദേശീയ കൗണ്‍സിലിലെത്തിയത്. ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിഞ്ഞ സത്യന്‍ മൊകേരിയുടെ ഭാര്യയാണ് വസന്തം. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.രാജന്‍ ഒഴിഞ്ഞപ്പോള്‍ നിലവിലെ സെക്രട്ടറി മഹേഷ് കക്കത്ത് ദേശീയ കൗണ്‍സിലിലെ കാന്‍ഡിഡേറ്റ് അംഗമായി. ഇതോടെ, എല്‍.ഡി.എഫിലെ തിരുത്തല്‍ ശക്തിയായി തുടരാന്‍ കേന്ദ്രനേതൃത്വം കാനത്തിന് പൂര്‍ണ അനുമതി നല്‍കിയിരിക്കുകയാണ്. കായല്‍ കയ്യേറ്റം മുതല്‍ കെ.എം.മാണിയുടെ മുന്നണി പ്രവേശനം വരെയുള്ള പ്രശ്‌നങ്ങളില്‍ ഇനി കാനത്തിന്റെ ഇടപെടല്‍ കുറേക്കൂടി ആധികാരികമാവും. കെ.എം.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് സുധാകര്‍ റെഡ്ഡിയുടെ ഉത്തരത്തിന് അപ്പോള്‍തന്നെ തിരുത്തല്‍ നടത്തിയ കാനം അത് തെളിയിക്കുകയും ചെയ്തു. മാണി വരുന്നത് എല്‍.ഡി.എഫാണ് തീരുമാനിക്കേണ്ടത് എന്നുപറഞ്ഞ സുധാകര്‍ റെഡ്ഡിയുടെ സാന്നിദ്ധ്യത്തില്‍തന്നെ ‘ദേശീയ സമ്മേളനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് എന്നും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിക്കേണ്ടതെന്നും പാര്‍ട്ടി കോണ്‍ഗ്രസ് മാണിക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നു’മായിരുന്നു കാനത്തിന്റെ ഇടപെടല്‍. അതോടെ, വീണ്ടും മൈക്ക് കയ്യിലെടുത്ത റെഡ്ഡി ഇക്കാര്യത്തില്‍ സി.പി.ഐ കേരളഘടകം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ആ നിലപാടിനെ കേന്ദ്രനേതൃത്വം അംഗീകരിക്കുന്നുവെന്നും പറഞ്ഞത് കാനത്തിനുള്ള അംഗീകാരമായി.

മിണ്ടാതിരുന്ന മാണിയുടെ വായിൽ കോലിട്ടു കിള്ളിയ കാനം; സിപിഎം-സിപിഐ പോരു മൂപ്പിച്ച് മാണി

സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും ശ്രദ്ധേയനായത് ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കനയ്യകുമാറാണ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ആഫ്രിക്കന്‍ സ്റ്റഡീസില്‍ പിഎച്ച് ഡി ചെയ്യുന്ന കനയ്യയാണ് അവിടത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനാകുന്ന ആദ്യ എ.ഐ.എസ്.എഫ് നേതാവ്. ഈ രാജ്യത്ത് ജീവിക്കാന്‍ ആര്‍.എസ്.എസ്സിന്റെ രാജഭക്തി സര്‍ട്ടിഫിക്കറ്റോ ദേശീയതാ സര്‍ട്ടിഫിക്കറ്റോ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന പ്രസംഗത്തിലൂടെ ഇന്ത്യമുഴുവന്‍ തരംഗമായ ഈ ബീഹാറുകാരന്‍ നേതാവ് സി.പി.ഐയുടെ ഭാവിയിലെ പ്രതീക്ഷയാണ്. അതിനെ തളിരിട്ട്, പൂവിട്ട് കായാക്കാന്‍ അനുവദിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഇത്തരം കനയ്യമാരെ കണ്ടെത്താനും അംഗീകരിക്കാനും വളര്‍ത്തിയെടുക്കാനും കഴിഞ്ഞാല്‍ സി.പി.ഐക്ക് തീര്‍ച്ചയായും ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ സ്വാധീനശക്തി വീണ്ടെടുക്കാനാവും.

കണ്‍ഫ്യൂഷന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് സ്വന്തം പാര്‍ട്ടിയെക്കുറിച്ച് കനയ്യ കുമാര്‍

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍