UPDATES

ട്രെന്‍ഡിങ്ങ്

ചതുപ്പില്‍ പൂണ്ടുപോകുന്ന കൊമ്പന്മാരും ആനപ്രേമികളുടെ സങ്കടം പറച്ചിലും

ഓണക്കാലത്തെ ചില ആന വിശേഷങ്ങള്‍

കെ എ ആന്റണി

കെ എ ആന്റണി

ഇടഞ്ഞോടി(അതോ വിരണ്ടോ?) ആലപ്പുഴ തുറവൂരിലെ ഒരു ചതുപ്പില്‍ പാതിയിലേറെ പൂണ്ടുപോയ ഒരു കൊമ്പന്‍ ആനയുടെ ദൃശ്യങ്ങള്‍ വാര്‍ത്ത ചാനലുകളില്‍ കണ്ടുകൊണ്ടിരിക്കെ മനസ്സ് അറിയാതെ കാടുകയറി. അല്ലെങ്കിലും ഞാന്‍ ഇങ്ങനെയാണ്. ചില വാര്‍ത്തകളും ദൃശ്യങ്ങളുമൊക്കെ എന്നെ ചിലപ്പോള്‍ മറ്റു ചിന്തകളിലേക്ക് കൂട്ടികൊണ്ടുപോകും.

ചതുപ്പില്‍ കെണിഞ്ഞ കൊമ്പനെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് മേതില്‍ രാധാകൃഷ്ണന്‍ 1981 ല്‍ കലാകൗമുദി വാരികയില്‍ എഴുതിയ ‘ഒരു പഴുതാരയെ എങ്ങനെ കൊല്ലാം’ എന്ന കഥയെക്കുറിച്ചു ഓര്‍ത്തുപോയി. കഥയല്ല, കഥയുടെ ശീര്‍ഷകം എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ചെടിയില്‍ കയറിക്കൂടിയ ഒരു പഴുതാരയെ വെച്ച് മേതില്‍ മനുഷ്യ മനസ്സിനെ അപഗ്രഥിക്കുകയാണ് പ്രസ്തുത കഥയില്‍. കഥ കേമം. ശീര്‍ഷകം ബഹുകേമം. 36 വര്‍ഷം മുന്‍പ് എഴുതപെട്ട മേതില്‍ കഥയുടെ ശീര്‍ഷകം പെട്ടെന്ന് ഓര്‍ത്തുപോയത് ആനയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ആ പാവത്തിന് ജീവഹാനി സംഭവിക്കുമോ എന്ന ഭയം നിമിത്തമായിരുന്നു.

"</p

മേതില്‍ ഒരു പഴുതാരയെ എങ്ങനെ കൊല്ലാം എന്ന് എഴുതിയതുപോലെ ചതുപ്പില്‍ പൂണ്ടുകൊണ്ടിരിക്കുന്ന ഒരു ആനയെ എങ്ങനെ രക്ഷപ്പെടുത്താം എന്നതിനെക്കുറിച്ച് ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്നായി അടുത്ത ചിന്ത. എം ടി പണ്ട് ‘വാരിക്കുഴി’ എന്ന പേരില്‍ ഒരു സാഹിത്യം രചിട്ടുണ്ടെങ്കിലും ആ കഥ പക്ഷെ വാരിക്കുഴിയില്‍ അകപ്പെട്ട ആനയെക്കുറിച്ചല്ല, മനുഷ്യനെക്കുറിച്ചാണ്. വാരിക്കുഴിയിലും പൊട്ടക്കിണറ്റിലുമൊക്കെ അകപ്പെടുന്ന ആനകളെ ജീവനോടെ പുറത്തെത്തിക്കുന്നതിനെക്കുറിച്ച് ആന ഗവേഷകരും ആന ശാസ്ത്രജ്ഞന്മാരുമൊക്കെ ധാരാളം എഴുതിയിട്ടുണ്ട്. പക്ഷെ ചതുപ്പില്‍(അതും ഫയര്‍ ഫോഴ്‌സിന്റെ വാഹനമോ ക്രെയ്‌നോ അതുമല്ലെങ്കില്‍ വലിച്ചു കയറ്റാന്‍ മറ്റു ആനകളെയോ കൊണ്ടുവരാന്‍ പറ്റാത്ത ഒരിടത്ത്)പൂണ്ടുപോയ ആനയെ രക്ഷിക്കുന്ന വിധം ആരും വിവരിച്ചതായി വായിച്ചറിവില്ല.

എന്തായാലും പാപ്പാന്മാരും നാട്ടുകാരും പോലീസുമൊക്കെ ചേര്‍ന്ന് പതിനഞ്ചു മണിക്കൂറിലേറെ നീണ്ട കഠിന ശ്രമത്തിനൊടുവില്‍ ആനയെ കരകയറ്റി. ഇതിനിടെ കൊമ്പന്‍ ചതുപ്പില്‍ പെട്ടതറിഞ്ഞു എവിടുന്നെല്ലാമോ ചില ആന പ്രേമികളും സ്ഥലത്തെത്തിയിരുന്നു. ഈ സമയത്തു നമ്മുടെ സിനിമ മേഖലയിലുള്ള ആനപ്രേമി കൂടിയായ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ആലുവ സബ് ജയിലില്‍ കുടുങ്ങിക്കിടക്കുന്ന മറ്റൊരു കൊമ്പനെ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു.

"</p

ആനപ്രേമിയായ നടന്‍ ജയറാം ഇതേ കൊമ്പനെ സന്ദര്‍ശച്ച് ഓണക്കോടി സമ്മാനിച്ചു മടങ്ങിയത് തൊട്ടു തലേന്നായിരുന്നു. വര്‍ഷങ്ങളായി തങ്ങള്‍ പരസ്പരം ഓണക്കോടി കൈമാറുന്ന പതിവ് ഉണ്ടെന്നും അത് തെറ്റിക്കാതിരിക്കാനാണ് വന്നതെന്നും മാത്രം പറഞ്ഞു ജയറാം മടങ്ങിയപ്പോള്‍ ഗണേഷ് കുമാര്‍ സന്ദര്‍ശനത്തിന് ശേഷം വികാരഭരിതനായി. നടിയെ ആക്രമിച്ച കേസില്‍ പോലീസ് നടത്തുന്ന അന്വേഷണം ശരിയായ വഴിക്കല്ലെന്നു താന്‍ പറയുന്നില്ലെന്നും അതെ സമയം അന്വേഷണം ശരിയായ വഴിക്കല്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് അത് തിരുത്തിക്കണം എന്നും പറഞ്ഞ ഗണേഷ് കുമാറിന്റെ സങ്കടം പക്ഷെ സബ് ജയിലില്‍ കിടക്കുന്ന നടന്റെ നല്ല കാലത്തു ഔദാര്യം പറ്റി നടന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറയുന്നതില്‍ ആയിരുന്നു. സിനിമ മേഖലയിലുള്ളവര്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ സബ് ജയിലില്‍ കഴിയുന്ന കൊമ്പന് പിന്തുണ പ്രഖ്യാപിക്കണം എന്ന് ആഹ്വാനം ചെയ്യാനും നമ്മുടെ ആന പ്രേമിയായ എംഎല്‍എ മറന്നില്ല. അമ്മയുടെ മീറ്റിങ്ങിനു ശേഷം മാധ്യപ്രവര്‍ത്തകരോട് തട്ടിക്കയറിയതിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ലെങ്കിലും അതൊന്നും തനിക്കു ഒരു പ്രശനം അല്ലെന്ന മട്ടില്‍ തന്നെയായിരുന്നു ഇന്നലത്തെ വികാര പ്രകടനം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍