UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

കാത് കൂര്‍പ്പിക്കൂ, യുദ്ധാരവം കേള്‍ക്കാം; നമ്മള്‍ നമുക്ക് വച്ച കെണി തയ്യാറാണ്‌

അക്രമത്തോടുള്ള ഈ പ്രേമം ഒരു മതമായി മാറിയിരിക്കുന്നു. ഈ അക്രമ പ്രേമമുള്ളവരാണ് ദേശീയ സുരക്ഷ കൈകാര്യം ചെയ്യുന്ന പ്രധാന പദവികളില്‍ സ്വാഭാവികമായും വരുന്നത്.

ഹരീഷ് ഖരെ

ജമ്മു കാശ്മീരിലെ നിയന്ത്രണരേഖ പെട്ടെന്ന് ചുട്ട് പൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. വലിയ തോതില്‍ വെടിവയ്പ് നടക്കുന്നു. നിരവധി ജവാന്മാരും സാധാരണക്കാരായ സിവിലിയന്മാരും കൊല്ലപ്പെടുന്നു. ഭീകരര്‍ ആര്‍മി ക്യാമ്പില്‍ നുഴഞ്ഞുകയറി ആക്രമിക്കുന്നു. രണ്ട് ദിവസത്തിന് ശേഷം സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കുന്നു. കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്നു. സുന്‍ജുവാന്‍ സൈനിക താവളം ആക്രമിക്കപ്പെട്ട ശേഷം തിങ്കളാഴ്ച പ്രതിരോധ മന്ത്രി ജമ്മു സന്ദര്‍ശിക്കുന്നു. അവര്‍ ഇങ്ങനെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു – പാകിസ്ഥാനെതിരായ നടപടിക്ക് ഞാനൊരു സമയം പറയുന്നില്ല. പക്ഷെ പാകിസ്ഥാന്‍ ഈ അതിക്രമത്തിന് വില നല്‍കേണ്ടി വരും. ഞാന്‍ ആവര്‍ത്തിക്കുന്നു – പാകിസ്ഥാന്‍ ഇതിന് വില നല്‍കേണ്ടി വരും – നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പ്രതിരോധ മന്ത്രിയുടെ കടുപ്പിച്ചതും ആവര്‍ത്തിച്ചുറപ്പിക്കുന്നതുമായുള്ള വാക്കുകള്‍ ഊബര്‍ – ദേശാഭിമാന, ദേശീയത മാനസികാവസ്ഥയുമായി ചേര്‍ന്നുപോകുന്നു. പുതുതായി രൂപപ്പെട്ട ഒരു മതാത്മക – സൈനിക – രാഷ്ട്രീയ അച്ചുതണ്ടിന്റെ സൃഷ്ടിയാണ് ഇത്. ഈ അച്ചുതണ്ട് ശക്തിപ്പെടുകയാണ്. അത് സ്ത്രീ-പുരുഷന്മാരുടെയും സ്ഥാപനങ്ങളുടേയും എല്ലാ യുക്തികളും നശിപ്പിക്കുന്നു. അത് നമ്മളിലേയ്ക്ക് നുഴഞ്ഞുകയറുന്നു. നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ജിഒസി ഇന്‍ ചീഫ് ആയ ലെഫ്. ജനറല്‍ ദേവരാജ് അന്‍പ്, രാഷ്ടീയക്കാരനായ അസദുദീന്‍ ഒവൈസിയുമായി (ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇതിഹാദുല്‍ മുസ്ലീമിന്‍) സംവദിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഒരു രാഷ്ട്രീയക്കാരനുമായി തുപ്പിക്കളിക്കുന്ന പട്ടാള ജനറല്‍.

ഈ വിഷലിപ്തമായ അന്തരീക്ഷം ഒരു കെണിയാവുകയാണ്. ഒരു കാഹളം മുഴങ്ങുന്നത് കേള്‍ക്കാം. പാകിസ്ഥാനുമായി നിലവിലുള്ള സംഘര്‍ഷം ഉച്ഛസ്ഥായിയില്‍ സങ്കല്‍പ്പിക്കൂ. ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും ഒരു യുദ്ധ ഭ്രാന്ത് നമ്മള്‍ സൃഷ്ടിച്ച് കഴിഞ്ഞിരിക്കുന്നു. രക്ഷപ്പെടാനുള്ള വഴികള്‍ അടച്ചിരിക്കുകയാണ്.

2014ന് മുമ്പ് നമുക്കുണ്ടായിരുന്നത് നെഞ്ചുറപ്പില്ലാത്ത, പൗരുഷമില്ലാത്ത രാഷ്ട്രീയ നേതൃത്വമായിരുന്നു. അവര്‍ക്ക് പാകിസ്ഥാന്‍ സൈന്യത്തെ നേരിടാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഇത് പ്രീണനമായിരുന്നു. ഇത് നയതന്ത്രമെന്ന് വിളിക്കപ്പെട്ടു. ഈ ദുര്‍ബലമായ അവസ്ഥ മാറിയിരിക്കുന്നു. 56 ഇഞ്ചിന്റെ ഉറപ്പുള്ള ഓപ്ഷനാണ് നമുക്ക് കിട്ടിയത്. ധീരമായി നമ്മള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ എന്നറിയപ്പെടുന്ന മിന്നലാക്രമണങ്ങള്‍ നടത്തി. അതിന് വലിയ പ്രചാരണം നല്‍കി. ഉത്തര്‍പ്രദേശില്‍ വലിയ രാഷ്ട്രീയ നേട്ടം കൊയ്തു. എന്നാല്‍ മര്‍ക്കട മുഷ്ടിയുള്ള ഈ പാക്കികള്‍ വഴങ്ങാതെ നില്‍ക്കുകയാണ്.

പാകിസ്ഥാന് വീണ്ടുമൊരു പ്രഹരം വേണമെന്ന മാനസികാവസ്ഥയിലേയ്ക്ക് നമ്മള്‍ കൊണ്ടുചെന്ന് കെട്ടപ്പെടുകയാണ്. പാകിസ്ഥാനെ അടിക്കണം, പാകിസ്ഥാനെ ശിക്ഷിക്കണം – ഇതാണ് മുദ്രാവാക്യം. സര്‍ജിക്കല്‍ സ്‌ട്രൈക്കിനേക്കാള്‍ ചോര പൊടിയുന്ന ആക്രമണം. സാംബ – ജമ്മു – അഖ്‌നൂര്‍ സെക്ടറില്‍ എന്തുകൊണ്ട് ഒരു ടാങ്ക് യുദ്ധമായിക്കൂടാ. ഇതില്‍ അത്ഭുതപ്പെടാനായി ഒന്നുമില്ല. ഒരു ചെറിയ പോരിന്റെ ആവശ്യകതയെപ്പറ്റി വലതുപക്ഷ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഇപ്പോള്‍ സംസാരിക്കുന്നുണ്ട്. ആര്‍എസ്എസ് മുഖ പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ ഏറ്റവും പുതിയ ലക്കം നോക്കിയാല്‍ മതി. പാകിസ്ഥാനെ അടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിരമിച്ച ബ്രിഗേഡിയര്‍മാരും കേണല്‍മാരും മറ്റും സംസാരിക്കുകയാണ്. പാകിസ്ഥാന് തിരിച്ചടിക്കാനുള്ള ശേഷിയൊന്നും ഇല്ലെന്നാണ് ഈ ഉദ്യമത്തില്‍ തങ്ങളുടെ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്ന ഇവരുടെ വാദം. ആക്രമണം യുദ്ധത്തിലാണ് കലാശിക്കുന്നതെങ്കില്‍ അങ്ങനെയാകട്ടെ എന്നും അവര്‍ പറയുന്നു.

അതിര്‍ത്തിയില്‍ ‘യുദ്ധം ആരംഭിച്ചു കഴിഞ്ഞു’; പലായനത്തിന്റെ ദിനങ്ങളും

സംഘര്‍ഷമായാലും യുദ്ധമായാലും അത് വേദനയുണ്ടാക്കും. കാര്യമാക്കേണ്ടതില്ല. നമ്മള്‍ ഭയപ്പെടരുത്, പിന്തിരിയരുത്. പാകിസ്ഥാന്റെ യുദ്ധ സന്നാഹങ്ങളേക്കാള്‍ പ്രഹരശേഷിയുള്ളതാണ് ഇന്ത്യയുടേത് എന്നാണ് മറ്റൊരു മുന്‍ ആര്‍മി ഉദ്യോഗസ്ഥന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ മറുത്തുപറയാന്‍ ഒരു രാഷ്ട്രീയക്കാരേയും സമാധാനവാദികളേയും അനുവദിക്കരുത്. ഇത് മോദിക്കും ബിജെപിക്കും നല്ലൊരു അവസരമാണ്. നിലവിലെ സര്‍ക്കാരിന്റെ പ്രചോദനം ആര്‍എസ്എസ് ആണെന്ന കാര്യത്തില്‍ സംശയമില്ല. ആര്‍എസ്എസ് പ്രസിദ്ധീകരണം ഇത്തരത്തില്‍ സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ ഇത്തരം നടപടികളിലേയ്ക്ക് പോകാനുള്ള സാധ്യതകളെ പറ്റി നമ്മള്‍ ആലോചിക്കണം. പ്രധാനമന്ത്രിയുടെ ഓഫീസിന് ആര്‍എസ്എസില്‍ നിന്ന് രഹസ്യമായി ഇത്തരം ഉപദേശങ്ങള്‍ ലഭിക്കുന്നുണ്ടാകണം.

ദേശീയതാ തിളക്കത്തിനപ്പുറം രാഷ്ട്രീയവും തിരഞ്ഞെടുപ്പ് രാഷ്ട്രീയ സംബന്ധിയുമായ നേട്ടങ്ങളുണ്ടാകുന്നു എന്നത് തന്നെയാണ് പ്രധാനം. ദേശീയ സുരക്ഷ, പ്രതിരോധം ഇതൊക്കെ ശക്തമാക്കേണ്ടതിനെ പറ്റി 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വാചകമടികളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു. പാകിസ്ഥാനും പാകിസ്ഥാന്‍ താവളമാക്കിയ ഭീകര സംഘടനകളും നടത്തിവരുന്ന നിഴല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി പറഞ്ഞത് ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയ്ക്ക് കോണ്‍ഗ്രസിന് സര്‍ക്കാരിനെ കുരുക്കാനുള്ള അവസരങ്ങള്‍ പാഴാക്കാനാകില്ല. ദേശീയ സുരക്ഷ, ദേശീയ പ്രതിരോധം, ദേശീയ താല്‍പര്യം – ഇതെല്ലാം സര്‍ക്കാര്‍ സങ്കുചിതമായ കള്ളികളിലേയ്ക്ക് ചുരുക്കി കൊണ്ടുവന്നിരിക്കുകയാണ്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷം എന്ന ബാധ്യത തങ്ങള്‍ക്ക് മാത്രമല്ല ഉള്ളത് എന്ന് കോണ്‍ഗ്രസിന് വാദിക്കാവുന്നതാണ്.

മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഇരുവശത്ത് നിന്നുമുള്ള ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ആക്രമണോത്സുകവും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ളതുമായ മനോഭാവത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ എന്ന വണ്ണമാണ് ടിവി ചാനലുകളുടെ പ്രവര്‍ത്തനം. പ്രതിപക്ഷമാകട്ടെ, സര്‍ക്കാരിന്റെ വിവചനം നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അതിനെ ആക്രമിക്കുന്നു. മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ രാഷ്ട്രീയ അപക്വതകള്‍ മാറ്റിനിര്‍ത്തിയാല്‍ തന്നെ ബലപ്രയോഗത്തോടും അതിക്രമത്തോടും ആക്രമണോത്സുകതയോടും നമ്മള്‍ ഒഴിച്ചുകൂടാനാകാത്ത വിധം ബന്ധമുണ്ടാക്കിയിരിക്കുന്നു. പുതിയ ഇന്ത്യയുടെ സാംസ്‌കാരിക പെരുമാറ്റച്ചട്ടമായി ഇത് മാറിയിരിക്കുകയാണ്.

സംഘപരിവാറിന്റെ യുദ്ധാട്ടഹാസങ്ങളുടെ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍

നമ്മുടെ പുതിയ ഇന്ത്യക്ക് പോരാട്ടങ്ങളെ ഭയപ്പെടാത്ത കരുത്തരായ നേതാക്കന്മാരുണ്ടെന്ന് സ്വയം ബോധിപ്പിക്കാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാണ് നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അക്രമത്തോടുള്ള ഈ പ്രേമം ഒരു മതമായി മാറിയിരിക്കുന്നു. ഈ അക്രമ പ്രേമമുള്ളവരാണ് ദേശീയ സുരക്ഷ കൈകാര്യം ചെയ്യുന്ന പ്രധാന പദവികളില്‍ സ്വാഭാവികമായും വരുന്നത്. പിന്നെ വിവേകാനന്ദ യോദ്ധാക്കളുണ്ട് – പാകിസ്ഥാനുമായും ചൈനയുമായും ബന്ധപ്പെട്ട് സമര്‍ത്ഥമായി വിഷലിപ്തമായ തന്ത്രങ്ങള്‍ മെനയാന്‍.

എന്നാല്‍ രാജ്യത്തിന്റെ മുന്നിലുള്ള പ്രശ്‌നം പാകിസ്ഥാനുമായി അനാവശ്യമായ ഒരു യുദ്ധം എങ്ങനെ ഒഴിവാക്കാം എന്നതാണ്. ഭൂരിപക്ഷ തീവ്രവാദത്തില്‍ അധിഷ്ടിതമായ, മേധാവിത്തപരമായ, വിഭാഗീയമായ, ധ്രുവീകരണത്തിന്റേതായ അവസ്ഥയിലാണ് നമ്മള്‍. ഇത്തരമൊരു മാനസികാവസ്ഥയിലുള്ള സമൂഹത്തിന് നയതന്ത്ര പരിഹാരത്തെ കുറിച്ചോ പാകിസ്ഥാനുമായി യുദ്ധം ഒഴിവാക്കേണ്ടതിനെക്കുറിച്ചോ ആലോചിക്കാനാവില്ല. ഇത് നമ്മള്‍ നമുക്ക് തന്നെ വച്ചിരിക്കുന്ന ഒരു കെണിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

യുദ്ധാക്രോശങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങള്‍ക്കുമായി ഒരു പെണ്‍കുട്ടിയുടെ സ്നേഹസന്ദേശം

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍