UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസ്, ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ; ഇവരെ നാം എന്തുകൊണ്ട് വിചാരണ ചെയ്യണം

സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം: ചുംബന സമരത്തെയും, ഹാദിയ കേസിനെയും മുന്‍നിര്‍ത്തി ചില ആലോചനകള്‍

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു എന്ന 20 വയസുകാരനെ പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി കുത്തിക്കൊലപ്പെടുത്തി. എന്തുകൊണ്ട് തീവ്ര മത സംഘടനകള്‍ മതേതര സമൂഹത്തിനു നേരെ നിരന്തരമായി ആക്രമണം അഴിച്ചു വിടുന്നു എന്നതിനെ കുറിച്ച് ഹാദിയ വിഷയം ചര്‍ച്ചയില്‍ നിന്നപ്പോള്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.

മലയാളത്തിലെ സാമൂഹ മാധ്യമ ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ആശയമായി സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും കടന്നുവരുന്നുണ്ട്. എങ്ങനെയാണ് വിവിധ ഹിന്ദു, മുസ്ലീം മത, രാഷ്ട്രീയ വിഭാഗങ്ങള്‍ ഈ സങ്കല്‍പ്പനങ്ങളെ സ്വാംശീകരിച്ചിരിക്കുന്നത്? മതവിശ്വാസികളായ സാധാരണ മനുഷ്യരെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്, മറിച്ച് മതത്തില്‍ ഊന്നിയ സംഘടിത രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ആര്‍എസ്എസ്, ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളെ മുന്‍നിര്‍ത്തി സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും അവര്‍ എങ്ങനെയാണ് വിഭാവനം ചെയ്യുന്നത് എന്ന് മനസിലാക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.

എന്തുകൊണ്ട് ഈ ചര്‍ച്ചയിലേക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെ കൊണ്ടുവരുന്നില്ല എന്ന് ചോദിച്ചേക്കാം. അവര്‍ മുസ്ലീം സമുദായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയാണ് എന്നതാണ് ഉത്തരം. ഇസ്ലാമിസ്റ്റ് രാഷ്ട്രീയവും സമുദായത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും രണ്ടായി കാണേണ്ടതുണ്ട്. ഇസ്ലാമിസ്റ്റുകള്‍ തങ്ങളുടെ ആധുനിക മതവ്യാഖ്യാനത്തെയാണ് ദാര്‍ശനിക അടിത്തറയായി എടുക്കുന്നത്. എന്നാല്‍ മുസ്ലീം ലീഗ് എന്ന സമുദായ സംഘടന അവരുടെ രാഷ്ട്രീയ ഭാവനയുടെ ദാര്‍ശനിക ഇടമായി കാണുന്നത് ആധുനിക ജനാധിപത്യ മൂല്യങ്ങളാണ്. ഇന്ത്യന്‍ ഭരണഘടന അതില്‍ സുപ്രധാനവുമാണ്. അല്ലാതെ മതസംഹിതകളെ അടിസ്ഥാനപ്പെടുത്തിയതല്ല അവരുടെ രാഷ്ട്രീയ വ്യഖ്യാനങ്ങള്‍ എന്ന് കാണാന്‍ കഴിയും. ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ സമുദായ താല്‍പര്യത്തിനായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ ദാര്‍ശനിക അടിത്തറ ഇസ്ലാമിന്‍റെ ആധുനിക മത-രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ്. ആര്‍എസ്എസ് ആകട്ടെ ബ്രാഹമണിക്കലായ ദാര്‍ശനിക പരിസരത്തില്‍ നിന്നാണ് രാഷ്ട്രീയ ഊര്‍ജ്ജം കണ്ടെത്തുന്നത്.

ആര്‍എസ്എസ്, ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയെ സമീകരിക്കുകയാണോ ചെയ്യുന്നത്? അല്ല. രണ്ടും ഒരുപോലെയാണ് എന്ന് വാദിക്കുകയാണോ ചെയ്യുന്നത്? അതും അല്ല. പിന്നെ എങ്ങനെയാണ് ആര്‍എസ്എസിനെയും മുസ്ലീം സംഘടനകളെയും ഒരുമിച്ചെടുക്കുന്നത്? ഈ മൂന്ന് സംഘടനകളും മത രാഷ്ട്രീയത്തെ മുന്നോട്ടുവെക്കുന്നവയാണ്. ചരിത്രപരമായി ഇവ വ്യത്യസ്തമായിരിക്കുമ്പോള്‍ തന്നെ സമകാലീനതയുടെ സാമൂഹിക സന്ദര്‍ഭത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ വിഷയങ്ങളില്‍ വ്യത്യസ്തമായി പ്രതികരിക്കുന്നുണ്ട്. അതായത് വര്‍ത്തമാനകാലത്തിന്‍റെ പ്രതലത്തില്‍ നില്‍ക്കുന്നവര്‍ കൂടിയാണ് ഈ സംഘടനകള്‍. അവയുടെ പ്രവര്‍ത്തനങ്ങളെ സമീകരിക്കാതെ തന്നെ അവര്‍ മുഖാമുഖം നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്ന് എങ്ങനെയാണ് സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവയോട് സംവദിക്കുന്നത് എന്ന് നോക്കാനാണ് ഇവിടെ അവയെ ഒരുമിച്ചെടുക്കുന്നത്.

സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയവ അമൂര്‍ത്തമായ ചില സങ്കല്‍പ്പങ്ങളാണ്. എന്നാല്‍ അവയെ, മൂര്‍ത്തമായ പ്രയോഗ സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് ഇത്തരം സംഘടനകള്‍ കൈകാര്യം ചെയ്യുന്നത് എന്ന് പരിശോധിക്കുകയാണിവിടെ. ചുംബന സമരം, ഹാദിയ കേസ് എന്നിവയെ ഉദാഹരണങ്ങളായി നമുക്ക് നോക്കാവുന്നതാണ്.

ചുംബന സമരത്തെ മൂന്ന് സംഘടനകളും ശക്തമായി എതിര്‍ത്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പോത്തുകളെ വെച്ചുകൊണ്ട് ഒരു ജാഥ നടത്തിയപ്പോള്‍ സംഘപരിവാര്‍ സമരക്കാരെ തല്ലി ഓടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഹീനമായ സദാചാര വിരുദ്ധ പ്രവൃത്തിയായി രണ്ടുപേരും ചുംബന സമരത്തെ അടയാളപ്പെടുത്തി. ജമാ അത്തെ ഇസ്ലാമിക്ക് ഒരു ‘ബൗദ്ധിക’ സംഘടനയുടെ പരിവേഷം ഉള്ളതുകൊണ്ട് സമരം ലിബറല്‍ അഴിഞ്ഞാട്ടമായി വിലയിരുത്തുകയാണ് ചെയ്തത്. ലിബറല്‍ എന്ന ഒരു ചാപ്പ ഉപയോഗിച്ച് അതില്‍ പങ്കെടുത്ത എല്ലാവരെയും ഒരേ തട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ചുംബനസമരക്കാര്‍ വൈവിധ്യം നിറഞ്ഞ ഒരു സംഘമായിരുന്നു. അതില്‍ ലിബറലുകളും ലിബറല്‍ വിമര്‍ശകരും ഉണ്ടായിരുന്നു.

എന്തായിരുന്നു ലിബറലുകള്‍ അല്ലാത്ത, സംഘപരിവാരുകാരുടെയും ജമാ അത്തെയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ചുംബന സമര വിമര്‍ശനങ്ങളുടെ അടിസ്ഥാനം? ആദ്യത്തേത് ‘മഹത്തായ ഇന്ത്യന്‍ പാരമ്പര്യം’ എന്ന, ദേശീയതയുടെ കാലത്ത് വളര്‍ന്നുവന്ന ആധുനിക വീക്ഷണത്തെ മുന്‍നിര്‍ത്തി ഏകശിലാത്മകമായ ഒരു സാംസ്കാരിക നിര്‍മ്മിതിയെ ഉറപ്പിക്കുകയും ഇതര പ്രകാശനങ്ങളെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ബ്രാഹ്മണിക്കലാ യ ഒരു ജീവിത വീക്ഷണത്തെ ദാര്‍ശനിക അടിത്തറയായി സ്വീകരിച്ചുകൊണ്ട് ഇതര വീക്ഷണങ്ങളെ തള്ളിക്കളയുകയാണ് അവര്‍ ചെയ്യുന്നത്. ഈ ദാര്‍ശനിക പരിസരത്തില്‍ നിന്നാണ് അവര്‍ ‘സ്വാതന്ത്ര്യം’ വിഭാവനം ചെയ്യുന്നത്. ജാതി ശ്രേണിയുടെ ക്രൂരമായ ഹിംസയെ, സദാചാര സങ്കല്‍പ്പങ്ങളെ ആന്തരികവല്‍ക്കരിച്ച ‘സ്വാതന്ത്ര്യ’ ഭാവനകളെ മാത്രമേ അതിന് നല്‍കാന്‍ കഴിയുകയുള്ളൂ.

സദാചാര ജീവിതത്തെക്കുറിച്ചുള്ള ഇസ്ലാമിക ദര്‍ശനമാണ് മറ്റ് രണ്ടു സംഘടനകളുടെയും വിശകലന മാനദണ്ഡം. മൌദുദിയുടെ രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചുള്ള വീക്ഷണമാണ് ജമാ അത്തെ വിശകലനങ്ങളുടെ ആണിക്കല്ല്. കേരളത്തിലെയും ഇന്ത്യയുടെയും സവിശേഷ സാഹചര്യത്തെ ഇസ്ലാമിക രാഷ്ട്രീയ വായനയിലൂടെ നേരിടുകയാണ് പി.ഫ്.ഐ ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമിക ദര്‍ശനത്തിന്‍റെ രാഷ്ട്രീയ വായനകളാണ് ഈ സംഘടനകളുടെ ഊര്‍ജ്ജം. ഇവിടെ ശരിതെറ്റുകളുടെ വിശകലനോപാധി രണ്ട് കേന്ദ്രങ്ങളാവുന്നു 1) ബ്രഹ്മണിക്കലായ ഹൈന്ദവ ദേശീയതയും 2) ഇസ്ലാമിന്‍റെ സദാചാര വീക്ഷണവും. സമീകരിക്കാന്‍ പറ്റാത്ത വ്യത്യസ്ത ചരിത്ര ധാരകളുടെ ഒരു വര്‍ത്തമാന മുഹൂര്‍ത്തത്തോടുള്ള പ്രതികരണമാണ് ഇവ.

ചുംബിക്കുക എന്ന കേവല പ്രവൃത്തി ആയല്ല ചുംബന സമരക്കാര്‍ അതിനെ വിശദീകരിച്ചത്. മറിച്ച് സദാചാരപരമായ വിലക്കുകളോടുള്ള പ്രതീകാത്മക പ്രതികരണമായാണ്. അതിന്‍റെ ആശയം തീര്‍ച്ചയായും ആധുനികമായ ജനാധിപത്യ, സ്വാതന്ത്ര്യ മൂല്യങ്ങളില്‍ വേരുറപ്പിച്ചതാണ്. വ്യക്തിയും പൌരത്വവുമായിരുന്നു അതിന്‍റെ അടിസ്ഥാന തന്തു. അവയാകട്ടെ സെക്കുലര്‍ മൂല്യങ്ങളുമാണ്. ചുംബന സമരത്തിന്റെയും അതിനോടുള്ള എതിര്‍പ്പിന്റെയും വേരുകള്‍ രണ്ടു മൂല്യബോധങ്ങളിലും ലോകവീക്ഷണത്തിലുമാണ് വേരാഴ്ത്തിനില്‍ക്കുന്നത്. ചുംബനസമരം ഏതെങ്കിലും വിഭാഗങ്ങളുടെ അവകാശത്തിന്മേല്‍ ബലപ്രയോഗം നടത്തിക്കൊണ്ട് എകാത്മകതയെ സൃഷ്ടിക്കാന്‍ നടത്തിയ സമരമായിരുന്നില്ല. അത് മതേതര, ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമവും ആയിരുന്നില്ല. മറിച്ച് സ്വമേധയാ വന്നുചേര്‍ന്ന ഒരു സംഘത്തിന്റെ പ്രകാശനാവകാശ പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍ ചുംബന സമരത്തോടുള്ള എതിര്‍പ്പോ? അത് ബലപ്രയോഗമായിരുന്നു. കായികമായ ആക്രമണം പോലുമായിരുന്നു.

ഹാദിയ കേസ് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ പ്രധാന ചര്‍ച്ചാ വിഷയമാക്കുന്നു. മത സ്വാതന്ത്ര്യം ഒരു മത മൂല്യമാണോ? ഏതെങ്കിലും വ്യവസ്ഥാപിത മതങ്ങള്‍ തങ്ങളുടെ അനുയായികള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം നല്‍കുന്നുണ്ടോ? ഇഷ്ടമുള്ള മതം സ്വീകരിക്കാനും മത പ്രചരണം നടത്താനുമുള്ള സ്വാതന്ത്ര്യം ഒരു മതേതര ലിബറല്‍ മൂല്യമാണ്. മതത്തെ അടിസ്ഥാനമാക്കുന്ന ദാര്‍ശനിക പദ്ധതികള്‍ക്ക് ‘മതസ്വാതന്ത്ര്യം’ വിഭാവന ചെയ്യാന്‍ കഴിയില്ല. തങ്ങളുടെ മതത്തിലേക്കുള്ള അന്യ മതസ്ഥരുടെ പരിവര്‍ത്തനം മാത്രമേ അവിടെ സ്വാതന്ത്ര്യമായി അംഗീകരിക്കപ്പെടുള്ളൂ. വേണമെങ്കില്‍ ചിലപ്പോള്‍ മറ്റു മതസ്ഥര്‍ക്ക് ഭൂരിപക്ഷ മതത്തിന് കീഴെയായി മത ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം നല്കിയേക്കാം. അല്ലാതെ മതസ്വാതന്ത്ര്യം ഒരു മത ദര്‍ശന വിഷയമല്ല.

അതുകൊണ്ടാണ് മേല്‍പ്പറഞ്ഞ സംഘടനകള്‍ തങ്ങളുടെ മതത്തില്‍ നിന്നുള്ള പരിവര്‍ത്തനത്തെയും പെണ്‍കുട്ടികളുടെ അന്യ മത വിവാഹത്തെയും ശക്തമായി എതിര്‍ക്കുന്നത്. തസ്നിയുടെതുള്‍പ്പെടെ എത്ര കേസുകളിലാണ് എന്‍.ഡി.എഫ്., എസ്.ഡി.പി. ഐ, പി.എഫ്.ഐ സംഘടനകള്‍ നീചമായി ഇടപെട്ടത്. ഹിന്ദുത്വ ശക്തികള്‍ മതം മാറ്റത്തിനും അന്യമത വിവാഹത്തിനും എതിരായി ഹിംസാത്മകമായി നിരന്തരം ഇടപെടുന്നതും ഇതുകൊണ്ട് തന്നെ. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം ഞാന്‍ പറഞ്ഞതിന് വിരുദ്ധമായാണല്ലോ ഹാദിയ കേസില്‍ ഇസ്ലാമിസ്റ്റ് സംഘടനകള്‍ ഇടപെടുന്നത് എന്ന്. അവര്‍ മതസ്വാതന്ത്ര്യമാണല്ലോ ഉയര്‍ത്തിക്കാട്ടുന്നത് എന്ന്. ഞാന്‍ പറഞ്ഞതില്‍ ഒരു വൈരുധ്യവുമില്ല. അവര്‍ അന്യമതത്തില്‍ നിന്ന് ഇസ്ലാമിലേക്കുള്ള മതംമാറ്റത്തെയാണ് അംഗീകരിക്കുന്നത്. അല്ലാതെ എല്ലാ മതംമാറ്റങ്ങളെയും അല്ല. ഭരണഘടനയെ അവര്‍ ഹാദിയ കേസില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് തന്ത്രപരമായ ഒന്നാണ്. തന്ത്രപരമായ നിലപാടിന്‍റെ അടിസ്ഥാനം സന്ദര്‍ഭമാണ്. തന്ത്രം സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഹിന്ദുവില്‍ നിന്ന് ഇസ്ലാമിലേക്കുള്ള ഒരു പരിവര്‍ത്തനം സാധുവാകണമെങ്കില്‍ ഭരണഘടനാപരമായി അത് സാധുവാണ്‌ എന്ന് വാദിക്കുകയാവും ഉചിതം. തങ്ങളുടെ മതത്തില്‍ പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന തങ്ങളുടെ വാദം ഹാദിയ കേസില്‍ അവര്‍ക്ക് ഗുണം ചെയ്യില്ല. അതുകൊണ്ടാണ് മതേതര, ലിബറല്‍ മൂല്യമായ മതസ്വാതന്ത്ര്യം വേണമെന്ന് ഈ കേസില്‍ അവര്‍ വാദിക്കുന്നത്. മുസ്ലീം പെണ്‍കുട്ടികളുടെ കേസുകളില്‍ നിങ്ങള്‍ക്കത് കാണാന്‍ കഴിയില്ല. മുത്വലാഖ് കേസില്‍ അത് കാണാന്‍ കഴിയില്ല. കാരണം വ്യക്തി സ്വാതന്ത്ര്യം പരമമായി കാണാന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയില്ല. വ്യക്തിസ്വാതന്ത്ര്യമെന്ന സെക്കുലര്‍ ലിബറല്‍ മൂല്യമാണ് സ്വാതന്ത്ര്യ വാദത്തിന്റെ അടിസ്ഥാനം.

സമാനമായ യുക്തിയിലാണ് സംഘപരിവാരുകാരും പ്രവര്‍ത്തിക്കുന്നത്. അവര്‍ മലപ്പുറത്ത് ഇസ്ലാമിലേക്ക് മതംമാറിയ യുവാവിനെ കൊന്നതും ഹാദിയയുടെ മതം മാറ്റത്തെ എതിര്‍ക്കുന്നതും, അതേസമയം ഘര്‍വാപസി സംഘടിപ്പിക്കുന്നതും ഇതേ കാരണത്താലാണ്. അവരുടെ ദാര്‍ശനിക അടിത്തറ ബ്രാഹ്മണിക്കല്‍ മൂല്യമാണ്. അല്ലാതെ മതേതര ലിബറല്‍ മൂല്യമല്ല. അതായത് ഒരു ബഹുസ്വര സമൂഹത്തിലെ സ്വാതന്ത്ര്യം ഇത്തരം സംഘടനകള്‍ക്ക് തന്ത്രപരമായ ഒരു സമീപനമാണ്. അതുകൊണ്ട് തസ്നി പറഞ്ഞപോലെ, സത്യസരണി ഒരേസമയം ഒരാള്‍ക്ക്‌ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയും വേറൊരാള്‍ക്ക് തടവറയും ആകാം.

ഹിന്ദുത്വ സംഘങ്ങളുടെ ‘സ്വാതന്ത്ര്യ, ‘ജനാധിപത്യ ബോധങ്ങള്‍ ഭൂരിപക്ഷ ഹിന്ദു ‘മത’ത്തിന് കീഴില്‍ വിനീതരായ അന്യരെയാണ് വിഭാവനം ചെയ്യുന്നത്. തങ്ങളുടെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങളെ മുന്‍നിര്‍ത്തിയാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളെ അവര്‍ വിലയിരുത്തുന്നത്. അതാവട്ടെ രാഷ്ട്രീയ ഹിന്ദുത്വത്തിന്‍റെ ഇഷ്ടാനിഷ്ടങ്ങളാണു താനും. ബീഫ് രാഷ്ട്രീയം അതിന്‍റെ നല്ല ഉദാഹരണമാണ്.

രാഷ്ട്രീയ ഇസ്ലാം ചെയ്യുന്നത് എന്താണ്? തങ്ങളുടെ മതതാല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് അവര്‍ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും വിലയിരുത്തുന്നത്. എന്നാല്‍ അത് ന്യൂനപക്ഷ മതമെന്ന അതിന്‍റെ നിലയെ എപ്പോഴും ഉണര്‍ത്തി നിര്‍ത്തുന്നുമുണ്ട്. ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക എന്ന ആധിപത്യ ഭാവനയെ നിലനിര്‍ത്തികൊണ്ടാണ് രാഷ്ട്രീയ ഇസ്ലാം എപ്പോഴും വിശകലനങ്ങള്‍ നടത്തുന്നത്. ആദ്യത്തേതില്‍ എന്നപോലെ മതപരമായ ഇഷ്ടാനിഷ്ടങ്ങളാണ് ഇവിടെയും അളവുകോല്‍. തങ്ങളുടെ രാഷ്ട്രീയത്തെ പ്രയോഗിക്കാവുന്ന ഇടത്തിനുള്ള അവകാശവും ഭൂരിപക്ഷ നിലയോടുള്ള തുല്യതയും അത് അവകാശപ്പെടുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയും അവഹേളനപരമായും കൈകാര്യം ചെയ്യുന്നു.

എന്നാല്‍ ചുംബന സമരം നടത്തിയവര്‍, ഹാദിയ കേസില്‍ അവരുടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ പിന്തുണച്ച മതരാഷ്ട്രീയ വാദികളല്ലാത്തവര്‍ ഭൂരിഭാഗവും വ്യക്തിസ്വാതന്ത്ര്യം എന്ന ആശയത്തെ അംഗീകരിക്കുന്നവരാണ്. (അവരെല്ലാവരും കേവല വ്യക്തിവാദത്തെ അംഗീകരിക്കുന്നില്ല) വ്യക്തി സ്വാതന്ത്ര്യം ഒരു മത മൂല്യമല്ല തന്നെ. അതൊരു മതേതര ലിബറല്‍ മൂല്യമാണ്. സുപ്രീം കോടതിയുടെ പ്രഥമ പരിഗണനയും ഈ വ്യക്തി സ്വാതന്ത്ര്യം തന്നെയാവും. ഈ ലിബറല്‍ മൂല്യത്തെ നിരാകരിച്ചാല്‍ മത സ്വാതന്ത്ര്യം, മതം മാറാനുള്ള സ്വാതന്ത്ര്യം എന്നിവ അപ്രസക്തമാവും. മത രാഷ്ട്രീയ വ്യഖ്യാനങ്ങള്‍ക്ക് പുറത്താണ് വ്യക്തി സ്വാതന്ത്ര്യം നിലനില്‍ക്കുന്നത്. അതുകൊണ്ട് ഹാദിയയെ പിന്തുണയ്ക്കുക വഴി തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യ വാദത്തെ വീണ്ടും ഉറപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. അപ്പോള്‍ മതരാഷ്ട്രീയ വാദം ദാര്‍ശനിക പ്രതിസന്ധിയില്‍ അകപ്പെടുന്നു. ആ പ്രതിസന്ധിയെ പൊതുവിടത്തില്‍ മറികടക്കാന്‍ തന്ത്രപരമായ സമീപനം പുറത്തെടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു അല്ലെങ്കില്‍ അവര്‍ക്ക് ആവശ്യമായിവരുന്നു.

ഹിന്ദുത്വ, ഇസ്ലാമിസ്റ്റ് സംഘടനകള്‍ സെക്കുലറിസത്തെ ഒരുപോലെ വിമര്‍ശിക്കുന്നവരാണ്. സംഘപരിവാര്‍ അവരെ വ്യാജ മതേതര വാദികള്‍ എന്നുവിളിക്കുമ്പോള്‍ മറ്റ് രണ്ട് കൂട്ടരും വിമര്‍ശിക്കുന്നത് നിങ്ങളുടെ മതേതരത്വം ഹൈന്ദവമാണ് എന്നാണ്. ആദ്യ വിമര്‍ശനത്തിന്റെ അടിസ്ഥാനം മതേതരവാദികള്‍ ന്യൂനപക്ഷ മതസ്ഥരോട് പ്രീണനം കാണിക്കുന്നു എന്നതാണ്. അത് മുസ്ലീം ആഭിമുഖ്യപരമാണ് എന്നതാണ് കാതല്‍. മറ്റേതാവട്ടെ മതേതര സങ്കല്‍പ്പത്തിലെ ഹിന്ദു സാമാന്യതയെ പ്രശ്നവല്‍ക്കരിക്കുകയും മതേതരത്വം മത ജീവിതത്തിനുമേല്‍ ആധിപത്യം ചെലുത്തുകയും ചെയ്യുന്നു എന്ന് വാദിക്കുന്നു. രണ്ടും മതേതരത്വത്തെ തള്ളിക്കളയുന്നു എന്നു കാണാം. മതരാഷ്ട്രീയം സാധുവാണ്‌ എന്നതാണ് അവരുടെ പക്ഷം. കാരണം മതേതരവാദം ഭരണകൂടത്തില്‍നിന്ന് മതത്തെ ഒഴിച്ചുനിര്‍ത്തുന്നു. മതത്തെ ഒരു സ്വകാര്യ ജീവിത സംഗതിയായി പൊതുവിടത്തില്‍നിന്ന് മാറ്റുന്നു. മതത്തെ രാഷ്ട്രീയത്തില്‍നിന്നു വേര്‍പെടുത്തുന്നു. ഇത് ഒരു യൂറോപ്യന്‍ സങ്കല്‍പ്പമാണെന്നും ഇന്ത്യന്‍ മതേതരത്വം അതില്‍നിന്ന് വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നും ഇന്ന് നമ്മള്‍ പൊതുവില്‍ അംഗീകരിക്കുന്നുണ്ട്. നമ്മുടെ മതേതരത്വത്തിന്റെ ജീവ പരിണാമങ്ങള്‍ മതത്തെ പൊതുവില്‍നിന്ന് അടര്‍ത്തി മാറ്റിയിട്ടില്ല. അത് ഭരണഘടനാപരമായി എല്ലാ മതങ്ങള്‍ക്കും തുല്യത കല്‍പ്പിച്ചു. എന്നാല്‍ രാഷ്ട്രീയത്തെ മതത്തില്‍ നിന്ന് വേര്‍പെടുത്തി കാണുക എന്നത് തന്നെയാണ് ഇന്ത്യന്‍ മതേതര വാദത്തിന്റെയും ദാര്‍ശനിക പ്രചോദനം.

മതേതരവാദം പല കോണുകളില്‍ നിന്ന് വിമര്‍ശന വിധേയമായിട്ടുണ്ട്. അതില്‍ പ്രധാനം യൂറോപ്യന്‍ മതേതരവാദത്തോടുള്ള വിമര്‍ശനങ്ങളാണ്. മതേതരത്വം മതവിശ്വാസ ജീവിതക്രമത്തിനുമേല്‍ ബലപ്രയോഗം നടത്തുന്നു എന്നതാണ് വിമര്‍ശനത്തിന്റെ കാതല്‍. ബഹുസ്വര ജീവിതത്തെ മതേതര ഏകാത്മകതയിലേക്ക് കൊണ്ടുവരുന്നു എന്ന് അത്തരം വിമര്‍ശകര്‍ വാദിക്കുന്നു. ആധുനികാനന്തര ചിന്തകളാണ് ഇത്തരം വിമര്‍ശനങ്ങളുടെ ദാര്‍ശനിക പരിസരം. യൂറോപ്യന്‍ ആധുനികതയുടെ ഹിംസാത്മകതയെ പ്രശ്നവല്‍ക്കരിക്കുന്നതിന്റെ തുടര്‍ച്ചയിലാണ് ഇത്തരം വിമര്‍ശനങ്ങളും സംഭവിക്കുന്നത്‌. ഈ വിമര്‍ശകര്‍ എല്ലാം ഏകാഭിപ്രായം പങ്കുവെക്കുന്നവരല്ല. പൊതു തീര്‍പ്പുകളോ, യോജിപ്പുകളോ ഇല്ലാത്ത അത്യന്തം കലുഷിതമായ ആശയ പരിസരമാണ് ഇവിടെ ഉള്ളത്. അടുത്ത കാലത്തൊന്നും തര്‍ക്കരഹിത മേഖലയാവാനുള്ള സാധ്യതയും ഈ സംവാദ മേഖലയില്‍ കാണുന്നില്ല.

എന്നാല്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ഇവരാരും മത ഭരണകൂടമാണ്‌ ശരിയെന്നും ആധുനിക ജനാധിപത്യത്തെക്കാള്‍ മെച്ചപ്പെട്ടതെന്നും വാദിക്കുന്നില്ല എന്നതാണ്. യൂറോപ്യന്‍ ആധുനികതയുടെ പിഴവിനെ അവര്‍ പ്രശ്നവല്‍ക്കരിക്കുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ദൈവശാസ്ത്ര ചിന്തകര്‍ ഈ വിമര്‍ശനങ്ങളെ പിന്‍പ്പറ്റി മതേതരത്വത്തെ ആക്രമിക്കുന്നു. മതരാഷ്ട്രീയം സാധ്യമാണ് എന്നും അതിനെ നിഷേധിക്കല്‍ ജനാധിപത്യ വിരുദ്ധമാണ് എന്നും അവര്‍ വാദിക്കുന്നു. ഇന്ത്യന്‍ മതേതരത്വവും ഇതുപോലെ വിമര്‍ശന വിധേയമായിട്ടുണ്ട്. അതിന്‍റെ ഹൈന്ദവ, ബ്രാഹ്മണിക്കല്‍ സാമാനീകരണങ്ങളാണ് പ്രശ്ന മണ്ഡലം. അത് പലപ്പോഴും ഹൈന്ദവ സ്വഭാവം കൈവരിക്കുന്നു എന്ന് ഇത്തരം വാദക്കാര്‍ പറയുന്നു. എന്നാല്‍ പലരും യൂറോപ്യന്‍ മതേതരത്വത്തെക്കള്‍ മെച്ചപ്പെട്ടതാണ് നമ്മുടെ മതേതരത്വം എന്നും വാദിക്കുന്നുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയുമാണ് വിമര്‍ശകരുടെ സ്പിരിറ്റ്.

ഇവിടെ ഒരു ആശയക്കുഴപ്പം കടന്നുവരുന്നു. നിലനില്‍ക്കുന്ന ജനാധിപത്യത്തിന്‍റെ പിഴവുകളെ മറികടന്ന് സമൂഹം കൂടുതല്‍ ജനാധിപത്യപരം ആകേണ്ടുന്നതിന്റെ സ്പിരിറ്റാണ് മതേതരത്വത്തോടുള്ള വിമര്‍ശനത്തിന്‍റെ ആധുനികാനന്തര ചിന്തകളുടെ കാതലെങ്കില്‍, മതവാദികളുടെ സ്പിരിറ്റ്, മത വ്യാഖ്യാനത്തെ അടിസ്ഥാനപ്പെടുത്തിയ സമൂഹ നിര്‍മ്മിതിയെ ഉറപ്പിക്കുകയാണ്. അതിന്‍റെ ഭരണകൂടം സ്ഥാപിക്കുകയാണ്. ഒന്ന് കൂടുതല്‍ ബഹുസ്വരമാകാന്‍ ആഗ്രഹിക്കുമ്പോള്‍ മറ്റേത്‌ കൂടുതല്‍ ഇടുങ്ങുന്നു. അതുകൊണ്ട് മൌദൂദിയുടെ ഇസ്ലാം വ്യഖ്യാനം, അതിന്‍റെ രാഷ്ട്രീയ ദര്‍ശനം മതേതരത്വത്തെക്കാള്‍ മെച്ചപ്പെട്ടതാവുന്നില്ല. എന്നാല്‍ ഇവര്‍ക്ക് മതേതരവാദത്തെ വിമര്‍ശിക്കുന്നവരുടെ ചിന്തകള്‍, പുതിയ അവകാശ വാദങ്ങള്‍ക്കും ഉണര്‍വുകള്‍ക്കും ഊര്‍ജ്ജമാവുന്നുണ്ട്. അതുകൊണ്ട് മതവാദികളല്ലാത്ത മതേതരവാദത്തെ വിമര്‍ശിക്കുന്നവരുമായി ചില തന്ത്രപരമായ ഐക്യപ്പെടല്‍ അവര്‍ സ്ഥാപിക്കുന്നതായി കാണാം. മതേതരാനന്തര ചര്‍ച്ചകളിലെ ചില പേരുകള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ ഇത് മനസിലാവും. തലാല്‍ ആസാദിന്‍റെ മതേതര വിമര്‍ശനവും, സബാ മഹമൂദിന്‍റെ കര്‍തൃത്വത്തെ കുറിച്ചുള്ള ചിന്തകളുമാണ് വലിയ തോതില്‍ ഇവര്‍ ഇത്തരം മേഖലയില്‍ ഉപയോഗിക്കുന്നത്.

ആശയ വ്യക്തത വേണ്ടുന്ന ഒരിടമായി ഞാന്‍ കാണുന്നത് ഇവിടെയാണ്‌. തലാല്‍ ആസാദ് ആണെങ്കിലും സബാ മഹമൂദ് ആണെങ്കിലും അവരുടെ ജ്ഞാനശാസ്ത്ര അടിത്തറ ആധുനിക യൂറോപ്യന്‍ ചിന്തകളുടെ വിമര്‍ശന പാരമ്പര്യമാണ്. ആസാദ്, നിഷെയുടെയും ഫൂക്കോയുടെയും ചിന്തകളെ അടിസ്ഥാനമാക്കുമ്പോള്‍, സബാ മാഹമൂദ്, ജൂഡിത്ത് ബട്ട്ലറുമായും ഫൂക്കോയുമായും സംവദിച്ചുകൊണ്ടാണ് തന്‍റെ ചിന്തകള്‍ അവതരിപ്പിക്കുന്നത്‌. അല്ലാതെ ഏതെങ്കിലും മതഗ്രന്ഥവുമായി സംവദിച്ചല്ല. ആധുനികതയെ വിമര്‍ശിക്കുന്ന ആധുനികാനന്തര ചിന്തയും ഉദ്ഭവിക്കുന്നത് യൂറോപ്യന്‍ ജ്ഞാനപരിസരത്തിലാണ്. അതില്‍നിന്നാണ് മേല്‍പ്പറഞ്ഞ രണ്ടു ചിന്തകരും ഊര്‍ജ്ജം എടുക്കുന്നത്.

എന്നാല്‍ നമ്മള്‍ ആര്‍എസ്എസിനെ പരിശോധിച്ചാല്‍ ബ്രാഹ്മണിക്കല്‍ ജ്ഞാനപരിസരത്തെ ആധുനികമായി വ്യാഖ്യാനിക്കുകയാണ് അവര്‍ ചെയ്യുന്നത് എന്ന് കാണാം. ജമാ അത്തെ ഇസ്ലാമി മൌദുദിയുടെ ഖുര്‍ആന്‍ വ്യഖ്യാനത്തെയും ആധുനികമായ രാഷ്ട്രീയ വ്യാഖ്യാനത്തെയും ജ്ഞാന അടിത്തറയാക്കുന്നു. അതായത് മതേതരത്വത്തെ വിമര്‍ശിക്കുന്ന മേല്‍പ്പറഞ്ഞ ചിന്തകരുടെയും, മത രാഷ്ട്രീയത്തിന്റെ മതേതരവാദത്തോടുള്ള വിമര്‍ശനവും കാലൂന്നി നില്‍ക്കുന്ന ജ്ഞാനസിദ്ധാന്ത പരിസരങ്ങള്‍ വ്യത്യസ്തമാണ്. അതിന്‍റെ ആന്തരിക ചോദനകള്‍ വ്യത്യസ്തമാണ്. അതിന്‍റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണ്. ഈ വ്യത്യസ്തതയെ മറച്ചുപിടിച്ച് ആശയക്കുഴപ്പം തങ്ങള്‍ക്കു അനുകൂലമാക്കുകയാണ് മത രാഷ്ട്രീയം ചെയ്യുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെ നാം സംശയലേശമന്യേ പിന്തുണക്കേണ്ടതുണ്ട്. വിവാഹം അസാധുവാക്കിയതും അവരെ വീട്ടുതടങ്കലിൽ ആക്കിയതും വിമർശിക്കേണ്ടതുണ്ട്. അത് മതവാദ രാഷ്ട്രീയത്തെ തള്ളിക്കളയാനും സ്വതന്ത്ര ജനാധിപത്യ രാഷ്ട്രീയത്തെ കൂടുതൽ ശക്തമാക്കാനും മാത്രമെ ഉപകരിക്കൂ. മതവാദ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താൻ ഇപ്പോൾ നാം ചെയ്യേണ്ടത് ഇതാണെന്ന് തോന്നുന്നു.

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ചില വ്യക്തതകള്‍ ആവശ്യപ്പെടുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു, അതാണ്‌ ഈ എഴുത്തിന്റെ പ്രചോദനം. ഇതിലെ ആശയങ്ങള്‍ വിദ്വേഷരഹിതമായ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ സ്വന്തം പേര് ഞാന്‍ ഇവിടെ ഒഴിവാക്കുന്നു. വലിയ ഒരു ചിന്താലോകത്തെ ലളിതമായി വിശദീകരിച്ചതിന്റെ പ്രശ്നങ്ങള്‍ ഈ എഴുത്തിനുണ്ട്‌. അത് പരിഹരിക്കുന്ന കൂടുതല്‍ വിശദമായ എഴുത്തുകള്‍ വേണമെങ്കില്‍ പിന്നീട് നടത്താമെന്ന് തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം

Avatar

എഴുത്താള്‍

സാമൂഹിക നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍