UPDATES

റസീന കെ കെ

കാഴ്ചപ്പാട്

Guest Column

റസീന കെ കെ

കാഴ്ചപ്പാട്

ഹിജാബ് ഒരു ഫെമിനിസ്റ്റ് അജണ്ടയല്ല

സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്തുന്ന മതത്തെ പ്രതിരോധിക്കേണ്ട വഴികൾ നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്ന ഫെമിനിസ്റ്റുകളാണ് ഇപ്പോൾ ഹിജാബിനു വേണ്ടി നിലകൊള്ളുന്നത് എന്നത് എത്ര പരിഹാസ്യകരമാണ്?

റസീന കെ കെ

സ്ത്രീപക്ഷ ചിന്തകളുടെ ഓൺലൈൻ പ്ലാറ്റ്ഫോം എന്ന് വിളിക്കാവുന്ന ‘ഫെമിനിസം ഇൻ ഇന്ത്യ’ ഫേസ്‌ബുക് പേജ് ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാം തിയ്യതി അതിവിചിത്രമായ ഒരു ആഹ്വാനമാണ് നടത്തിയത്. ലോക ഹിജാബ് ദിനമായ ഫെബ്രുവരി ഒന്നാം തിയ്യതി എല്ലാ സ്ത്രീപക്ഷവാദികളായ സ്ത്രീകളോടും ഹിജാബ് അണിഞ്ഞുകൊണ്ട്, മുസ്ലിം സ്ത്രീയുടെ ഹിജാബ് ധരിക്കുവാനുള്ള സ്വാതന്ത്യത്തിനായി ഒരുമിക്കാനാണ് ഫെമിനിസം ഇൻ ഇന്ത്യ ആവശ്യപെട്ടത്.

ശിരോവസ്ത്രമെന്ന മലയാളവാക്ക് ഹിജാബിന്റെ അർത്ഥം പൂർണ്ണമായും ഉൾക്കൊള്ളുന്നില്ല. ശിരസ്സിനൊപ്പം നെഞ്ചിനെ കൂടി മറയ്ക്കുന്ന വസ്ത്രമാണ് ഹിജാബ്. ഖുർആനിനേയും പ്രവാചകൻ മുഹമ്മദിന്റെ വാമൊഴികളുടെ ലിഖിത രൂപമെന്ന് അവകാശപ്പെടുന്ന ഹദീസുകളെയും മുൻനിർത്തി സ്ത്രീകൾക്ക് നിർബന്ധമായ വസ്ത്രമായി ഹിജാബിനെ ഇസ്ലാം ചൂണ്ടിക്കാണിക്കുന്നു. പ്രവാചകന്റെ മരണാനന്തരം ഏകദേശം നൂറ്റി അമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഹിജാബ് അറേബ്യയിൽ പ്രചാരം നേടുന്നത്. ഇസ്ലാമിക വിപ്ലവത്തിനു ശേഷം ആയത്തുള്ള ഖുമൈനി അധികാരം ഏറ്റടുത്തപ്പോൾ 1979-ൽ ഇറാനിൽ ഹിജാബ് നിയമം മൂലം നിർബന്ധമാക്കി. സൗദി അറേബ്യ കൂടാതെ ഇറാൻ, സുഡാൻ, ഇൻഡോനേഷ്യയുടെ അസെഹ് പ്രവിശ്യ യടക്കം നാലു രാജ്യങ്ങൾ നിലവിൽ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയിട്ടുണ്ട്.

ഇസ്ലാം മതത്തിന്റെ ഘടനാപരമായ മാറ്റം എന്ന നിലയ്ക്കപ്പുറം ഒരു രാഷ്‌ടീയ പ്രതിരോധം എന്നനിലയിൽ ആണ് ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിൽ ഹിജാബ് കടന്നു വന്നത്. പുരാതന ഇന്ത്യൻ മുസ്ലിം വസ്ത്രധാരണരീതികളിൽ ശിരോവസ്ത്രങ്ങൾ ഇന്നുകാണുന്ന രൂപത്തിൽ ആയിരുന്നില്ല. അയോധ്യയിലെ രാമക്ഷേത്ര പ്രക്ഷോഭങ്ങളും പിന്നാലെ ബാബറി മസ്ജിദ് തകര്‍ത്തതിനും ശേഷം രാജ്യത്ത് സംജാതമായ മത ധ്രുവീകരണത്തിന്റെ തുടർച്ചയായാണ് ഹിജാബ് ഇന്ത്യയിൽ വ്യപകമാവുന്നത്. കൂടുതൽ മതാത്മകമായി മാറിയ ഇന്ത്യൻ പശ്ചാത്തലത്തിൽ വസ്ത്രധാരണ രീതിയെ കുറിച്ചുള്ള ചർച്ചകളും ബോധവത്കരണവും ഇസ്ലാമിലേക്ക് കൂടുതലായി കടന്നുവരികയും, വിവിധ മുസ്ലിം മതസംഘടനകളുടെ പ്രഭാഷണ വേദികളിൽ ഹിജാബ് ചർച്ചകൾ സജീവമാവുകയും, ഹിജാബ് മുസ്ലിം സ്ത്രീയുടെ അഭിമാന ചിഹ്നമാണ് എന്ന സ്ഥിതി വരികയും ചെയ്തു. തുടർന്ന് ഹിജാബിലൂടെയും പർദ്ദയിലൂടെയും മുസ്ലിം സ്ത്രീകൾ കൂടുതൽ മതാത്മകമായി പൊതുമണ്ഡലത്തിൽ അടയാളപ്പെടുത്തപ്പെട്ടു. മുഖം മുഴുവനായി മറച്ചുകൊണ്ട് പരീക്ഷാഹാളുകളിൽ അടക്കം സ്ത്രീകൾ എത്തുന്നത് പലപ്പോഴും ആശയകുഴപ്പത്തിനും സംഘർഷങ്ങൾക്കും വരെ വഴി വെച്ചു.

2013-ൽ നസ്‌മ ഖാൻ എന്ന ബംഗ്ലാദേശ് – അമേരിക്കൻ ആക്ടിവിസ്റ്റ് ആണ് ഫെബ്രുവരി ഒന്നാം തിയ്യതി ലോക ഹിജാബ് ദിനമായി ആചരിക്കുന്ന പതിവിന് ആരംഭം കുറിച്ചത്. നൂറ്റി നാല്പതോളം രാജ്യങ്ങളിൽ ഹിജാബ് ദിനം ആചരിക്കുന്നുണ്ട്. ഹിജാബിന്റെ മഹത്വം ബോധ്യപ്പെടുത്തിക്കൊണ്ട് കൂടുതൽ സ്ത്രീകളെ ഹിജാബിലേക്ക് ആകർഷിക്കുക, ഹിജാബ് അനുഭവങ്ങൾ പങ്കിടുക എന്നതൊക്കെയാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യങ്ങൾ.

ഇന്ത്യയിൽ ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ രൂപപ്പെട്ട ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തിൽ മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെടുന്നു എന്നും, അവരുടെ വ്യക്തി സ്വാതന്ത്ര്യം ഉറപ്പു വരുത്താനായി എല്ലാസ്ത്രീകളും ഫെബ്രുവരി ഒന്നിന് ഹിജാബ് ധരിച്ചുകൊണ്ട് ഹിജാബ് ദിനം ആഘോഷിക്കണം എന്നുമാണ് ഫെമിനിസം ഇൻ ഇന്ത്യയുടെ ഫേസ്ബുക് പേജിലൂടെ ആഹ്വാനം ചെയ്തത്. എന്നാല്‍ കല, സംസ്കാരം, സാങ്കേതികവിദ്യ, മാധ്യമങ്ങൾ, എന്നിവയെയൊക്കെ സംയോജിപ്പിച്ചുകൊണ്ട്, പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന ഓൺലൈൻ കൂട്ടായ്മയായ ഫെമിനിസം ഇൻ ഇന്ത്യ മുസ്ലിം സ്ത്രീകൾക്കായി നടത്തിയിരിക്കുന്ന ഈ ആഹ്വാനം ഇന്ത്യയിൽ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ അടിവേര് ഇളക്കുന്ന ഒന്നാണ്. ക്യാമ്പയിനുകളും ചർച്ചകളും സംവാദങ്ങളും ഒക്കെയായി നിരന്തരം സ്ത്രീ ചിന്തകളുടെ പ്രചാരണ രംഗത്തുള്ള ഫെമിനിസം ഇൻ ഇന്ത്യക്ക് സ്ത്രീപക്ഷ ചിന്തകൾ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ ഫെമിനിസം നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയുടെ ദു:സൂചനയാണ് ഈ ആഹ്വാനം.

മതാത്മകമായ ഒരു പ്രശ്നത്തെ ഫെമിനിസത്തിന് ഏറ്റെടുത്ത് കൂടാ എന്നില്ല. പക്ഷെ സ്ത്രീയുടെ ശരീരത്തെ ഒരു ലൈംഗിക ഉപകരണം മാത്രമായി കണക്കാക്കികൊണ്ട്, സ്ത്രീ ശരീരം പൊതിഞ്ഞു സൂക്ഷിക്കണം എന്ന മത നിയമത്തിനൊപ്പം നിൽക്കുക ഏത് അടിയന്തിര രാഷ്ട്രീയ പശ്ചാത്തലത്തിലാണെങ്കിലും അംഗീകരിക്കപ്പെടാവുന്നതല്ല. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായി രൂപപ്പെടുന്ന ന്യുനപക്ഷ പ്രീണന രാഷ്ട്രീയനയത്തിന്റെ ഭാഗമായി ഉയരുന്ന ഒന്നാണ് ഫെമിനിസം ഇൻ ഇന്ത്യയുടെ ഈ ആഹ്വനവും. ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴിലുള്ള ന്യൂനപക്ഷ മതവിശ്വാസികളായ സ്ത്രീകളുടെ അവകാശ സംരക്ഷണം തീർച്ചയായും ഇന്ത്യൻ ഫെമിനിസത്തിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ അതുവരെ നേടിയ എല്ലാ മുന്നേറ്റങ്ങളെയും റദ്ദ് ചെയ്യുന്നതാവരുത് അത്‌ എന്ന് മാത്രം. ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരത്തിലെ മുസ്ലിം സ്വത്വം ചർച്ചക്കെടുക്കുമ്പോൾ അതിലെ സ്ത്രീ സ്വത്വത്തിന്റെ നിലനിൽപ്പ് ഇതുപോലെ തമാശ ആയിപ്പോവുകയേ ഉള്ളൂ. മതത്തിനകത്ത് ഇല്ലായ്മ ചെയ്യപ്പെട്ട ഒരു സ്വത്വത്തെ ഹിന്ദു വർഗീയതയുടെ പേരിൽ പുനർനിർമിക്കുക സാധ്യമല്ലല്ലോ? ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന ഫാസിസ്റ്റ് ഭീഷണി ബിജെപി ഭരണംമൂലമുള്ളത് മാത്രമാണെന്നാണോ ഫെമിനിസം ഇൻ ഇന്ത്യ അണിയറ പ്രവർത്തകർ ധരിച്ചു വെച്ചിരിക്കുന്നത്? ബിജെപി ഭരണകൂടത്തിനൊപ്പം തന്നെ, ഒരു പക്ഷെ അതിലും ഭീകരമായി സ്ത്രീ സ്വാതന്ത്ര്യത്തിന് മുകളിൽ കാലാകാലങ്ങളായി കയ്യേറ്റം നടത്തുന്ന മതാത്മക ഫാസിസത്തെ കണ്ടില്ലെന്ന് നടിക്കുന്നത് എങ്ങനെയാണ്? മതത്തിന്റെ ആഹ്വാനങ്ങളെ ഏറ്റുപിടിക്കാൻ ഇന്ത്യൻ സ്ത്രീകളോട് ആവശ്യപ്പെടുന്നത് ഏത് അജണ്ടയുടെ ഭാഗമാണ്? ഇസ്ലാമോഫോബിയ മൂലം സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന ഭീഷണികളെ രാഷ്ട്രീയപരമായി നേരിടുകയും അതേസമയം തന്നെ വ്യക്തിസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകും വിധം ജീവിക്കാൻ സ്ത്രീകളെ പ്രചോദിപ്പിക്കുകയും അല്ലേ യഥാർത്ഥത്തിൽ സ്ത്രീപക്ഷ രാഷ്ട്രീയം?

സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്തുന്ന മതത്തെ പ്രതിരോധിക്കേണ്ട വഴികൾ നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്ന ഫെമിനിസ്റ്റുകൾ ആണ് ഇപ്പോൾ ഹിജാബിനു വേണ്ടി നിലകൊള്ളുന്നത് എന്നത് എത്ര പരിഹാസ്യകരമാണ്? ഇറാൻ, സൗദി തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലെല്ലാം ഹിജാബിനെതിരെ ഫെമിനിസ്റ്റ് മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു . പ്രതീകാത്മകമായി ഹിജാബ് നീക്കം ചെയ്ത് നിരത്തിൽ പ്രത്യക്ഷപ്പെട്ടതിന് ഷപരാഖ് ഷാജാരിസാധ് എന്ന ഇറാനിയൻ ഫെമിനിസ്റ്റിന് ഇരുപത് വർഷത്തെ ജയിൽ വാസമാണ് ഇറാൻ ഭരണകൂടം വിധിച്ചത്. അടിച്ചമർത്തലുകൾക്കിടയിലും അവിടെനിന്നെല്ലാം ഉയരുന്നത് പ്രതിരോധത്തിന്റെ ശബ്‌ദമാണ്, ഹിജാബ് ആഘോഷത്തിന്റെയല്ല. സൗദി അറേബ്യയിൽ പോലും സൽമാൻ രാജാവിന്റെ ഭരണത്തിൻകീഴിൽ ഹിജാബിന്റെ കടുംപിടുത്തതിൽ അയവു വന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഹിജാബിന്റെ പ്രചാരണത്തിന് ഫെമിനിസം ഇൻ ഇന്ത്യ മുൻകൈ എടുക്കുന്നത്! സ്ത്രീപക്ഷ ചിന്തകർ മുഖ്യധാരാ രാഷ്ട്രീയത്തോട് ഒട്ടിനിൽക്കുമ്പോൾ, കക്ഷി രാഷ്ട്രീയ അജണ്ടകൾ എല്ലായ്പ്പോഴും ഇപ്രകാരം സ്ത്രീപക്ഷ അജണ്ടകളെ അട്ടിമറിച്ചുകൊണ്ടിരി ക്കും. അതിനെ ബുദ്ധിപൂർവം പ്രതിരോധിക്കുന്നതിന് പകരം ഹിജാബ് ദിനാഘോഷം പോലുള്ള വങ്കത്തരങ്ങൾക്ക് പിറകെ പോയാൽ ഫെമിനിസ്റ്റ് ചിന്താധാര തന്നെ റദ്ദ് ചെയ്യപ്പെടും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റസീന കെ കെ

റസീന കെ കെ

മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യ അധ്യാപിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍