UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

(അപ)ശബ്ദങ്ങള്‍

ഡോ. വീണാ മണി

ഹിന്ദുത്വയുടെ വംശശുദ്ധി പാഠങ്ങളും നമ്മുടെ പൊതുവിദ്യാഭ്യാസവും; ഭയപ്പെടുത്തുന്ന നിശബ്ദതയുടെ കാലം

നാഷണൽ എഡ്യൂക്കേഷണൽ പോളിസി (NEP)യുടെ ഡ്രാഫ്റ്റ് (2019) പുറത്തു വന്നതുമുതൽ പൊതുവിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള ഭയങ്ങൾ കൂടിവരികയാണ്

“Distracted From Distraction By Distraction” – T. S Eliot.

കുറെ കാലങ്ങളായുള്ള നമ്മുടെ വാർത്തകളുടെ രീതി ഇതാണ്; പ്രതികരണങ്ങളുടെയും.

കൊടുംക്രൂരതകൾ ചരിത്രത്തിൽ സംഭവിച്ചപ്പോൾ ‘നല്ലവരായ മനുഷ്യർ’ എന്തെടുക്കുകയായിരുന്നു?

നമ്മൾ ഇപ്പോൾ എന്ത് ചെയ്യുന്നോ, അതൊക്കെ തന്നെ.

കാശ്മീർ, അസം – നാഷണൽ രജിസ്റ്ററി ഓഫ് സിറ്റിസണ്‍സ്, തകര്‍ന്ന സമ്പദ് വ്യവസ്ഥ-ജിഡിപി, വ്യവസായ-കാർഷിക മേഖലയുടെ അധോഗതി, ഭീം ആർമി നേതാവ് ചന്ദ്രശേഖറിനെതിരെയുള്ള അക്രമങ്ങൾ, ഭീമ-കൊറേഗാവിനു ശേഷമുള്ള ബുദ്ധിജീവി-സാമൂഹ്യപ്രവർത്തകരെ വേട്ടയാടൽ, ‘യുദ്ധവും സമാധാനവും’ കോടതികളും,  റോമില ഥാപ്പര്‍, കേരളത്തിൽ അമ്പലങ്ങൾക്കെതിരെ ആര്‍എസ്എസ് തീവ്രവാദികളുടെ അക്രമവും തുടർന്ന് ലഹള ഉണ്ടാക്കാനുള്ള പദ്ധതികള്‍ പുറത്തുവരല്‍… ഇതെല്ലാം നീണ്ട പട്ടികയിലെ കുറച്ചു കാര്യങ്ങൾ.

ഇതൊക്കെ അനീതിയാണോ എന്ന് സംശയിക്കുന്നവരുണ്ടെങ്കിൽ ഒന്ന് ആവർത്തിക്കട്ടെ, ആണ്. അനീതിയാണ്. ഇതിനെയൊക്കെ ന്യായീകരിക്കുന്നവരോട്, നിങ്ങൾ അറിഞ്ഞുകൊണ്ട് അനീതിക്ക് കൂട്ട് നിൽക്കുകയാണ് എന്നേ പറയാനുള്ളൂ. സംശയത്തിന്റെ ആനുകൂല്യങ്ങളൊന്നും ഇനി ആരും അര്‍ഹിക്കുന്നുമില്ല.

പറഞ്ഞു വരുന്നത് വാർത്തകളും അവയിലെ പതർച്ചകളെയും കുറിച്ചാണ്. പല വാർത്താ ചാനലുകളും പത്രങ്ങളുമൊക്കെ കേന്ദ്രത്തിലെ ഭരണകക്ഷിയുടെ മൈക്ക് സെറ്റായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കോബ്ര പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷൻസിനു ശേഷവും പിന്നീടും ഒറ്റപ്പെട്ട ചർച്ചകള്‍ ഇതിനു പുറത്തുണ്ടായി. സോഷ്യൽ മീഡിയയിലെ ബിജെപി-ഐ ടി സെല്ലിന്റെ നുണപ്രചാരണങ്ങളുടെ കുത്തൊഴുക്ക് അസഹനീയമാണ്. അത്തരം പ്രൊപ്പഗണ്ടകളുടെ ചുരുളുകൾ അതിൽ പ്രവർത്തിച്ചവർ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇതൊക്കെ ആര്‍ക്കും കുറച്ചു സമയം ഗൂഗിളില്‍ ചിലവഴിച്ചാല്‍ മനസിലാകുന്ന കാര്യവുമാണ്. പറഞ്ഞു വരുന്നത്, നമ്മൾ ഈ ആ വാർത്തകൾക്കൊപ്പം ഓടിയെത്താൻ ശ്രമിക്കുമ്പോൾ തന്നെ നമ്മളെ വഴി തെറ്റിക്കാനുമുള്ള വിദ്യകൾ ചില മാധ്യമങ്ങൾ ഇട്ടു തരുന്നുണ്ട്.

അങ്ങനെ തോന്നിയ ഒരു വിഷയം മാത്രം ഇവിടെ പറയട്ടെ.

ജെഎൻയു സർവകലാശാലയിലെ അഴിച്ചുപണിക്കിടയിലെ ഒരു വാർത്ത, എമിരേറ്റസ്‌ പ്രൊഫസറായ റോമിലെ ഥാപ്പറിനോട് അവരുടെ സി.വി അവിടുത്തെ ഭരണസമിതി ചോദിച്ചു എന്നുള്ളതാണ്. റോമിലെ ഥാപ്പർ ആരെന്നറിയാനും ഗൂഗിൾ നോക്കിയാൽ മതി. അവാർഡുകളുടെ ലിസ്റ്റ് നോക്കിയില്ലേലും അവരുടെ എഴുത്തുകൾ വായിക്കണം. ഇന്ത്യൻ ചരിത്രത്തെ രേഖപ്പെടുത്തുന്നതിലും, വിശിഷ്യാ വലതുപക്ഷ ചരിത്രസൃഷ്ടികളെ ഇനിയും പതിറ്റാണ്ടുകൾ ചെറുക്കാനുമുള്ള വിത്ത് അവരുടെ പിഎച്ച്ഡി തീസിസ് തൊട്ടിങ്ങോട്ടുണ്ട്. ജെഎൻയു സർവകലാശാല രൂപീകരണത്തിൽ വരെ വലിയ പങ്കു വഹിച്ച അവരോട്, അവിടെ തുടരാനുള്ള അർഹതയുണ്ടോ എന്ന് ചെക്ക് ചെയ്യാനാണ് സി.വി ആവശ്യപ്പെട്ടത്. എമിരേറ്റസ്സ് പദവി ജീവിതകാലം മുഴുവന്‍ ഉള്ളതാണെന്നൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ നിരീക്ഷിക്കുന്നവർക്ക് ഈ സി.വി ചോദിക്കൽ ഞെട്ടലുണ്ടാക്കാനും വഴിയില്ല. അവർക്കറിയാം, ഇത് വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം ശ്രദ്ധിക്കാനൊന്നുമല്ല എന്ന്.

ഇന്ത്യയിലെ പൊതുവിദ്യാഭ്യാസമേഖല ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ഉയർച്ചയ്ക്ക് സുപ്രധാനമാണ്. സാമൂഹ്യനീതി ലക്ഷ്യമിട്ട് ഉറപ്പുവരുത്തേണ്ട ഈ മേഖല പക്ഷെ തുടക്കം മുതലേ പ്രശ്നഭരിതമായിരുന്നു. സമൂഹത്തിലെ അടിത്തട്ടിലുള്ളവരെ പല വിധത്തിലും പുറത്താക്കിയും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വഴിമാറിയും പൊതുവിദ്യാഭ്യാസമേഖല തളരുന്നുണ്ടായിരുന്നു. എന്നാൽ കേരളവും തമിഴ്‌നാടുമടക്കം കുറച്ചു സംസ്ഥാനങ്ങൾ പൊതുവിദ്യാഭാസത്തിന് ഊന്നൽ കൊടുത്തു നീങ്ങി. ഇവിടെയും പ്രശ്നങ്ങൾ ഇല്ല എന്നല്ല, പക്ഷേ ഇവിടുത്തെ ജനങ്ങൾക്ക് പൊതുവിദ്യാലയങ്ങളുടെ വില നന്നായറിയാം. സാമൂഹ്യനീതിയുടെ ആദ്യ ഉദ്ദേശം സമൂഹത്തിലെ വിഭവങ്ങളുടെ ശരിയായ വിഭജനവുമാണല്ലോ. ഇത്തരത്തിലൊക്കെയുള്ള പൊതുവിദ്യാഭ്യാസത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കാനായും അതിശക്തമായ സ്വകാര്യവത്ക്കരണത്തിനുമാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. അതിനുള്ള വേരുകൾ രണ്ടാം യുപിഎ കാലത്തു തന്നെ തുടങ്ങി എന്നും നമ്മൾ സമ്മതിക്കേണ്ടി വരും.

നാഷണൽ എഡ്യൂക്കേഷണൽ പോളിസി (NEP)യുടെ ഡ്രാഫ്റ്റ് (2019) പുറത്തു വന്നതുമുതൽ പൊതുവിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള ഭയങ്ങൾ കൂടിവരികയാണ്. പ്രത്യക്ഷത്തിൽ പുരോഗതിയുടെയും ഉൾക്കൊള്ളിക്കലുകളുടെയും ഭാഷ ഡ്രാഫ്റ്റിൽ ഉണ്ടെങ്കിലും പല അവ്യക്തതകളിലൂടെ ഈ ഡ്രാഫ്റ്റ് ചില കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്. പുതിയ മാറ്റങ്ങളിൽ സംവരണത്തിന്റെ സ്ഥാനം പ്രതിപാദിച്ചിട്ടേയില്ല എന്നുള്ളതാണ് അതില്‍ ഏറ്റവും പ്രധാനം. ഇതിനോട് കൂടി ചേർത്തി വായിക്കേണ്ട മറ്റൊരു കാര്യം വിദ്യാഭ്യാസരംഗത്ത് തീവ്രവലതുപക്ഷത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ ധാരകളെ മാത്രം ഉൾക്കൊള്ളുന്ന ഒരു ധാര പിന്നണിയിൽ ഒരുക്കപ്പെടുന്നു എന്നുള്ളതാണ്. ഇപ്പറഞ്ഞ തീവ്രവലതുപക്ഷചിന്താധാരകളെ അടുത്തറിഞ്ഞാൽ മാത്രമേ NEP ഡ്രാഫ്റ്റിന്റെ പ്രശ്നങ്ങൾ കൂടുതൽ തെളിഞ്ഞുവരികയുള്ളൂ. NEP ഡ്രാഫ്റ്റിന്റെ വിശകലനം ഈ എഴുത്തിന്റെ പരിധിക്കപ്പുറമാണ്. എന്നാൽ വിദ്യാഭ്യാസരംഗത്തെ കാവിവത്ക്കരണത്തെക്കുറിച്ചും, പ്രത്യേകിച്ച് ചരിത്രപഠനത്തിൽ അശാസ്ത്രീയതയും കള്ളങ്ങളും ചേർത്ത് ഇന്ത്യൻ ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങൾ റോമില ഥാപ്പർ വിസ്തരിച്ചിട്ടും ചെറുത്തിട്ടുമുള്ളത് സൂചിപ്പിക്കുകയാണ് ഇവിടെ.

NCERT-ക്കു വേണ്ടി 6-7 ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകങ്ങൾ റോമിലെ ഥാപ്പർ സമാഹരിച്ചിട്ടുണ്ട്. നാല്പതുകൊല്ലം നിലനിന്ന ആ പുസ്തകങ്ങൾ രണ്ടു മൂന്നു തവണ പുതുക്കിയിട്ടുമുണ്ട്. പുരാതന-മധ്യകാലീന ഇന്ത്യാ ചരിത്രങ്ങളാണ് അവർ ഈ പുസ്തകങ്ങളിലൂടെ അവതരിപ്പിച്ചത്. ഇത് സമാഹരിക്കുമ്പോൾ മുഖ്യമായും രണ്ടു കാര്യങ്ങൾ അവർ ശ്രദ്ധിച്ചു എന്ന് എഴുതിയിട്ടുണ്ട്. ഒന്ന്, പുരാതന ഇന്ത്യ സുവർണകാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു എന്നുള്ള ‘തള്ളലു’കൾ പൂർണമായും ഒഴിവാക്കി. ഇല്ലാത്ത പ്രൗഢി ഉണ്ടാക്കിയെടുക്കൽ നേരിനോട് കൂറുള്ള ചരിത്രകാരിയുടെ പണിയല്ല എന്ന് ആദ്യമേ വ്യക്തമാക്കുന്നുണ്ട്. രണ്ടാമത്തേത്, വസ്തുനിഷ്ഠമായി കാര്യങ്ങൾ പരിചയപ്പെടുത്തുക എന്നുള്ളതാണ്. വിവരണാത്മകമായ രീതി ഒഴിവാക്കി, വസ്തുതകൾ ആവുന്നത്ര ഉൾപ്പെടുത്തിയാണ് ആ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്. പുരാതന ഇന്ത്യയെ ഹിന്ദു/ഹിന്ദുത്വ ഉത്ഭവസ്ഥാനമായി ചിത്രീകരിക്കുന്നത് ഹിന്ദുത്വവാദികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആവശ്യമാണ്. അതിനെ ചോദ്യംചെയ്യുന്ന വസ്തുതകൾ റോമിലെ ഥാപ്പർ ഉൾപ്പെടുന്ന എഡിറ്റോറിയൽ ബോർഡ് ഉൾപ്പെടുത്തി.

ഹിന്ദുത്വശക്തികൾക്ക് ആര്യൻ വംശശുദ്ധിയുടെ പിന്മുറക്കാരാണ് ഇന്ത്യാക്കാർ എന്നുള്ള വാദം പ്രധാനമാണ്. ആര്യന്മരും അവരുടെ ഭാഷാ-സംസ്കാരധാരകളും ഇന്ത്യയുടെ തനതായ സാധനങ്ങളാണെന്നും അതല്ലാത്തവരൊക്കെ ഇന്ത്യയുടെ ശത്രുക്കളാണെന്നുമുള്ള ഹിന്ദുത്വവാദികളുടെ വാദം അവർക്കു സവിശേഷസ്ഥാനം ഉറപ്പാക്കാൻ ദശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്നൊരു മിത്താണ്. അതിനെ ചരിത്രപാഠങ്ങളുടെ ഭാഗമാക്കാനും ശ്രമിച്ചിട്ടുണ്ട്. 1969-ൽ പാർലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി, ആര്യന്മാർ ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് പാഠപുസ്തകത്തിൽ എഴുതിച്ചേർക്കാൻ ഥാപ്പറിനോട് പറഞ്ഞു. എന്നാല്‍ എഡിറ്റോറിയൽ ബോർഡിലുള്ളവരും ഥാപ്പറിനൊപ്പം ശക്തമായി ആ നീക്കത്തിനെതിരെ നിലകൊണ്ടു.

ഥാപ്പറിന്റെ പുരാതന ഇന്ത്യൻ ചരിത്ര പഠനത്തിൽ ആര്യന്മാരുടെ പലായനത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ആര്യന്മാർ ഇൻഡോ-പേർഷ്യൻ അതിർത്തി വഴി ഇന്ത്യയിൽ എത്തിയവരാണ്. ഇൻഡോ-യൂറോപ്യൻ ഭാഷകളും ആ വിധത്തിലാണ് ഇന്ത്യയിൽ എത്തുന്നത്. അങ്ങനെ പറയുമ്പോൾ സംസ്കൃതം ഉൾപ്പെടെ പലതും ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെട്ടതോ, മറ്റു പല സംസ്കാരങ്ങളുമായി ഇഴചേർന്നുണ്ടായതോ ആണ്. ഈ വൈദേശികതയാണ് ഉത്തരേന്ത്യൻ ഹിന്ദുത്വവാദികൾക്ക് പ്രശ്‌നമാകുന്നത്. കലർപ്പില്ലാത്ത ഇന്ത്യൻ ജനത എന്ന അവരുടെ അവകാശവാദം തീവ്രദേശീയതയുടെ ഹിംസയ്ക്ക് ഇന്ധനം ആണല്ലോ. ആ പൊയ് അവകാശത്തിലൂടെയാണ് ബ്രാഹ്മണിക്കൽ ഹിന്ദുത്വത്തിനോട് ചേരാത്തവരെ പുറംതള്ളാൻ ഇക്കൂട്ടർ വാളെടുക്കുന്നത്. ഇതിന്റെ തുടർച്ചയാണ് ഇന്ത്യാ ചരിത്രത്തെ ‘ഹിന്ദുക്കാല’മെന്നും, ‘മുസ്ലിം ഭരണകാല’മെന്നുമൊക്കെ വേർതിരിക്കുന്നത്. ഇന്ത്യാ ചരിത്രത്തിന്റെ കമ്മ്യൂണൽ പിരിയോഡിസേഷൻ (communal periodization) ഹിന്ദുത്വത്തിന്റെ മാത്രം ആവശ്യമാണ്. അത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. അതിനെ പ്രതിരോധിച്ചേ നമുക്ക് നമ്മെ രക്ഷിക്കാനാകൂ. ചരിത്രത്തോടും മനുഷ്യരോടും നീതി പുലർത്താനാകൂ.

വർഗീയതയും തീവ്രദേശീയതയും അസമിലും കാശ്മീരിലും വൻ ദുരന്തങ്ങളായി വന്നിട്ടും അനങ്ങാത്ത ഒരു പിന്തിരിപ്പൻ മധ്യവർഗ്ഗമിവിടെയുണ്ട്. നമ്മുടെ രോഷം അടുത്ത distraction വരെയേ ഉള്ളൂ. അതിനിടയിൽ വകതിരിവുള്ള ജനം വേണമെങ്കിൽ മിനിമം ചരിത്രപുസ്തകമെങ്കിലും നേരുള്ളതാകണം.

ഇതൊക്കെക്കഴിഞ്ഞപ്പോഴേക്ക് അടുത്തത് വന്നിട്ടുണ്ട്; ഹിന്ദി!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍