UPDATES

സാജന്‍ ജോസ്

കാഴ്ചപ്പാട്

സാന്‍ഫ്രാന്‍സിസ്കോ ഡയറി

സാജന്‍ ജോസ്

ട്രെന്‍ഡിങ്ങ്

കര്‍ത്താവിനും പോപ്പിനും വിമതവൈദികർക്കും രക്ഷിക്കാനാവാത്ത സിറോ മലബാര്‍ സഭയ്ക്ക് ഇനി ആരാണ് രക്ഷകന്‍?

രോദിക്കുന്നവർ ഒന്നുകിൽ രോദിച്ചുകൊണ്ട് പള്ളിയിൽ പോവുക അല്ലെങ്കിൽ പുറത്ത് എന്നതാണ് സിറോ മലബാർ പോലുള്ള കിഴക്കൻ കത്തോലിക്കാ സഭകളുടെ ഇപ്പോഴുമുള്ള നിലപാട്

എൺപത്തിയെട്ടുകാരനായ തിയോഡോർ എഡ്ഗാർ മക്കാരിക്ക് (Theodore Edgar McCarrick) എന്ന അമേരിക്കൻ കർദ്ദിനാളിന്റെ കൈയ്യിൽനിന്നും ഇക്കഴിഞ്ഞ വർഷം ജൂൺമാസത്തിലാണ് പോപ്പ് ഫ്രാൻസിസ് രാജിക്കത്ത് വാങ്ങിയത്. താമസിയാതെ തന്നെ കത്തോലിക്കാ സഭ ടിയാന്റെ മേല്പട്ടവും തിരികെയെടുത്തു. കാനൻ നിയമക്കോടതിയുടെ തെളിവെടുപ്പും വിചാരണയുമൊക്കെ നടന്നു വരുന്നതേയുള്ളു. ജനത്തിന് മുൻപിൽ നിന്ന് കുർബാന ചൊല്ലാനുള്ള അനുവാദം പോലും ഇന്നദ്ദേഹത്തിനില്ല. സംഭവം മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ ഇരയാക്കപ്പെട്ടവർ ഒന്നൊന്നായി വെളിപ്പെടുത്തലുകളുമായെത്തി. ഈ വയോവൃദ്ധന്റെ ദുഷ്ചെയ്തികൾക്ക് ഇരകളായവരിൽ കൂടുതലും അക്കാലഘട്ടത്തിൽ നെവാർക്ക് ഇമ്മാക്കുലേറ്റ് കൺസപ്‌ഷൻ സെമിനാരിയിലുണ്ടായിരുന്ന വൈദിക വിദ്യാർഥികളായിരുന്നു. തൊള്ളായിരത്തി മുപ്പതിൽ ജനിച്ച തിയോഡോറച്ചൻ, തന്റെ മുപ്പത്തേഴാം വയസ്സിലാണ് ആദ്യത്തെ വെളിപ്പെടുത്തൽ നടത്തിയ പതിനാറുകാരനെ പള്ളിമുറിയിൽ പീഡിപ്പിക്കുന്നത്. തുടർന്ന് നിരവധി പേരാണ് പരാതിയുമായെത്തിയത്. വെളിപ്പെടുത്തലുകളുടെ കുത്തൊഴുക്കിൽ നിൽക്കകള്ളിയില്ലാതെ മുഖം രക്ഷിക്കാൻ കർദ്ദിനാൾ തിയോഡോറുടെ കയ്യിൽ നിന്നും കത്തോലിക്കാ സഭയ്ക്ക് ഒടുക്കം മേല്പട്ടം തന്നെ തിരികെ വാങ്ങേണ്ടി വന്നു. വാഷിംഗ്ടൺ ഡി.സി യിലും അതിന് മുൻപ് ന്യുയോർക്കടുത്ത് നെവാർക്ക് അതിരൂപതയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചിരുന്ന 96 – 2006 കാലഘട്ടത്തിൽ നടന്ന നിരവധിയായ പീഡനക്കേസ്സുകളിൽ നഷ്ടപരിഹാരം നൽകി ഇരകളെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ സഭയുടെ അറിവോടെ ടിയാൻ നടത്തിയിരുന്നെന്ന് രാജ്യാന്തര മാധ്യമങ്ങൾ തെളിവുകൾ നിരത്തിപ്പറയുന്നു.

മക്കാരിക്കിനെ വെള്ളപൂശാൻ അണിയറയിൽ വിയർപ്പൊഴുക്കിയത് ഇന്നത്തെ പൗരസ്ത്യ തിരുസംഘത്തിന്റെ തലവനായ ലിയനാർഡോ സാന്ദ്രി (Leonardo Sandri) എന്നുപേരായ അർജന്റീനിയൻ കർദ്ദിനാളാണ്. തൊള്ളായിരത്തി എഴുപത്തിനാലു മുതൽ വത്തിക്കാനെ പ്രതിനിധികരിച്ച് പലരാജ്യങ്ങളിലും സ്ഥാനപതിയായിരുന്ന ലിയനാർഡോ സാന്ദ്രി എക്കാലത്തും വത്തിക്കാനിലെ അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഡീൽ മേക്കറായിരുന്നു. ന്യുയോർക്കിലെ യോർക്ക് വൈൽ എന്ന സ്ഥലത്തെ സെന്റ് ജോസഫ് പള്ളിവികാരി ഫാദർ ബോണിഫേസ് റാംസെയ്ക്ക്  (Boniface Ramsey), രണ്ടായിരത്തി ആറ് ഒക്ടോബർ പതിനൊന്നിന് അഭിവന്ദ്യ കർദ്ദിനാൾ സാന്ദ്രി അയച്ച ഒരു കത്തിലൂടെയാണ് ഇന്ന് തിരുവസ്ത്രം നഷ്ടപ്പെട്ട കർദ്ദിനാൾ മക്കരിക്കിനെ നിരവധിയായ പീഡനക്കേസുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി ഇരകൾക്ക് പണം കൊടുത്ത് നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ കർദ്ദിനാൾ സാന്ദ്രി നടത്തിയിരുന്നു എന്ന സത്യം പുറംലോകമറിയുന്നത്. തൊള്ളായിരത്തി എൺപത്താറു മുതൽ ഫാദർ റാംസെ ഇമ്മാക്കുലേറ്റ് കൺസപ്‌ഷൻ സെമിനാരിയിൽ അധ്യാപകനായിരുന്നതിനാൽ അക്കാലത്ത് സെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ പേരും മറ്റുവിവരങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതാണ് ഫാദർ റാംസെയ്ക്ക് കത്തയക്കാനുണ്ടായ സാഹചര്യം.  കത്തിന്റെ ഉള്ളടക്കം രണ്ടായിരത്തിപ്പതിനെട്ട് സെപ്റ്റംബറിൽ ഫാദർ റാംസെ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. ഏതായാലും പിന്നെയുമൊരു പത്തുവർഷം കാത്തിരിക്കേണ്ടി വന്നു, മക്കാരിക്കിന് പണിപോവാൻ. അക്കാലമത്രയും അമേരിക്കയിലെ വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇടം നേടിയിരുന്ന തിയോഡോർ തിരുമേനി രാഷ്ട്രീയരംഗത്തും വത്തിക്കാനിലുമൊക്കെ പ്രധാനിയുമായിരുന്നു. എല്ലാ തെറ്റുകളും മൂടിവച്ച് പണംകൊടുത്തും ഇരകളെ ഭീഷണിപ്പെടുത്തിയും തന്റെ എൺപത്തിയെട്ടാം വയസ്സുവരെ ഈ ‘അഭിഷിക്തന്’ വിശ്വാസിസമൂഹത്തെ കബളിപ്പിച്ച് സ്വന്തം അധികാരമുറപ്പിക്കുന്നതിന് യാതൊരുവിധ തടസ്സവും സന്ദേഹമുണ്ടായിട്ടില്ല. ഇങ്ങനെ പലവിധമായ സ്ത്യുത്യർഹ സേവനങ്ങൾക്കുള്ള പ്രത്യുപകാരമായിട്ടായിരിക്കാം, 2007ൽ കർദ്ദിനാൾ സാന്ദ്രി പൗരസ്ത്യ തിരുസംഘത്തിന്റെ തലവനായി അവരോധിക്കപ്പെട്ടു.

വല്യേട്ടനായ ലാറ്റിൽ സഭയുൾപ്പെടെ ഏതാണ്ട് ഇരുപത്തിനാലോളം സഭകളുടെ കൂട്ടായ്മയായ ആഗോളകത്തോലിക്കാ സഭയിലെ ലാറ്റിൽ സഭയൊഴിച്ച് ബാക്കി ഇരുപത്തിമൂന്നും നിയന്ത്രിക്കുന്ന ഇമ്മിണി വലിയൊരു പ്രസ്ഥാനമാണ് ഈ പൗരസ്ത്യ തിരുസംഘം എന്ന ചട്ടക്കൂട്. അപ്പോൾ അതിന്റെ തലവനായ കർദ്ദിനാൾ സാന്ദ്രി ഒരു കൊച്ചു പോപ് തന്നെയാണ്. അതായത് മേൽപ്പറഞ്ഞ ഇരുപത്തിമൂന്ന് കിഴക്കൻ സഭകളിലുമുണ്ടാവുന്ന തർക്കങ്ങളും വിലപേശലുകളുമൊക്കെ കർദ്ദിനാൾ സാന്ദ്രി വരെയേ എത്തുകയുള്ളൂ, കെ. പി. എം.ജിയുടെ റിപ്പോർട്ടും. ആയതിനാൽ തീരുമാനങ്ങളും സാന്ദ്രിയിൽ നിന്നായിരിക്കും. ഏകദേശം ഒരുകോടി എഴുപത്തിയെട്ടു ലക്ഷം വിശ്വാസികളുള്ള കിഴക്കൻ സഭകളിൽ ഏറ്റവും വലുത് നാല്പതിനാല് ലക്ഷം വിശ്വാസികളുള്ള സിറോ മലബാർ സഭയാണ്. ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടും എന്ന കണ്ണൻ ദേവൻ പരസ്യവാചകം തന്നെയാണ് ഇവിടെയും കടമെടുക്കണ്ടത്. ആളിന്റെ എണ്ണം കൂടുന്തോറും സംഭാവനകൾ കൂമ്പാരമാവും, അധികാരത്തിന്റെ സുഖശീതളിമയിൽ പ്രലോഭനങ്ങളും. സഭയിൽ ഇന്ന് യാതൊരു വിലയുമില്ലാത്ത സത്യത്തിന്റെയും നീതിയുടേയുമൊക്കെ പേരിൽ പൊന്മുട്ടയിടുന്ന ഒരു താറാവിനെ കൊല്ലാൻ കത്തോലിക്കാ സഭ, വിശേഷാൽ കർദ്ദിനാൾ ലിയനാർഡോ സാന്ദ്രി എന്ന ഡീൽ മേക്കർ ഒരിക്കലും തയ്യാറാവില്ല.

പോപ്പ് ഫ്രാൻസ്സിസിന് പിടിപ്പത് പണിയുണ്ട്. ചിലിയിൽ പീഡനക്കാരായ വൈദികരെ സംരക്ഷിച്ചു എന്ന പരാതിയിൽ മുപ്പതോളം ബിഷപ്പുമാരാണ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. അമേരിക്കയിലെ പെൻസിൽവാനിയ സ്റ്റേറ്റിൽ മാത്രം മുന്നൂറോളം അച്ചന്മാരാണ് പിഡനക്കേസുകളിൽ നിയമനടപടികൾ നേരിടുന്നത്. യൂറോപ്പിൽ ജനം പള്ളിയിൽ പോകുന്നില്ല. ഒന്നുകിൽ പള്ളികൾ സൂപ്പർമാർക്കറ്റുകളാവുന്നു, അല്ലെങ്കിൽ സിറോ മലബാറുകാർ ചുളുവിലയ്ക്ക് വാങ്ങുന്നു. വെറുതെ മൂന്നാല് സ്റ്റേറ്റ്മെന്റുകൾ പറഞ്ഞതിന് സഭയിലെ പാരമ്പര്യവാദികളുടെ ശക്തമായ എതിർപ്പും അദ്ദേഹം നേരിടുന്നു. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഭൂലോകത്തിന്റെ അങ്ങേപ്പുറത്ത് എറണാകുളം നഗരത്തിൽ സ്ഥലം കർദ്ദിനാൾ വിറ്റ അഞ്ചാറേക്കർ ഭൂമി മതിപ്പുവിലയ്ക്ക് താഴെയാണോ, ബാക്കികിട്ടിയത് കർദ്ദിനാൾ വീട്ടുകാർക്ക് കൊടുത്തോ, അതോ ലുലുവിൽ നിക്ഷേപിച്ചോ എന്നൊക്കെയറിയാൻ അദ്ദേഹത്തിന് യാതൊരു താല്പര്യവുമുണ്ടാവില്ല. അപ്പോൾ സാന്ദ്രി പറയുന്നതേ അദ്ദേഹം കേൾക്കൂ. സാന്ദ്രിക്കെന്തുമാവാം. സത്യത്തിൽ പീഡനത്തിനിരയായ കന്യാസ്ത്രിയെ സംരക്ഷിക്കുന്നതിൽ അനാസ്ഥ കാണിച്ചു, പീഡകനെ സംരക്ഷിച്ചു എന്ന ഒറ്റക്കാരണം മാത്രം മതി ഒരു മെത്രാനെയോ മെത്രാപ്പോലീത്തയെയോ പോപ്പ് ഫ്രാൻസിസിന്റെ കിഴിലെ കത്തോലിക്കാ സഭയ്ക്ക് മാറ്റിനിർത്താൻ.

രോദിക്കുന്നവർ ഒന്നുകിൽ രോദിച്ചുകൊണ്ട് പള്ളിയിൽ പോവുക അല്ലെങ്കിൽ പുറത്ത് എന്നതാണ് സിറോ മലബാർ പോലുള്ള കിഴക്കൻ കത്തോലിക്കാ സഭകളുടെ ഇപ്പോഴുമുള്ള നിലപാട്. കാരണം എന്നും തല താഴേയ്ക്ക് കുനിഞ്ഞ കുഞ്ഞാടുകളെയാണ് ഇവർ മേയിക്കുന്നത്. തലയുയർത്തി നിൽക്കുന്ന കോലാടുകളെ ചെമ്മരിയാടുകളിൽ നിന്നും വേർതിരിക്കപ്പെടും എന്നാണ് തിരുവെഴുത്ത്. പണ്ടൊക്കെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കുക, പിന്നിൽ നിന്നും കയറ്റിയ കുന്തമുനയിൽ ദിവസങ്ങൾ നിർത്തി ജീവൻ കളയുക കാലുകളിൽ കുതിരകളെ കെട്ടി ഇരുഭാഗത്തേയ്ക്കും ഓടിച്ച് രണ്ടായി കീറിക്കളയുക തുടങ്ങിയ ചടങ്ങുകളായിരുന്നു ആഗോള കത്തോലിക്കാ സഭയിൽ. പിന്നീട് പുറത്താക്കലും തെമ്മാടിക്കുഴിയുമുണ്ടായി. എന്നാൽ ആധുനിക മാധ്യമ സങ്കേതങ്ങളുടെ കുത്തൊഴുക്കിൽ ഉരുത്തിരിയുന്ന പൊതുബോധത്തെ ഭയപ്പെടുന്നതിനാൽ സകലമതപ്രസ്ഥാനങ്ങളും ഇക്കാലത്ത് അത്യാവശ്യം പ്രതിരോധത്തിലാണ്. പ്രതികരണങ്ങളെ സമൂഹമാധ്യമങ്ങളിൽ മുഖമില്ലാത്ത ഒളിപ്പോരാളികളെ നിരത്തി നേരിടേണ്ട ഗതികേടിലെത്തിനിൽക്കുന്നു അവരിന്ന്. അതുകൊണ്ട് പോപ്പ് ഫ്രാൻസിസ്സിനും യേശുക്രിസ്തുവിനും വിമതവൈദികർക്കും രക്ഷിക്കാനാവാത്ത സിറോ മലബാറിനെ നേർവഴിക്ക് നടത്താൻ നേർച്ചയിടാൻ മാത്രം ജനിച്ചവർ എന്ന് അധികാരവർഗ്ഗം  വിധിയെഴുതിയ ജനശക്തിക്കുമാത്രമേ കഴിയൂ. കഴുകിത്തുടച്ചു പരുവപ്പെടുത്തിയ തലച്ചോറുകളുള്ള മതവിശ്വാസികളുടെ ഒരു തലമുറയ്ക്കതിനാവുമോ എന്നതാണ് കണ്ടറിയണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: ഒരു പ്ലാസ്റ്റിക് വേട്ടക്കാരന്‍; കേരളത്തിന്റെ ‘സമുദ്ര ശുചീകരണ’ ഒറ്റയാള്‍പ്പട്ടാളമാണ് ഈ യുവാവ്

സാജന്‍ ജോസ്

സാജന്‍ ജോസ്

പ്രവാസി, സാന്‍ഫ്രാന്‍സിസ്കോയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍