UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspectives

കെയ് ബെനഡിക്ട്

ട്രെന്‍ഡിങ്ങ്

പുനരുജ്ജീവിക്കുന്ന കോൺഗ്രസിന് ലോക്സഭയിൽ 104 എം പിമാരുണ്ടാകും; എങ്ങനെ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ലയിക്കുക അല്ലെങ്കിൽ നശിക്കുക 

ഒന്നാം മോദി സർക്കാരിന്റെ കാലത്ത്, 2015-2019-ൽ ബുദ്ധിജീവികൾ, വിരമിച്ച ഉദ്യോഗസ്ഥർ, എഴുത്തുകാർ, ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ധർ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ എന്നിങ്ങനെ 1100-ഓളം പേർ അസഹിഷ്ണുത, ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ, ശാസ്ത്രബോധത്തിനെതിരായ ആക്രമണങ്ങൾ, അശാസ്ത്രീയമായ അവകാശവാദങ്ങൾ, കണക്കുകൾ മറച്ചുവെക്കൽ എന്നിവക്കെല്ലാമെതിരായി പല സന്ദർഭങ്ങളിലായി പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. പുരസ്കാരങ്ങൾ മടക്കി നൽകുന്നതിൽ തുടങ്ങിയ അവരുടെ അനിതരസാധാരണമായ പ്രതികരണങ്ങൾ  രാജ്യത്തെ ഭരണസംവിധാനത്തെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങളായിരുന്നു. എന്നാൽ അവരിൽ പലരും ചെയ്തപോലെ വെറുതെ പ്രസ്താവന പുറപ്പെടുവിക്കലോ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതലോ പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാക്കിയില്ല. ബൗദ്ധികതയോടും ഉദാരവാദത്തോടും കടുത്ത പുച്ഛം പുലർത്തുന്ന, ജനപ്രിയതയോട് അഭിനിവേശമുള്ള മോദിയിൽ അതൊന്നും ഒരു അനുകൂല പ്രതികരണവും ഉണ്ടാക്കിയില്ല. അതേ  വിഭാഗീയ അജണ്ടയും മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ഒളിവിദ്യകളും കൂടുതൽ രൂക്ഷമായി ഉയരുന്ന ‘ജയ് ശ്രീ രാം’ വിളികളും മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രമണഭീഷണികളുമൊക്കെയായി വലിയ ഭൂരിപക്ഷത്തോടെ 2019-ൽ മോദി അധികാരം  നിലനിർത്തിയിരിക്കുന്നു. ഉയർന്ന ജാതിക്കാരും ധനികരുമായ മുസ്ലീങ്ങൾ ഇത്തരം അപമാനങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

നിർവീര്യരാക്കപ്പെട്ട ബുദ്ധിജീവികൾ വളരെവേഗം പുതിയ രാഷ്ട്രീയ കാലാവസ്ഥയുമായി പൊരുത്തപ്പെടും. രാഷ്ട്രീയക്കാർക്ക് മാത്രമേ രാഷ്ട്രീയക്കാരെ നേരിടാനാകൂ. വിശ്വാസ്യത നഷ്ടപ്പെട്ടാലും അവരാണ് ഭരണഘടനയുടേയും പാർലമെന്ററി ജനാധിപത്യത്തിന്റെയും പോരാളികൾ. ബി ജെ പി-ആർ എസ് എസ് മേധാവിത്തത്തെ രാഷ്ട്രീയായുധങ്ങൾ മാത്രം ഉപയോഗിച്ച് നേരിടുക ശ്രമകരമാകുമെന്ന് അശോക സർവകലാശാല വൈസ് ചാൻസലറും ബുദ്ധിജീവിയുമായ പ്രതാപ് ഭാനു മേത്ത അഭിപ്രായപ്പെട്ടിരുന്നു. ഡൽഹിയിൽ അന്തരിച്ച മാധ്യമപ്രവർത്തകൻ വിനോദ് മേത്ത അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “താഴെത്തട്ടിലെ രാഷ്ട്രീയ സംവിധാനത്തിലേക്ക് വരുമ്പോൾ ബി ജെ പിയുടെ മാതൃസംഘടന ആർ എസ് എസ് ഈ ജനപ്രിയതക്ക് ഒരു സാമൂഹ്യമുന്നേറ്റത്തിന്റെ ഛായ നൽകുന്നു. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് കടക്കുന്ന ഒരു ആഗ്രഹവും വഴിയുമാണ്.” എന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

“ആ അർത്ഥത്തിൽ പൗര സമൂഹത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം രാഷ്ട്രീയവഴികളിലൂടെ മാത്രം നടത്താനാവില്ല. കാരണം, ഈ പ്രത്യയശാസ്ത്രത്തെ സ്ഥാപനവത്കരിക്കുകയും ഉൾച്ചേർക്കുകയും ചെയ്യുന്ന ബൃഹത്തായൊരു സാംസ്കാരിക ശ്രമത്തിന്റെ അടിത്തറയാണ് ഈ രാഷ്ട്രീയത്തിനുള്ളത്.” ജനപ്രിയതക്ക് ബൗദ്ധികത വിരുദ്ധത ആവശ്യമാണ് എന്നദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രപരമായി അയവുള്ള “ജനപ്രിയത വ്യത്യസ്തങ്ങളായ പല താത്പര്യങ്ങളെയും ഒരൊറ്റ പ്രതീകത്തിലേക്ക് കൂട്ടിച്ചേർത്തുകൊണ്ട് ഉദാരവാദത്തിനെതിരെയുള്ള കേന്ദ്ര എതിരാളിയായി സ്വയം പ്രതിഷ്ഠിക്കുന്നു.” അദ്ദേഹം പറഞ്ഞത് ഭാഗികമായി ശരിയാണ്. പക്ഷെ ഈ വിഭാഗീയ രാഷ്ട്രീയത്തിനെ രാഷ്ട്രീയായുധങ്ങൾ ഉപയോഗിച്ച് നേരിടുന്നത് ബുദ്ധിമുട്ടാണെങ്കിൽ, ആരാണ് പിന്നെ അതിനെ നേരിടുക? ഉദാരവാദം മരിച്ചിരിക്കുന്നു, മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുന്നു, ബുദ്ധിജീവികൾ നിർവീര്യരാക്കപ്പെട്ടിരിക്കുന്നു. എങ്ങനെയാണ് രാഷ്ട്രീയേതര വിഭാഗങ്ങൾ പ്രത്യയശാസ്ത്രപരമായവയും തെരഞ്ഞെടുപ്പ് പോരാട്ടങ്ങളും നടത്തുക?

തെരഞ്ഞെടുപ്പിൽ 27000 കോടി രൂപ ചെലവാക്കിയിട്ടും, വർഗീയ ധ്രുവീകരണത്തിനും സാമൂഹ്യ മുന്നേറ്റങ്ങൾക്ക് പകരം ജനപ്രിയതയെ ഉപയോഗിക്കാനും ആർ എസ് എസിന്റെ സർവസംഘടനാ സംവിധാനം ഉപയോഗിച്ചിട്ടും വിഘടിച്ചു നിന്ന പ്രതിപക്ഷവും ഒക്കെയായിട്ടും ബി ജെ പിക്ക് 2014-ലെ 31.1 ശതമാനത്തിൽ നിന്നും 2019-ൽ 37.4 ശതമാനത്തിലേക്കേ തങ്ങളുടെ വോട്ടുകൾ എത്തിക്കാനായുള്ളു. എൻ ഡി എയുടേത് 2014-ലെ 38-ൽ നിന്നും 45-ലേക്കും. അപ്പോഴും 50 ശതമാനത്തിലേറെ ജനങ്ങൾ വിഘടിച്ചുനിന്ന പ്രതിപക്ഷത്തിനാണ് വോട്ടു ചെയ്തത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമാർഗങ്ങളെ ഇപ്പഴേ വിലകുറച്ചു കാണുന്നത് അത്ര ശരിയാണോ?

1977-ൽ ഒരു ഐക്യ പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ലാതെയാണ് പ്രതിപക്ഷം ഇന്ദിരാഗാന്ധിയെ വീഴ്ത്തിയത്. കുപ്രസിദ്ധമായ അടിയന്തരാവസ്ഥക്കാലത്ത് ബുദ്ധിജീവികൾ മാളത്തിലൊളിക്കുകയും മാധ്യമങ്ങൾ കുമ്പിടാൻ പറഞ്ഞപ്പോൾ മുട്ടിലിഴയുകയും ചെയ്തു. (2019-ൽ മാധ്യമങ്ങൾ തങ്ങളുടെ പാരമ്പര്യം കാത്തു). എന്നിട്ടും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രാഷ്ട്രീയ വിഭാഗമാണ് ഇന്ദിരാഗാന്ധിക്കെതിരെ പോരാടി അവരെ താഴെയിറക്കിയത്. ശരിയാണ് 1977 അല്ല 2019. എന്നാൽ രാഷ്ട്രീയത്തിന്റെ അടിസ്ഥാനതത്വങ്ങൾ അതുതന്നെയാണ്. അതുകൊണ്ട് ഉദാരവാദം, ബൗദ്ധികത തുടങ്ങിയ പ്രയോഗിച്ചു മടുത്ത വാക്കുകൾ തത്ക്കാലം മാറ്റിവെക്കാം. തങ്ങളുടെ നിലനിൽപ്പിനായി അരികുകളിൽ നിന്നും നിശബ്ദരായി നിലവിളിക്കുന്ന സാധാരണക്കാരെ സംഘടിപ്പിക്കാൻ ശേഷിയുള്ള കരുത്തരായ താഴെത്തട്ടിലുള്ള രാഷ്ട്രീയക്കാരെയാണ് ഇപ്പോൾ ആവശ്യം.

ഇതിന്റെ തുടക്കമെന്ന നിലയിൽ തൊഴിലാളികൾ, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ, ഇടതുപക്ഷം, മധ്യ-കേന്ദ്ര രാഷ്ട്രീയ ധാരകൾ എന്നിവയെയെല്ലാം ഒന്നിച്ചൊരു ദേശീയ ലക്ഷ്യത്തിനായി കൊണ്ടുവരാൻ കോൺഗ്രസ് മുൻകൈ എടുക്കണം. കോൺഗ്രസിനെ സംബന്ധിച്ച് ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ ലയിക്കുക എന്നതുമാത്രമാണ് പോംവഴി. അവർ താൻപ്രമാണിത്തം കളയുകയും ടി എം സി, എൻ സി പി, വൈ എസ് ആർ കോൺഗ്രസ് എന്നീ കക്ഷികളെ മാതൃസംഘടനയിൽ ലയിക്കാൻ പ്രേരിപ്പിക്കുകയും വേണം. അങ്ങനെ വന്നാൽ പുനരുജ്ജീവിക്കുന്ന കോൺഗ്രസിന് ലോക്സഭയിൽ 104 എം പിമാരുണ്ടാകും. അതിനു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും 2024-ൽ ബി ജെ പിക്കെതിരെ ശക്തമായ പ്രതിരോധമുയർത്താനും കഴിയും.

ലയനമെന്നൊക്കെ പറയുന്ന പോലെ എളുപ്പമല്ല എന്നത് വസ്തുതയാണ്. ടി എം സി നേതാവ് മമത ബാനർജി, വൈ എസ് ആർ -സി നേതാവ് ജഗ്മോഹൻ റെഡ്‌ഡി, എൻ സി പി നേതാവ് ശരദ് പവാർ എന്നിവരൊന്നും അവർക്ക് അത്രയും ബോധ്യപ്പെടുന്ന കാരണങ്ങളും മാന്യമായ വാഗ്ദാനങ്ങളുമില്ലെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരില്ല. രാഹുൽ ഗാന്ധിയുടെ രാജിയും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളൊരാളെ അധ്യക്ഷനാക്കാനുള്ള അന്വേഷണവും കോൺഗ്രസ് വിരുദ്ധത കുറക്കാനും ഭാവിയിൽ ലയനം സാധ്യമാക്കാനുമുള്ള ചില വഴികൾ തുറക്കുന്നുണ്ട്. അതിനിടയിൽ കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ കോൺഗ്രസ് അധ്യക്ഷനാക്കണം എന്നൊരു ആവശ്യവും പാർട്ടിക്കുള്ളിൽ ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി എൻഫോഴ്‌സ്‌മെന്റ്, ആദായനികുതി വകുപ്പുകളെ മാത്രമല്ല കോൺഗ്രസിനെ വിഴുങ്ങാനുള്ള ബി ജെ പി ശ്രമങ്ങളെയും അയാള്‍ ധീരമായി നേരിടുകയാണ്.

ബി ജെ പിക്കാണെങ്കിൽ ബംഗാളിൽ ടി എം സി പറിച്ചെടുക്കാൻ പാകത്തിൽ നിൽക്കുകയാണ്, ആന്ധ്രയിൽ ടി ഡി പിയെ പൊളിച്ച് കുറുക്കുവഴിയിലൂടെ വലുതാവാൻ ശ്രമിക്കുന്നു. കഴിഞ്ഞമാസം ടി ഡി പിയുടെ ആറ് എം പിമാരിൽ നാല് പേര് ബി ജെ പിയിൽ ചേർന്ന്. രണ്ടു ഡസനോളം ടി ഡി പി എം എൽ എമാർ ബി ജെ പിയിലേക്ക് കൂറുമാറാൻ നിൽക്കുന്നു എന്നാണ് വാർത്തകൾ. 2024-ൽ ബി ജെ പിയും വൈ എസ് ആർ കോൺഗ്രസും തമ്മിലാകും ആന്ധ്രയിൽ മത്സരം എന്നാണ് അവസ്ഥ.

ബഹുജനങ്ങളോട് സംവദിക്കാൻ മികച്ച ശേഷിയുള്ള പ്രകാശ് രാജ്, കനയ്യ കുമാർ, മഹുവ മൊയ്ത്ര, ഹാർദിക് പട്ടേൽ, എന്തിനു രാജ് താക്കറയെ പോലും ഉൾപ്പെടുത്തിക്കൊണ്ട് മോദി-ഷാ കൂട്ടുകെട്ടിനെതിരെ കോൺഗ്രസ് പോരാട്ടം ശക്തിപ്പെടുത്തണമെന്ന് പലരും നിർദ്ദേശിക്കുന്നു. മോദി സർക്കാരിന്റെ വിഭാഗീയ, സങ്കുചിത ദേശീയതക്കെതിരെ ടി എം സി എം പി മഹുവ മൊയ്ത്ര ലോക്സഭയിൽ നടത്തിയ പ്രസംഗം പ്രതിപക്ഷനിര ആഘോഷിച്ചിരുന്നു. ബൗദ്ധികതയുടെ ഭാരമോ കാടും പടലും തല്ലലോ ഇല്ലാതെ വെട്ടിത്തുറന്നു കാര്യങ്ങൾ പറഞ്ഞ അവരുടെ വൻതോതിൽ പ്രചരിച്ച പ്രസംഗം കുറച്ചു ദിവസത്തേക്കെങ്കിലും ബി ജെ പിയെ കുലുക്കിക്കളഞ്ഞു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: ഒരു ദശാബ്ദത്തിനുള്ളിൽ രാജ്യം ഏകകക്ഷി ഭരണത്തിലേക്കോ? അമിത് ഷായുടെ നടക്കാത്ത സ്വപ്നം എന്നു പറഞ്ഞു തള്ളിക്കളയാനാവില്ല

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍