UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspective

കെയ് ബെനഡിക്ട്

ഈ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ കോൺഗ്രസ്, സി പി എം, ആർ ജെ ഡി കക്ഷികള്‍ക്കാകുമോ?

തങ്ങളുടെ പ്രതിസന്ധിയുടെ ആഴത്തെക്കുറിച്ചും സമ്പന്നമായ ബി ജെ പിയുടെ ശേഷികളെക്കുറിച്ചും ശരിയായ ധാരണ പ്രതിപക്ഷത്തിനുള്ളതായി ഇപ്പോൾ സൂചനയില്ല

ബി ജെ പിക്ക് അതിയായ സന്തോഷം നൽകിക്കൊണ്ട് കടുത്ത ബി ജെ പി, ആർ എസ് എസ് വിരുദ്ധരായ മൂന്നു രാഷ്ട്രീയകക്ഷികൾ- കോൺഗ്രസ്, സി പി എം, ആർ ജെ ഡി- ഈ തെരഞ്ഞെടുപ്പിൽ കാവിക്കൊടുങ്കാറ്റിൽ കടപുഴകിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയം മാത്രമല്ല, കോൺഗ്രസിലും ആർ ജെ ഡിയിലും അത് കടുത്ത നേതൃപ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുന്നു. ഒരു കേഡർ പാർട്ടിയായതുകൊണ്ട് സി പി എമ്മിൽ കാര്യങ്ങൾ അത്രത്തോളം എത്തിയിട്ടില്ല. വടക്കും കിഴക്കുമുള്ള പ്രാദേശിക കക്ഷികളായ ടി എം സി, എൻ സി പി, ജെ എം എം, ആർ എൽ ഡി, എസ് പി, ബി എസ് പി, ആർ എസ് എൽ പി, എ  എ  പി, ഐ എൻ എൽ ഡി എന്നിവയെല്ലാം തകർന്നടിഞ്ഞു. എന്നാൽ വിശ്വാസ്യതയോടെയും, സുസ്ഥിരമായതുമായ വർഗീയ വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച കോൺഗ്രസ്, സി പി എം, ആർ ജെ ഡി എന്നീ കക്ഷികളുടെ പരാജയം പാർലമെന്റിന് അകത്തും പുറത്തും ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ നടത്താനുള്ള ഇടത്, ഇടത്-മധ്യധാര കക്ഷികളുടെ ശേഷിയെയാണ് തകർത്തത്.

സി പി എമ്മിന്റെ തെരഞ്ഞടുപ്പ് പരാജയം ചർച്ച ചെയ്യാൻ ചേർന്ന കേന്ദ്ര സമിതി യോഗത്തിനു ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇങ്ങനെ പറഞ്ഞു, “വളർന്നുവരുന്ന വലതുപക്ഷത്തിന്റെ യുക്തിസഹമായ അനന്തരഫലം ഇടതുപക്ഷത്തിനുള്ള  ഇടം കൂടുതൽ വിപുലമാവുക എന്നതാണ്.” മെയ് മാസത്തിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥ അത്ര ലളിതമാണോ? പ്രതിപക്ഷകക്ഷികളുടെ പ്രതിസന്ധി നോക്കിയാൽ, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടത്, മധ്യ-ഇടത് കക്ഷികൾ ഒന്നിക്കുണമെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണം.

ജനങ്ങളെ ‘രാഷ്ട്രീയവത്കരിക്കുന്നതിൽ’ പരാജയപ്പെട്ടു എന്നാണ് സി പി എം തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് നിരീക്ഷിക്കുന്നത്. നിത്യജീവിത പ്രശ്നങ്ങളെ കൂടാതെ, നുണകളിലും വ്യാജവാർത്തകളിലും കെട്ടിപ്പൊക്കിയ അതിദേശീയതയിലും അടിസ്ഥാനമാക്കിയ ഉദാരജനാധിപത്യത്തിന്റെ നിലനിൽപ്പിനു ഭീഷണിയായ തീവ്ര വലതുപക്ഷ പ്രചാരണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നത് ഈ തെരഞ്ഞെടുപ്പിലെ ഒരു നിർണായക പ്രചാരണഘടകമായിരുന്നു. എന്നാൽ ഇടത്, ഉദാര, മതേതര, ജനാധിപത്യ ശക്തികൾക്ക് ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായൊരു പ്രതിരോധം കെട്ടിപ്പടുക്കുന്നതിന് സാധിക്കാതെ പോയപ്പോൾ, ബി ജെ പിയും അവരുടെ സൈദ്ധാന്തിക നേതൃത്വമായ ആർ എസ് എസും രാഷ്ട്രീയ പ്രചാരണത്തിനായി അവരുടെ ആയിരക്കണക്കിന് ‘ശാഖകളെ’ സജ്ജമാക്കുകയും ബാബാമാരും, ആശ്രമങ്ങളും, മഠങ്ങളും, യോഗ ഗുരുക്കന്മാരും ഒക്കെയടങ്ങുന്ന 300-ഓളം സംഘങ്ങളെ  ബി ജെ പി പ്രചാരണത്തിനുള്ള ഒരൊറ്റ വേദിയിൽ കൊണ്ടുവരികയും ചെയ്തു.

മോദി സർക്കാരിന്റെ ഭരണ പരാജയങ്ങളെ സമ്മതിദായകർ അവഗണിച്ചതിൽ നിന്നുതന്നെ സി പി എമ്മും കോൺഗ്രസും പോലുള്ള കക്ഷികൾ ജനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിൽ പരാജയപ്പെട്ടു എന്നു മനസിലാക്കാം. റഫേൽ ഇടപാട് പോലുള്ള പല വിഷയങ്ങളും രാഹുൽ ഗാന്ധി ശക്തമായി ഉന്നയിച്ചെങ്കിലും അതൊന്നും ജനങ്ങളെ സ്വാധീനിച്ചില്ല. ജനങ്ങളെ രാഷ്ട്രീയവത്കരിക്കുന്ന കല വളരെ വിജയകരമായി നടപ്പാക്കിയ ഒരു കക്ഷിയാണ് സി പി എം. അതവർക്ക് പ്രതിബദ്ധതയോടെ പിന്തുണയ്ക്കുന്ന അനുയായികളേയും സൃഷ്ടിച്ചുകൊടുത്തു. താഴെത്തട്ടിലുള്ള പഠന ക്ളാസുകൾ ഇതിനവരെ സഹായിച്ചു. എന്നാലിപ്പോൾ ആർ എസ് എസ് ജനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിൽ മിടുക്ക് നേടിയപ്പോൾ, സഖാക്കളുടെ അലംഭാവം അവരെ നാശത്തിലേക്ക് നയിച്ചു. പഠന ക്ളാസുകളും രാഷ്ട്രീയമായി ജനങ്ങളെ സംഘടിപ്പിക്കുന്നതും പ്രാധാന്യം നഷ്ടപ്പെട്ട വിഷയങ്ങളായി. രാഷ്ട്രീയ പ്രചാരണം നടത്താൻ ആളുകളെ ദിവസക്കൂലിക്ക് വിളിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ വഷളായി എന്നാണ് കേരളത്തിൽ നിന്നുമുള്ള ഒരു സഖാവ് വിലപിച്ചത്.

ഇന്ത്യൻ രാഷ്ട്രീയം പഴയ പോലെയല്ല ഇപ്പോൾ. അമ്പരപ്പിക്കുന്നത്രയും പണം, സാമൂഹ്യ മാധ്യമങ്ങൾ, വ്യാജ വാർത്തകൾ, സ്ഥാപനങ്ങളുടെ വിധേയത്വം, സത്യസന്ധതയില്ലാത്ത മാധ്യമങ്ങൾ എന്നിവയെല്ലാം തെരഞ്ഞെടുപ്പിൽ നിർണായക പങ്കു വഹിക്കുന്നു. എന്നിട്ടും മാര്‍ക്സിസ്റ്റ് പണ്ഡിതന്മാർ തീവ്രവലതുപക്ഷത്തിനെതിരെയുള്ള യുദ്ധത്തിനേക്കാൾ മധ്യ-ഇടതു കക്ഷികളെ ആക്രമിക്കാനാണ് തിടുക്കം കാട്ടുന്നത്. എന്തുകൊണ്ട് ബൂർഷ്വാ കക്ഷികളുമായി (ഇടതുപക്ഷമല്ലാത്ത കക്ഷികൾ, സോഷ്യലിസ്റ്റ്-ലോഹ്യ കക്ഷികൾ) സഖ്യം പാടില്ല എന്ന് ചർച്ച ചെയ്ത് സി പി എം ഏറെ പതിറ്റാണ്ടുകൾ കളഞ്ഞു. ഈ പിഴച്ച തന്ത്രം ഉദാര ജനാധിപത്യത്തിനുള്ള ഇടം ചുരുക്കുകയും തീവ്ര വലതുപക്ഷവും വർഗീയതയും വേരുറപ്പിക്കുകയും ചെയ്തു. ഇപ്പോൾ ആക്രമണത്തിന് ഇരയാകുന്ന ഉദാര ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് സി പി എമ്മും കോൺഗ്രസും അടക്കമുള്ള രാജ്യത്തെ എല്ലാ മതേതര കക്ഷികളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

മതേതര പക്ഷത്തെ അനൈക്യത്തിന് കോൺഗ്രസിനേയും മറ്റു കക്ഷികളെയും കുറ്റപ്പെടുത്തുന്ന സി പി എം, നവ ഉദാര നയങ്ങളുടെ പേരിൽ കോൺഗ്രസുമായുള്ള സഖ്യത്തിന് തങ്ങൾ വിസമ്മതിച്ചു എന്ന വസ്തുത സൗകര്യപൂർവം വിസ്മരിക്കുന്നു. തമിഴ്നാട്ടിൽ ഒഴിച്ചാൽ (അതും സംസ്ഥാന നേതൃത്വം മൂലം) മറ്റെവിടെയും ബി ജെ പി വിരുദ്ധ സഖ്യങ്ങളിൽ സി പി എം ഉണ്ടായിരുന്നില്ല.

“പ്രതിപക്ഷ കക്ഷികൾ, പ്രത്യേകിച്ചും കോൺഗ്രസ്, തെരഞ്ഞെടുപ്പിന് മുമ്പായി മതേതര പ്രതിപക്ഷകക്ഷികളുടെ ഐക്യം മുന്നോട്ടുവെക്കുന്നതിൽ പരാജയപ്പെട്ടു. വർഗീയ ആക്രമണത്തിനെതിരെ, മതേതരത്വം സംരക്ഷിക്കുന്നതിനായുള്ള ഒരു പ്രചാരണം നടത്തിയില്ല. ഹിന്ദുത്വവും മതേതരത്വവും തമ്മിലുള്ള ഒരു പ്രത്യയശാസ്ത്ര പോരാട്ടം ശക്തമായി നടത്തിയില്ല,” കേന്ദ്ര സമിതി യോഗത്തിനു ശേഷമുള്ള പാർട്ടി കത്ത് പറയുന്നു. വാസ്തവത്തിൽ ബി ജെ പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ കൂടെക്കൂട്ടണോ വേണ്ടയോ എന്ന കാര്യത്തിൽ സി പി എം രണ്ടു തട്ടിലായിരുന്നു. പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള കേരള വിഭാഗം മുറുകെപ്പിടിക്കുന്ന കടുത്ത കോൺഗ്രസ് വിരുദ്ധത മൂലം പാർട്ടിയുടെ രാഷ്ട്രീയ-അടവ് നയം സംബന്ധിച്ച അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിൽ കഴിഞ്ഞ രണ്ടു ദശകങ്ങളായി നിരവധി കേന്ദ്ര സമിതി, പി ബി യോഗങ്ങൾ പരാജയപ്പെടുകയാണ്. ഒരു പക്ഷെ ഇതാദ്യമായി, കേന്ദ്ര സമിതിയും പോളിറ്റ് ബ്യൂറോയും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന കാര്യത്തിൽ ഒരു അഭിപ്രായ സമന്വയം ഉണ്ടായിട്ടുണ്ട്.

ഇതിനു മുമ്പുണ്ടായ തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നും പാർടി ഒന്നും പഠിച്ചില്ല എന്നത് വ്യക്തമാണ്. നഗരത്തിലെ മധ്യവർഗം, കാർഷിക മേഖല, വ്യവസായ മേഖല എന്നിവയിലുണ്ടായ ഘടനാപരമായ മാറ്റങ്ങൾ പഠിക്കാൻ 2015-ലെ കൊൽക്കത്ത പ്ലീനം മൂന്നു സമിതികളെ നിയോഗിച്ചു. സംഘടനാ ഘടന പുതുക്കിപ്പണിയുന്നതിനും ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന റിപ്പോർട് സമിതികൾ സമർപ്പിച്ചു. പക്ഷെ ഗൗരവമായ യാതൊരുവിധ തുടർ നടപടികളും ഉണ്ടായില്ല. എങ്ങനെയാണ് അടിസ്ഥാന ജനവിഭാഗങ്ങൾ-തൊഴിലാളി വർഗം, കർഷകർ, കർഷകത്തൊഴിലാളികൾ-വോട്ട് ചെയ്തത് എന്ന് വിശകലനം ചെയ്യേണ്ട സംസ്ഥാനഘടകങ്ങൾ അത് ചെയ്തില്ല എന്നാണ് അറിയുന്നത്.

തങ്ങളുടെ പ്രതിസന്ധിയുടെ ആഴത്തെക്കുറിച്ചും സമ്പന്നമായ ബി ജെ പിയുടെ ശേഷികളെക്കുറിച്ചും ശരിയായ ധാരണ പ്രതിപക്ഷത്തിനുള്ളതായി ഇപ്പോൾ സൂചനയില്ല. വളരുന്ന വലതുപക്ഷം ഇടതുപക്ഷത്തിന് കൂടുതൽ ഇടം നൽകുമെന്നും “പുതിയ ധ്രുവീകരണം ഇടതുപക്ഷവും വലതുപക്ഷവും തമ്മിലായിരിക്കുമെന്നുമുള്ള” യെച്ചൂരിയുടെ നിഗമനം ഓരോ പ്രവർത്തിക്കും തുല്യമായ പ്രതിപ്രവർത്തനം എല്ലാ കളിക്കാരിൽ നിന്നും ഉണ്ടാകാത്തിടത്തോളം വെറും ആഗ്രഹചിന്തയായി മാത്രം അവശേഷിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍