UPDATES

ട്രെന്‍ഡിങ്ങ്

പന്തിഭോജനം നടത്തിയതിന് ബഹിഷ്കരിക്കപ്പെട്ട ബ്രാഹ്മണ ദമ്പതികളുടെ ചരിത്രം ജസ്റ്റിസ് ചിദംബരേഷിനറിയാമോ? താങ്കള്‍ ജനിച്ച അതേ കല്‍പ്പാത്തിയില്‍ തന്നെ

കേരളത്തിലെ സബർമതി എന്നായിരുന്നു തമിഴ് ബ്രാഹ്മണനായ കൃഷ്ണസ്വാമിയും ഭാര്യ ഈശ്വരിയും ചേർന്ന് അനാഥരായ ദളിതർക്കു വേണ്ടി സ്ഥാപിച്ച ആശ്രമം പുറം ലോകത്ത് അറിയപ്പെട്ടിരുന്നത്

കെ.എ ഷാജി

കെ.എ ഷാജി

പാലക്കാട് നഗരവാസികളെ സംബന്ധിച്ചിടത്തോളം ടി.ആർ കൃഷ്ണസ്വാമി അയ്യർ എന്നത് ഗവണ്മെന്റ് മോയൻസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ച് പാർക്കും അതിന് നടുവിലെ പ്രതിമയുമാണ്. സമീപകാലം വരെ കാട് പിടിച്ചു കിടന്നിരുന്ന പാർക്ക് ഇപ്പോൾ നവീകരിച്ചിട്ടുണ്ട്. ഒരുപാടുകാലം മൂക്കില്ലാതിരുന്ന പ്രതിമയ്ക്ക് ഇപ്പോൾ മൂക്ക്‌ തിരികെ വരികയും അതുകൊണ്ട് തന്നെ ഒരു പൂർണ്ണത കൈവരികയും ചെയ്തിട്ടുണ്ട്.

എങ്കിലും പാർക്കിന്റെ പേരിലെ കൃഷ്ണസ്വാമി ആരെന്നറിയാൻ ഒലവക്കോട് റെയിൽവേ സ്റ്റേഷന് പിന്നിൽ അകത്തേത്തറയിലുള്ള ശബരി ആശ്രമം വരെ പോകണം. ഗാന്ധി സേവാ സമിതിയാൽ നടത്തപ്പെടുന്ന ശബരി ആശ്രമം ഏതാനും കൊച്ചു കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഒരു അനാഥാലയമാണ്. പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ കുട്ടികളാണ് അന്തേവാസികൾ. സ്ഥലം എംഎൽഎ കൂടിയായ സംസ്ഥാന ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ മുൻകൈ എടുത്തും സാംസ്ക്കാരിക മന്ത്രി എ.കെ ബാലന്റെ താത്പര്യത്തിലും ആശ്രമം പുനരുദ്ധരിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലെ സബർമതി എന്നായിരുന്നു തമിഴ് ബ്രാഹ്മണനായ കൃഷ്ണസ്വാമിയും ഭാര്യ ഈശ്വരിയും ചേർന്ന് അനാഥരായ ദളിതർക്കു വേണ്ടി സ്ഥാപിച്ച ആശ്രമം പുറം ലോകത്ത് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ മഹാത്മാ ഗാന്ധി നടത്തിയ മൂന്നു സന്ദര്‍ശനങ്ങളിലും വന്നു താമസിച്ച ഏക സ്ഥലം.

ശബരി ആശ്രമവും ഗാന്ധിജിയുടെ പ്രിയ ശിഷ്യനായിരുന്ന കൃഷ്ണസ്വാമിയും കാലത്തിന്റെ കുത്തൊഴുക്കിൽ നഗരത്തിന്റെ മുൻഗണനകളിൽ നിന്നും പുറത്തുപോയി. അനർഹരായവർ ബഹുമാനിക്കപ്പെടുന്ന ലോകത്ത് കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ മുന്നിൽ നിന്ന കൃഷ്ണസ്വാമി വിസ്‌മൃതനായി. ആരായിരുന്നു കൃഷ്ണസ്വാമി എന്ന് ചോദിച്ചാൽ അദ്ദേഹം ബാല്യവും യൗവ്വനവും ചെലവിടുകയും പിൽക്കാലത്ത് ദളിതർക്കും ഇതര പിന്നോക്ക വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നതിന്റെയും പന്തിഭോജനങ്ങൾ സംഘടിപ്പിച്ചതിൻെറയും പേരിൽ ബഹിഷ്കൃതനാക്കപ്പെടുകയും ചെയ്ത കല്പാത്തിയിലെ തമിഴ് ബ്രാഹ്മണ അഗ്രഹാരത്തിൽ പലർക്കും അറിവുണ്ടാകില്ല. ബ്രാഹ്മണ മാഹാത്മ്യത്തിന്റെ അതിശയോക്തികൾ പൊലിപ്പിക്കുകയും അതുവഴി ചാതുർവർണ്യം പുനഃസ്ഥാപിക്കാനും ജാതി സംവരണം ഇല്ലാതാക്കാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ജസ്റ്റിസ് വി ചിദംബരേഷിനും കേരള ബ്രാഹ്മണ സഭ പ്രസിഡന്റ് കരിമ്പുഴ രാമനും ഒരിക്കലും അംഗീകരിക്കാൻ ആകുന്ന പ്രവർത്തികൾ അല്ല കൃഷ്ണസ്വാമി ചെയ്തത്. സാമൂഹിക നീതിയുടെ അടിസ്ഥാന മൂല്യങ്ങളിൽ വിശ്വസിക്കുകയും അവയ്ക്കുവേണ്ടി ഉറച്ചു നിൽക്കുകയും ചെയ്ത ചുരുക്കം ബ്രാഹ്മണരിൽ ഒരാളായിരുന്നു കൃഷ്ണസ്വാമി. ബഹിഷ്കരിക്കപ്പെട്ട ബ്രാഹ്മണൻ. ചിദംബരേഷും രാമനും ജനിച്ച കൽപ്പാത്തി അയിത്തം കല്പിച്ചു മാറ്റിനിർത്തിയ ബ്രാഹ്മണൻ.

ഒരർത്ഥത്തിൽ ചിദംബരേഷ് പറഞ്ഞതുപോലെ രണ്ടു വട്ടം ജനിച്ച ആളായിരുന്നു കൃഷ്ണസ്വാമി. ആദ്യത്തെ ജനനം തൃശൂർ ജില്ലയിൽ പഴയന്നൂരിനടുത്തുള്ള മഞ്ഞപ്ര ഗ്രാമത്തിൽ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു. രണ്ടാമത്തേത് ചെന്നൈ നഗരത്തിൽ നിയമം പഠിക്കാൻ പോയപ്പോൾ സുബ്രഹ്മണ്യ ഭാരതിയെപ്പോലുള്ള ധീരദേശാഭിമാനികളുടെ പ്രവർത്തങ്ങളിൽ ആകൃഷ്ടനായി ഒരു യഥാർത്ഥ മനുഷ്യൻ ആയിട്ടുമായിരുന്നു. സ്വന്തം സമുദായം ദളിതർക്കും ഇതര പിന്നോക്ക വിഭാഗങ്ങൾക്കും എതിരെ നടപ്പിലാക്കിയ അയിത്തവും വിവേചനവും അദ്ദേഹം അതിശക്തമായി എതിർത്തു. പന്തിഭോജനങ്ങളിലൂടെ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചു.

അനാചാരങ്ങളെ എതിർക്കുന്ന ബ്രാഹ്മണൻ ദളിതരെ പോലെ തന്നെ വെറുക്കപ്പെടേണ്ടവൻ ആണെന്നായിരുന്നു കല്പാത്തിയിലെ യാഥാസ്ഥിതികർ വിശ്വസിച്ചത്. ചിദംബരേഷ് പറയുന്ന അപാര വൃത്തിയും സ്വഭാവ ഗുണവും കർണാടക സംഗീത പ്രേമവും സസ്യാഹാര തല്പരതയും മനുഷ്യത്വവും അക്കാലത്തും ഉണ്ടെന്നു മേനി നടിച്ചിരുന്ന കൽപ്പാത്തി ക്കാർ പക്ഷെ അത്യന്തം മൃഗീയമായി തന്നെയാണ് കൃഷ്ണസ്വാമിയെയും ഭാര്യയെയും പുറംതള്ളിയത്.

ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്നിലാണ് കൃഷ്ണസ്വാമി ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ വേദം പഠിക്കാൻ കല്പാത്തിയിൽ എത്തി. അവിടെ താമസിച്ചുകൊണ്ട് തന്നെയാണ് പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റിന് പഠിച്ചതും. ചെന്നൈയിൽ നിന്നും നിയമ ബിരുദം നേടിയ ശേഷം അല്പകാലം കോയമ്പത്തൂരിൽ അധ്യാപകനായി. പിന്നെ കുറച്ചുകാലം ചാവക്കാട് വക്കീലായും പ്രവർത്തിച്ചു. 1920ൽ അദ്ദേഹം പാലക്കാട് നഗരത്തിലേക്ക് പ്രവർത്തന മേഖല മാറ്റി. കല്പാത്തിയിൽ താമസിച്ചു.

കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ രണ്ടാം സമ്മേളനം ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്ന് മെയ് ആറ്, ഒൻപത് തിയ്യതികളിൽ പാലക്കാട് വച്ച് നടന്നപ്പോൾ അതിന്റെ മുഖ്യസംഘാടകരിൽ ഒരാൾ സ്വാമിയായിരുന്നു. സരോജിനി നായിഡു ആയിരുന്നു അധ്യക്ഷ. സി രാജഗോപാലാചാരി, ദേവദാസ് ഗാന്ധി, സെയ്ദ് മൂർത്തസാ സാഹിബ് തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു. അലി സഹോദരന്മാരുടെ അമ്മ അബാദി ബാനോ ബീഗം ഉർദുവിൽ സദസ്സിനെ അഭിസംബോധന ചെയ്തു.

പതിവനുസരിച്ചു സമ്മേളന പരിസരത്തും പന്തിഭോജനം സംഘടിപ്പിക്കപ്പെട്ടു. ദളിതരും ഈഴവരും മുസ്ലീങ്ങളും എല്ലാം ദേശീയ നേതാക്കൾക്ക് ഒപ്പമിരുന്നു ആഹാരം കഴിച്ചു. കോപിച്ചുവശായ കൽപ്പാത്തിയിലെ ബ്രാഹ്മണ സമൂഹം കൃഷ്ണസ്വാമിക്കും ഭാര്യക്കും ഉടനടി ഭ്രഷ്ട് കല്പിച്ചു. അവരിരുവരും പതറിയില്ല. സമ്മേളന പന്തലിനു ഉപയോഗിച്ച മുളയും ഓലയും കൊണ്ട് അകത്തേത്തറയിൽ ശബരി ആശ്രമം കെട്ടി ഉയർത്തി. ദളിതരും പിന്നോക്കക്കാരുമായ അനാഥ കുട്ടികളെ അവിടെ കൊണ്ടുവന്നു തങ്ങൾക്കൊപ്പം താമസിപ്പിച്ചു വളർത്തി. ജാതിക്കും മതത്തിനും യാഥാസ്ഥിതികത്വത്തിനും കനത്ത താക്കീതായി ശബരി ആശ്രമം നിലകൊണ്ടു. 1923ലെ ഗാന്ധി ജയന്തി ദിനത്തിൽ ആയിരുന്നു ആശ്രമം പ്രവർത്തനം തുടങ്ങിയത്. 1924, 1927, 1934 വർഷങ്ങളിൽ ഗാന്ധിജി ആശ്രമം സന്ദർശിച്ചു. ഒടുവിലെ തവണ കസ്തൂർബയോടൊപ്പം വന്ന ഗാന്ധിജി കൃഷ്ണസ്വാമിയുമൊത്തു നിൽക്കുന്ന ചിത്രം ഇപ്പോഴും ശബരി ആശ്രമത്തിന്റെ ചുമരിലുണ്ട്. ഗാന്ധിജി നട്ട തെങ്ങും ആശ്രമത്തിന്റെ മുറ്റത്തു നിൽക്കുന്നു. വൈക്കം സത്യാഗ്രഹത്തിലും ഉപ്പു സത്യാഗ്രഹത്തിലും സജീവമായിരുന്ന സ്വാമി കൽപ്പാത്തിയിൽ പൊതുറോഡിൽ നടക്കാനും ക്ഷേത്ര ദര്‍ശനം നടത്താനും ഈഴവർ നടത്തിയ സമരത്തിലും മുന്നിൽ തന്നെ നിന്നു. നാല്പത്തി നാല് വയസ്സിൽ അന്തരിക്കും വരെ അദ്ദേഹത്തിന്റെ യുദ്ധം പ്രധാനമായും ബ്രാഹ്‌മണ യാഥാസ്ഥിതികത്വത്തിനെതിരായിരുന്നു. പൂർവ ജന്മ സുകൃതം കൊണ്ടാണ് ബ്രാഹ്മണനായി ജനിക്കുന്നത് എന്നത് പോലുള്ള വാദങ്ങളെ അദ്ദേഹം പരിഹസിച്ചു. ചരിത്രപരമായി ദുര്‍ബലര്‍ക്ക് എതിരായി സ്വന്തം സമുദായം ചെയ്ത അനീതികൾ പരിഹരിക്കാൻ തന്നെക്കൊണ്ട് ആകുന്ന മട്ടില്‍ ശ്രമിച്ചു.

കല്പാത്തിയിലെ സഹിഷ്ണുതയും സമഭാവനയും സംബന്ധിച്ച് വാചാലരാകുന്നവർ ചരിത്രം അറിയാത്തവരോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നവരോ ആണ്. ഈഴവർ നടത്തിയ സമരത്തെ ക്രൂരമായി തല്ലിയൊതുക്കാനാണ് ബ്രാഹ്മണ മേധാവിത്വം ശ്രമിച്ചത്. അന്ന് ഈഴവർക്ക്‌ രക്ഷയായത് ബ്രിട്ടീഷ് ഭരണകൂടവും പോലീസുമായിരുന്നു. കല്പാത്തിയുടെ പുതിയ ചരിത്രം രചിക്കുമ്പോൾ ചിദംബരേഷ് കൂടുതൽ സമയം ചെലവഴിക്കേണ്ടത് കൃഷ്ണസ്വാമിയെ അറിയാനും മനസ്സിലാക്കാനുമാണ്. അദ്ദേഹം വലിയൊരു ശരിയായിരുന്നു. ഒരു കാലഘട്ടത്തിന്റെ ശരി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: കേരളത്തിലെ തമിഴ് ബ്രാഹ്മണർകളുടെ അതിജീവന സമരങ്ങളും ഇരുമ്പ് പിള്ള വികസന കോർപ്പറേഷനിലെ തുരുമ്പും

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍