UPDATES

എസ്. മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ്. മുഹമ്മദ് ഇര്‍ഷാദ്

ട്രെന്‍ഡിങ്ങ്

എന്തുകൊണ്ടാണ് പാർലമെന്ററി ഇടതുപക്ഷം മാവോയിസ്റ്റുകളെ കൊല്ലുന്നത്?

ഇത്തരം രാഷ്ട്രീയത്തെ പറ്റി ജനങ്ങളിൽ ഭയമുണ്ടാക്കി ഇല്ലാതാക്കുക എന്നത് ഒരു സർക്കാർ ആവശ്യത്തെക്കാൾ പാർലമെന്ററി ഇടതു പക്ഷത്തിന്റെ ആവശ്യം കൂടിയാണ്

എഴുപതുകളിലെ നക്സൽ പ്രസ്ഥാനത്തിന് എന്തൊക്കെ പാളിച്ചകൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മനുഷ്യത്വത്തിനും അടിച്ചമർത്തപ്പെട്ടവരുടെ പ്രതീക്ഷകൾക്കും വേണ്ടി നിലകൊണ്ട ഒരു പ്രസ്ഥാനമായി തന്നെയാണ് രേഖപ്പെടുത്തപ്പെടുന്നത്. കേരളത്തിന് പുറത്ത് ആന്ധ്രയിലും മധ്യപ്രദേശിലും ഒഡീഷയിലും ഒക്കെ സർക്കാരിലും രാഷ്ട്രീയ പാർട്ടികളിലും വിശ്വാസം ഇല്ലാത്ത ജനങ്ങൾ ഈ പ്രസ്ഥാനത്തെ പിന്തുണച്ചിട്ടുണ്ട്. ഇത്തരം പിന്തുണ എല്ലായ്പ്പോഴും അവരുടെ സായുധ സമരത്തോടുള്ള പിന്തുണയായി കാണാനും കഴിയില്ല. പകരം പാർലമെന്ററി പാർട്ടികള്‍, ഇടതുപക്ഷമടക്കം രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താല്പര്യത്തിന് എതിരായി നിൽക്കുന്ന സാഹചര്യത്തിൽ, ജനകീയ പ്രശ്നങ്ങളിൽ രാഷ്ട്രീയ അഭിപ്രായം പറയുന്നിടത്താണ് എഴുപതിലെ നക്സൽ പ്രസ്ഥനവും ഇപ്പോൾ സജീവമായി നിൽക്കുന്ന മാവോയിസ്റ്റ് പാർട്ടിക്കും ഏതെങ്കിലും തരത്തിൽ ജനകീയ പിന്തുണ കിട്ടുന്നത്.

ഇത്തരം മൗലികമായ രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്താനോ അതിന് വേണ്ടി പ്രവർത്തിക്കാനോ പാർലമെന്ററി ഇടതുപക്ഷത്തിന് ഇപ്പോൾ കഴിയില്ല. കാരണം അവരുടെ പ്രവർത്തന മണ്ഡലം ഇന്ന് പാർലമെന്റും അത് നൽകുന്ന സാധ്യതകളും പിന്നെ പാർട്ടി സ്ഥാപനങ്ങളും ആയിക്കഴിഞ്ഞു. ഇന്ത്യ മഹാരാജ്യത്ത് തിരഞ്ഞടുപ്പുകളെ സ്വാധീനിക്കുന്നത് രാഷ്ട്രീയത്തേക്കാൾ വൈകാരികവും മത-ജാതി ഘടകങ്ങളും ആണ്. പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനം എന്നാൽ മൗലികമായ എന്തെങ്കിലും പ്രശ്‌നത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. പകരം സമൂഹത്തിൽ നിലനിൽക്കുന്ന ജാതി-മത-സാമ്പത്തിക ശക്തികളുമായി നടത്തുന്ന അധികാര പങ്കാളിത്തമാണ് തിരഞ്ഞെടുപ്പിനെ നിർണ്ണയിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു-വലതു കക്ഷികൾ കേരളത്തിൽ നടത്തിയ സ്ഥാനാർഥി നിർണ്ണയം തന്നെ ഇതിനുദാഹരണമാണ്. സി പി എമ്മും സി പി ഐയും പോലും അവരുടെ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചത് അതാത് മണ്ഡലങ്ങളിലേ ഭൂരിപക്ഷ ജാതി-മത സമവാക്യം നോക്കി തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം കക്ഷികൾക്ക് സമൂഹത്തിൽ ഒരു തിരുത്തൽ ശക്തിയാകാൻ കഴിയാത്തത്. വലിയ തോതിലുള്ള സാമൂഹിക പ്രശ്ങ്ങളെ നേരിടാനായി ജനങ്ങളെ സംഘടിപ്പിക്കാനോ സമരം ചെയ്യാനോ കഴിയാതാകുന്നത് ഇതുകൊണ്ട് തന്നെയാണ്. രാജ്യത്തെ പാർലമെന്ററി രാഷ്ട്രീയത്തിന് പുറത്തു നില്‍ക്കുന്ന സംഘടനകളാണ് പലപ്പോഴും ഇത്തരം ജനകീയ സമരങ്ങൾ ഏറ്റെടുക്കുന്നത്. അതുകൊണ്ട് തന്നെ പാർലമെന്ററി സംവിധാനത്തിന് പുറത്തുനിൽക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രസക്തിയുണ്ട്. ഈ സാമൂഹിക പ്രസക്തി തന്നെയാണ് രാജ്യത്ത് പല സംസ്ഥാനങ്ങളിലും സജീവമായ മാവോയിസ്റ്റ് പാർട്ടി പ്രയോജനപ്പെടുത്തുന്നതും. ഇതിൽ ശരിയും തെറ്റും വേണമെങ്കിൽ കാണാം. ശരി അതിന്റെ ആവശ്യവും തെറ്റ് അവരുടെ സായുധ സമരരീതിയുമാണ്.

ഇന്ത്യൻ മാവോയിസ്റ്റ് പാർട്ടിയുടെ സമരരീതിയിൽ അഭിപ്രായ വ്യതാസമുള്ളപ്പോള്‍ പോലും അവരുടെ രാഷ്ട്രീയം തെറ്റാണ് എന്ന് പറയാൻ കഴിയില്ല. എന്നാൽ അത്തരത്തിൽ ഈ രാഷ്ട്രീയത്തെ വിലയിരുത്താൻ പാർലമെന്ററി ഇടതുപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ കാര്യത്തിൽ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ സമീപനം തന്നെയാണ് ഇവർക്കും. ഈ സാഹചര്യത്തിൽ ആണ് കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി കേരളത്തിൽ സജീവമാണ് എന്ന് പത്രവാർത്തകളിൽ വരുന്ന മാവോയിസ്റ്റ് പാർട്ടി സാനിദ്ധ്യം വിശകലനം ചെയ്യേണ്ടത്.

പശ്ചിമ ഘട്ട മേഖലകളിൽ ഇവരുടെ പ്രവർത്തനം വ്യാപിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇവരുടെ രണ്ട് പ്രവർത്തകർ 2016ല്‍ പോലീസുകാരാൽ കൊല ചെയ്യപ്പെട്ടത്. കേരളത്തില്‍ വലിയ ജനകീയ പ്രക്ഷോഭമൊന്നും ഇതിനെതിരേ ഉണ്ടായില്ല. എന്നാൽ ഈ രണ്ടു മരണങ്ങൾ ചില രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. ഒന്നാമതായി വൻതോതിൽ പ്രകൃതി ചൂഷണങ്ങൾ നടക്കുന്ന ഒരു പ്രദേശത്താണ് ഇവർ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിനായി തിരഞ്ഞെടുത്തത്. ഇവർ ആക്രമിച്ചു എന്ന് പറയുന്ന കമ്പനികളും റിസോർട്ടുകളും എല്ലാം തന്നെ നിയമവിരുദ്ധമോ ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിൽ ഉള്ളതോ ആണ് എന്നാണ് പത്രങ്ങൾ തന്നെ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിൽ ഏതാണ് നിയമവിരുദ്ധവും രാജ്യവിരുദ്ധവും എന്ന് വ്യക്തമാക്കേണ്ടത് സർക്കാരാണ്. രാഷ്ട്രീയമെന്നാൽ പാർട്ടി സ്ഥാപനങ്ങൾ നടത്തലും പണമുണ്ടാക്കലുമായി മാത്രം ചുരുക്കപ്പെടുന്ന കേരളത്തിൽ സമരരീതിയിൽ അഭിപ്രായവ്യതാസം ഉണ്ടെങ്കിൽ കൂടിയും മാവോയിസ്റ്റ് പാർട്ടി സാന്നിധ്യം രാഷ്ട്രീയത്തിൽ ചില തിരുത്തലുകൾ അവകാശപ്പെടുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ രാഷ്ട്രീയപ്രവർത്തനം എന്നാൽ നിലനിൽക്കുന്ന അധികാര ബന്ധങ്ങളെ അതേപടി സംരക്ഷിക്കലല്ല എന്ന ആശയത്തിന് പ്രചാരം കൊടുക്കാൻ മാവോയിസ്റ്റ് പാർട്ടി പ്രവർത്തനത്തിന് കഴിഞ്ഞേക്കാം.

ഇത്തരത്തിലുള്ള ഒരു തിരുത്തൽ രാഷ്ട്രീയത്തെ ഇല്ലാതാക്കേണ്ടത് മറ്റാരേക്കാളും ആവശ്യം കേരളത്തിലെ പാർലമെന്ററി ഇടതു പക്ഷത്തിനാണ്. മാവോയിസ്റ്റ് പാർട്ടി സംഘടനപരമായി ഒരു ഭീഷണിയും പാർലമെന്ററി ഇടതു പക്ഷത്തിന് നേരെ ഉയർത്തുന്നില്ല, അത് സാധ്യവുമല്ല. എന്നാൽ ഇടതു രാഷ്ട്രീയത്തെ പാർട്ടി സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പിലെ വിജയസാധ്യതകളിലേക്കും ചുരുക്കിയ കേരളത്തിൽ ഇതല്ലാത്ത ഒരു ഇടതു രാഷ്ട്രീയം ഇവർക്കൊരു ഭീഷണി തന്നെയാണ്. അതുകൊണ്ട് തന്നെയാണ് 2016ൽ നിലമ്പൂരിൽ മാവോയിസ്റ്റ് പ്രവർത്തകരെ വെടിവെച്ചുകൊന്നതും ഇപ്പോൾ വയനാട്ടിൽ അതാവര്‍ത്തിച്ചതും.

ഇത് സർക്കാർ അറിയാതെ പോലീസ് നടത്തിയതാണ് എന്നൊക്കെ ഒരു വാദത്തിന് വേണെമെങ്കിൽ പറയാം. ജീവനോടെ പിടിക്കാനും വിചാരണക്ക് വിധേയമാക്കാനും കഴിയുന്ന സാഹചര്യങ്ങളിൽ പോലും ഇവരെ കൊലപ്പെടുത്താറാണ് പതിവ്. രാജ്യത്തെ മറ്റ് സംസ്ഥാങ്ങളിൽ നടക്കാറുള്ളത് പോലെയുള്ള ഒരു സാഹചര്യമല്ല കേരളത്തിലേത്. കേരളത്തിൽ ഇവർക്ക് ജനശ്രദ്ധ നേടിയെടുക്കാൻ കഴിയും. പ്രത്യകിച്ചും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ. അതുകൊണ്ട് തന്നെ ഇത്തരം രാഷ്ട്രീയത്തെ പറ്റി ജനങ്ങളിൽ ഭയമുണ്ടാക്കി ഇല്ലാതാക്കുക എന്നത് ഒരു സർക്കാർ ആവശ്യത്തെക്കാൾ പാർലമെന്ററി ഇടതു പക്ഷത്തിന്റെ ആവശ്യം കൂടിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍