UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍: ചരിത്രവസ്തുതകളെ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കാന്‍ ആവില്ല, അങ്ങനെയെങ്കില്‍ ആര്‍എസ്എസിനെ ഏറ്റവും വലിയ സ്വാതന്ത്ര്യ പ്രസ്ഥാനമായി തെറ്റിദ്ധരിച്ചേനെ

കശ്മീരിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനം ഉണ്ടായ ദിവസമാണ് ഇന്ന്

കശ്മീരിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനം ഉണ്ടായ ദിവസമാണ് ഇന്ന്. ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ബാബ്റി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര് ആറ് പോലെ 2019 ഓഗസ്റ്റ് അഞ്ചും ചരിത്രത്തില്‍ ഉണ്ടാകും. ഇന്ത്യയുടെ മതേതരത്വം എത്ര ദുര്‍ബലമായ അടിത്തറയിലാണ് പണിതതെന്ന് കാണിച്ച് ഈ നാട് ലോകത്തിന് മുന്നില്‍ പരിഹാസ്യമായത് ഒരു ഡിസംബര്‍ ആറിനായിരുന്നു. ചരിത്രപരമായ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാതെ സൈനിക മിടുക്കില്‍ അഭിമാനിക്കുന്ന ഒരു ജനാധിപത്യ വിരുദ്ധ സമീപനമാണ് നമ്മുടേത് എന്ന് അട്ടഹസിച്ച്, അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നമ്മള്‍ വീണ്ടും പരിഹസിക്കപ്പെട്ട ദിവസമായി ഈ ഓഗസ്റ്റ് അഞ്ച് മാറിയിരിക്കുന്നു. രണ്ടിനും കാരണക്കാര്‍ ഒരേ ആളുകള്‍. അവര്‍ തുടര്‍ ചെയ്തികളിലൂടെ കൊളോണിയല്‍ വിരുദ്ധതയിലൂടെ ഇന്ത്യയില്‍ ആര്‍ജ്ജിച്ചുവന്ന പരിഷ്‌കൃത മൂല്യങ്ങളെ ചിവിട്ടി മെതിക്കുന്നു. ഇന്ത്യ എന്ന് ആധുനിക മതേതര ജനാധിപത്യ ആശയത്തിന്റെ മേല്‍ കത്തിവെയ്ക്കുന്നു.

കഴിഞ്ഞ കുറേ ദിവസമായുള്ള ബില്‍ഡ് അപ്പിന് ശേഷമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പതിറ്റാണ്ടുകളായുള്ള ആര്‍എസ്എസ്സിന്റെ ഒരു അജണ്ട നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചത്. കാശ്മീര്‍ ഇന്ത്യയില്‍ ചേരുമ്പോള്‍ ഉണ്ടാക്കിയിരുന്ന വ്യവസ്ഥകള്‍ ഇനി ഇന്ത്യയ്ക്ക് ബാധകമല്ലെന്നാണ് അമിത് ഷാ പറഞ്ഞത്. അതായത്, കാശ്മീരിന് ഇന്ത്യ നല്‍കിയിരുന്ന ഉറപ്പുകളില്‍നിന്ന് ഏകപക്ഷീയമായി മോദിയുടെ ഇന്ത്യ പിന്‍മാറിയിരിക്കുന്നു. ചരിത്രത്തിലെ ഒരു തെറ്റുതിരുത്തലായിട്ടാണ് ഇതിനെ ആര്‍എസ്എസ്സുകാര്‍ കാണുന്നത്.

കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നതിന് കൂട്ടിച്ചേര്‍ക്കപ്പെട്ട വകുപ്പുകളാണ് ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുന്നത്. കാശ്മീരിന് ഇനി മേല്‍ പ്രത്യേക അവകാശങ്ങളില്ല. അധികാര കൈമാറ്റ സമയത്ത് മറ്റ് നാട്ടുരാജ്യങ്ങള്‍ ഇന്ത്യയുടെ ഭാഗമായതുപോലെയല്ല, കാശ്മീര്‍ രാജ്യത്തോടൊപ്പം ചേര്‍ന്നത്. സ്വാതന്ത്ര്യത്തിന്റെ സമയത്ത് യഥാര്‍ത്ഥത്തില്‍ കശ്മീര്‍ ഒരു സ്വതന്ത്ര്യ നാട്ടു രാജ്യമായിരുന്നു. അത് ഇന്ത്യയിലോ പാകിസ്താനിലോ ചേര്‍ന്നില്ല. പാകിസ്താനില്‍ നിന്നുളള സംഘം കശ്മീരിനെ ആക്രമിച്ചപ്പോള്‍ സഹായിക്കണമെന്ന കശ്മീര്‍ രാജാവിന്റെ അഭ്യര്‍ത്ഥന ഇന്ത്യ അതേപടി സ്വീകരിക്കാതിരുന്നതും ഇതുകൊണ്ടായിരുന്നു. കശ്മീരിനെ സഹായിക്കണമെങ്കില്‍ ഇന്ത്യയുടെ ഭാഗമായി ആ പ്രദേശം മാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. അതിന് അന്നത്തെ രാജാവ് ഹരിസിംങ് സമ്മതം പ്രകടിപ്പിക്കുകയും ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. പിന്നീട് നടന്ന നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് കശ്മീരിന്റെ സ്റ്റാറ്റസ് എന്താവണമെന്നത് സംബന്ധിച്ച് കശ്മീരിലെ രാഷ്ട്രീയ നേതൃത്വവും ഇന്ത്യന്‍ സര്‍ക്കാരും ധാരണയിലെത്തുന്നത്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ അങ്ങനെ നിലവില്‍ വന്നതാണ്. അതായാത് അത് ചരിത്രപരമായ ഒരു ധാരണയായിരുന്നു. ആ ധാരണയാണ് കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമാക്കിയത്. അങ്ങനെ ആക്കിയപ്പോള്‍ പോലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യ നല്‍കിയ ഉറപ്പുകളുണ്ട്. ജനഹിത പരിശോധന അടക്കമുള്ള കാര്യങ്ങള്‍. അതില്‍നിന്ന് പല പല കാരണങ്ങളാല്‍ ഇന്ത്യ പിന്നോട്ട് പോയി. കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ പല രീതിയില്‍ കശ്മീരിന് നല്‍കിയ പ്രത്യേക അവകാശങ്ങള്‍ ദുര്‍ബലമാക്കി. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെട്ടു.

1987 ലെ തെരഞ്ഞെടുപ്പില്‍ മുസ്ലീം യുണൈറ്റഡ് ഫ്രണ്ട് അധികാരത്തിലെത്താതിരിക്കാന്‍ ഫറൂഖ് അബ്ദുളളയും കോണ്‍ഗ്രസും ഒന്നിച്ചുനിന്നു. കശ്മീരി ജനത വലിയ രീതിയില്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത് അന്നായിരുന്നു. പിന്നീട് തീവ്രവാദ രാഷ്ട്രീയത്തിലേക്ക് മാറിയ പലരും അന്ന് വ്യവസ്ഥാപിതമായ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ജെ കെ എല്‍ എഫ് നേതാവായ യാസീന്‍ മാലിക്ക് ഉള്‍പ്പെടെയുളളവര്‍ ഇതില്‍പ്പെടും. എന്നാല്‍ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധം തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിച്ചുകൊണ്ട് ജനഹിതം അട്ടിമറിക്കപ്പെട്ടു. ഇതോടെ വലിയ വിഭാഗം ആളുകള്‍ ഇന്ത്യയുടെ മുഖ്യധാരയില്‍നിന്നകന്നു. പല പല രീതിയിലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഭാഗമായി അവര്‍ മാറി. ചിലര്‍ പിന്നീട് ഭീകര പ്രസ്ഥാനങ്ങളുടെ പോലും നേതാക്കളായി. ഇങ്ങനെ കാശ്മീരിലെ നേതാക്കളില്‍ ചിലര്‍ തന്നെ കാശ്മീരിനെ വഞ്ചിച്ചു, ഇന്ത്യന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ.

പിന്നീട് കാശ്മീരിന് ശാന്തതയുണ്ടായിരുന്നില്ല. ദേശീയതയുടെ പതിവ് വ്യാഖ്യാനങ്ങളില്‍ പെടുത്തി, ഇന്ത്യന്‍ മുഖ്യധാര രാഷ്ട്രീയം കാശ്മീരിനെ കൈകാര്യം ചെയ്തു. ലോകത്തെ ഏറ്റവും കൂടുതല്‍ സൈനികരുള്ള പ്രദേശമാക്കി കാശ്മീരിനെ മാറ്റി. അങ്ങനെ ചരിത്രപരമായ, രാഷ്ട്രീയമാനങ്ങളുള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന അസംബന്ധ ചിന്തയില്‍ ഇന്ത്യന്‍ ജനാധിപത്യം അഭിരമിച്ചു.

കാശ്മീരിന് പ്രത്യേക പദവി എന്നതിനെ ആര്‍എസ്എസ് എന്നും എതിര്‍ത്തിരുന്നു. ജനസംഘത്തിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു അതിനെതിരായ വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചത്. അദ്ദേഹത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നുവെങ്കിലും നെഹ്റുവിനും ആ വര്‍ഗീയ അജണ്ടയെ എല്ലാ കാലത്തേക്കും ഇല്ലാതാക്കുന്ന രീതിയില്‍ നടപടികള്‍ എടുക്കാനായില്ല.

ഇപ്പോള്‍ അവര്‍ അവരുടെ അജണ്ട നടപ്പിലാക്കിയിരിക്കുന്നു. അഫ്ഗാനിസ്ഥാനോളമോ അതിനപ്പുറത്തേക്കോ വ്യാപരിച്ചു കിടക്കുന്ന അഖണ്ഡ ഭാരത സങ്കല്‍പമെന്ന ചരിത്ര വിരുദ്ധതയെ ദേശീയതാ സങ്കല്‍പമായി കൊണ്ടുനടക്കുന്നവര്‍ക്ക് കാശ്മീര്‍ ഒരു ഭൂപ്രദേശം മാത്രമാണ്. പ്രത്യേകിച്ച് സംസ്‌ക്കാരിക വൈജാത്യമൊന്നും ഒരു പ്രദേശത്തും അവര്‍ക്ക് കാണാന്‍ കഴിയില്ല. ഏകത്വത്തിന്റെ ടണല്‍ വ്യൂ ആണ് അവരുടെ രാഷ്ട്ര സങ്കല്‍പം. ആ സങ്കല്‍പ്പത്തിന് അനുസരിച്ചാണ് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാന്‍ ഇടയുള്ള തീരുമാനം അവര്‍ എടുത്തത്. ചരിത്രത്തെ റദ്ദ് ചെയ്തുകൊണ്ട് പുതിയൊന്ന് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം.

ബാബ്റി മസ്ജിദ് പൊളിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചരിത്രത്തെ തന്നെയാണ് വര്‍ഗീയ ശക്തികള്‍ ഇല്ലാതാക്കിയത്. അത് മറ്റൊരു രീതിയില്‍ കാശ്മീരിലും ആവര്‍ത്തിച്ചിരിക്കുന്നു. പക്ഷെ ചരിത്രത്തെ മുന്‍കാല പ്രാബല്യത്തോടെ റദ്ദ് ചെയ്യാന്‍ എത്ര വലിയ പ്രചാരണത്തിനും സാധിക്കില്ല. ഒരു സൈനിക ശേഷിയും അതിന് മതിയാകില്ല. അങ്ങനെ സാധിച്ചിരുന്നുവെങ്കില്‍ ആര്‍എസ്എസ് എന്നതിനെ ലോകം സ്വാതന്ത്ര്യ സമര പ്രസ്ഥാനമായി തെറ്റിദ്ധരിച്ചേനെ. പ്രത്യേകിച്ചും ഇപ്പോഴത്തെ ദേശസ്നേഹത്തിന്റെ വ്യാജ പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍. പ്രചണ്ഡമായ പ്രചാരണം നടത്തിയിട്ടും സവര്‍ക്കര്‍ എന്ന സംഘ്പരിവാറിന്റെ തലതൊട്ടപ്പന്‍ ബ്രീട്ടീഷുകാരോട് മാപ്പിരന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചയാളായി തന്നെ ഇപ്പോഴും കണക്കാക്കപ്പെടുന്നത് ചരിത്ര വസ്തുതകളെ തിരുത്താന്‍ കഴിയാത്തതുകൊണ്ടാണ്. അത്തരത്തിലുള്ള ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ഇഷ്ടം പോലെ കാണാം. സൈനികമായി പരിഹരിക്കാവുന്നതല്ല, ചരിത്രത്തിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍.

അതുകൊണ്ട് കാശ്മീര്‍ എന്നത് സ്വാഭാവികമായി ഇന്ത്യയുടെ ഭാഗമായതാണെന്ന വാദങ്ങളും സൈനിക ഇടപെടലുകളും ചോരപ്പുഴ ഒഴുക്കാന്‍ സഹായിക്കുമെന്നല്ലാതെ പ്രശ്നങ്ങള്‍ പരിഹിരിക്കാന്‍ ഉതകില്ല. കാശ്മീര്‍ ജനത ഇനിയും എന്തൊക്കെ അനുഭവിക്കേണ്ടിവരും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍