UPDATES

ദ്വിതീയ പാതിരാമണ്ണ

കാഴ്ചപ്പാട്

വേരുകള്‍

ദ്വിതീയ പാതിരാമണ്ണ

കാഴ്ചപ്പാട്

മുതിര്‍ന്നവരുടെ ചട്ടക്കൂടുകള്‍ക്കപ്പുറം ചില ചിരികള്‍ ആ കുഞ്ഞുമുഖങ്ങളില്‍ വിരിയാറുണ്ട്

അവരുടെ അമ്മമാരോട് അല്പം സംസാരിച്ചാൽ അറിയാം ആ കുഞ്ഞിന്റെ ജനനം അവരുടെ ജീവിതത്തെ എത്ര മാറ്റിയെന്ന്.

ഒന്നോർത്തുനോക്കൂ… നമ്മൾ ഇന്നത്തെ ദിവസം തുടങ്ങുന്നത് എന്നത്തേയും പോലെയല്ലെങ്കിൽ, അഥവാ ഒരു പ്രത്യേക സാഹചര്യം, അല്ലെങ്കിൽ ഒരു കുടുംബാംഗം മൂലം നമ്മുടെ ജീവിതത്തിന്റെ ഗതി എന്നെന്നേക്കുമായി മാറുകയാണെങ്കിൽ? നമ്മൾ മിക്കവരും എന്നും കടന്നു പോകുന്ന ഒരു ജീവിതസാഹചര്യമല്ല വീട്ടിൽ ഒരു രോഗിയായ ഒരാൾ ഉണ്ടെങ്കിൽ, ആ ഒരാൾ ഒരു കുഞ്ഞാണെങ്കിലോ?

ഈ അടുത്തിടെ ചർച്ചകൾക്കിടയിൽ എന്റെ ഒരു സുഹൃത്ത് ഒരല്‍പ്പം അതിശയപ്പെട്ടു തന്നെ ചോദിച്ചൊരു കാര്യമുണ്ട്, “ഇതിവിടെ തമിഴ്നാട്ടിലായത് കൊണ്ടാവും… നമ്മടെ നാട്ടിലൊന്നും ഇത്രയധികം അംഗപരിമിതരായ കുഞ്ഞു കുട്ടികൾ ഇല്ലല്ലോ. നമ്മൾ ഈ കുറച്ച് മാസത്തിനുള്ളിലെങ്കിലും എത്ര പേരെ റോഡിലോ വീടിനടുത്തോ കണ്ടിട്ടുണ്ട്?”, തികച്ചും സാധാരണമായി തോന്നിയേക്കാവുന്ന ചോദ്യം .

ഈ മേഖലയിൽ പ്രവർത്തിക്കാനാണ് എന്റെ ഉദ്ദേശമെന്ന് പറഞ്ഞപ്പോഴൊക്കെയും മിക്കവരുടെയും പ്രതികരണം ഏതാണ്ട് ഇതുപോലെയൊക്കെ തന്നെ ആയിരുന്നു. അത്രയധികം പേരുണ്ടോ ഭിന്നശേഷിക്കാരായവർ നമുക്കിടയിൽ? അതും കുഞ്ഞുങ്ങൾ!

2015-ൽ കേരള സംസ്‌ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് നടത്തിയ സർവേയിൽ 7.94 ലക്ഷം അഥവാ ആകെ ജനസംഖ്യയുടെ 2.32 ശതമാനം പേർ ഭിന്നശേഷിയുള്ളവർ അല്ലെങ്കിൽ അംഗപരിമിതർ ആണ് എന്നാണ് കണ്ടെത്തിയത്. ഇതിൽ 12.5 ശതമാനം പേരുള്ള മലപ്പുറം ജില്ല ഒന്നാം സ്‌ഥാനത്തും 9.72 ശതമാനം പേരുള്ള തിരുവനന്തപുരം ജില്ല തൊട്ടുപുറകിലും ഏറ്റവും കുറവ്, 2.91 ശതമാനം വയനാട്ടിലാണെന്നുമാണ് കണ്ടെത്തൽ. ഇത്രയുംപേർ നമുക്കിടയിൽ ഉണ്ടായിട്ടും നമ്മൾ ദൈനംദിന ജീവിതത്തിൽ ഇവരെ കാണാത്തതെന്ത് കൊണ്ടാണ്? ഒരുപക്ഷേ വീൽചെയറിൽ നീങ്ങുന്നവരെ അല്ലെങ്കിൽ അംഗപരിമിതരെ കണ്ടിരിക്കാം. കുഞ്ഞുങ്ങളെ കാണാറുണ്ടോ? ഇല്ലെന്നാവാം ഉത്തരം.

ചെന്നൈ പഠനം അവസാനിപ്പിച്ച് വരുന്ന അന്ന് ഒരമ്മ എന്റടുത്തു വന്നു പറഞ്ഞത് അവരുടെ കുഞ്ഞിനെ ആരെങ്കിലും ഒന്നുകൊഞ്ചിച്ചിരുന്നെങ്കിൽ, കാണുമ്പോൾ എടുക്കാൻ ഓടി വന്നെങ്കിൽ എന്ന് ആശിച്ചിരുന്ന അവർക്ക് ഞങ്ങളെപോലെയുള്ളവർ വലിയ സന്തോഷമാണ് കൊടുത്തതെന്നാണ്. വികാരഭരിതയായി അവരത് പറയുമ്പോഴും നേരിയ ഒരു ചിരി മാത്രം മുഖത്ത് വരുന്ന, അമ്മയുടെ തോളിൽ പറ്റിക്കിടക്കാൻ മാത്രം കഴിയുന്ന കുഞ്ഞ് വിവാൻ അന്നും നിസ്സംഗനായി എന്നെ നോക്കുന്നുണ്ടായിരുന്നു. അതേ, മിക്കപ്പോഴും ഇത്രയൊക്കെയേ അവരിൽ നിന്ന് പ്രതീക്ഷിക്കാവുന്ന പ്രതികരണങ്ങളുള്ളൂ. കാലങ്ങളായി ക്ലിനിക്കിൽ വന്നിട്ടും ഞങ്ങളിൽപ്പെട്ട ഒരാളുടെ മാത്രം ശബ്ദത്തിനും സ്പര്‍ശനത്തിനും പ്രതികരിക്കാൻ തുടങ്ങിയ കുഞ്ഞു റാണി കൂടി വലിയ വിജയങ്ങളായിരുന്നു ഞങ്ങൾക്ക്. കാരണം ഒരു ശബ്ദത്തിനോട് പ്രതികരിക്കാൻ വരെ അവർക്ക് ട്രെയിനിങ് വേണം എന്നുള്ളത് കൊണ്ടും അവ നേടിയെടുക്കുക ക്ലേശകരമായതുകൊണ്ടും തന്നെയാണ്.

അവരുടെ അമ്മമാരോട് അല്പം സംസാരിച്ചാൽ അറിയാം ആ കുഞ്ഞിന്റെ ജനനം അവരുടെ ജീവിതത്തെ എത്ര മാറ്റിയെന്ന്. ഇത്തരം കുഞ്ഞുങ്ങളെ നാണക്കേടെന്നു പറയുന്നത് മുതൽ, വന്നു കയറിയ പെണ്ണിന്റെ ജാതകദോഷം എന്ന് വരെ പറഞ്ഞ് ആക്ഷേപിക്കപ്പെടുമ്പോള്‍, വീട്ടിൽ നിന്ന് അകന്നു താമസിക്കേണ്ടി വന്നവരുണ്ട് ആ കൂട്ടത്തിൽ. ഇത്തരം സാഹചര്യങ്ങൾ മറികടന്ന് പൊതുനിരത്തിൽ ഇറങ്ങിയാലോ, മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങൾ, ഉറക്കെയും പതുങ്ങിയുമുള്ള വിധിയെഴുത്തുകൾ, അടക്കം പറച്ചിലുകൾ, അതിരു കല്‍പ്പിക്കൽ… അങ്ങനെ എത്രയെത്ര കടമ്പകൾ. ചെറുതെന്നു നമുക്ക് തോന്നാവുന്ന, എന്നാല്‍ അങ്ങനെയല്ലാത്ത കാര്യങ്ങള്‍.

ഇങ്ങനെയുണ്ടാകുന്ന ആദ്യത്തെയോ രണ്ടാമത്തെയോ അനുഭവം കൊണ്ട് തന്നെ മിക്കവരും വീടിനുള്ളിലെ സുരക്ഷയിൽ (?) ഒതുങ്ങിക്കൂടും. പല അവസരങ്ങളിലും സമൂഹത്തിന്റെ വിധിയെഴുത്തുകളിൽ മനസ് തകര്‍ന്നും പ്രതീക്ഷ നശിച്ചും ഈ കുഞ്ഞുങ്ങളുടെ ഉള്ള കഴിവുകളും അറിയാതെ പോവുകയും ചെയ്യും. അപ്പോൾ മേൽപ്പറഞ്ഞ പ്രകാരം ഇവരെയൊന്നും നമുക്കിടയിൽ കാണാത്തത്, കാണണ്ട എന്ന് പലപ്പോഴും പലരും നിശ്ചയിച്ചത് കൊണ്ടല്ലേ?

ഇനി വ്യത്യസ്തതകൾ കാണുമ്പോൾ,  അല്ലെങ്കിൽ നമുക്കിടയിൽ നമ്മളെ പോലെയല്ലാത്തവരെ കാണുമ്പോൾ മനുഷ്യരുടെ സഹജമായ പ്രതികരണമാണ് ഇതെന്ന് പറയുന്നവർ ഇതൊന്ന് കേൾക്കൂ. നിലവിലുള്ള അളവുകോൽ അടിസ്‌ഥാനമാക്കി ‘നോർമൽ’ എന്ന് പറയാവുന്ന ഒരു നാല് വയസ്സുകാരൻ പയ്യൻ ഇത്തരത്തിൽ ‘നോർമൽ’ അല്ലാത്ത ഒരു കൂട്ടം കുട്ടികളുടെ ഇടയിൽ ചെന്ന് പെട്ടു. അതായത് ഇത്തരം ഒരു ഇതര ലോകമുണ്ടെന്ന തിരിച്ചറിവില്ലാത്ത, അതുനേക്കുറിച്ച് യാതൊരു മുൻധാരണയും ഇല്ലാത്ത ഒരു കുട്ടി. ആ കുട്ടിയുടെ ഇടപെടലുകൾ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു കൊണ്ട് ഞങ്ങൾ കുറച്ചു പേരും. അവൻ ചുറ്റും ഒന്ന് ഓടി നടന്ന്, ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങളിൽ നല്ലതൊരെണ്ണം എടുത്തു പിടിച്ചു. കൂടി കളിക്കാൻ ഒരാളെ വേണം. ഒരുപാട് കുട്ടികളുണ്ട്, പക്ഷെ മിക്കവരും മലർന്ന് കിടക്കാൻ മാത്രം പാങ്ങുള്ള ഒന്നും രണ്ടും വയസ്സുകാർ. അവൻ അവരെയെല്ലാം സസൂഷ്മം നിരീക്ഷിച്ചു. ഒടുവിൽ അമ്മയെ ചാരിയിരിക്കാൻ കഴിയുന്ന ‘അസറി’നെ കണ്ടുപിടിച്ചു. അവൻ കയ്യിലുള്ള കളിപ്പാട്ടം മാറ്റി വച്ചു മറ്റൊന്നെടുത്തു. അടുത്ത കുറച്ചു നിമിഷങ്ങൾക്കുള്ളില്‍ ഞങ്ങൾ കണ്ടത് അസറിന്റെ പൊട്ടിച്ചിരിയും ഈ പയ്യന്റെ ഓടിനടന്നുള്ള കളിയുമാണ്! അവർ എന്നെ അത്ഭുതപ്പെടുത്തിയെന്നു മാത്രമല്ല, കൂട്ടത്തിൽ ഒരു തിരിച്ചറിവും. നമ്മൾ മുതിർന്നവർ മെനയുന്ന ചില ചട്ടക്കൂടുകളുണ്ട്. ചിന്തകൾ കൊണ്ട്,  പ്രതീക്ഷകൾ കൊണ്ട്, ചില മെരുങ്ങാത്ത സ്റ്റീരിയോടൈപ്പുകൾ കൊണ്ട്. ആ നിയമങ്ങൾക്കപ്പുറം എന്തുകണ്ടാലും ആരെ കണ്ടാലും നമ്മൾ സ്വീകരിക്കില്ല.

ഭിന്നശേഷിയെപ്പറ്റിയും അതിനോടനുബന്ധിച്ചും നമ്മൾ കേട്ടിരിക്കാൻ സാധ്യതയുള്ള ഒന്നാണ് ‘സ്പെഷ്യൽ നീഡ്‌സ്’. ഒരുപക്ഷെ ഒന്ന് ഇരുത്തി ചിന്തിച്ചാൽ ഈ അവസ്‌ഥയിൽ പ്രത്യേക പരിഗണന എന്നതിലുപരി ജീവിതാവകാശങ്ങൾ അവർക്ക് നേടിക്കൊടുക്കുക എന്നാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി. ഒരു പാർക്കിൽ മറ്റു കുട്ടികളോടൊപ്പം അവരാൽ കഴിയുന്ന പോലെ ഇടപഴകാൻ, ശാരീരിക അസ്വാസ്ഥ്യങ്ങൾ ഇല്ലാത്ത അവസ്‌ഥയിൽ ഒരു തിരക്കുള്ള കടൽത്തീരത്ത് അച്ഛനമ്മമാരോടൊപ്പം കാറ്റുകൊള്ളാൻ… അങ്ങനെ ചെറിയതെങ്കിലും വലിയ കാര്യങ്ങൾ.

ഭൗതികമായ സാഹചര്യങ്ങൾ ഒരുക്കാൻ സർക്കാരിനും നിയമനിർമ്മാതാക്കള്‍ക്കും  കഴിയും. അവർ അവരുടെ ഭാഗം ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷെ അത് ഫലവത്താകണമെങ്കിൽ നമ്മൾ ഓരോരുത്തരും വിചാരിക്കുകയും കൂടി വേണം. വ്യത്യസ്തരായവരെ മനസ്സാൽ ഉൾക്കൊള്ളാൻ പഠിക്കുന്നിടത്താണ് inclusiveness ആരംഭിക്കുന്നത്. ഇനി ഒരിക്കൽ ഇത്തരമൊരു കുഞ്ഞിനെ കണ്ടാൽ ഓടിച്ചെന്നില്ലെങ്കിലും, വാരിയെടുത്തുമ്മ വച്ചില്ലെങ്കിലും അമ്മമാരുടെയും അച്ഛന്‍മാരുടെയും തോളില്‍ നിന്ന് ഒന്ന് മാറിയെടുക്കാൻ കൈ സഹായത്തിനെങ്കിലും  സന്നദ്ധരാകാം, ഒന്നുമില്ലെങ്കിലും പേര് ചോദിക്കാം, മുഖത്ത് നോക്കി ചിരിക്കാം. അവരുടെ നാളെകൾ നമ്മുടെ കൈയ്യിലാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദ്വിതീയ പാതിരാമണ്ണ

ദ്വിതീയ പാതിരാമണ്ണ

മനഃശാസ്ത്ര വിദഗ്ദ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍