UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

(അപ)ശബ്ദങ്ങള്‍

ഡോ. വീണാ മണി

ട്രെന്‍ഡിങ്ങ്

ലിപ്സ്റ്റിക് ആൻഡ് ക്രിക്കറ്റ്: മുതലാളിത്ത വിമർശനങ്ങളും പെൺ ആവിഷ്ക്കാരങ്ങളും

മുതലാളിത്ത താൽപര്യങ്ങൾക്ക് എതിരെ നിന്നിട്ടുള്ള പല സമരങ്ങളും പെൺ സമരചരിത്രങ്ങളാണ്.

അടുത്തിടെ കണ്ട രണ്ടു വ്യത്യസ്ത സംഭവങ്ങൾ, അവയുടെ സ്വീകാര്യതയുടെയും വിമർശനങ്ങളുടെയും സ്വഭാവം പക്ഷേ, ഏതാണ്ട് ഒന്ന് പോലെ. ഒന്നല്ല, പക്ഷേ ഒരുപോലെ. മിതാലി രാജ് നയിച്ച ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് പ്രകടനവും പിന്നെ, അലംകൃത ശ്രീവാസ്തവയുടെ ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ എന്ന ചലച്ചിത്രവും പല തരത്തിൽ ചർച്ച ചെയ്യപ്പെട്ടു. ചർച്ചയിൽ മുന്നിട്ടു നിന്ന രണ്ടു കാര്യങ്ങൾ ഒന്ന്, ഇവ രണ്ടും സ്ത്രീകേന്ദ്രീകൃതമായ സംഭവങ്ങളാണെന്നും രണ്ടാമത്, ഇവ രണ്ടും മുതലാളിത്ത നിർമിതിക്കുള്ളിൽ നിൽക്കുന്നതാണ് എന്നുമാണ്.

ദേശീയ ക്രിക്കറ്റ് ടീം ഇത്തവണ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റി. സ്ത്രീകൾ കളിക്കുന്ന കളികൾ, പ്രേത്യേകിച്ച് ടീം കളിയിനങ്ങൾ ഇന്ത്യൻ സ്പോർട്സ് പ്രേമികളുടെ ശ്രദ്ധ അത്രത്തോളം നേടിയെടുക്കാതിരുന്ന ഒരു സമയത്താണ് ഇത് സംഭവിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിലും പ്രക്ഷേപണത്തിന്റെ കാര്യത്തിലും (ഇവ രണ്ടും ഇഴചേർന്നിരിക്കുന്നു) സ്ത്രീ കായികതാരങ്ങളുടെ  അവസ്ഥ അത്ര സുഖകരമല്ല. അങ്ങനത്തെ അവസ്ഥയിൽ, മാധ്യമങ്ങളിൽ അവർ പതുക്കെ ശ്രദ്ധ നേടിയെടുത്തു. ഇന്റര്‍വ്യൂവിൽ ‘പുരുഷ കളിക്കാരിൽ ആരെയാണ് ഇഷ്ടം’ എന്ന, ഒട്ടും ഭാവനയില്ലാത്ത ഒരു ചോദ്യം ഒരു മാധ്യമത്തൊഴിലാളി ചോദിച്ചപ്പോൾ, “ഏതു സ്ത്രീ കായിക താരത്തെയാണ് നിങ്ങള്‍ക്ക് ഇഷ്ടം എന്ന് ആൺകളിക്കാരോട് പോയി ചോദിക്കൂ” എന്ന ചുട്ട മറുപടിയാണ് മിതാലി നൽകിയത്. ഈ വിഷയവും പൊതുചർച്ചയിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ, ബാറ്റിങ്ങിന് വേണ്ടി കാത്തു നിൽക്കുന്ന സമയത്ത്, തൊട്ടു മുന്നിലെ കസേരയിൽ കാലും നീട്ടി, പുസ്തകം വായിക്കുന്ന മിതാലിയേയും മാധ്യമങ്ങൾ നമുക്ക് കാട്ടിത്തന്നു.

കളിക്കളത്തിൽ പെണ്ണുങ്ങൾ കാട്ടിത്തന്ന സ്റ്റൈൽ വേറെ തന്നെയായിരുന്നു. ചെന്നൈയിലെ ഒരു സ്പോർട്സ് ബാറിൽ, ഒരു ചെറിയ ആൺകൂട്ടത്തിന്റെ ഇടയിലിരുന്നാണ് ഞാൻ ഫൈനൽ കണ്ടത്. പെണ്ണുങ്ങളുടെ കളി ബഹുമാനത്തോടും ആരാധനയോടും കൂടി കാണുന്ന ആണുങ്ങളെയാണ് അവിടെ കണ്ടത്. കളിയുലുടനീളം, പെൺകളിക്കാരുടെ ശരീരഭാഷയാണ് ഞാൻ കണ്ടിരുന്നത്. തലയുയർത്തി, സ്വന്തം ശക്തിയിൽ ബോധ്യമുള്ള, കുറെയൊക്കെ ഒരു കൂസലുമില്ലാത്ത പെണ്ണുങ്ങൾ. കമന്റേറ്റർ ഇടക്കിടെ പറഞ്ഞ ഒരു കാര്യം, ഇന്ത്യൻ ടീം ക്യാമറക്കണ്ണുകൾ ശീലിക്കാത്തവരാണെന്നും അതുകൊണ്ട് ഫൈനലിലെ ഈ മാധ്യമ ശ്രദ്ധ അവർ എങ്ങനെ കൈകാര്യം ചെയ്യും എന്നായിരുന്നു. (അതിനിടയിൽ, തെന്നിത്തെറിച്ചു നിൽക്കുന്ന ജൂലന്റെ മുടി മുറിക്കേണ്ട ആവശ്യതകതയും പറയാൻ മറന്നില്ല ടിയാൻ)  എന്നാൽ, അവരുടെ നില്‍പ്പിലും ഓട്ടത്തിലും ആത്മവിശ്വാസം കാണാൻ കഴിഞ്ഞു. കളിയുടെ അവസാനം നിരാശയിലും അവർ നിറഞ്ഞുനിന്നു.

പെൺകളിക്കാരെ അഭിനന്ദിക്കുമ്പോഴും പലരിൽ നിന്നും കേട്ട ഒരു കമന്റ് ഇത് ഇന്ത്യൻ സ്ത്രീ കളിമേഖല പിടിച്ചെടുക്കാനുള്ള മുതലാളിത്ത കച്ചവട താല്പര്യങ്ങളുടെ നീക്കമാണ് എന്നുള്ളതാണ്. പണ്ട് ഇന്ത്യൻ സ്ത്രീകൾ മിസ് വേൾഡും മിസ് യുണിവേഴ്സും വിജയിച്ചപ്പോഴാണ് ഈ വാചകം ശക്തമായി ഇതിനു മുന്നേ കേട്ടത്. അതിനു ശേഷം, അരുന്ധതി റോയി തൊണ്ണൂറ്റി ഏഴില്‍ മാൻ ബുക്കർ പ്രൈസ് നേടിയപ്പോഴും കേട്ടിരുന്നു.

നാല് സ്ത്രീകളുടെ ആഗ്രഹങ്ങളുടെ കഥ പറയുന്ന ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖയും ഇതേ  വിമർശനമാണ് നേരിടുന്നത്. ഇവരുടെ ആഗ്രഹങ്ങൾ മുതലാളിത്ത ഭാവനയ്ക്കുള്ളിൽ നിൽക്കുന്നു എന്നാണ്. ലിപ്സ്റ്റിക് ഇവിടെ പ്രതിനിധീകരിക്കുന്നത് മുതലാളിത്തത്തിന് വിറ്റെടുക്കാനുള്ള പെൺ ലൈംഗികതയാണ്. ബുർഖ എന്നുള്ളത് ചില മുസ്ലിം സ്ത്രീകൾ ധരിക്കുന്ന വസ്ത്രം മാത്രമായല്ല, പക്ഷെ പൊതുഇടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന/ഒളിപ്പിച്ചു വയ്ക്കുന്ന പെൺഭാവനയുടെ അവസ്ഥയും കൂടിയായാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്തുകൊണ്ട് ബുർഖ? എന്തുകൊണ്ട് പല ഹിന്ദു പെണ്ണുങ്ങളും ധരിക്കുന്ന ഗൂങ്ങട് എന്ന് പേരിട്ടില്ല എന്ന് ചോദിച്ചാൽ, ആ ചോദ്യം ന്യായമാണെന്നേ പറയാൻ കഴിയൂ.

മേൽപ്പറഞ്ഞ പെൺകാഴ്ചകളിലുള്ള  മുതലാളിത്ത ഇടപെടലുകൾ, അല്ലെങ്കിൽ സൃഷ്ടികൾ വാസ്തവം തന്നെയാണ്. പക്ഷേ, എങ്കിൽ പെൺകാഴ്ചകളുടെ കാര്യത്തിൽ മാത്രം ഈ മുതലാളിത്ത വ്യവസ്ഥയോടുള്ള ഈ വിമർശനം നോക്കിക്കാണേണ്ടതുണ്ട്. സ്ത്രീശാക്തീകരണ വിഷയങ്ങൾ തീർച്ചയായും മുതലാളിത്ത ലോജിക്കിൽ നിന്നും മാറ്റിനിർത്തപ്പെടണം. അതിൽ സംശയമൊന്നുമില്ല. യജമാനന്റെ ആയുധങ്ങൾ വെച്ച് യജമാനന്റെ വീട് തകർക്കാനാവില്ല എന്ന് പറഞ്ഞത് ഫെമിനിസ്റ്റ് ആയ Audre Lorde ആണ്. ഇപ്പറഞ്ഞത് സവർണ ഫെമിനിസത്തിന്റെ വിമർശനമായാണെങ്കിലും അത് മുതലാളിത്തത്തിന്റെ കാര്യത്തിലും പ്രസക്തമാണ്.

എന്തായാലും പെണ്ണുങ്ങൾ കളിക്കാനും പറയാനും പടമെടുക്കാനും തുടങ്ങിയപ്പോൾ പുറത്തു വന്ന, മുതലാളിത്തത്തോടും സവർണ സ്ത്രീകളോടുമുള്ള എതിർപ്പ് ഇവിടം കൊണ്ട് നിർത്തരുത്. അരുന്ധതി റോയിക്കു കിട്ടിയ ബഹുമതിയിൽ മുതലാളിത്തത്തിന്റെ കൈകളെ കണ്ടവർ, റുഷ്ദിക്ക് കിട്ടിയ വരവേൽപ്പിലും തേടി നോക്കണം. ഗോർക്കിക്കു കിട്ടാത്ത സമ്മാനങ്ങൾ എന്ത് കൊണ്ട് മാർക്വെസിനു കിട്ടി എന്നും ആലോചിക്കണം. അറുപതുകളിൽ സ്ത്രീസമരങ്ങൾ പറഞ്ഞ മുതലാളിത്തത്തോടുള്ള വിമർശനങ്ങൾ, എൺപതുകളിൽ ആണുങ്ങൾ പറഞ്ഞപ്പോൾ കുളിരു കൊണ്ടതെന്തുകൊണ്ടാണെന്നും ആലോചിക്കണം. പിന്നെ, പെൺപ്രശ്നങ്ങൾ പറയുമ്പോൾ “അയ്യോ! എന്റെ മതത്തിനെ കുറ്റം പറയുന്നേ” എന്ന് നിലവിളിക്കുന്നവർ, ഏതൊക്കെ പ്രശ്ങ്ങൾ പറയാം, അത് ആർക്കൊക്കെ പറയാം എന്നും ലിസ്റ്റ് എഴുതണം.

മുതലാളിത്തത്തോടുള്ള വിമർശനം നമ്മൾ ഇവിടെ നിർത്തരുത്. ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖയിൽ, മുതലാളിത്തം കൈകടത്തുന്നത് ലിപ്സ്റ്റിക്കിലോ ജീൻസിലോ മാത്രമല്ല, അതിന് ഒത്തിരി മുന്നേയാണ്. ആ സിനിമയിലെ നാല് പെണ്ണുങ്ങൾക്കും (പിന്നെ ഒരു ‘അമ്മ’ കഥാപാത്രത്തിനും) സ്വന്തം ശരീരത്തിൽ അവകാശമില്ല. ഈ കാര്യം കൊങ്കണ അവതരിപ്പിക്കുന്ന മുസ്ലിം പെണ്ണിൽ മാത്രം ചർച്ച ചെയ്യപ്പെടുന്നത്, അത് റേപ്പിന് ഒരുതരത്തിലുള്ള അസാധാരണത്വം നമ്മൾ കൽപ്പിക്കുന്നത് കൊണ്ടുകൂടിയാണ്. കോണ്ടം ധരിക്കാൻ പറയാൻ കഴിയാത്ത, ഐ-പിൽ പോലുള്ള ആപത്ക്കരമായ മരുന്നുകൾ തുടരെ കഴിക്കേണ്ടി വരുന്ന ഷിറിനെ കണ്ടപ്പോൾ ‘മുസ്ലിം സ്ത്രീകളുടെ പ്രത്യേക പ്രശ്നം’ എന്നൊന്നും ഇതനുഭവിച്ച സ്ത്രീകൾ പറയില്ല എന്നാണ് ഞാൻ കരുതുന്നത്. ആ ചിത്രത്തിൽ അബോർഷൻ ചെയ്യേണ്ടി വരുന്ന (ചോയ്സ് അവിടെ പ്രശ്നഭരിതമാണ്) സ്ത്രീ മുസ്ലിമല്ല. അതിലെ ഹിന്ദു സ്ത്രീയായ ഉഷ/ബുവാജി സ്വന്തം ആഗ്രഹങ്ങൾ തുടക്കം മുതൽ ഒളിപ്പിച്ച സ്ത്രീയാണ്. അത് പുറത്താകുന്ന നിമിഷം അവർ മറ്റുള്ളവരുടെ ചോദ്യം ചെയ്യലിന് വിധേയമാക്കപ്പെടുന്നുണ്ട്, അവരെ ‘നാണം കെടുത്തുന്നു’ണ്ട്. കൂടാതെ വീട്ടിൽ നിന്നും ഇറക്കിവിടപ്പെടുന്നുമുണ്ട്. ഇതിൽ ആരെയാണ് സംവിധായിക കൂടുതൽ ഇരയാക്കിയത് എന്നുള്ളതൊക്കെ നിലവാരം കുറഞ്ഞ ആലോചനകളായേ തോന്നിയുള്ളൂ.

അപ്പോൾ പറഞ്ഞു വന്നത് മുതലാളിത്തത്തിന്റെ വരവോടുകൂടി പെണ്ണുങ്ങൾക്ക് അവരുടെ ശരീരത്തിൽ നിന്നും അവകാശം വലിയ രീതിയിൽ നഷ്ടപ്പെട്ടു, ഫ്യൂഡൽ സമയത്ത് എല്ലാം സ്വർഗ്ഗമായിരുന്നു എന്നല്ല  പറഞ്ഞത്. മറിച്ച് മുതലാളിത്തത്തിന്റെ തുടക്കം സ്ത്രീ ശരീരങ്ങളുടെ നിയന്ത്രങ്ങളുടെ കഥ കൂടിയാണ്. സിൽവിയ ഫെഡറിച്ചിയുടെ വായനയിൽ, മുതലാളിത്തത്തിന്റെ തുടക്കത്തിൽ വിച്ച് ഹണ്ടിംഗ് നടന്നത് വെറും യാദൃച്ഛികമല്ല. മുതലാളിത്തത്തിന് പകരമായേക്കാവുന്ന സാധ്യതകൾ പേറിയ സ്ത്രീകളെയാണ് അന്ന് ചുട്ടു കൊന്നത്. അന്ന് അതിനു കൂട്ടുനിന്ന ക്രിസ്തീയമതസ്ഥാപനങ്ങൾക്ക് അതില്‍ വലിയ പങ്കുണ്ട്. Witches എന്ന് മുദ്രകുത്തപ്പെട്ടവരിൽ നാടൻവൈദ്യസ്ത്രീകളും പ്രസവശുശ്രൂഷകരും കൂടുതലായിരുന്നു. അതായത് പെൺശരീരങ്ങളിൽ ഇടപെട്ടിരുന്ന സ്ത്രീകളെ മതവും മുതലാളിത്തവും ഭയപ്പെട്ടിരുന്നു. പിന്നെ, ഐപിഎല്ലും ഐഎസ്എല്ലും ഒക്കെ കണ്ട് കളിക്കൊക്കെ കയ്യടിച്ചിട്ട് മുതലാളിത്തത്തെ വെറുതെ ഒന്ന്  പരാമർശിക്കുന്നവർ, സ്വന്തം ജീവിതത്തിൽ ഇതൊക്കെ തിരിച്ചറിയുന്നുണ്ടോ എന്ന് സംശയമാണ്. വീടും തൊഴിലിടവും രണ്ടായതും സ്വന്തം മക്കൾക്ക് മാത്രം ശ്രദ്ധ കൊടുക്കുന്നതും, എന്തിനു സമയത്തിന്റെയും ഉറക്കത്തിന്റെയും വീടുപണിയുടെയും ഒക്കെയുള്ള നമ്മുടെ  ധാരണകൾ പോലും മുതലാളിത്ത വ്യവസ്ഥയുടെ ഭാവനകളാണ്.

മുതലാളിത്ത താൽപര്യങ്ങൾക്ക് എതിരെ നിന്നിട്ടുള്ള പല സമരങ്ങളും പെൺ സമരചരിത്രങ്ങളാണ്. ആഫ്രിക്കൻ രാജ്യങ്ങളിലും ഏഷ്യൻ രാജ്യങ്ങളിലും കർഷക സമരങ്ങളിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചു രാജ് പട്ടേൽ Stuffed and Starved: The Hidden Battle for the World Food System (2007)  വിശദീകരിക്കുന്നുണ്ട്. ഇന്നത്തെ, മാറുന്ന മുതലാളിത്ത വ്യവസ്ഥിതിയിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്നതും അതിനൊരു ബദൽ മുന്നോട്ടുവയ്ക്കുന്നതും പെൺകൂട്ടുകളാണ്. ഇതൊക്കെയും, മതത്തിന്റെയും ജാതിയുടെയും പേരിൽ ഒതുക്കാൻ ശ്രമിക്കുന്ന പെൺശരീരങ്ങളുടെ ആക്രോശങ്ങളുമാണ്.

ഞാനിതെഴുതുന്നത് തമിഴ്‌നാട്ടിൽ നിന്നുമാണ്. തമിഴിൽ എഴുതുന്ന, ദളിത് പെണ്ണെഴുത്തുകാരിൽ പ്രമുഖയായ സുകൃതറാണിയുടെ ഒരു കവിതയുടെ വരികൾ പറഞ്ഞു നിർത്തട്ടെ,

At the top of the pole
planted in my vagina
the flag of our freedom shall fly
painted in the colour of blood.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍