UPDATES

സോമി സോളമന്‍

കാഴ്ചപ്പാട്

My Africa

സോമി സോളമന്‍

ട്രെന്‍ഡിങ്ങ്

കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളേ, പ്രൊഫഷണലുകളായ നിങ്ങളെയാണ് ആഫ്രിക്കയ്ക്ക് ആവശ്യം

മലയാളികളുടെ തിരിച്ചു വരവുകൾ കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ തകർക്കുന്നതിൽ നിന്നും രക്ഷിക്കാനുള്ള വഴികൾ കണ്ടെത്താന്‍ ആഫ്രിക്കക്ക് കഴിയും.

പ്രളയകേരളത്തോട് ആഫ്രിക്കൻ മലയാളികൾ ചെയ്തതും ആഫ്രിക്കയിൽ മലയാളികൾക്ക് ചെയ്യാൻ കഴിയുന്നതും

പ്രളയബാധിത കേരളത്തെ പിടിച്ചുയർത്താൻ ലോകം മുഴുവനുമുള്ള മലയാളികൾ ഒരുമിച്ചിറങ്ങിയപ്പോൾ ലൈബീരിയ, നൈജീരിയ, സിംബാബ്വെ, അംഗോള, ബോട്സ്വാന, ഘാന, സാംബിയ, ടാൻസാനിയ, കെനിയ, ദക്ഷിണാഫ്രിക്ക, മൊസാമ്പിക് തുടങ്ങിയ രാജ്യങ്ങളിലെ മലയാളിക്കൂട്ടായ്‍മകളും അവരുടെ ഒപ്പമുണ്ടായിരുന്നു. ആഫ്രിക്കയിലെ മലയാളി കൂട്ടായ്‍മകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആഫ്രിക്കൻ മലയാളികളുടെ പങ്ക് എത്തിച്ചിരുന്നു, പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അവരുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ആഫ്രിക്കയിൽ തൊഴിൽ ചെയ്യുന്ന മനുഷ്യർ, ആഫ്രിക്കൻ മലയാളികളായ വ്യവസായികൾ എല്ലാവരും പ്രളയ കേരളത്തിന്റെ ഭാഗമായിരുന്നു.

മലയാളിയുടെ പ്രവാസ ജീവിതത്തിൽ ആഫ്രിക്ക അടയാളപ്പെടുത്താതെ പോയതുകൊണ്ടും / പോകുന്നത് കൊണ്ടുമാണ് ആഫ്രിക്കൻ മലയാളികൾ കേരളത്തിന് വേണ്ടി ചെയ്യുന്നത് എടുത്തു പറയേണ്ടി വരുന്നത്. ഗൾഫ് രാജ്യങ്ങളിലെയും മറ്റു പാശ്ചാത്യ രാജ്യങ്ങളിലെയും പ്രവാസ ജീവിതത്തിൽ നിന്നും വളരെ വ്യത്യസ്തമായ സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികളിൽ കൂടിയാണ് ആഫ്രിക്കയിലെ മലയാളികൾക്ക് കടന്നു പോകേണ്ടി വരുക. പരിണാമ വിധേയമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥ മുതൽ, കാലമേറെ ആയിട്ടും ഇനിയും പരിചിതമാകാത്ത സാംസ്കാരിക പരിസരം വരെ ഇതിനുദാഹരണമാണ്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും പടർന്നു കിടക്കുന്ന മലയാളി പ്രവാസത്തിന്റെ സാധ്യതകളോ വെല്ലുവിളികളോ പഠിക്കുന്നതിനോ അടയാളപ്പെടുത്തുന്നിതിനോ നമുക്കിതുവരെ കാര്യമായി കഴിഞ്ഞിട്ടില്ല. സീ ഷെൽസിലും മൗറിഷ്യസിലും മഡഗാസ്കറിലും ബെനിനിലും ബുർകിന ഫാസോയിലും ബിസവുവിലും ഗാബോണിലും മാലിയിലും ജോലി ചെയ്യുന്ന മലയാളി എന്നത് അടുത്ത കാലത്തുണ്ടായ പ്രതിഭാസമല്ല, മലയാളിയുടെ തൊഴിൽ തേടിയുള്ള, മികച്ച ജീവിതം തേടിയുള്ള യാത്രയോളം തന്നെ പഴക്കമുള്ളതാണ് ആഫ്രിക്കൻ രാജ്യങ്ങളിലെ മലയാളി സാന്നിധ്യങ്ങളും.

പ്രളയം തകർത്തതിനെ പണിതുയർത്താൻ സാമ്പത്തികമായി ആഫ്രിക്കൻ മലയാളികൾ ഒപ്പം കൂടുന്നതിനേക്കാൾ അപ്പുറമായി ആഫ്രിക്കയോട് മലയാളികൾക്ക് ചെയ്യാൻ കഴിയുന്ന, അല്ലെങ്കിൽ മലയാളികൾക്ക് ആഫ്രിക്കയിൽ ചെയ്യാൻ ഒരുപാടു സാധ്യതകളുണ്ട്. ലോകമെമ്പാടും ‘കുടിയേറ്റം’ പ്രതിസന്ധി നേരിടുകയാണ്. തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. പ്രളയം തകർത്ത സാമ്പത്തിക അടിത്തറയ്ക്കൊപ്പം, പ്രവാസികളുടെ മടക്കം കേരളത്തിന്റെ സാമ്പത്തിക സംതുലനാവസ്ഥയെ ബാധിക്കുന്ന വിധം കൃത്യമായി മനസിലാക്കേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമാണ്.

‘പ്രവാസ ജീവിതം’ ഇത്രയധികം രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും തിരഞ്ഞെടുത്തിരിക്കുന്ന സമൂഹമെന്ന നിലയിൽ, ഗൾഫ് മേഖലയിലെയും അമേരിക്ക-യൂറോപ്പ് മേഖലയിലെയും മടങ്ങി വരവുകൾ – പുതിയ അവസരങ്ങളുടെ സാധ്യതകൾ അന്വേഷിക്കുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. ‘ഉരു’ വഴി കടൽ കടന്ന ഗൾഫ് പ്രവാസിയിൽ നിന്നും റിക്രൂട്മെന്റ് ഏജൻസികൾക്ക് എത്ര ലക്ഷങ്ങൾ കൊടുത്തും വിദേശ രാജ്യങ്ങളിലേക്ക് കടക്കാൻ തയ്യാറാകുന്ന 2018-ലെ മലയാളിയും തമ്മിൽ ഇന്നും വലിയ ദൂരമൊന്നുമില്ല.

റിക്രൂട്ടമെന്റ് തട്ടിപ്പ് പലപ്പോഴും മനുഷ്യക്കടത്തിന്റെ തന്റെ ഭാഗമാകുന്ന ഈ കാലത്ത് വിദേശകാര്യ മന്ത്രാലയവും നോർക്കയും ഒക്കെ നൽകുന്ന എല്ലാ സൂചനകളെയും തള്ളിയാണ് പലപ്പോഴും അപകടങ്ങളിലേക്കു എടുത്തു ചാടുന്നത്. പനി വന്നാൽ പോലും ഗൂഗിൾ ചെയ്യുന്ന നമ്മൾ, പോകാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ എംബസ്സിയുമായോ അവിടുത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളോ എമിഗ്രേഷൻ നിയമങ്ങളോ ലേബർ നിയമങ്ങളോ ഒന്നും പരിഗണിക്കാറ് പോലുമില്ല. പലപ്പോഴും സാമ്പത്തിക തട്ടിപ്പുകൾക്കും ചൂഷണങ്ങൾക്കും വിദേശത്തു തൊഴിൽതേടി പോകുന്ന മലയാളികൾ നിരന്തരം വിധേയമാകുന്നുണ്ട്.

മടങ്ങി വരുന്നവർ, അവസരങ്ങൾ അന്വേഷിക്കുന്ന ആഫ്രിക്ക – മലയാളികളുടെ ‘വിദേശ സങ്കൽപ്പ’ങ്ങളിൽ നിന്നും വ്യസ്ത്യസ്തമാണ്. ആഫ്രിക്കയിലെ തൊഴിൽ / സംരംഭക സാഹചര്യങ്ങൾ വരുമ്പോൾ ഗൾഫ്/ യൂറോപ്പ് പ്രവാസ മേഖലയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

1. ഫ്രാൻസിന് കൊളോണിയൽ നികുതി കൊടുക്കേണ്ട സാഹചര്യമുള്ള രാജ്യങ്ങൾ ഇപ്പോഴും ആഫ്രിക്കയിൽ നിലനിൽക്കുന്നുണ്ട്. 1961 മുതൽ 14 രാജ്യങ്ങളുടെ നാഷണൽ റിസേർവ് നിയന്ത്രിക്കുന്നത് ഫ്രാൻസാണ് – ബെനിൻ, ബുർകിന ഫാസോ, ഗിനിയ ബൈസാവ്, ഐവറികോസ്റ്റ്, മാലി, നൈജർ, സെനഗൽ, ടോഗോ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ചാഡ്, എകിറ്റോറിയൽ ഗിനിയ, കോംഗോ – ബ്രസാവില്ലേ, ഗാബോൺ എന്നിവയാണ് ആ 14 രാജ്യങ്ങൾ .

(റഫറൻസ് https://www.bbc.com/news/world-africa-41094094)

അതായത് കൊളോണിയൽ കാലഘട്ടത്തിൽ നിന്നും ഇനിയും മോചിതമാകാത്ത സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലയിലേക്കാണ് തൊഴിൽ – സംരംഭക അന്വേഷകരായി നമ്മൾ വരുന്നത്.

2. രാഷ്ട്രീയ – സാമൂഹിക -സാമ്പത്തിക അസ്ഥിരത മൂലം മികച്ച ജീവിത സാഹചര്യങ്ങൾക്ക് വേണ്ടി ഏറ്റവും]കൂടുതൽ ആളുകൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് അധികൃതമായും അനധികൃതമായും കുടിയേറുന്ന മനുഷ്യരുള്ള രാജ്യങ്ങളിലേക്കാണ് തൊഴിൽ / സംരംഭക അന്വേഷകരായി നമ്മൾ എത്തുന്നത്. ആഫ്രിക്കയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നും ആഫ്രിക്കയിൽ തന്നെ സുസ്ഥിര ഭരണ സംവിധാനമുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നവർ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയവരും, അഭയം പ്രാപിച്ചവരുമായ ആഫ്രിക്കയിലെ മനുഷ്യർ, ഈസ്റ്റേൺ മെഡിറ്ററേനിയൻ പാത (ടർക്കി, ഗ്രീസ്) വഴി അനധികൃതമായി കുടിയേറുന്ന ആഫ്രിക്കയിലെ മനുഷ്യർ, സെൻട്രൽ മെഡിറ്ററേനിയൻ പാത വഴി (ഉത്തര ആഫ്രിക്ക – ഇറ്റലി) അനധികൃതമായി കുടിയേറാനും അഭയം പ്രാപിക്കാനും ശ്രമിക്കുന്ന ആഫ്രിക്കയിലെ മനുഷ്യർ, ലിബിയയിൽ നടന്ന ആധുനിക അടിമക്കച്ചവടത്തിന് ഇരയാകുന്ന മനുഷ്യർ, ഈ സാമൂഹിക യാഥാർഥ്യങ്ങൾ നിലനിൽക്കുന്ന ആഫ്രിക്കയിലേക്കാണ് തൊഴിൽ – അന്വേഷകരായി വരുന്നതെന്ന അടിസ്ഥാന ബോധ്യം ആഫ്രിക്കയിലേക്ക് വരുന്നതിനു മുൻപ് ഉണ്ടാകണം.

(റഫറൻസ് https://www.bbc.com/news/world-africa-42492687)

3. ആഫ്രിക്കയിലെ സാമൂഹിക, സാമ്പത്തിക നില പൊതുവിൽ ഒരു പരിണാമ ദിശയിലൂടെ കടന്നു പോവുന്ന സമയമാണിത്. ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന വാർഷിക ആഭ്യന്തര ഉല്പാദന നിരക്കിൽ ആഫ്രിക്കയിലെ നിരവധി രാജ്യങ്ങൾ ആദ്യ 25-ൽ പെടുന്നവയാണ്. ആഫ്രിക്കയിലെ ജനസംഖ്യയുടെ ശരാശരി വയസ് 20 മാത്രമാണെന്നിരിക്കെ, പരമ്പരാഗതമായ (വ്യക്ത്യധിഷ്ഠിതമായ) കുടിയേറ്റങ്ങൾക്കുള്ള സാദ്ധ്യതകൾ ചുരുങ്ങുകയും, ഭരണകൂടങ്ങൾ തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുവാൻ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന സാഹചര്യമാണ് ആഫ്രിക്കയിൽ ഇപ്പോൾ നിലനിൽക്കുന്നത്. പഠിച്ചുയർന്നു വരുന്നവർക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്താൻ വിദേശികളുടെ എണ്ണം കുറച്ച് തദ്ദേശീയർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നല്‍കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ആഫ്രിക്കൻ രാജ്യങ്ങൾ. കിഴക്കനാഫ്രിക്കൻ രാജ്യങ്ങളായ റുവാണ്ട, എത്യോപ്യ, ടാൻസാനിയ ഇതിനുദാഹരണമാണ്. ടാന്‍സാനിയയിൽ കര്‍ശനമാക്കിയ കുടിയേറ്റ നിയമങ്ങളും തൊഴിൽ നിയമങ്ങളും മൊസാമ്പിക്കിലും ടാന്‍സാനിയയിലും (രാജ്യത്തിന് പുറത്തേക്കു തോട്ടണ്ടി വിൽക്കുന്നത് നിർത്തലാക്കി) കശുവണ്ടിയുമായി ബന്ധപ്പെട്ടുണ്ടായ മാറ്റങ്ങൾ (മൊസാമ്പിക്കിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക്‌ മാത്രമേ കശുവണ്ടി കൈമാറ്റത്തിന് അവകാശമുള്ളൂ) ആഫ്രിക്കയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാണ്. പുതിയ രാഷ്ട്രീയ തീരുമാനങ്ങൾ മൂലം, എമിഗ്രേഷന്‍ നിയമങ്ങൾ കർശനമാക്കിയതോടെ ടാന്‍സാനിയയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങേണ്ടി വന്ന മലയാളികൾ അനേകമാണ്. അതായത്, അവസരങ്ങളുടെ പറുദീസയെന്ന കാല്പനികതയെക്കാൾ വെല്ലുവിളികളുടെ ഭൂമികയാണ് ആഫ്രിക്ക.

ആഫ്രിക്കയുടെ സാമൂഹിക -രാഷ്ട്രീയ – സാമ്പത്തിക പരിസരങ്ങളെ കുറിച്ച് അടിസ്ഥാന ബോധ്യമുണ്ടെങ്കിൽ ആഫ്രിക്ക മുന്നോട്ടു വെയ്ക്കുന്ന സാധ്യതകളെ ഉപയോഗിക്കാൻ കഴിയും. പുറത്തു നിന്നും അകത്തു നിന്നും ഒരു]പോലെ സിസ്റ്റമാറ്റിക്കായി ചൂഷണം ചെയ്യപ്പെടുന്ന ഒരു സാമൂഹിക -സാമ്പത്തിക ഘടനയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും സാധ്യതകളുടെ ഒപ്പം പ്രതീക്ഷിക്കണം. സുസ്ഥിരമായ ഭരണ സംവിധാനങ്ങൾ പല ആഫ്രിക്കൻ രാജ്യങ്ങളിലും ഭ്രൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ ആണ്. ഓരോ ആഫ്രിക്കൻ രാജ്യത്തിന്റെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. ആരോഗ്യ മേഖല – ശാസ്ത്ര, സാങ്കേതിക മേഖല, കൃഷി, വിദ്യാഭ്യാസ മേഖല, എൻവയോൺമെന്റൽ എഞ്ചിനീറിങ്, സുസ്ഥിര അടിസ്ഥാന സൗകര്യ നിർമാണ മേഖല, സമുദ്രോല്‍പ്പന്ന മേഖല ഇവയെല്ലാം തന്നെ ആഫ്രിക്കയുടെ സാധ്യതകളാണ്. ആഫ്രിക്കയ്‌ക്ക്‌ തൊഴിൽ അവസരങ്ങൾ നൽകുന്ന, ആഫ്രിക്കയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന ‘പ്രൊഫെഷണലുകളെ’യാണ് ആഫ്രിക്കയ്‌ക്ക്‌ ആവശ്യം.

ആഫ്രിക്കയിലെ സാധ്യതകളുടെ പ്രായോഗിക തലമാകട്ടെ സർക്കാർ സംവിധാനങ്ങളിലൂടെ സുതാര്യമായ ചുവടു വെയ്പുകളിലൂടെ മാത്രം സാധ്യമാകുന്നതാണ്. ആഫ്രിക്കയിൽ സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ -സംരംഭക സാധ്യത ഉറപ്പു വരുത്താൻ സർക്കാർ തലങ്ങളിൽ നടക്കാവുന്ന ധാരണകളിലൂടെ മാത്രമേ സാധിക്കൂ. സർക്കാർ തലത്തിൽ നടക്കുന്ന ചർച്ചകൾക്കും പരസ്പര ധാരണകൾക്കും മാത്രമേ ആഫ്രിക്കയുടെ സാധ്യതകളെ പരീക്ഷണാടിസ്ഥാനത്തിൽ എങ്കിലും ഉപയോഗിക്കാൻ പോലുമുള്ള സാഹചര്യം സൃഷ്ടിക്കാനും കഴിയുകയുള്ളൂ. ആഫ്രിക്കയിൽ ചൈന സ്വീകരിക്കുന്നത് ഇത്തരം ഇടപെടലാണ്. അതിന്റെ ഫലമായാണ് ആഫ്രിക്കയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനം ചൈനയുമായുള്ള സഹകരണത്തിൽ നടക്കുന്നതും വിപണിയുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നതും, ആഫ്രിക്കൻ രാജ്യങ്ങളിൽ ഒരേ സമയം തൊഴിൽ ദാതാവായും തൊഴിലാളിയായും ചൈന മാറുന്നതും. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇടനിലക്കാർ നിങ്ങള്‍ക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് സുരക്ഷിതമോ സുതാര്യമോ അല്ലെന്ന അടിസ്ഥാന ബോധ്യം ഉണ്ടാകണം. സർക്കാർ തലത്തിൽ അല്ലാതെയുള്ള ഒരു ‘ചാനലും’ ആഫ്രിക്കൻ സാഹചര്യത്തിൽ നിലനിൽക്കില്ല.

പ്രളയനാന്തര കേരളം എങ്ങനെ മുൻപോട്ടു പോകണമെന്ന കാര്യങ്ങളാണ്‌ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി ഡോ. തോമസ്‌ ഐസക് മുന്നോട്ടു വച്ചിട്ടുള്ളത്. ഇതുപോലെ തന്നെ പദ്ധതികൾ തയ്യാറാക്കുമ്പോൾ കേരളത്തിന് ആഫ്രിക്കയില്‍ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ശാസ്ത്രീയമായി പഠിക്കാനും കൂടി കഴിഞ്ഞാൽ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളുടെ തിരിച്ചു വരവുകൾ കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ തകർക്കുന്നതിൽ നിന്നും രക്ഷിക്കാനുള്ള വഴികൾ കണ്ടെത്താനും കഴിയും.

 

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍