UPDATES

ട്രെന്‍ഡിങ്ങ്

സർവ്വാധിപത്യം കാശ്മീരിനെ ലോകത്തിലെ ഏറ്റവും വലിയ തടവറയാക്കി മാറ്റുമ്പോൾ

അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും രണ്ടു ദശകങ്ങളായി തുടരുന്ന വംശവെറിയുടെ അജണ്ടയിലെ പുതിയൊരു ചുവടുവയ്പ്പാണ് ഇതെങ്കിൽ അവരുടെ പാർട്ടിക്കും വിശാല സംഘപരിവാറിനും അങ്ങനെയല്ല

കെ.എ ഷാജി

കെ.എ ഷാജി

അങ്ങനെ കാശ്മീർ ലോകത്തിലെ ഏറ്റവും വലിയ ജയിൽ ആയി മാറുകയാണ്. ഏതു നിമിഷവും വലിയ തോതിൽ തീ തുപ്പാൻ പ്രാപ്തിയുള്ള ആധുനിക തോക്കുകളുടെ ഭയപ്പെടുത്തുന്ന നിഴലിൽ ഒരു വലിയ ജനത അവരുടെ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും സ്വപ്‌നങ്ങളും, ജീവിതം തന്നെയും ചുരുട്ടിയൊതുക്കി പഴംതുണിയിൽ പൊതിഞ്ഞു എന്നന്നേക്കുമായി ജീവിക്കേണ്ടി വരുന്ന അവസ്ഥ. അവരുടെ വർത്തമാനം മാത്രമല്ല ഭാവിയും തടവറയിലായി. അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും രണ്ടു ദശകങ്ങളായി തുടരുന്ന വംശവെറിയുടെ അജണ്ടയിലെ പുതിയൊരു ചുവടുവയ്പ്പാണ് ഇതെങ്കിൽ അവരുടെ പാർട്ടിക്കും വിശാല സംഘപരിവാറിനും അങ്ങനെയല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ശ്യാമപ്രസാദ് മുഖർജി തുടങ്ങി വച്ച കാശ്മീരിനെ സാമുദായികമായി വിഘടിപ്പിക്കാനുള്ള അജണ്ടയാണ് ഒടുവിൽ പരിസമാപ്തിയിലെത്തിയത്. നിലവിൽ സംഘപരിവാറിനുള്ളിൽ കടുത്ത അപമാനമേറ്റ് ഒതുങ്ങി കഴിയുന്ന വന്ദ്യ വയോധികൻ എൽ കെ അദ്വാനിയെപ്പോലും അമിത് ഷായുടെ `മാസ്റ്റർ സ്ട്രോക്ക്’ സന്തോഷിപ്പിച്ചുവെങ്കിൽ അത് പഴയ വലിയ സ്വപ്നത്തിന്റെ സാക്ഷാത്‍കാരം എന്ന നിലയിൽ ഉള്ള ആനന്ദമായിരിക്കും. ബാബറി മസ്ജിദ് പള്ളി പൊളിക്കുന്നതിലും പഴയ സ്വപ്നം.

എന്നാൽ ഈ ഒരു തീരുമാനത്തിനനുകൂലമായി ഉണ്ടാക്കപ്പെട്ട പൊതുസമ്മതി വാസ്തവത്തിൽ പുതിയതല്ല. അറിയപ്പെടുന്ന അഴിമതിക്കാരായ മായാവതിയും എടപ്പാടി പഴനിസ്വാമിയും ചന്ദ്രശേഖര റാവുവും ജഗനും ഭയപ്പെട്ടത് സി ബി ഐയെയും എൻഫോഴ്സ്മെന്റിനെയും ആണെങ്കിൽ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന അരാഷ്ട്രീയവാദികളായ അരവിന്ദ് കെജ്‌രിവാളും നവീൻ പട്നായികും ബി ജെ പിയുടെ കെണിയിലായത് ശക്തമായി വളർന്ന സവർണ്ണ ഹിന്ദു മുഖ്യധാരാ പൊതുബോധത്തിന്റെ പശ്ചാത്തലത്തിൽ ആയിരിക്കണം എന്ന് വേണം അനുമാനിക്കാൻ.

കേരളത്തിലടക്കം ഇന്ത്യയുടെ നഗര മേഖലകളിൽ കാശ്മീരി മുസ്ലീങ്ങളോട് ഒരു ഭയമുണ്ട്. അവര്‍ ദേശദ്രോഹികളും ഭീകരരും ആണെന്ന മുൻവിധിയോടെ കാണാനുള്ള ഒരു അദൃശ്യ കണ്ണട സംഘപരിവാർ നമുക്കെല്ലാം വച്ച് തന്നിട്ടുണ്ട്. അതുകൊണ്ടാണ് പ്രത്യക്ഷത്തിൽ മതേതരർ ആയവർ പോലും കാശ്മീരികളെ വെറുപ്പോടും ഭയത്തോടും അവജ്ഞയോടും നോക്കുന്നത്. കാശ്മീരിൽ ടൂര്‍ പോയി യാത്രാവിവരണം എഴുതുന്നവരുടെ കാര്യവും അത് തന്നെ.

തെക്കേ ഇന്ത്യയിൽ അടക്കമുള്ള നഗരങ്ങളിൽ കാശ്മീരികളുടെ ജീവിതം ഒറ്റപ്പെട്ടതും അരക്ഷിതത്വം നിറഞ്ഞതുമാണ്. ഏതു നിമിഷവും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാം. അധിക്ഷേപകരമായ ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടി വരും. തീർച്ചയായും നമ്മുടെ മുഖ്യധാരാ സിനിമകൾ ഇക്കാര്യത്തിൽ സംഘപരിവാറിന് വലിയ സഹായം നൽകിയിട്ടുണ്ട്. റോജ, മിഷൻ കാശ്മീർ, മാ തുജേ സലാം, ദി ഹീറോ എന്നിങ്ങനെയുള്ള സിനിമകൾ എടുക്കുക. സീ ടി വി സംപ്രേക്ഷണം ചെയ്ത ടൈം ബോംബ് 9\11 എന്ന സീരിയലിൽ ഒസാമാ ബിൻലാദൻ ശ്രീനഗറിൽ പ്രത്യക്ഷപ്പെടുന്ന രംഗം പോലുമുണ്ട്. ടെലിവിഷൻ മാധ്യമം ശക്തിപ്പെട്ടതോടെ റിപ്പബ്ലിക്, സീ ടീവി, ടൈംസ് നൗ, ആജ് തക്, ഇന്ത്യ ടി വി തുടങ്ങിയവ സംയുക്തമായി തന്നെ അത്തരം ഒരു പൊതുബോധം നിർമിച്ചുകൊണ്ടിരുന്നു.

ഇനി നാല് പതിറ്റാണ്ട് മുൻപ് നിർമ്മിക്കപ്പെട്ട ബോളിവുഡ് സിനിമ ജാബ്‌ ജാബ്‌ ഫൂൽ ഖിലെയിലേക്ക് പോകാം. അതിൽ രാജ (ശശി കപൂർ) കാശ്മീരിലെ ഒരു പാവപ്പെട്ട ശിക്കാറവാലയാണ്. അയാൾ നഗരത്തിൽ നിന്നുള്ള അതീവ സുന്ദരിയായ റിത (നന്ദ) യുമായി പ്രണയത്തിലാകുന്നു. സ്വാഭാവികമായും അവളുടെ കുടുംബം പ്രണയത്തെ എതിർക്കുന്നു. എന്നാൽ സിനിമ അവസാനിക്കുമ്പോൾ ബോംബെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ആ യുവാവ് യുവതിയെ എടുത്തു ട്രെയിനിൽ കയറ്റുന്നതും അവർ കാശ്മീരിലെത്തി ദാൽ തടാകത്തിൽ ശിക്കാറയിൽ തുഴഞ്ഞു പോകുന്നതുമാണ്. ശുഭപര്യവസായിയാകുന്ന ഒരു ഹിന്ദു-കാശ്മീരി മുസ്‌ലിം പ്രണയ കഥ. സിനിമയിൽ എവിടെയും മതം പരാമർശിച്ചിട്ടില്ലായിരുന്നു. കശ്മീരിലെ ശിക്കാരാവാലകൾ എല്ലാവരും മുസ്ലീങ്ങൾ ആണെന്ന് സമൂഹത്തിനു അറിയാമായിരുന്നു. ആർക്കും ഒരു എതിർപ്പും ഉണ്ടായില്ല.

അന്ന് കാശ്മീരികളോട് ഇന്നത്തെയത്ര വെറുപ്പ് സമൂഹത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ അതിനുശേഷം ഉള്ള കാലഘട്ടത്തിൽ കശ്മീരിലെ ജനങ്ങൾ തങ്ങൾ അനുഭവിക്കുന്ന അനീതിക്കും ആക്രമണങ്ങൾക്കുമെതിരെ നടത്തിയ സമാധാനപരമായ പ്രതിഷേധങ്ങളെ പോലും ഭീകരതയായി ഗണിക്കുവാനും പട്ടാളത്തെ ഉപയോഗിച്ച് അവരെ അടിച്ചമർത്താനും ആരംഭിച്ചതോടെ പൊതുബോധങ്ങളിൽ കാര്യമായ മാറ്റം ഉണ്ടായി. മോദിയും അമിത്ഷായും പറയുകയും സ്വയം വിശ്വസിക്കുകയും ചെയ്യുന്നത് പോലെ കാശ്മീരികൾക്കു തങ്ങൾ വിവേചിതർ ആണെന്ന് തോന്നാൻ തുടങ്ങിയത് മുഹമ്മദാലി ജിന്ന ദ്വിരാഷ്ട്ര വാദം കൊണ്ടുവരികയും മതാടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെടുകയും ചെയ്തപ്പോഴല്ല.

തങ്ങൾ കാശ്മീരികളോട് കടുത്ത അനീതി കാട്ടിയിട്ടുണ്ട് എന്ന് ബ്രിട്ടീഷുകാർ തന്നെ സമ്മതിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശത്തു അനിയന്ത്രിതമായ അധികാരങ്ങൾ അവിടുത്തെ ദോഗ്ര രാജാവിന് കൊടുക്കുകയും രാജാവ് അവ മുസ്ലീങ്ങൾക്ക് എതിരെ ഉപയോഗിക്കുകയും ചെയ്തതായി ബ്രിട്ടീഷ് ചരിത്രകാരനായ റോബർട്ട് തോർപ്പ് പറഞ്ഞത് ജസ്റ്റിസ് എ എസ് ആനന്ദ് എഴുതിയ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ജമ്മു ആൻഡ് കശ്മീർ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക സംസ്കാരത്തിന് നിരക്കാത്തതും കടുത്ത അനീതി നിറഞ്ഞതും ക്രൂരമായ അടിച്ചമർത്തലിന് സഹായകമാകുന്നതും ആയ വിധത്തിലാണ് അധികാരങ്ങൾ കൈമാറിയത് എന്നദ്ദേഹം പറയുന്നുണ്ട്.

ഇനി 1929ൽ കാശ്മീർ മഹാരാജാവിനോട് വിയോജിച്ചു അവിടുത്തെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച സർ ആൽബിയോൺ ബാനർജിയിലേക്ക് വരാം. “ജമ്മുവും കാശ്മീരും അതിഭീകരമായ അവസ്ഥകളിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. നല്ലൊരു പങ്കു മുഹമ്മദീയരും നിരക്ഷരരാണ്. പട്ടിണിയും സാമ്പത്തിക അസമത്വവും രൂക്ഷമാണ്. കന്നുകാലികളെക്കാൾ കുറഞ്ഞ പരിഗണനയാണ്‌ രാജാവ് അവർക്കു നൽകുന്നത്. ജനങ്ങളുമായി രാജാവിന് ഒരു ബന്ധവുമില്ല. അവരുടെ ആവശ്യങ്ങളും ആവലാതികളും അദ്ദേഹം കണ്ടില്ലെന്നു നടിക്കുന്നു,” രാജിവച്ച പ്രധാനമന്ത്രിയുടെ വാക്കുകൾ.

നൂറ്റാണ്ടുകളിലൂടെ തുടർന്ന് വന്ന വിവേചനകളുടെയും അടിച്ചമർത്തലുകളുടെയും ആകെത്തുകയാണ് കശ്മീർ പ്രശ്നം. അവിടുത്തെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാതെ സംസ്ഥാന പദവി എടുത്തു കളയുന്നതും ആർട്ടിക്കിൾ 370 എടുത്തുമാറ്റുന്നതും കൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാകുക മാത്രമേയുള്ളു. ഇന്ത്യയുടെ ആഭ്യന്തര ബാഹ്യ സുരക്ഷാ കാര്യങ്ങളിൽ ഇസ്രായേൽ മുഖ്യ ഉപദേശകർ ആയി വരുന്ന അവസ്ഥയിൽ കശ്മീർ മറ്റൊരു ഗാസാ ആയി മാറുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുക മാത്രമേയുള്ളു.

വാജ്പേയ് മുതൽ മോദി വരെയുള്ള സംഘപരിവാർ നേതാക്കൾ യഥേഷ്ടം ദുർവ്യാഖ്യാനം ചെയ്യുന്ന കാശ്മീരിയാത്തിന്റെ തന്നെ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. വാസ്തവത്തിൽ എന്താണ് കാശ്മീരിയാത്ത്? മുഖ്യധാരാ മാധ്യമങ്ങളും അവയുടെ സംഘപരിവാർ എഴുത്തുകാരും പറയുന്നതിനപ്പുറം കാശ്മീരി സമൂഹത്തിന്റെ ബഹുസ്വരതയും മതേതര സഹവര്‍ത്തിത്വവും ആണത്. പരമ്പരാഗത ആചാരങ്ങളിലും വിശ്വാസങ്ങളിലും സമീപനങ്ങളിലും കാശ്മീരി ഹിന്ദുവും മുസ്ലീമും പൊതുവായ ധാരകൾ കണ്ടെത്തുന്ന ഒന്നാണത്. അപൂർവമായ ഒരു സൂഫി പാരമ്പര്യത്തിൽ നിന്നാണ് അതിന്റെ ഉത്ഭവം. അതിന്റെ പ്രധാന പരിപോഷകർ ഷേഖ് നൂറുദ്ധീൻ നൂറാണിയും ലല്ല അരിഫ എന്ന ലാൽ ദേതും ആയിരുന്നു. നൂറുദ്ധീൻ മുസ്‌ലിം ആയിരുന്നു. ലാൽ ദേത് ഏതു വിഭാഗക്കാരിയായിരുന്നു എന്നതിൽ തർക്കമുണ്ട്. കാശ്മീരി പണ്ഡിറ്റുകൾ പറയുന്നത് അവർ ഒരു ബ്രാഹ്മണ സ്ത്രീ ആയിരുന്നു എന്നാണ്. അവർ ബ്രാഹ്മണ കുലത്തിൽ ജനിച്ചു എന്ന് സമ്മതിക്കുന്ന കാശ്മീരി മുസ്ലീങ്ങൾ അവർ പിന്നീട് ഇസ്ലാം സ്വീകരിച്ചു എന്ന് കൂടി പറയുന്നു. ഇരുവരുടെയും കവിതകൾ സാധാരണ മനുഷ്യരുടെ ഭാഷ സംസാരിച്ചു. കാശ്മീരി ഭാഷയുടെ അടിസ്ഥാന സാഹിത്യം ഇവരുടെ കവിതകളാണ്.

ഷേഖ് നൂറുദ്ധീൻ നൂറാണിയുടെ കവിതകൾ മനുഷ്യർക്കിടയിലെ സമത്വത്തെയും സഹിഷ്ണുതയെയും കുറിച്ചാണ് സംസാരിക്കുന്നത്. ജാതിക്കും ഇത്ര സാമൂഹിക വിവേചനകൾക്കും എതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഹിന്ദു മുസ്‌ലിം ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ടതിനാൽ അദ്ദേഹത്തെ അലംദാർ ഇ കശ്മീർ എന്നാണ് വിളിക്കുക. കശ്മീരിന്റെ സാംസ്‌കാരിക നായകൻ എന്നർത്ഥം വരും.

സമാനമാണ് ലാൽ ദേതിന്റെ കവിതകളും. അവയും ജാതിക്കും ബ്രഹ്മണ്യത്തിനും എതിരെ സംസാരിക്കുന്നു. ഒപ്പം സഹിഷ്ണുതയെക്കുറിച്ചും. ഇവയെല്ലാമാണ് കാശ്മീരിലെ അന്തർധാരകൾ. മതപരമായ വ്യത്യസ്‍തകളും വൈജാത്യങ്ങളും നിലനിർത്തിക്കൊണ്ടുള്ള പരസ്പര്യങ്ങളാണ് എന്നും കാശ്മീരികൾ മുന്നോട്ടു വച്ചിട്ടുള്ളത്. എതിർ സമുദായത്തിലെ അനാചാരങ്ങൾക്കൊപ്പം തന്നെ സ്വസമുദായത്തിലെ പ്രശ്നങ്ങളിലും അവർ വിമര്‍ശനമുയർത്തി. ഇത്തരം വൈജാത്യങ്ങൾക്കു ഇടയിലെ ഒരുമിച്ചു ജീവിക്കലിനെയാണ് കീഴടങ്ങി ജീവിക്കുക എന്ന നിലയിൽ അമിത് ഷാ പരിണാമപ്പെടുത്തുന്നത്.

കാവൽ നിൽക്കുന്ന സൈനികരുടെ എണ്ണം ക്രമാതീതമായി ഉയർത്തിയും പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു തടവിലാക്കിയും എല്ലാ വിവരവിനിമയ സംവിധാനങ്ങളും പ്രവർത്തരഹിതമാക്കിയും തങ്ങളുടെ രാഷ്ട്രീയ അഭിപ്രായത്തെ പ്രശ്ന പരിഹാരമായി അവതരിപ്പിക്കുമായാണ് ബി ജെ പി ചെയ്തത്. ഇവിടെ തകരുന്നത് ജനാധിപത്യവും അതിലെ വിയോജിക്കാനുള്ള അവകാശവുമാണ്. ഭരണഘടനയെ തന്നെ ബൈപാസ് ചെയ്യുക വഴി ഭരണഘടനാ സ്ഥാപനങ്ങളെ തന്നെ നിർവീര്യമാക്കുന്നു. അയോധ്യയിലെ രാമക്ഷേത്രമായാലും ഏകീകൃത സിവിൽ കോഡായാലും ഭരണഘടന മാറ്റിയെഴുതാൻ ആയാലും മുസ്ലീങ്ങളെ കൂടുതൽ അരക്ഷിതരാക്കൽ ആയാലും തങ്ങളുടെ വഴി എന്തായിരിക്കും എന്ന് ബി ജെ പി ഇതിനകം തന്നെ കാണിച്ചു തന്നിട്ടുണ്ട്. പണം കൊടുത്തു വാങ്ങാവുന്നവരെ പണം കൊടുത്തു വാങ്ങിയും അഴിമതിക്കാരെ അന്വേഷണ ഏജൻസികളെക്കൊണ്ട് വിരട്ടിയും അരാഷ്ട്രീയ വാദി കെജ്‌രിവാൾമാരെ മസ്തിഷ്ക പ്രക്ഷാളനം ചെയ്തും അവർ ജനാധിപത്യത്തെ തന്നെ തടങ്കലിൽ ആക്കുന്നു.
തെരഞ്ഞെടുപ്പിൽ കിട്ടിയ വലിയ ഭൂരിപക്ഷത്തിനപ്പുറം തങ്ങൾക്കു എന്ത് ചെയ്യാനും മറ്റൊരു പൊതുസമ്മതി ആവശ്യം ഇല്ലെന്നും അവർ നമ്മെ ബോധ്യപ്പെടുത്തുന്നു. വിയോജിക്കാനുള്ള അവകാശവും ജനാധിപത്യത്തിൽ ഉണ്ടെന്നത് ബി ജെ പിക്ക് മാത്രം ബാധകമല്ല.

വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതും പത്ര സമ്മേളനങ്ങൾ നിർത്തുന്നതും മന്ത്രാലയങ്ങളിൽ മാധ്യമ പ്രവർത്തകരുടെ പ്രവേശം നിഷേധിക്കുന്നതും ചോദ്യങ്ങൾക്കു മുൻപിൽ പ്രകോപിതരാകുന്നതും എല്ലാം വരാനിരിക്കുന്ന നാളുകളുടെ വിപൽ സൂചനകൾ തന്നെയല്ലാതെ മറ്റെന്താണ്?

വാസ്തവത്തിൽ മുന്നൂറ്റി എഴുപതാം വകുപ്പ് ഒരു മിഥ്യയായിരുന്നു. ആയിരത്തി തൊള്ളായിരത്തി അൻപത്തിനാലിനും ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിനുമിടയിൽ കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഇരുനൂറ് ഭരണഘടനാപരമായ ഉത്തരവുകൾ തന്നെ അവയിൽ വെള്ളം ചേർത്തിരുന്നു. ഷെയ്ഖ് അബ്ദുള്ളയ്ക്കും ഫാറൂഖ് അബ്ദുള്ളയ്ക്കും പോലും അവിടെ നിസ്സഹായരായി നിൽക്കേണ്ടി വന്നു.

എന്നാൽ ആ മിഥ്യ ഒരു വലിയ സൂചകമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടം ചരിത്രപരമായ കാരണങ്ങളാൽ ഒരു പ്രത്യേക അവസ്ഥയിൽ ആയിപ്പോയ ഒരു ജനതയുടെ സ്വത്വത്തെ മാനിക്കുന്നു എന്നതിന്റെ സൂചകം. അത് നീക്കം ചെയ്തതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടുള്ളവ മാത്രമായിരിക്കില്ല. അതിനെക്കാള്‍ കൂടുതല്‍ മാനസികമായിരിക്കും. പ്രത്യക്ഷമായ എതിർപ്പുകളെ മാത്രമേ സൈന്യത്തിനും അതിന്‍റെ ഉരുക്കു മുഷ്ടിക്കും കൈകാര്യം ചെയ്യാൻ പറ്റുകയുള്ളു. മാനസികമായി അതുണ്ടാക്കുന്ന വിടവുകളും മുറിവുകളും എന്നും മാരകമായിരിക്കും.

പല തരത്തില്‍ കാശ്‍മീരികളെ മുഖ്യധാരയിൽ നിന്നും സർക്കാർ തന്നെ അകറ്റി. കഴിഞ്ഞ ജൂലായ് ഒന്നിന് സർക്കാർ ജമ്മു-ശ്രീനഗർ പാതയിൽ പ്രഖ്യാപിച്ചത് പ്രതിദിനം അഞ്ചു മണിക്കൂർ നേരത്തെ റോഡ് ഉപയോഗ വിലക്കാണ്. അമർനാഥ് തീർത്ഥാടകർക്ക് മാത്രമേ പത്തുമണിക്കും മൂന്നു മണിക്കും ഇടയിൽ അതിലൂടെ കടന്നു പോകാൻ പറ്റുകയുള്ളു. തീവണ്ടി യാത്രപോലും ആ സമയത്തു നിരോധിക്കപ്പെട്ടു. ഒരു ജനതയുടെ ആരോഗ്യ, വിദ്യാഭ്യാസ, വാണിജ്യ നീക്കങ്ങളാണ് ബാധിക്കപ്പെട്ടത്. പിന്നീടതിൽ അയവു വരുത്തിയെങ്കിൽ പോലും എത്ര എളുപ്പത്തിലും അനായാസവുമായാണ് ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും സർക്കാരുകൾക്ക് നിയന്ത്രിക്കാനാവുക എന്നതിന് അത് ഉദാഹരണമാകുന്നു. നിശാ നിയമങ്ങളും നിരോധനാജ്ഞകളും എല്ലാ സമയക്രമങ്ങളും തെറ്റിച്ചു നടപ്പാക്കപ്പെടുന്നു.

കശ്മീർ ഇന്നൊരു വലിയ ജയിലാണ്. തോക്കുകൾ കഥ പറയുന്നു. ജനങ്ങൾ ജനിച്ച മണ്ണിൽ തടവുകാരാകുന്നു. അപമാനങ്ങൾക്കും അന്യവത്കരണങ്ങൾക്കും തുടർച്ചയായി വിധേയരാകുന്നു. തുടർച്ചയായി ചവിട്ടി മെതിക്കപ്പെടുന്ന പൗരാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും ചെലവിലാണ് സ്വേച്ഛാധിപത്യം താഴ്വരകൾ വിഴുങ്ങുന്നത്. തടവുകാരാക്കിയാണ് സമാധാനം എന്ന് പറയുന്നത്. അക്രമവും തിരിച്ചടികളും രക്ത ചൊരിച്ചിലും മുള്‍വേലികളും ബങ്കറുകളും കല്ലും തോക്കും ചേർന്നുണ്ടാകുന്ന അരക്ഷിതാവസ്ഥകൾ കാശ്മീരിന്റെ മണ്ണിൽ നിന്ന് വിട്ടൊഴിയാൻ കൂടിയാലോചനകളുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാന നീതിബോധങ്ങളുടെയും വഴിയല്ല ബി ജെ പി തെരഞ്ഞെടുത്തത്. കഴിഞ്ഞ ഒരു ദശകത്തിൽ ഇവിടെ ഇരുന്നൂറ്റി അറുപത്തിയേഴ്‌ ആളുകളും നൂറ്റി അന്‍പത്തൊന്‍പത് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. നിലവിലെ ഏകപക്ഷീയമായ നീക്കങ്ങൾ എരിതീയിൽ എണ്ണയൊഴിക്കുക മാത്രമാണ് ചെയ്യുക.

മറുവശത്തു ഇത്തരമൊരു അവസ്ഥ സന്തോഷത്തിലാക്കുന്നത് പാക്കിസ്താനിൽ നിന്നുള്ള പിന്തുണയോടെ പ്രവർത്തിക്കുന്ന മതഭീകര ശക്തികളെയാണ്. തങ്ങൾ പറഞ്ഞതും മുന്നറിയിപ്പ് തന്നതുമായ ഭീതികൾ ശരിയായില്ലേ എന്നാണ് അവർ ശരാശരി സമാധാനകാംഷികളായ കാശ്മീരി മുസ്ലീങ്ങളോട് ചോദിക്കുന്നത്. ചെറുപ്പക്കാരെ വഴിതെറ്റിച്ചു തോക്കെടുപ്പിക്കുക എന്നുള്ള അവരുടെ ഗൂഢപദ്ധതിക്കു ഇത് വളമാകും.

മോദിയുടെയും കൂട്ടരുടെയും ഏക ലക്‌ഷ്യം കശ്‍മീരിലെ മുസ്ലിം ഭൂരിപക്ഷം കുറച്ചു കൊണ്ടുവരിക മാത്രമാണ്. അതിനായി വൻതോതിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കാൻ കോർപ്പറേറ്റുകളുടെ പിന്തുണയും ഉണ്ടായിരിക്കും. കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയക്കാർ-മെഹ്ബൂബയെ പോലുള്ള അവസരവാദികൾ അടക്കം- നാളിതുവരെ അവിടെത്തെ ജനങ്ങളിലേക്ക് അടുക്കാനുള്ള മാർഗമായാണ് ഡൽഹിയിലെ ഭരണക്കാർ കണക്കാക്കി ഇരുന്നതെങ്കിൽ ഇപ്പോൾ അവയുടെ സ്ഥാനം വിഘടന വാദികൾക്ക് ഒപ്പം ആണെന്ന് അവര് പറഞ്ഞു കൊണ്ടിരിക്കുകയാണ്.

കുതന്ത്രങ്ങളിലൂടെ കാശ്മീരിനെ കാവി പതപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്‌ഷ്യം. അതിനായി വലിയ വിലകൊടുക്കേണ്ടി വരും എന്നതൊന്നും ഭരണാധികാരികളെ അലോസരപ്പെടുത്തുന്നില്ല എന്നിടത്താണ് വലിയ ദുരന്തം. അനുദിനം വിഘടിച്ചു പോയിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷം കൂടിയാകുമ്പോൾ നാളെകൾ ഭയം നിറഞ്ഞവയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍