UPDATES

എസ്. മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ്. മുഹമ്മദ് ഇര്‍ഷാദ്

വിശകലനം

നമ്മുടെ ജനാധിപത്യത്തില്‍ എത്രത്തോളം ജനാധിപത്യമുണ്ട്? രാഷ്ട്രീയ പാര്‍ട്ടികളിലോ?

ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാത്ത പാർട്ടികൾ എങ്ങനെയാണ് ജനാധിപത്യത്തെ സംരക്ഷിക്കുന്നത്?

ലോകത്തെ ജനാധിപത്യ രാജ്യങ്ങളുടെ ഒരു പട്ടിക എടുത്താൽ അതിൽ സ്ഥാനം പിടിക്കുന്ന ഒന്നാമത്തെ രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. ലോകത്തെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യം, ഏറ്റവും കൂടുതൽ സ്ഥാനാർഥികള്‍ ഉള്ള രാജ്യം, ഏറ്റവും കൂടുതൽ പണം ചിലവഴിച്ചുകൊണ്ട് ജനാധിപത്യം സംരക്ഷിക്കുന്ന ഒരു രാജ്യവും നമ്മുടേതാകും; പണം വാങ്ങി വോട്ട് വിൽക്കുന്ന ഒരു രാജ്യവും വോട്ടർമാരും നമ്മുടേത് തന്നെയായിരിക്കും. ഇന്ത്യയിലെ ഏകദേശം 85 ശതമാനത്തോളം പൗരന്മാർ വോട്ടു ചെയുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ നമ്മൾ ജനാധിപത്യത്തെ സംരക്ഷിക്കാൻ ചുമതലപ്പെടുത്തുന്നത് നമ്മൾ തന്നെ അഴിമതിക്കാരെന്നും കള്ളന്മാരെന്നും വിളിക്കുന്ന രാഷ്ട്രീയക്കാരെയും. അതായത് ഒരു രാഷ്ട്രത്തിന്റെ പരമമായ നിലനിൽപ്പിനും പൗരന്റെ അവകാശങ്ങളുടെ സംരക്ഷണത്തിനും വേണ്ടി നമ്മൾ തിരഞ്ഞെടുക്കുന്നത് നമുക്ക് തന്നെ വിശ്യസമില്ലാത്ത ഒരു കൂട്ടം ആൾക്കാരെയും പാർട്ടികളേയുമാണ്.

ഇനി മറ്റൊരു ചോദ്യം, ജനാധിപത്യത്തെ സംരക്ഷിക്കാൻ നമ്മൾ ചുമതലപ്പെടുത്തുന്ന പ്രസ്ഥാനങ്ങൾ എത്രത്തോളം ജനാധിപത്യപരമാണ്. അതായത് ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാത്ത പാർട്ടികൾ എങ്ങനെയാണ് ജനാധിപത്യത്തെ സംരക്ഷിക്കുന്നത്? ഉൾപ്പാർട്ടി ജനാധിപത്യം എന്ന് പറയുമ്പോൾ പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകൾ, തീരുമാനങ്ങൾ, സ്ഥാനാർഥി നിർണ്ണയങ്ങൾ, ലിംഗ സമത്വം തുടങ്ങിയവയാണ്. ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷത്തുള്ള കോൺഗ്രസ്സും, സമാജ് വാദി പാർട്ടിയും, ബി എസ് പിയും, തൃണമൂൽ കോൺഗ്രസ്സും, നാഷണൽ കോൺഫെറൻസും, ഡി എം കെയും, എ ഐ ഡി എം കെ യും, കേരളത്തിലെ ലീഗും, പിന്നെ പരസ്യമായി കുടുബവും പിന്നിൽ സഭ/ മത/ കുടുബ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേരള
കോൺഗ്രസ്സുകളും ഒരു തരത്തിലും ഉൾപ്പാർട്ടി ജനാധിപത്യമോ ലിംഗസമത്വമോ സാമൂഹിക നീതിയോ പുലർത്തുന്നില്ല. ഇടതു പാർട്ടികളും ഒട്ടും പുറകിലല്ല, കേന്ദ്രീകൃത ജനാധിപത്യം നിലനിൽക്കുന്ന ഇടതു പാർട്ടികളില്‍ ഇപ്പോൾ കാണുന്നത് അധികാര കേന്ദ്രീകരണമാണ്. പാർട്ടിയെക്കാൾ പ്രാധാന്യം നേതാക്കൻമാർക്കും അവരുടെ തീരുമാനങ്ങൾക്കും കിട്ടുന്നു. നേതാവിനെ വാഴ്ത്തുന്ന പ്രവണതയും എതിർ പ്രസ്ഥാനങ്ങളോടുള്ള അസഹിഷ്ണുതയും കാണിക്കുന്നത് ഇടതു പാർട്ടികൾക്ക് നഷ്ടപ്പെടുന്ന ഉൾപാർട്ടി ജനാധിപത്യമാണ്.

ബിജെപിയിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നത് അമിത് ഷായും നരേന്ദ്ര മോദിയുമാണ്. അതായത് അവരുടെ സാമ്പത്തിക-അധികാര സംരക്ഷണത്തിന് വേണ്ടിയുള്ള തീരുമാനങ്ങൾക്കാണ് പ്രാമുഖ്യം. കോൺഗ്രസിലാണെങ്കിൽ നെഹ്റു കുടുബത്തിന്റെ തീരുമാനങ്ങൾക്കാണ് പ്രസക്തി. മറ്റു രാഷ്ട്രീയ പാർട്ടികളിലും ഫലത്തിൽ രാഷ്ട്രീയ തീരുമാനങ്ങൾ ഏകപക്ഷീയമാണ്. പലപ്പോഴും ഇത്തരം ഏകപക്ഷീയ തീരുമാനങ്ങൾ ജനാതിപത്യ സംവിധാനത്തെ തകർക്കുന്നതാണ്. കാരണം ഇത്തരം തീരുമാനങ്ങൾ അതാത് രാഷ്ട്രീയ പാർട്ടികളുടെ പ്രത്യാശാസ്ത്രത്തേക്കാൾ പ്രാധാന്യം നൽകുന്നത് ആ പാർട്ടി നയിക്കുന്നവരുടെ സാമ്പത്തിക-അധികാര താത്പര്യങ്ങൾക്കാണ്. അതിന് വേണ്ടി പലപ്പോഴും സമാന്തര സാമ്പത്തിക ശക്തികളുമായും മതസംഘടനകളുമായും സാമൂഹിക വിരുദ്ധരുമായും ഒക്കെ സഖ്യം ഉണ്ടാക്കേണ്ടിവരും. അതോടുകൂടി സംഘടനെയേക്കാൾ പ്രാധാന്യം നേതാക്കന്മാരുടെ വ്യക്തി-സാമ്പത്തിക താല്പര്യങ്ങള്‍ക്ക് കിട്ടും.

അതു കൂടാതെ സംഘടനയ്ക്ക് പണം കണ്ടെത്തേണ്ട ചുമതല ഇത്തരം നേതൃത്വങ്ങളിൽ എത്തുകയും ചെയ്യും. അതു കൊണ്ടാണ് പലപ്പോഴും വ്യജലോട്ടറിക്കാരിൽ നിന്നും, കള്ളപ്പണക്കാരിൽ നിന്നും, ഭൂമി കയ്യേറ്റക്കാരിൽ നിന്നും, നിയമ വിരുദ്ധ ക്വാറികളിൽ നിന്നും ഒക്കെ രാഷ്ട്രീയ പ്രവർത്തനത്തിന് പണം വാങ്ങുന്നതും അതെല്ലാം തന്നെ നിയമ സംവിധാനത്തിന്റെ കുരുക്കിൽപ്പെടാതെ സംരക്ഷിക്കുന്നതിനും രാഷ്ട്രീയപാർട്ടികളെ സഹായിക്കുന്നതും ഈ നിയവിരുദ്ധ സാമ്പത്തിക ശക്തികളാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യ മഹാരാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയും കള്ളപ്പണത്തിന്റെ സ്രോതസുകളേ പൂർണ്ണമായും ഇല്ലാതാക്കാനോ ഇത്തരം കേന്ദ്രങ്ങളെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടു വരാനോ ശ്രമിക്കാത്തത്.

അതുകൊണ്ട് തന്നെ ഇന്ത്യൻ ജനാതിപത്യം പൗരന് നൽകുന്ന സംരക്ഷണം എന്ന് പറയുന്നത് ഒരിക്കലും രാഷ്ട്രീയ സംരക്ഷണം അല്ല, പകരം ജനാധിപത്യത്തിന്റെ വ്യവസ്ഥാപിത നിലനിൽപിനായി ജനാധിപത്യം തന്നെ കെട്ടിപ്പടുത്ത സ്ഥാപനങ്ങളും അവ ഉറപ്പാക്കുന്ന അടിസ്ഥാന പൊതുസേവനങ്ങളും/ഉത്പന്നങ്ങളുമാണ്. അതകൊണ്ട് തന്നെ ഇന്ത്യാ മഹാരാജ്യത്തെ ഭൂരിപക്ഷത്തിനും ജനാധിപത്യമെന്നാൽ സ്വന്തം മത/ ജാതി/ ദേശത്തിന്റെ പാർലമെന്റലുള്ള പ്രാതിനിധ്യമല്ല, പകരം നിത്യജീവിതത്തിന്റെ നിലനിൽപ്പിന് ഭരണകൂടം നൽകുന്ന ഉറപ്പാണ്. അതിന് വേണ്ടത് തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല, പകരം വേണ്ടത് വികസനത്തിലും വിഭവങ്ങളുടെ വിതരണത്തിലും വേണ്ട ജനാതിപത്യമാണ്. അതില്ലാത്തിടത്തോളം ജനാധിപത്യത്തിന് സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍