UPDATES

നമ്മള്‍ ആഘോഷിക്കുന്ന ഈ സ്വാതന്ത്ര്യം ആരുടേതാണ് ?

രാമ രാജ്യം എന്ന കളങ്കരഹിതമായ ഗാന്ധിയന്‍ സ്വപ്നത്തെ കാവി അണിയിച്ചു കൂടുതല്‍ വികൃതവും ബീഭത്സവും ആക്കി മാറ്റിയിരിക്കുന്നു

കെ എ ആന്റണി

കെ എ ആന്റണി

കശ്മലന്മാര്‍ നിര്‍ബാധം വിഹരിക്കുന്നു, പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ. വൃദ്ധമാതാവെന്നോ പിഞ്ചു പൈതലെന്നോ വ്യത്യാസമില്ല. പൊതു നിരത്തിലോ തൊഴിലിടങ്ങളിലോ എന്നുവേണ്ട സ്വന്തം ഭവനങ്ങളില്‍ പോലും പെരുകുന്ന അരക്ഷിതാവസ്ഥയും പീഡനപര്‍വങ്ങളും. സീതാദേവിയെ പൂജിക്കുന്നുവെന്നു പറയുന്ന, പെറ്റുവീണ ഭൂമിക്ക് ‘അമ്മ സങ്കല്പം നല്‍കി അവഹേളിക്കുന്ന പുരുഷാധമന്മാര്‍… ഭാരതാംബയെ താണു വണങ്ങുന്നുവെന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടമോ അതിലേറെയോ തവണ ഉരുവിടുന്നവന്റെ ഉള്ളകം പണ്ടെന്നെത്തേതിനേക്കാള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്നു. സത്യത്തില്‍ സ്ത്രീത്വത്തിനും മാതൃത്വത്തിനും വേണ്ടി നിലകൊള്ളേണ്ട ഒരു സമൂഹം സ്ത്രീ വേട്ട നടത്തി ഉന്മാദിക്കുന്നു. ഇത്തരം ഉന്മാദികളുടെ എണ്ണത്തിന്റെ പതിന്മടങ്ങായി ഇരയുടെ എണ്ണം പെരുകുന്നു.

കള്ളവും ചതിയും ഇന്നും തുടര്‍ക്കഥ. അതും കൂടുതല്‍ വ്യാപ്തിയില്‍. സായിപ്പിനെ തൊഴിച്ചു പുറത്താക്കി സദ്ഭരണം കാഴ്ചവെക്കുമെന്നു പറഞ്ഞവര്‍ പഴയ കാട്ടുകൊള്ളയും കാട്ടുനീതിയും പിന്തുടരുന്നു, കൂടുതല്‍ കണിശ്ശതയോടെയും കാര്‍ക്കശ്യത്തോടെയും കൂടി. ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നു. കടം കയറി മുടിഞ്ഞു ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകര്‍. വീണ്ടും വീണ്ടും വഞ്ചിതരാവുന്ന ആദിവാസികകളും ദളിതരും. നേര്‍വഴി ചൊല്ലാനിറങ്ങി വഴിതെറ്റി സഞ്ചരിക്കുന്ന പൗരോഹിത്യം. തുടരുന്ന കോഴക്കഥകള്‍. അനീതിയുടെയും അധര്‍മത്തിന്റെയും ശംഖൊലി ഇട തടവില്ലാതെ മുഴങ്ങുന്നു. നീതിക്കുവേണ്ടിയുള്ള
കാത്തിരിപ്പുകള്‍ വെറുതെയാവുന്നു.

"</p

ജീവന് സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായവര്‍ കൊച്ചു കൊച്ചു പീഡനങ്ങളില്‍ തുടങ്ങി ഓരോരുത്തര്‍ക്കും സാധ്യമാകുന്ന ഇടങ്ങളില്‍, മേഖലകളില്‍ തങ്ങളാല്‍ ആവും വിധം പുത്തന്‍ പീഡന മുറയ്ക്ക് നേതൃത്വം നല്‍കുകയോ അത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുകയോ ചെയ്യുന്നു. വര്‍ണ, വര്‍ഗ, വംശീയ വിഭജനം അതിന്റെ എല്ലാ തീവ്രതയും കൈവരിക്കുന്നു. കൊടി അടയാളങ്ങള്‍ മാഞ്ഞുപോകുന്നു. നിറങ്ങള്‍ തീര്‍ത്തും അപ്രസക്തമാവുകയും എല്ലാ നിറങ്ങള്‍ക്കുമേല്‍ കാവി പടരുകയും ചെയ്യുന്നു. എന്ത് വായിക്കണം, എന്ത് പഠിക്കണം എന്നതുമാത്രമല്ല എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം, എങ്ങനെ മുടിയും താടിയും വളര്‍ത്തണം എന്നുപോലും മുകളില്‍ നിന്നും തീരുമാനിക്കപ്പെടുന്നു. ഇല്ലാത്തവന്‍ പൂര്‍ണമായും കവര്‍ന്നെടുക്കപ്പെടുന്നു. ഉള്ളവന്‍ വീണ്ടും വീണ്ടും സമ്പന്നനും കരുത്തനും ആവുന്നു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഭാരതത്തിന്റെ ഒരു ഏകദേശ ചിത്രം ഇതൊക്കെയാണ്. സത്യത്തില്‍ ഗാന്ധിജി വിഭാവനം ചെയ്തുവെന്ന് നാം ഇത്രയും കാലം പറഞ്ഞു നടന്ന ഭാരതം എത്ര കണ്ടു ആ സങ്കല്‍പ്പത്തിനൊത്തു ഉയര്‍ന്നു എന്ന ചോദ്യം ബാക്കിയാവുന്നു. ഒരു കാര്യം ശരിയാണ് രാമ രാജ്യം എന്ന കളങ്കരഹിതമായ ഗാന്ധിയന്‍ സ്വപനത്തെ കാവി അണിയിച്ചു കൂടുതല്‍ വികൃതവും ബീഭത്സവും ആക്കി മാറ്റിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മനസ്സിലാവും ഇന്ത്യന്‍ സമൂഹം മുന്നോട്ടല്ല പിന്നോട്ടാണ് നടക്കുന്നതെന്ന്. വിഭജനത്തിനു മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കാളിമ നമ്മുടെ രാഷ്ട്രത്തെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധര്‍മം കൊടികുത്തി വാഴുന്നു. വര്‍ഗീയതയും ഫാസിസവും അതിന്റെ സര്‍വ സന്നാഹത്തോടുംകൂടി ആക്രമണം അഴിച്ചു വിടുന്നു. അപ്പോള്‍ സത്യത്തില്‍ നാം വര്‍ഷാവര്‍ഷം ആഘോഷിക്കുന്ന ഈ സ്വാതന്ത്ര്യം ആരുടേതാണ്? ഈ സ്വാതന്ത്ര്യത്തിന്റെ പൊരുള്‍ എന്താണ് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിക്കുന്നു എന്ന് ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍