UPDATES

ട്രെന്‍ഡിങ്ങ്

പാണക്കാട് തറവാട്ടിലെ യുവകേസരികളുടെ ലക്ഷ്യം അബ്ദുള്‍ വഹാബ് എംപി മാത്രമല്ല; പൊട്ടിത്തെറിക്കാന്‍ വേണ്ടി പുകയുന്ന മുസ്ലീംലീഗ്

പാർലമെന്റിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ ശബ്‌ദമാകാൻ കഴിയാത്തവർ തങ്ങൾ വഹിക്കുന്ന സ്ഥാനങ്ങൾ ഒഴിയണമെന്ന് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ സയ്യദ് മോയിൻ അലി ശിഹാബ് തങ്ങൾ

കെ എ ആന്റണി

കെ എ ആന്റണി

രണ്ടാം നരേന്ദ്ര മോദി സർക്കാർ മുത്തലാഖ് ബില്ല് പാസാക്കിയതിനു തൊട്ടുപിന്നാലെ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ സയ്യദ് മോയിൻ അലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്റെ രാജ്യസഭ അംഗം പി വി അബ്ദുള്‍ വഹാബിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. പാർലമെന്റിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ ശബ്‌ദമാകാൻ കഴിയാത്തവർ തങ്ങൾ വഹിക്കുന്ന സ്ഥാനങ്ങൾ ഒഴിയണമെന്നും മുസ്ലീമുകൾക്കുവേണ്ടി ശബ്‌ദമുയർത്താൻ കഴിവുള്ള ധാരാളം ആളുകൾ മുസ്ലിം ലീഗിൽ ഉണ്ടെന്നുമായിരുന്നു മോയിൻ അലിയുടെ പ്രതികരണം. അബ്ദുള്‍ വഹാബിന്റെ പേര് പരാമർശിക്കാതെയായിരുന്നു പ്രതികരണമെങ്കിലും മോയിൻ അലിയുടെ ലക്‌ഷ്യം എൻആർഐ ബിസിനസുകാരനായ വഹാബ് തന്നെയാണ് എന്നു കരുതിയാൽ തെറ്റി. വഹാബിനൊപ്പം പി കെ കുഞ്ഞാലിക്കുട്ടിയെ കൂടി മോയിൻ അലി ലക്‌ഷ്യം വെക്കുന്നുവെന്നു തന്നെ വേണം കരുതാൻ. നേരത്തെ വിമാനം വൈകിയെന്ന കാരണം പറഞ്ഞു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വഹാബിനൊപ്പം വൈകിയെത്തിയ കുഞ്ഞാലിക്കുട്ടിക്കും അന്ന് വോട്ടു രേഖപ്പെടുത്താൻ കഴിയാതിരുന്നതിനെതിരെയും മോയിൻ അലി അടക്കമുള്ള ചില യുവ നേതാക്കൾ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ യുവാവിനെ ചുട്ടുകൊന്ന സംഭവത്തിലും മുസ്ലിം ലീഗ് എംപിമാർ പ്രതികരിച്ചില്ലെന്ന ആക്ഷേപവും മോയിൻ അലി ഉന്നയിക്കുന്നുണ്ടെങ്കിലും കേരളത്തിൽ മുസ്ലിം സമുദായം ഏറെ ആശങ്കയോടുകൂടി കണ്ടിരുന്ന മുത്തലാഖ് വിഷയം തന്നെയാണ് ഇപ്പോഴത്തെ രൂക്ഷ വിമർശനത്തിന് കാരണം എന്നതും വ്യക്തമാണ്.

മുസ്ലിം യൂത്ത് ലീഗിന്റെ ദേശീയ ഉപാധ്യക്ഷനും ഇ കെ സുന്നി വിഭാഗം നേതാവുമായ മോയിൽ അലി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യദ് ഹൈദരാലി ശിഹാബ് തങ്ങളുടെ മകൻ കൂടിയാണെന്നത് അദ്ദേഹം ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന വിമർശനത്തിന് മറ്റു ചില രാഷ്ട്രീയ മാനങ്ങൾ കൂടി നൽകുന്നുണ്ട്. പി എം എസ് എ പൂക്കോയ തങ്ങളുടെ കാലത്തോ അദ്ദേഹത്തിന്റെ കാലശേഷം സംസ്ഥാന അധ്യക്ഷനായ സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ കാലത്തോ ഇല്ലാതിരുന്ന ചില മാറ്റങ്ങൾ അടുത്തകാലത്തായി മുസ്ലിം ലീഗിൽ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. പാണക്കാട് കുടുംബത്തിൽ നിന്നുമുള്ള യുവ തലമുറ മുസ്ലിം ലീഗിലും യൂത്ത് ലീഗിലുമൊക്കെ ഉന്നത സ്ഥാനങ്ങളിലേക്ക് കടന്നു വന്നിരിക്കുന്നു എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. പണ്ടും മുസ്ലിം ലീഗിലെ അവസാന വാക്ക് പാണക്കാട് തങ്ങളുടേതായിരുന്നുവെങ്കിലും തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ പാർട്ടിയിലെ ചില നേതാക്കൾക്ക് വലിയ റോൾ ഉണ്ടായിരുന്നു. യു എ ബീരാന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും കാലത്ത് ഇതിനെതിരെ ചില കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നുവെങ്കിലും പാണക്കാട്ടെ അടുക്കള കാബിനറ്റ് വിഘ്നമേതുമില്ലാതെ തന്നെ പ്രവർത്തിച്ചു പോന്നു. എന്നാൽ ഇനിയതൊന്നും നടപ്പില്ലെന്ന ശക്തമായ സൂചന തന്നെയാണ് തങ്ങൾ തറവാട്ടിൽ നിന്നുമുള്ള യുവ കേസരികൾ നൽകുന്നത്.

കേരളത്തിനകത്തും പുറത്തും മാത്രമല്ല യു എ ഇ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ബിസിനസ് ശൃംഖലകളുള്ള അബ്ദുൽ വഹാബ് ആദ്യമായി രാജ്യസഭയിലെത്തുന്നത് 2004-ലാണ്. മുസ്ലിം ലീഗിൽ യാതൊരു വിധ പ്രവർത്തന പരിചയവും ഇല്ലാത്ത അബ്ദുൽ വഹാബിനെ എം പി യാക്കിയതിനെതിരെ ലീഗിൽ അന്നേ പ്രതിഷേധം ഉയർന്നിരുന്നു. 2010ൽ കാലാവധി പൂർത്തിയാക്കിയ അബ്ദുൽ വഹാബിനെ തന്നെ 2015ൽ വീണ്ടും രാജ്യസഭയിലേക്കയച്ചതിനെതിരെയും ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും പിന്നീട് അതെല്ലാം കെട്ടടങ്ങി. പണക്കച്ചാക്കിനെ രാജ്യസഭയിലേക്കു അയയ്ക്കുന്നുവെന്ന വിമർശനത്തെ ‘പണക്കാരനായിപ്പോയത് തന്റെ കുറ്റമാണോ’ എന്ന മറു ചോദ്യവുമായിട്ടായിരുന്നു അബ്ദുൽ വഹാബ് നേരിട്ടത്.

ബിസിനസിൽ മാത്രം ശ്രദ്ധിക്കുന്ന, മുസ്ലിം ലീഗിന്റേയോ മുസ്ലിം സമുദായത്തിന്റെയോ താല്പര്യങ്ങൾക്കുവേണ്ടി ശബ്‌ദമുയർത്താത്ത അബ്ദുൽ വഹാബിനെപ്പോലെ ഒരാളെ പാർട്ടിയുടെ രാജ്യസഭ എംപിയാക്കുന്നതിൽ വഹിച്ച പങ്കാണ് അടുത്ത കാലം വരെ മുസ്ലിം ലീഗിലെ മുടിചൂടാമന്നനായിരുന്ന കുഞ്ഞാലികുട്ടിക്കെതിരെയും തിരിയാൻ മുസ്ലിം ലീഗിലെ യുവരക്തങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്ന്. മറ്റൊന്ന് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ തങ്ങൾ തറവാട്ടിൽ നിന്നുള്ള യുവ സിംഹങ്ങൾ കാണിക്കുന്ന വ്യഗ്രതയും. എന്തായാലും ഉള്ളില്‍ പുകയുന്നത് എന്ന് വലിയ പൊട്ടിത്തെറിയാകും എന്നേ ഇനി അറിയാനുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍