UPDATES

ട്രെന്‍ഡിങ്ങ്

നത്തോലി ചെറിയ മീനല്ല എന്നതുകൊണ്ട് സ്രാവ് എല്ലായ്പോഴും വലിയ മീൻ ആവണമെന്നില്ല; ഒരു ദേശീയ കത്തോലിക്കന്റെ ആര്‍ എസ് എസ് സ്വപ്നങ്ങള്‍

വര്‍ഷങ്ങളായി കേരളത്തിലെ കത്തോലിക്കാ സഭയും സംഘപരിവാറും തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്

കെ.എ ഷാജി

കെ.എ ഷാജി

ഗോവയിൽ കോൺഗ്രസ്സിൽ നിന്നും കാലുമാറി ബി ജെ പി യിൽ ചേർന്ന എം എൽ എമാരിൽ പത്തിലെട്ടുപേരും കത്തോലിക്കർ ആണെന്നതിൽ അഭിമാനമുണ്ട് എന്ന് പൂഞ്ഞാറിലെ മാർപാപ്പ പി സി ജോർജ് അഭിപ്രായപ്പെട്ട അതേ ദിവസം തന്നെയാണ് സ്രാവുകൾക്ക് ഒപ്പം നീന്തി തളർന്ന ജേക്കബ് തോമസ് എന്ന നസ്രാണി യുവാവ് ഗൗളി ശാസ്ത്രം പഠിക്കാനായി അതേ ഹിന്ദുത്വ പാർട്ടിയിൽ ചേക്കേറിയിരിക്കുന്നത്. പറഞ്ഞുവന്നാൽ നിതാന്ത സസ്പെൻഷനിലുള്ള പഴയ പോലീസ് ഏമാനായ ജേക്കബ് തോമസും കത്തോലിക്കനാണ്. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ ഉപദേശം കേട്ട് ഐ എ എസ് വിട്ടിറങ്ങി പിണറായി വിജയന്‍റെ ആരാധകനാവുകയും അതുവഴി ഇടതുമുന്നണിയുടെ സ്വതന്ത്ര എം എൽ എ ആവുകയും ചെയ്യുകയും പിന്നീട് ബിജെപിയിൽ പരകായ പ്രവേശം ചെയ്യുകയും ചെയ്ത മുൻ ഐ എ എസുകാരൻ അൽഫോൻസ് കണ്ണന്താനം എന്ന മറ്റൊരു കത്തോലിക്കനാണ് ഇവിടെ ജേക്കബ് തോമസിന് വഴികാട്ടി.

സ്രാവുകളെ മടുത്താൽ ഇനി തിമിംഗലങ്ങളുടെ കൂടെ നീന്താം, ഭൂരിപക്ഷ വർഗീയതയുടെ സംരക്ഷകരും പരിപോഷകരുമായ ദേശീയവാദി കത്തോലിക്കൻ ആകുകയും ചെയ്യാം. ഇരുപത്തിമൂന്നു വർഷമായി താൻ ബിജെപിയുടെയും ആർ എസ് എസിന്റെയും രാഷ്ട്രീയം പങ്കുവയ്ക്കുന്നുണ്ട് എന്നാണ് ജേക്കബ് തോമസ് ആവർത്തിച്ച് പറയുന്നത്. ഇത്ര നീണ്ട സഹവാസം ചെയ്തതായി കേരളത്തിൽ അവകാശപ്പെടുന്ന മറ്റൊരാൾ മിക്കവാറും പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് ആയിരിക്കും. അങ്ങനെ സംസ്ഥാനത്തെ ബിജെപിയ്‌ക്ക്‌ പാമ്പ് പിടിക്കാനും സ്രാവ് പിടിക്കാനും ആളുകളായി. കടൽക്കരയിലെ മണൽ ഊറ്റി വിറ്റ് പാർട്ടിയെ കെട്ടിപ്പടുക്കാൻ ദേശീയ മുസ്ലീമായി അബ്ദുള്ളക്കുട്ടി നിലവിൽ അങ്ങോട്ട് വിട്ടിട്ടുണ്ട്.

അബ്ദുള്ളക്കുട്ടിയെപ്പോലെ ദേശീയ മുസ്ലീങ്ങളിൽ അധികം പേരെ ബി ജെ പിയ്ക്ക് കേരളത്തിൽ ആകർഷിക്കാൻ ആയിട്ടില്ലെങ്കിലും ദേശീയ കത്തോലിക്കരെ ഒരുപാടു പേരെ വരും നാളുകളിൽ ആകർഷിച്ചു കൂടെ കൂട്ടാൻ ഉള്ള വലിയ സാഹചര്യം ഒരുങ്ങുകയാണ്. തീവ്ര ഹിന്ദുത്വ വാദികൾ കഴിഞ്ഞാൽ ബിജെ പിയ്ക്ക് ഏറ്റവും അധികം അനുയായികൾ ഉണ്ടാവുക മധ്യ കേരളത്തിലെ കത്തോലിക്കർക്ക് ഇടയിൽ നിന്നാകാനാണ്‌ സാധ്യത. ജേക്കബ് തോമസും കണ്ണന്താനവും ആ വഴിയിലുള്ള ബി ജെപിയുടെ പരീക്ഷണങ്ങളിലെ ആദ്യ ഇരകൾ മാത്രമാണ് താനും.

കാഴ്ചബംഗ്ലാവിൽ ജിറാഫുകളെ വാങ്ങുമ്പോൾ അവയിൽ നേർപകുതി കത്തോലിക്കർ ആകണമെന്നുള്ള പഴയ കേരളാ കോൺഗ്രസ്സ് എം എൽ എ യുടെ കടുംപിടുത്തം സംബന്ധിച്ച കഥകൾക്കൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ജോർജിന്റെ പരാമർശമെങ്കിൽ കേരളത്തിൽ നിന്നും ഇനി ബിജെപിയിൽ ചേരുന്ന ഭാഗ്യാന്വേഷികളിൽ പകുതിയെങ്കിലും കത്തോലിക്കർ ആയിരിക്കണം എന്നത് സഭയുടെ തന്നെ ഒരു നിര്‍ബന്ധമായി പരിമിതപ്പെടാൻ ഇനി വൈകുകയില്ല. കച്ചവടം ലാഭമാകുന്ന സിഗ്നലുകൾ കിട്ടി തുടങ്ങിയാൽ കെ എം മാണിയുടെ മരണാനന്തരം എങ്ങോട്ടുപോകണം എന്നറിയാത്തതിന്റെ സന്ദിഗ്ധതയുമായി ഉഴലുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ മാണിയുടെ ഗ്രൂപ്പും ബിജെപി പക്ഷത്തിലേക്കു വരാൻ ഒട്ടും വിസമ്മതം കാണിക്കില്ല. മധ്യ കേരളത്തിലെ ക്രിസ്ത്യാനികളുടെ മൊത്തം അസഹിഷ്ണുത മുസ്ലീങ്ങളോട് ആണെന്നിരിക്കെ ബി ജെ പിയുമായുള്ള അത്തരമൊരു കൂടിച്ചേരൽ അല്പം വൈകിപ്പോയോ എന്നൊരു സന്ദേഹം മാത്രമേ നിലനിൽക്കൂ.

സമീപകാല ചരിത്രം എടുത്താൽ കത്തോലിക്കാ സഭയുടെ നിശിത വിമർശകൻ ആയിരുന്നു തോമസ്. ഭയവും അന്ധവിശ്വാസങ്ങളും വിദ്വേഷവും വളർത്തുകയാണ് സഭയുടെയും പുരോഹിതരുടെയും പരിപാടി എന്ന് വലിയ വായിൽ വിമർശിച്ചിരുന്ന അതേ ജേക്കബ് തോമസാണ് ഇത്തരം അനഭിലഷണീയ പ്രവണതകളുടെ മൊത്തക്കച്ചവടക്കാരായ സംഘപരിവാറിൽ ചേക്കേറുന്നത് എന്നതിൽ കത്തോലിക്കാ സഭയ്ക്ക് വിരോധം ഒന്നുമില്ല. പി ജെ ജോസഫും കൂട്ടരും നടത്തുന്ന കൊട്ടാര വിപ്ലവം അതിജീവിച്ച്‌ പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷാ ജോസ് കെ മാണിയെ നിയമസഭയിലും എത്തിച്ചു കേന്ദ്ര മന്ത്രിസഭയിൽ ചേരാൻ കേരളാ കോൺഗ്രസ്സ് മാണിയെ എൻ ഡി എ യുടെ ഘടകമാക്കാനുള്ള ജോസ് കെ മാണിയുടെ ബൃഹത് പരിപാടിയ്ക്ക് വഴിയൊരുക്കുന്ന സ്നാപക യോഹന്നാൻമാർ മാത്രമായി മാത്രമേ വാസ്തവത്തിൽ ജേക്കബ് തോമസിനെ ആയാലും പി സി ജോർജിനെ ആയാലും കേരളത്തിലെ കത്തോലിക്കാ സഭ കാണുന്നുള്ളൂ.

വര്‍ഷങ്ങളായി കേരളത്തിലെ കത്തോലിക്കാ സഭയും സംഘപരിവാറും തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്. അണികളുടെ പ്രതികരണം ഭയന്ന് അല്പം വൈകിപ്പിക്കുന്നു എന്ന് മാത്രം. സഭയുടെ കച്ചവട താത്പര്യങ്ങളുടെ ഭാഗം തന്നെയാണ് ഉത്തമ സഭാംഗങ്ങളുടെ ഇപ്പോഴത്തെ സംഘപരിവാർ റിക്രൂട്ട്മെന്റ് ഡ്രൈവ്. പോലീസ് സേനയിലെ പഴയ എതിരാളി ടി പി സെൻകുമാറിനൊപ്പം നീന്താൻ പോലുമുള്ള ത്യാഗമനോഭാവത്തോടെയാണ് ജേക്കബ് തോമസിന്റെ ഇപ്പോഴത്തെ പരദേശി മോക്ഷ യാത്ര എന്നതും ശ്രദ്ധിക്കേണ്ടതാണ്.

മധ്യ കേരളത്തിലെ കോൺഗ്രസ്സ് മുന്നണിയുടെ വിജയ സൂത്രവാക്യമായിരുന്ന നായർ-ക്രിസ്ത്യാനി ഐക്യത്തെ ഇളക്കിയെടുത്തു കേരളത്തിലെ അധികാര രഥയാത്ര ആരംഭിക്കാൻ പരിപാടിയിടുന്ന അമിത് ഷായ്ക്കും കൂട്ടർക്കും ഉള്ള വലിയൊരു ഉത്തേജനമാണ് സെൻകുമാർ എന്നും ജേക്കബ് തോമസ് എന്നും വിളിക്കപ്പെടുന്ന പഴയ പോലീസുകാർ. പക്ഷെ വ്യക്തികൾ എന്ന നിലയിൽ ഇവർക്ക് എന്തെങ്കിലും സ്വാധീനം ഉണ്ടാക്കാൻ കഴിയുമോ എന്നത് വേറെ കാര്യമാണ്. സംഘപരിവാർ വിരുദ്ധ ട്രോളന്മാർക്ക് ഉപകരിച്ചു എന്നതിനപ്പുറം കണ്ണന്താനത്തിന്റെ മന്ത്രിപദ ആരോഹണം കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും മെച്ചം ഉണ്ടായി നിന്നു കരുതുക വയ്യ. ബി ജെ പിയുടെ പ്രതീക്ഷകൾക്ക് ഒപ്പം വളരാനും അയാൾക്ക്‌ പറ്റിയില്ല. ഉദ്യോഗസ്ഥരെന്ന നിലയിൽ പോലും പരിമിത വിഭവരും ജനങ്ങളെ ആകർഷിക്കാൻ കഴിയാത്തവരുമായ ജേക്കബ് തോമസിനെയും സെൻകുമാറിനെയും ടി പി ശ്രീനിവാസനെയും ഒക്കെ എഴുന്നെള്ളിക്കുമ്പോൾ ഉത്സവത്തിനു നിറം ഉണ്ടാവുമെങ്കിലും ഗുണം ഉണ്ടാകുമെന്നു കരുതാനാകില്ല.

എന്നാൽ പാലാ ഉപതെരഞ്ഞെടിപ്പിന് ശേഷം ജോസ് കെ മാണിയെയും സംഘത്തെയും ആകർഷിച്ചു അടുപ്പിക്കാനായാൽ അതിനൊപ്പം ഇത്തരക്കാരുടെ ലിസ്റ്റ് ഗുണം ചെയ്‌തേക്കും. കത്തോലിക്കാ സഭ പോലെ തന്നെ അവരുടെ ഉപോത്പന്നമായ കേരളാ കോൺഗ്രസ്സ് മാണിയും ആത്യന്തികമായി യോജിച്ചു പോകേണ്ടത് ഹിന്ദുത്വ പാളയവുമായായിരിക്കും. കെ എം ജോര്‍ജ്ജും ആർ ബാലകൃഷ്ണപിള്ളയും നേതൃത്വം കൊടുത്തു രൂപീകരിച്ച അവിഭക്ത കേരളാ കോൺഗ്രസ്സ് ഒരു നായർ-ക്രിസ്ത്യാനി മുന്നേറ്റം ആയിരുന്നു. രൂപീകരണം നടന്ന കോട്ടയത്തെ സമ്മേളനത്തിൽ ഉദ്ഘാടകനായും പാർട്ടിയ്ക്ക് നാമകരണം ചെയ്യുന്ന ആളായും പങ്കെടുത്ത മന്നത്ത് പത്മനാഭൻ ആഗ്രഹിച്ചതും അത്തരമൊരു മുന്നേറ്റം ആയിരുന്നു. പ്രത്യയശാസ്‌ത്രപരമായി കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്ന കേരളാ കോൺഗ്രസ്സ് പ്രായോഗികമായി കോൺഗ്രസ്സ് വിരുദ്ധവുമായിരുന്നു. കോൺഗ്രസ്സിന്റെ സ്വാധീന മേഖലകളിൽ വലിയ നുഴഞ്ഞുകയറ്റം നടത്തിയ ഈ നായർ-ക്രിസ്ത്യാനി മിശ്രണത്തെ കെ എം മാണി കത്തോലിക്കാ ബിഷപ്പുമാരുടെ പിന്തുണയോടെ ഒടിച്ചും നുറുക്കിയും ക്രിസ്ത്യാനികളുടെ സംഘം ആക്കിയും കോൺഗ്രസ്സിന്റെ വാലിൽ കെട്ടിയും ദുരുപയോഗം ചെയ്തു എന്നൊരു പരാതി എന്നും ആർ ബാലകൃഷ്ണപിള്ളയ്ക്കും എൻ എസ് എസിനും ഉണ്ടായിരുന്നു. പിള്ള അത് തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുമുണ്ട്. മാണി ചെയ്ത പാപം അദ്ദേഹത്തിന്റെ മകനിലൂടെ തിരുത്തപ്പെട്ടാൽ പിള്ളയ്ക്കും മകൻ ഗണേഷിനും മുന്നണി മാറിയും സുകുമാരൻ നായർക്ക് സമദൂരം ഉപേക്ഷിച്ചും കൂടെ കൂടാവുന്നതാണ്. തിമിംഗലങ്ങളായി അവർ സംഘ പരിവാറിന് കുഴലൂതുമ്പോൾ സ്രാവായി ജേക്കബ് തോമസിന് കൂടെ നീന്താം.

പക്ഷെ ഇവിടെയെല്ലാം പ്രശ്നം നാളിതുവരെ ജേക്കബ് തോമസിന് പാരയായി തുടരുന്ന അദ്ദേഹത്തിന്റെ നാക്കാണ്. അസ്പഷ്ടമായും ആശയവ്യക്തത ഇല്ലാതെയും അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങൾ ആണ് അദ്ദേഹത്തിന് എന്നും വിനയായത്. വത്സൻ തില്ലങ്കേരി എന്ന സമാധാന പ്രാവിനൊപ്പം ആർ എസ് എസിന്റെ ഗുരുദക്ഷിണ-ഗുരുപൂജ സമ്മേളനത്തിൽ പ്രസംഗിച്ചിറങ്ങുമ്പോഴും പഴയ പല്ലവിയാണ് അദ്ദേഹം പാടുന്നത്. ആർ എസ് എസ് കാർക്ക് പോലീസുകാർ ഔദ്യോഗിക രഹസ്യ വിവരങ്ങൾ ചോർത്തി കൊടുത്താൽ എന്താണ് കുഴപ്പം എന്നും അത് വലിയ സാമൂഹിക സംഘടന അല്ലെ എന്നുമാണ് കേരള പോലീസ് സർവീസ് റൂളുകൾ ഒക്കെ വായിച്ചിട്ടുമുള്ള അദ്ദേഹം ചോദിക്കുന്നത്. ഇത്തരത്തിൽ അദ്ദേഹം ചോദ്യങ്ങൾ തൊടുത്തുവിടുകയും പഴയ മട്ടിൽ സെൻകുമാർ അവയ്ക്കു മറുപടി പറയുകയും ചെയ്താൽ ക്രിസ്ത്യാനി നായർ ഐക്യം ബി ജെ പിക്ക് നല്ല ഗുണം ചെയ്യും.

ആർക്കും വേണ്ടാത്ത എല്ലാറ്റിനെയും ഏറ്റെടുക്കുന്ന മാലിന്യ സംസ്കരണ ശാലയായി ഒരുപാർട്ടി സ്വയം കണ്ടെത്തുമ്പോൾ താത്കാലികമായി നേട്ടങ്ങൾ ഉണ്ടായേക്കാം. എന്നാൽ അവസര വാദികളും, അല്പബുദ്ധികളും, കൂടു വിട്ടു കൂടുമാറൽ വിദഗ്ധരും എല്ലാം നീണ്ട കാലത്തിൽ ഉണ്ടാക്കുന്ന ബാധ്യത വലുതായിരിക്കും. നത്തോലി ചെറിയ മീനല്ല എന്നതുകൊണ്ട് സ്രാവ് എല്ലായ്പോഴും വലിയ മീൻ ആയിരിക്കണം എന്നില്ല.

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍