UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിന്റെ പിന്നാലെ പോയി ജനരക്ഷാ യാത്രയെ ചതിച്ച മലയാള മാധ്യമങ്ങളോട് അമിത് ഷാ പൊറുക്കില്ല

അമിത്ജി ഫ്ലാഗ് ഓഫ് ചെയ്ത കുമ്മനംജി യാത്ര ഇങ്ങു കേരളത്തില്‍ പൊടിപൊടിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നു തോന്നിയിട്ടാവണം ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എ കെ ജി ഭവനിലേക്കും പ്രതിഷേധ യാത്ര

കെ എ ആന്റണി

കെ എ ആന്റണി

എന്നാലും ഇങ്ങനെയൊരു കൊടുംചതി അമിത് ഷായും കൂട്ടരും പ്രതീക്ഷിച്ചിരുന്നില്ല. ‘ജിഹാദി- ചുവപ്പു ഭീകരതക്കെതിരെ’, ‘എല്ലാവര്‍ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യമുയര്‍ത്തി കണ്ണൂരിലെ ചുവപ്പു കോട്ടകളിലൂടെ ജനമനസ്സുകളെ കീഴടക്കുക എന്ന ലക്ഷ്യവുമായി ഇന്നലെ പയ്യന്നൂരില്‍ നിന്നും യാത്ര ആരംഭിക്കുന്ന ദിവസം തന്നെ കോടതി നടന്‍ ദിലീപിന് ജ്യാമ്യം അനുവദിച്ച് തങ്ങളുടെ യാത്രയുടെ ശോഭ കെടുത്തിക്കളയുമെന്ന്, കാലത്തു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ സ്വര്‍ണ കുംഭം അര്‍പ്പിക്കുന്ന വേളയില്‍ പോലും ശിവ ഭഗവാന്‍ അരുളിയതുമില്ല. അന്തരിച്ച കുമാരി ജയലളിത മുതല്‍ ശ്രീലങ്കന്‍ ഭരണാധികാരികള്‍ വരെ ഏറെ വിശ്വാസം അര്‍പ്പിച്ച ക്ഷേത്രമാണ് എന്ന് കേട്ടറിഞ്ഞാണ് അമിത്ജി കാലത്തു തന്നെ ക്ഷേത്ര ദര്‍ശനം നടത്തിയത്. പക്ഷെ കുമ്മനം നയിക്കുന്ന ‘ജനരക്ഷാ യാത്ര’ അമിത്ജി പയ്യന്നൂരില്‍ ഉത്ഘാടനം ചെയുന്ന അതേ വേളയില്‍ തന്നെ ദിലീപിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി വന്നു. അതോടെ മലയാളം ചാനലുകള്‍ മുഴുവന്‍ ദിലീപിന് പിന്നാലെയായി. അമിത്ജിയെയും കുമ്മനത്തെയും സുരേഷ് ഗോപിയെയുമൊക്കെ അവര്‍ മറന്നു.

എന്നു കരുതി അമിത്ജി തോറ്റുപോയി എന്ന് ആരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്കു തെറ്റി എന്നു പറയാതെ നിര്‍വാഹമില്ല. കാരണം കേരളത്തിലെ ചുവപ്പു കോട്ടകളിലൂടെ താന്‍ അടിവെച്ചടിവെച്ചു നടന്നു നീങ്ങുന്നത് കേരളത്തിന് വെളിയിലുള്ളവരെ ലൈവായി കാണിച്ചു കൊടുക്കാന്‍ വേണ്ട മുന്‍കരുതല്‍ അമിത്ജി ഏര്‍പ്പാടാക്കിയിരുന്നു. ടൈംസ് നൗ അടക്കം ഒട്ടേറെ മുന്‍നിര ടെലിവിഷന്‍ ചാനലുകളുടെ പ്രതിനിധികളെ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമൊക്കെ കെട്ടിയിറക്കിയിരുന്നു. കൂട്ടത്തില്‍ വലിയൊരു സംഘം പത്ര പ്രതിനിധികളെയും.

പയ്യന്നൂരിലെ ഗാന്ധി മൈതാനിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഉത്ഘാടന ചടങ്ങിലേക്ക് കടന്നത്. ഗാന്ധിജിയെ ആര്‍എസ്എസുകാര്‍ രാഷ്ട്രപിതാവായി അംഗീകരിക്കുന്നതുകൊണ്ടാണോ ഈ പുഷ്പ്പാര്‍ച്ചന എന്നറിയില്ല. ഒരു പക്ഷെ ഗാന്ധിജി ജനിച്ചത് മോദിജിയും അമിത്ജിയും ഒക്കെ പിറന്ന ഗുജറാത്തില്‍ ആയിരുന്നത് കൊണ്ടാവാം ഇത്.

‘ജിഹാദി ചുവപ്പു ഭീകരതക്കെതിരെ’ എന്നതാണ് ജനരക്ഷ യാത്രയുടെ മുദ്രാവാക്യമെങ്കിലും ഇന്നലത്തെ പ്രസംഗത്തില്‍ ജിഹാദികളെ പരാമര്‍ശിച്ചു കണ്ടില്ല. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ആയിരുന്നു പ്രധാന ഇരകള്‍. അല്ലെങ്കിലും ചുവപ്പു കോട്ടയില്‍ അവര്‍ക്കെതിരെ തന്നെയാണല്ലോ ആക്രമണം അഴിച്ചു വിടേണ്ടത്. ജിഹാദി വിഷയമൊക്കെ യാത്ര മലപ്പുറത്തേക്ക് കടക്കുമ്പോള്‍ ആവാം എന്ന് കരുതിയിട്ടുണ്ടാവാം. ഉത്ഘാടനവും പ്രസംഗവുമൊക്കെ ഗംഭീരമായിരുന്നുവെന്നും അയ്യങ്കാളിയെ പരാമര്‍ശിക്കാന്‍ അമിത്ജി മറന്നെങ്കിലും പരിഭാഷകന്‍ അത് കൂട്ടിച്ചേര്‍ത്തുവെന്നുമൊക്കെ ഇന്നത്തെ പത്രങ്ങളില്‍ എഴുതിക്കണ്ടു. കൂട്ടത്തില്‍ മറ്റു ചില ആക്ഷേപങ്ങളും ആവലാതികളും മലയാള മനോരമ ഉള്‍പ്പടെയുള്ള പത്രങ്ങള്‍ നിരത്തിയിട്ടുണ്ട് . ഇതിലൊന്ന് സി കെ ജാനു, രാജന്‍ ബാബു, പി സി തോമസ് തുടങ്ങിയ എന്‍ഡിഎ ഘടക കക്ഷി നേതാക്കളെ തീര്‍ത്തും അവഗണിച്ചുവെന്നതാണ്. ഇതിന്റെ പേരില്‍ മുറുമുറുപ്പ് ഉയര്‍ന്നത്രേ. യാത്ര ആരംഭിച്ചിട്ടല്ലേയുള്ളു. ഘടക കക്ഷി നേതാക്കള്‍ക്കും കെ സുരേന്ദ്രന്‍, പി കെ കൃഷണദാസ് തുടങ്ങിയ യുവ നേതാക്കള്‍ക്കുമൊക്കെ ഇനിയും അവസരം കിടക്കുകയല്ലേ. ഈ മുറുമുറുപ്പുപോലെ തന്നെ ഗൗരവമുള്ള മറ്റൊരു പരാതി, മലയാള മാധ്യമ പ്രവര്‍ത്തകരെ പൂര്‍ണമായും തഴഞ്ഞുവെന്നതാണ്. പുറത്തു നിന്നും കെട്ടിയിറക്കിയ മാധ്യമ പടയ്ക്ക് നല്‍കുന്ന പ്രാധാന്യവും പരിഗണയുമൊക്കെ നാടന്‍ മാധ്യമങ്ങള്‍ പ്രതീക്ഷിക്കുന്നത് അല്‍പ്പം കടന്ന കാര്യം തന്നെയാണെന്നേ ഇതേക്കുറിച്ചു പറയാനുള്ളു.

അമിത്ജി ഫ്ലാഗ് ഓഫ് ചെയ്ത കുമ്മനംജി യാത്ര ഇങ്ങു കേരളത്തില്‍ പൊടിപൊടിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നു തോന്നിയിട്ടാവണം ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് യാത്ര അവസാനിക്കുന്ന ഒക്ടോബര്‍ 17 വരെ മാര്‍ച്ചും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ധര്‍ണയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍ കേരളത്തിലെ ഇടതു ഭരണത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും എന്ന് സാരം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അത്യാവശ്യം നല്ല നര്‍മ ബോധം ഉണ്ടെന്നു ഇന്നലെ അമിത് ഷായുടെ യാത്രയെക്കുറിച്ചു അദ്ദേഹം നടത്തിയ പരാമര്‍ശത്തില്‍ നിന്നും മനസ്സിലായി. കുമ്മനം നയിക്കുന്ന യാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും മുങ്ങുകയും ചെയ്യുന്ന അമിത്ഷായെക്കുറിച്ചു കോടിയേരി പറഞ്ഞത് ഇങ്ങനെ ‘ആട് ഇല കടിച്ചു നടക്കുന്നതുപോലെ അവിടെയും ഇവിടെയുമായി നടക്കുകയാണ് ജനരക്ഷാ യാത്രയില്‍ അമിത് ഷാ. ഒരു ദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറവരെ നടക്കും. കാലുപൊട്ടുന്നതു കണക്കിലെടുത്താവും പിറ്റേന്ന് വിശ്രമിക്കുന്നത്. അടുത്ത ദിവസം വേറെ ഏതോ റൂട്ടില്‍. രാഷ്ട്രീയ യാത്രകള്‍ എങ്ങനെയാണെന്ന് കുമ്മനം പറഞ്ഞുകൊടുക്കണം. കേന്ദ്ര മന്ത്രിമാരും മറ്റും പദയാത്ര നടത്തുന്നത് നല്ലതാണ്. കുറെ നടക്കുമ്പോള്‍ മൂത്രമൊഴിക്കാന്‍ തോന്നും. ഏതു വീട്ടിലും കയറി അത് നിര്‍വഹിക്കാം. എല്ലായിടത്തും ശുചിമുറിയുണ്ട്. ആ പേരുപറഞ്ഞു പെട്രോള്‍, ഡീസല്‍ വില കൂട്ടേണ്ട കാര്യം കേരളത്തിലില്ല’…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍