UPDATES

ട്രെന്‍ഡിങ്ങ്

കുമ്മനം വ്യക്തമാക്കണം, കേരള രാഷ്ട്രീയത്തിന്റെയല്ല, കൊലപാതക രാഷ്ട്രീയത്തിന്റെ അജണ്ടയല്ലേ നിങ്ങള്‍ തീരുമാനിക്കുന്നത്?

കുമ്മനം സമ്മതിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം സത്യമാണ്, പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന രാഷ്ട്രീയ കൊലപാതങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും തുടക്കം കുറിച്ചത് സംഘപരിവാര്‍ തന്നെയാണ്

കെ എ ആന്റണി

കെ എ ആന്റണി

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെയുള്ള യാത്രയില്‍ പങ്കെടുക്കേണ്ടിയിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്താതിരുന്നതിനാലും യാത്രയുടെ കല്യാശ്ശേരി മുതല്‍ കണ്ണൂര്‍ വരെയുള്ള രണ്ടാംദിന യാത്രയില്‍ പ്രധാന വിഐപി, ശിശുക്കള്‍ ശ്വാസം കിട്ടാതെ കൂട്ടത്തോടെ പിടഞ്ഞു മരിച്ച ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നതിനാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ‘ജനരക്ഷ യാത്ര’യ്ക്ക് മങ്ങലേറ്റു എന്ന വാദം ശക്തമാണ്. സത്യത്തില്‍ ഈ യാത്ര ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെയറിയാം ഇത്തരമൊരു യാത്രയുടെ പൊള്ളത്തരം. ‘എല്ലാവര്‍ക്കും ജീവിക്കണം’, ‘ജിഹാദി ചുവപ്പു ഭീകരതയ്ക്കെതിരെ ജനരക്ഷ യാത്ര’ എന്നൊക്കെ പറഞ്ഞു നടത്തുന്ന ഒരു യാത്രയില്‍ അവതരിപ്പിക്കാന്‍ ഒട്ടും യോഗ്യരല്ലാത്ത മുഖങ്ങളാണ് അമിത് ഷായുടേതും യോഗി ആദിത്യനാഥിന്റേതുമെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. ഗുജറാത്തിലെ വംശഹത്യയും യുപി യിലെ ശിശുമരണവും മാത്രമല്ലല്ലോ ഇവര്‍ക്കൊക്കെ എതിരെയുള്ള കുറ്റങ്ങള്‍. തുടരുന്ന ദളിത്-ന്യൂനപക്ഷ വേട്ടയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന അവഗണയും ഇതേത്തുടര്‍ന്ന് ഉണ്ടാകുന്ന ആത്മഹത്യകളും ഒക്കെ, എല്ലാവര്‍ക്കും ജീവിക്കണം എന്ന് കേരളത്തില്‍ വന്നുപറഞ്ഞ് ഉറഞ്ഞുതുള്ളാന്‍ എന്തുണ്ട് യോഗ്യത?

ജനരക്ഷാ യാത്ര വിജയമോ പരാജയമോ ആവട്ടെ. കെട്ടിയിറക്കിയതും നേരിട്ട് വന്നവരുമായ ദേശീയ മാധ്യമങ്ങള്‍ പലതും ആദ്യദിന യാത്രയ്ക്കുശേഷം സ്ഥലം കാലിയാക്കി എന്നതില്‍ നിന്നും കാര്യങ്ങള്‍ ഏതാണ്ട് ഊഹിക്കാവുന്നതേയുള്ളു. അതും എന്തുമാവട്ടെ. പക്ഷെ മമ്പറത്തുനിന്നും പിണറായി വഴി തലശ്ശേരിയിലേക്കുള്ള യാത്രയില്‍ പങ്കെടുക്കാതിരിക്കുക വഴി അമിത് ഷാ നഷ്ടപ്പെടുത്തിയത് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ യോഗം നടന്ന പാറപ്രം എന്ന കൊച്ചു ഗ്രാമവും മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീടും കാണാനുള്ള അവസരം മാത്രമല്ല, പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തന്റെ പാര്‍ട്ടിക്ക് ലഭിച്ച രണ്ടു ‘ബലിദാനി’കളുടെ ഉറ്റവരെയും ഉടയവരെയും നേരില്‍ കാണാനുള്ള അവസരം കൂടിയാണ്. അന്നത്തെ യാത്ര സമാപിച്ച തലശ്ശേരി നഗരത്തിനടുത്ത് തന്നെയാണ് കേരളത്തില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആദ്യ ബലിദാനി വാടിക്കല്‍ രാമകൃഷ്ണന്റെ വീടും. അമിത് ഷാ വന്നില്ലെങ്കിലും യാത്രയുടെ നാലാം ദിനമായ ഇന്നലെ കുമ്മനം വാടിക്കല്‍ രാമകൃഷ്ണന്റെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേരളത്തിലെ ബി ജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അത്രയെങ്കിലും ആശ്വസിക്കാം.

"</p

യാത്രയുടെ ആദ്യ ദിനത്തില്‍ മാത്രം പങ്കെടുത്ത അമിത് ഷാ തന്റെ കടന്നാക്രമണങ്ങള്‍ ചുവപ്പു ഭീകരതക്കെതിരെ മാത്രമാക്കി ചുരുക്കിയപ്പോള്‍ രണ്ടാം ദിനം ബാറ്റണ്‍ ഏറ്റെടുത്ത യോഗി ആദിത്യനാഥ് ‘ജിഹാദി ഭീകരത’യ്ക്ക് ഊന്നല്‍ നല്‍കി. മറ്റൊന്നും പറയാന്‍ കാണാത്തതുകൊണ്ടാണോ എന്നറിയില്ല, കുമ്മനം ഇക്കഴിഞ്ഞ ദിവസം അവകാശപ്പെട്ടത് കേരളത്തില്‍ രാഷ്ട്രീയ അജണ്ട തീരുമാനിക്കുന്നത് തങ്ങളാണെന്നാണ്. തങ്ങള്‍ ജനരക്ഷ യാത്ര നടത്തുന്നത് കണ്ട് വിറളിപൂണ്ട സിപിഎമ്മും കോണ്‍ഗ്രസ്സുമൊക്കെ ദേശീയ തലത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചതാണ് കുമ്മനം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

കുമ്മനം സമ്മതിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം സത്യമാണ്, പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന രാഷ്ട്രീയ കൊലപാതങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും തുടക്കം കുറിച്ചത് സംഘപരിവാര്‍ തന്നെയാണ്. ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുകയായിരുന്ന ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ ശേഷം രവീന്ദ്രന്‍ എന്ന സിപിഎം പ്രവര്‍ത്തകനെ ബോംബെറിഞ്ഞുകൊന്നത് ആരായിരുന്നു എന്ന് കുമ്മനം ഇനിയെങ്കിലും തുറന്നു പറയണം. ഈ സംഭവം നടന്നതും പിണറായി വിജയന്റെ ജന്മനാടായ പിണറായില്‍ തന്നെയാണ്. പയ്യന്നൂരിലെ കൊലപാതക പാരമ്പരയ്ക്കും തുടക്കമായത് സിപിഎം നേതാവ് ധനരാജിന്റെ കൊലപാതകം ആയിരുന്നു എന്നതും മറക്കരുത്. കേരള രാഷ്ട്രീയത്തിന്റെയല്ല, മറിച്ച് കൊലപാതക രാഷ്ട്രീയത്തിന്റെ അജണ്ടയാണ് നിങ്ങള്‍ നിശ്ചയിക്കുന്നത് എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

പാനൂരില്‍ നിന്നും കൂത്തുപറമ്പിലേക്കുള്ള യാത്രയില്‍ കുമ്മനം ഇന്നലെ ഒരു വലിയ കണ്ടുപിടുത്തം നടത്തി. ചെ ഗുവേരയാണ് കേരളത്തിലെ സിപിഎമ്മുകാരെ കൊലപാതികകള്‍ ആക്കി മാറ്റുന്നതെന്നതായിരുന്നു അത്. തന്റെ പാര്‍ട്ടിയുടെ തന്നെ നേതാവായ എ.എന്‍ രാധാകൃഷ്ണന്‍ ഒരിക്കല്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയപ്പോള്‍ പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പദ്മനാഭന്‍, ടിയാനെ തിരുത്തിയത് കുമ്മനം ഇത്രവേഗം മറന്നുപോയോ?

എന്തായാലും കണ്ണൂര്‍ ജില്ലയ്ക്കു വേണ്ടി മാത്രം നാല് ദിനം മാറ്റിവെച്ചിരുന്ന യാത്ര ജില്ല വിട്ടതോടെ കണ്ണൂരിലെ സാധാരണ ജനങ്ങള്‍ക്ക് ശ്വാസം നേരെ വീണു എന്ന് പറയാതെ വയ്യ. പക്ഷെ അവരുടെ ഈ ആശ്വാസം എത്ര നാള്‍ എന്ന് 17-നു യാത്ര തിരുവനന്തപുരത്തു സമാപിച്ചുകഴിഞ്ഞാല്‍ മാത്രമേ അറിയാനാവൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍