UPDATES

അമൽ പുല്ലാർക്കാട്ട്

കാഴ്ചപ്പാട്

Gust Column

അമൽ പുല്ലാർക്കാട്ട്

ജെഎൻയു തിരഞ്ഞെടുപ്പ്; ഉറപ്പായും പറയേണ്ട ചില കാര്യങ്ങൾ

ഐജാസിനെ തുക്ക്ഡേ തുക്ക്ഡേ ഗ്യാങ്ങ് ലീഡർ എന്നും ജിഹാദി കമ്മ്യൂണിസ്റ്റ് എന്നും വര്‍ഗീയവാദികൾ വിളിച്ചപ്പോൾ സ്വത്വവാദികൾ അദ്ദേഹത്തെ ചംച (അടിമ)യായ കാശ്മീരി മുസ്ലീം എന്നാണ് അധിക്ഷേപിച്ചത്

ജെഎൻയു ചരിത്രത്തിലെ നിർണായകമായ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും ആവേശോജ്ജ്വലമായാണ് വിദ്യാർത്ഥികൾ ഇടതു കൂട്ടായ്മ (യുണൈറ്റഡ് ലെഫ്റ്റ്) യെ തിരഞ്ഞെടുത്തത്. പ്രധാന എതിരാളികളായ എബിവിപി സ്ഥാനാർത്ഥികൾക്ക് ആകെ കിട്ടിയ വോട്ടിനേക്കാൾ കൂടുതൽ  ഭൂരിപക്ഷം ഇടതു സ്ഥാനാർത്ഥികൾക്ക് ലഭിച്ചതും കൗൺസിലർ പാനലുകളിൽ റെക്കോർഡുകൾ തിരുത്തിയെഴുതി സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടതും ഇതിനുള്ള ഉദാഹരണങ്ങളാണ്. ഇന്ത്യൻ വിദ്യാർത്ഥി മുന്നേറ്റ ചരിത്രത്തിൽ വളരെ സുപ്രധാനമായൊരു ഭാഗം എഴുതി ചേർത്ത കലാലയത്തിലെ ഈ നിരഞ്ഞെടുപ്പ് രാജ്യത്തിന് നൽകുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യൻ കലാലയങ്ങളെ ജാതീയമായും വർഗീയമായും അടിച്ചമർത്തുകയും വിദ്യാഭ്യാസം എന്നത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ഒന്നാക്കി മാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ വർത്തമാനകാലത്ത് സാധാരണക്കാരുടെ പക്ഷത്തു നിന്ന് പുരോഗമന നിലപാടുയർത്തി പിടിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെല്ലാം ഇവിടെ ഒരുമിച്ച് അണിചേർന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ വർഗീയതയുടേയും വരേണ്യതയുടേയും പ്രതിരൂപമായ സംഘപരിവാറിനെതിരെ ജനാധിപത്യ സംരക്ഷണത്തിനായി പ്രതിരോധത്തിന്റെ കലയായ് മാറുന്ന എല്ലാ ജനവിഭാഗങ്ങൾക്കും ഈ ഐക്യം ആവേശവും മാതൃകയുമാണ്. സംഘപരിവാർ ആക്രമണങ്ങളും അതിനെതിരായ പ്രധിരോധങ്ങളും അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട ഈ ക്യാമ്പസിൽ എസ്എഫ്ഐയും ഐസയും തുടങ്ങിവച്ച പുരോഗമന സഖ്യത്തിലേക്ക് ഓരോ വർഷവും കൂടുതൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ അണിചേരുകയാണ്.

ക്യാമ്പസിലെ വിദ്യാർത്ഥികളുടെയാകെ ജനകീയ പിന്തുണയോടെ മുന്നേറി വന്ന ഈ കൂട്ടായ്മ തിരഞ്ഞെടുപ്പ് പ്രചരണത്തിലാകമാനം തന്നെ വലിയ സ്വീകാര്യത പുലർത്തിയിരുന്നു. ഈ സ്വീകാര്യതക്കു നേരെ തികഞ്ഞ അസഹിഷ്ണുത പുലർത്തിയ വർഗീയവാദികളും സ്വത്വവാദികളും ഒരുപോലെ ഈ കൂട്ടായ്മയെ ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു വശത്ത് ഹിന്ദുത്വ വർഗീയവാദികൾ രാജ്യദ്രോഹികളെന്നും ഹൈന്ദവ വിരുദ്ധരെന്നും ജിഹാദികളെന്നും അർബൻ നക്സലുകളെന്നും വിളിച്ചാക്ഷേപിച്ചപ്പോൾ, മറുവശത്ത് സ്വത്വവാദി സംഘങ്ങൾ ദളിത്, ന്യൂനപക്ഷ വിരുദ്ധരെന്നും മതത്തിനും വിശ്വാസങ്ങൾക്കുമെതിരെ കലാപങ്ങളുയർത്തുന്നവരെന്നുമാണ് ആക്ഷേപിച്ചത്. അതിൽ പ്രധാന ആക്രമണം നേരിട്ട ഒരു വ്യക്തിയായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിച്ച എസ്എഫ്ഐയുടെ ഐജാസ് അഹമ്മദ് റാധർ. കാശ്മീരി മുസ്ലിം എന്നതിന്റെ പേരിൽ തുക്ക്ഡേ തുക്ക്ഡേ ഗ്യാങ്ങ് ലീഡർ (വിഘടന വാദി) എന്നും ജിഹാദി കമ്മ്യൂണിസ്റ്റ് എന്നും വരെ വര്‍ഗീയവാദികൾ വിളിച്ചപ്പോൾ സ്വത്വവാദികൾ അദ്ദേഹത്തെ ചംച (അടിമ)യായ കാശ്മീരി മുസ്ലീം എന്നാണ് അധിക്ഷേപിച്ചത്. വിശ്വാസിയായ മുസ്ലീം അല്ല, അതിനാൽ വിശ്വാസികളാരും വോട്ട് നൽകരുത് എന്ന് വരെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇവരുടെ ഇത്തരം കുടിലത നിറഞ്ഞ പ്രചരണങ്ങൾക്ക് കടകവിരുദ്ധമായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. വിദ്യാർത്ഥി സമൂഹം ഈ ഇടതുപക്ഷ കൂട്ടായ്മയെ ഹൃദയത്തോട് ചേർത്തു പിടിച്ച് സ്വീകരിക്കുകയായിരുന്നു.

അത്രയേറെ മനോഹരവും ആധികാരികവുമായിരുന്നു എസ്എഫ്ഐ, ഐസ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നിവർ ചേർന്നു നയിച്ച ഈ പാനലിന്റെ വിജയം. ഡൽഹി യൂണിവേഴ്സിറ്റിയിൽ എൻ എസ് യു ഐ യും എബിവിപി യും ചേർന്നു നിർമ്മിച്ചെടുത്ത പണക്കൊഴുപ്പിന്റേയും തിണ്ണമിടുക്കിന്റേയും മാതൃകയിൽ ജെഎൻയുവിനെ മാറ്റിമറിച്ച് വിദ്യാർത്ഥി യൂണിയൻ പിടിച്ചെടുക്കാം എന്ന ഈ രണ്ട് സംഘടനകളുടേയും ചിന്താഗതിക്ക് കനത്ത തിരിച്ചടി വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് ലഭിച്ചു. രണ്ടേ രണ്ട് കൗൺസിലർ സീറ്റുകളൊഴികെ മറ്റെല്ലായിടത്തും സംഘപരിവാർ തികഞ്ഞ പരാജയമടഞ്ഞു. എന്നും വലതുപക്ഷത്തിന്റേതെന്ന് കൊട്ടിഘോഷിക്കപ്പെട്ട സയൻസ് സ്ക്കൂളുകളിൽ മുഴുവനും ഇടതു സ്വതന്ത്ര സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സെൻട്രൽ പാനലിലേക്കും ഇടതുപക്ഷം അവിടെ നിന്ന് വോട്ടുകൾ തൂത്തുവാരി.

വോട്ടെണ്ണലിന്റെ തുടക്കത്തിലേ നേരിട്ട ഈ തിരിച്ചടി എബിവിപിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ സാധിച്ചില്ല. ആ അസഹിഷ്ണുതയുടെ പാരമ്യത്തിൽ നിന്നാണ് അവർ വാതിലുകൾ തകർത്ത് അകത്തു കയറി ബൂത്തുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചത്. ഈ ഭീകരാന്തരീക്ഷം സൃഷ്ടിക്കലിന് സ്ക്കൂൾ ഓഫ് ഇൻറർ നാഷണൽ സ്റ്റഡീസിന്റെ കൗണ്ടിങ്ങ് ഏജന്റായിരുന്ന ഈ ലേഖകൻ സാക്ഷിയാണ്. എന്നാൽ അവിടെ അണിചേർന്ന നൂറുകണക്കിനു വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തിനു മുൻപിൽ എബിവിപിയുടെ കുടിലത പരാജയപ്പെട്ടു. തുടർന്ന് അവർ ചെയ്തത് വിദ്യാർത്ഥികളെ ശാരീരികമായ് ആക്രമിച്ച് രംഗം കൂടുതൽ വഷളാക്കി തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തി വയ്പ്പിക്കാനാണ്. പ്രധാനമായും പെൺകുട്ടികളെയാണ് അവർ ലക്ഷ്യം വച്ച് ആക്രമിച്ചത്. സ്കൂൾ ഓഫ് ഇന്റർ നാഷണൽ സ്റ്റഡീസിലെ കൗൺസിലർ സ്ഥാനാർത്ഥിയായ അയ്ഷി ഘോഷ് അടക്കമുള്ളവർ ഇരുന്ന ബഞ്ചും ടേബിളും അവർ തട്ടിമറിച്ച് പൊക്കിയെടുത്തു. താഴേക്ക് മറിഞ്ഞു വീണ് ടേബിളിനിടയിൽപ്പെട്ട അയ്ഷിയെ കുട്ടികൾ വലിച്ചു മാറ്റി രക്ഷപെടുത്തിയതുകൊണ്ടു മാത്രമാണ് വലിയ പരുക്കുകളേൽക്കാതിരുന്നത്. ഉടൻ കൗണ്ടിങ്ങ് പുനരാരംഭിച്ച് ഫലം വന്നു തുടങ്ങിയതോടെ എബിവിപിക്ക് ഈ ചെയ്ത കാര്യങ്ങള്‍ക്കുള്ള മുഖമടച്ച മറുപടി കിട്ടുകയായിരുന്നു. സ്ക്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ ചരിത്രത്തിലെ ഏറ്റവും അധികം വോട്ടുകൾ നേടി, റെക്കോർഡുകൾ തിരുത്തിയെഴുതി അയ്ഷി ഘോഷ് തിരഞ്ഞെടുക്കപ്പെട്ടു.

പ്രസ്തുത സംഭവങ്ങളുമായ് ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകാന്‍ പോയ ജെഎൻയു എസ് യു മുന്‍ ജനറൽ സെക്രട്ടിയായ വിദ്യാർത്ഥിനി അടക്കമുള്ളവർ ക്രൂരമായ് മർദ്ദിക്കപ്പെട്ടു. കിട്ടിയ വോട്ടിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ തോറ്റ് ഇളിഭ്യരായ സംഘപരിവാരം മണിക്കൂറുകൾക്കകം അടുത്ത ആക്രമണ പദ്ധതിയുമായ് രാത്രിയിൽ ഹോസ്റ്റലുകളിലേക്കെത്തി ഇടതുപക്ഷ അനുഭാവികളേയും പ്രവർത്തകരേയും തിരഞ്ഞു പിടിച്ച് ആക്രമിച്ചു. ഇതിനെതിരെ പരാതിയുമായ് പോലീസ് സ്റ്റേഷനിലേക്ക് പോയ യൂണിയൻ പ്രസിഡൻറ് സായ് ബാലാജിയെ പോകുന്ന വഴിക്ക് പോലീസ് വാനിൽ വച്ച് മർദ്ദിക്കാൻ ശ്രമിച്ചു. പിറകേ പോലീസ് സ്റ്റേഷനു പുറത്ത് നിരവധി ലോക്കൽ ആർഎസ്എസ് പ്രവർത്തകരുമായി ചേർന്ന് പരാതി കൊടുത്ത് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ആക്രമിക്കാനായി ആയുധങ്ങളുമായി കാത്തു നിന്നു. ഒരുവേള പോലീസ് സ്റ്റേഷനകത്തേക്ക് കയറി, അവനെ ഞങ്ങൾക്ക് വിട്ടുതരണം എന്നുവരെ അവര്‍ ആക്രോശിച്ചു. അപ്പോൾ നോക്കി നിന്ന പോലീസുകാരല്ല, മറിച്ച് അവിടെയെത്തിയ കുറച്ച് ജെഎൻയു അധ്യാപകരാണ് അവരെ തടഞ്ഞു നിറുത്തിയത്. ഇവിടെ ഏറ്റവും ലജ്ജാകരമായ വസ്തുത ഈ ആർഎസ്എസ് പ്രവർത്തകരെ മുന്നിൽ നിന്ന് നയിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത് ജെഎൻയുവിലെ ആർഎസ്എസ് അനുഭാവികളായ രണ്ട് അധ്യാപകരായിരുന്നു എന്നതാണ്.

ആക്രമണ വിവരം അറിഞ്ഞതോടെ കടുത്ത പ്രതിരോധമുയർന്ന ക്യാമ്പസിൽ വിദ്യാർത്ഥികളെല്ലാവരും ഇറങ്ങുകയും പോലീസ് സ്റ്റേഷനിലേക്ക് നൂറുകണക്കിന് വിദ്യാർത്ഥികൾ മാര്‍ച്ച് നടത്തുകയും ചെയ്തു. ഈ ജാഥ മാഹി-മാണ്ഡവി ഹോസ്റ്റലിനു മുൻപിൽ എത്തിയപ്പോഴേക്കും ബാലാജിയേയും അധ്യാപകരേയും പോലീസ് വാനിൽ ഡൽഹി പോലീസ് ക്യാമ്പസിനകത്തേക്ക് എത്തിച്ചു. തുടർന്ന് വൈകുന്നേരം അഞ്ച് മണിക്ക്  വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും  ചേർന്നു നടത്തിയ പീസ് മാർച്ചിൽ ആയിരക്കണക്കിനു പേരാണ് പങ്കെടുത്തത്. ഈ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മുസ്ലിം നാമധാരിയായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടറോട്, അഫ്സൽ ഗിരി” (അഫ്സൽ ഗുരു രാഷ്ട്രീയം) അവസാനിപ്പിക്കണം എന്നാണ് എബിവിപി നേതാവായ മുൻ യൂണിയൻ ജോയിന്റ് സെക്രട്ടറി ആക്രോശിച്ചത്. തങ്ങളാണ് ഇരകളെന്ന മട്ടിൽ വ്യാജ പത്രസമ്മേളനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ക്യാമ്പസിന് പുറത്തേക്ക് മറ്റൊരു ചിത്രം നൽകി മുഖം രക്ഷിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു സംഘപരിവാര്‍. അതിന്റെ ഭാഗമായ പിന്തുണ നൽകലായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന്റേത്. അവരുടെ കണ്ണിൽ ചോദ്യം ചെയ്യുന്നവരെല്ലാം വിഘടനവാദികളും നക്സലുകളുമാണല്ലോ. തുടർന്ന് ജെഎൻയു ഭരണകൂടം ഉടൻ തന്നെ എബിവിപി യെ സഹായിക്കാനായി ക്ലാസ് ക്യാമ്പയ്നുകളും പ്രകടനങ്ങളും നിരോധിച്ചു കൊണ്ടുള്ള അറിയിപ്പുമായും രംഗത്തെത്തി.

Also Read: ജെഎന്‍യു ചുവന്ന് തന്നെ: എബിവിപിയെ തകര്‍ത്ത് ഇടത് സഖ്യം തൂത്തുവാരി

ജെഎൻയു ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ഇലക്ഷൻ കാലം തന്നെയായിരുന്നു ഇത്. വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ഭരണഘടനയിൽ കുട്ടികൾ തന്നെ ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്ന ഇലക്ഷൻ കമ്മീഷനിലൂടെ അഡ്മിനിസ്ട്രേഷനുമായി യാതൊരു ബന്ധവുമില്ലാതെ നടത്തുന്ന ഏറ്റവും മാതൃകാപരവും സമാധാനപരവുമാണ് വര്‍ഷങ്ങളായി ഇവിടുത്തെ തിരഞ്ഞെടുപ്പ്. ഇലക്ഷനിൽ തോൽക്കുമെന്നായപ്പോൾ ഇന്ന് ആർഎസ്എസ് നിയന്ത്രിക്കുന്ന ജെഎൻയു ഭരണകൂടം ഇലക്ഷൻ ഏറ്റെടുക്കണമെന്നും വോട്ടിങ്ങ് യന്ത്രങ്ങൾ കൊണ്ടുവരണമെന്നും എബിവിപിക്കാര്‍ മുറവിളി കൂട്ടിയിരുന്നു. മുൻപ് ഇതേ ഭാഷയിൽ തന്നെയാണ് ഇവർ ജെഎൻയുവിലെ ചുവരുകളിലെ പോസ്റ്ററുകളും ചിത്രങ്ങളും അഡ്മിനിസ്ട്രേഷൻ നിയന്ത്രിച്ച് ഇല്ലാതാക്കണം എന്ന് വാദിച്ചത്.

വിമർശിക്കുന്ന എന്തിനേയും തികഞ്ഞ അസഹിഷ്ണുതയോടെ നേരിടുകയും എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും പൊതുഇടങ്ങളേയും അവസാനിപ്പിച്ചു കളയുകയും, ചേരിതിരിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയും അതുവഴി അധികാരം പിടിച്ചെടുത്ത് ഭരിക്കാൻ ശ്രമിക്കുന്നതാണ് അവരുടെ രീതിയെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. അതിനാൽ തന്നെ ഈ ജെഎൻയു തിരഞ്ഞെടുപ്പും ഇത്തരം വിധ്വംസകരെ ഒറ്റപ്പെടുത്തി ജനാധിപത്യം സംരക്ഷിച്ച് തുല്യത ഉറപ്പാക്കുക എന്നതാണ് ഓരോ ജനാധിപത്യ വിശ്വാസിയുടേയും കർത്തവ്യമെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

“ജെഎൻയുവിനെ മറ്റൊരു കേരളമാക്കാൻ അനുവദിക്കില്ല”: തെരഞ്ഞെടുപ്പിൽ തോറ്റ എബിവിപി രാത്രിയിൽ മിന്നലാക്രമണം നടത്തി

മോദിയുടെ ചിയര്‍ലീഡര്‍ സുധീര്‍ ചൗധരിക്ക് ജിന്‍ഡാല്‍ നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍

ജെഎന്‍യു ചുവന്ന് തന്നെ: എബിവിപിയെ തകര്‍ത്ത് ഇടത് സഖ്യം തൂത്തുവാരി

ഇന്ത്യന്‍ പാര്‍ലമെന്റിന് സമീപം വെടികൊണ്ട് മരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് മോദി സംസാരിക്കുമോ?

അമൽ പുല്ലാർക്കാട്ട്

അമൽ പുല്ലാർക്കാട്ട്

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി, ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ്‌

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍