UPDATES

ട്രെന്‍ഡിങ്ങ്

ജോസ് ടോം പുലിക്കുന്നേല്‍ എന്ന ആക്സിഡന്റൽ കാൻഡിഡേറ്റ്, അര നൂറ്റാണ്ട് കാലത്തെ പാലായുടെ ചരിത്രം മാറുമ്പോള്‍

ജോസഫ് വിഭാഗത്തിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണ് പാലാ എന്നത് ജോസ് കെ മാണി വിഭാഗത്തിന് പകരുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല

കെ എ ആന്റണി

കെ എ ആന്റണി

ഏറെ നീണ്ടുനിന്ന തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസ് ടോം പുലിക്കുന്നേൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായാണ് രംഗത്ത് വന്നിരിക്കുന്നത്. എല്ലാ അർത്ഥത്തിലും ഒരു ആക്സിഡന്റൽ കാൻഡിഡേറ്റ് തന്നെയാണ് ജോസ് ടോം. തുടർച്ചയായി 54 വര്‍ഷം കരിങ്ങോഴക്കൽ മാണി മാണി എന്ന കെ എം മാണി കൈവശംവെച്ച് വന്ന പാലായിൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് നടക്കുന്ന ഉപ തിരെഞ്ഞെടുപ്പിൽ പിന്തുടർച്ചക്കാരൻ മാണിയുടെ കരിങ്ങോഴക്കൽ കുടുംബത്തിൽ നിന്ന് തന്നെയുള്ള ആൾ തന്നെയാവണമെന്ന മകൻ ജോസ് കെ മാണിയുടെയും അനുയായികളുടെയും ആവശ്യം അംഗീകരിക്കപ്പെടാതെ വന്നതോടെയാണ് മാണി കുടുംബത്തിൽ പെട്ട ആളല്ലെങ്കിലും ആ കുടുംബത്തിന്റെ വിശ്വസ്തൻ എന്ന പരിഗണയിൽ ജോസ് ടോമിന് ടിക്കറ്റ് തരപ്പെട്ടിരിക്കുന്നത്.

എന്നുവെച്ചാൽ ഒരു പനീർ ശെൽവം മോഡൽ പരീക്ഷണം എന്നും വേണമെങ്കിൽ പറയാം. സ്ഥാനാർഥി നിർണയത്തിന് തൊട്ടു പിന്നാലെ തന്നെ മാണിയോടും ആ കുടുംബത്തോടുമുള്ള തന്റെ കൂറ് ജോസ് ടോം ആവർത്തിച്ചു പ്രഖ്യാപിക്കുകയുണ്ടായി. പാർട്ടിയുടെ ഔദോഗിക ചിഹ്നമായ രണ്ടില കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്നും പാലായിൽ തന്റെ ചിഹ്നം മാണി സാർ ആണെന്നുമായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. പാലാ ഇടമറ്റം സ്വദേശിയായ ജോസ് ടോം കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സി യിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 37 വർഷമായി മീനച്ചിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ജോസ് ടോം 2009 മുതൽ കെ എം മാണിയുടെ തിരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രധാന ചുമതലക്കാരിൽ ഒരാളായിരുന്നു.

മണ്ഡല രൂപീകരണ കാലം മുതൽ പാലായെ പ്രതിനിധീകരിച്ച കെ എം മാണി എന്ന രാഷ്ട്രീയ അതികായൻ മരിച്ച ഒഴിവിലേക്ക് നടക്കുന്ന തിരെഞ്ഞെടുപ്പ് എന്നതിനേക്കാൾ കെ എം മാണിയില്ലാത്ത ഒരു തിരഞ്ഞെടുപ്പിനാണ് പാലാ സാക്ഷ്യം വഹിക്കുന്നത്. മാണിയുടെ പിൻഗാമി അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള ഒരാൾ തന്നെയാവണം എന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവെച്ചതും സഹതാപ തരംഗം മുതലെടുക്കുക എന്ന ലക്‌ഷ്യം വെച്ച് തന്നെ. എന്നാൽ ചെയർമാൻ വിഷയത്തിൽ ഉടക്കി നിൽക്കുന്ന പി ജെ ജോസഫിന്റെ കടുംപിടുത്തതിന് മുന്നിൽ മാണി പുത്രന്റെയും കൂട്ടരുടെയും സ്വപ്നങ്ങൾ വീണുടഞ്ഞു. കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പിൽ മുറിവേറ്റ ജോസഫിനെ പിണക്കാൻ കോൺഗ്രസ് തയ്യാറാവാതെ വന്നതോടെ മാണി കുടുംബത്തിന് പുറത്തു നിന്നുള്ള പൊതുസമ്മതനായ ഒരു സ്ഥാനാർഥി എന്ന ജോസഫിന്റെ ആവശ്യത്തിന് മേൽക്കൈ ലഭിച്ചു. ഭാര്യ നിഷയെ മത്സരിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും കരിങ്ങോഴക്കൽ കുടുംബത്തിന്റെ വിശ്വസ്തനെ ഇറക്കി ജോസ് കെ മാണിയും തിരിച്ചടിച്ചു എന്ന് തന്നെ വേണം കരുതാൻ. പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ പി ജെ ജോസഫ് പുറത്താക്കിയ 21 പേരിൽ ഒരാളാണ് നിലവിലെ സ്ഥാനാർഥിയായ ജോസ് ടോം. അതുകൊണ്ടു തന്നെ ജോസഫ് വിഭാഗത്തിൽ നിന്നും ഇനിയങ്ങോട്ടുള്ള സഹകരണം എങ്ങനെ ആയിരിക്കുമെന്നത് കണ്ടു തന്നെ അറിയണം.

ജോസഫ് വിഭാഗത്തിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണ് പാലാ എന്നത് ജോസ് കെ മാണി വിഭാഗത്തിന് പകരുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ഇത് തന്നെയാണ് കോൺഗ്രസിന്റെയും കണക്കുകൂട്ടൽ. എന്നാൽ എൽ ഡി എഫ് വീണ്ടും രംഗത്തിറക്കിയിരിക്കുന്നത് കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കെ എം മാണിയെ നേരിട്ട എൻ സി പി നേതാവ് മാണി സി കാപ്പനെ തന്നെയാണ്. 2009ൽ മാണിക്കെതിരെ കന്നി അങ്കം കുറിച്ച കാപ്പൻ വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഏഴായിരിത്തിൽ ചില്ലറ വോട്ടുകൾക്കായിരിന്നു മാണിയുടെ വിജയം. 2011ൽ മാണിയുടെ ഭൂരിപക്ഷം അയ്യാരത്തിലേക്കും 2016ൽ നാലായിരത്തിലേക്കും കുറക്കാൻ കാപ്പന് കഴിഞ്ഞു. മാണിയില്ലാത്ത തിരെഞ്ഞെടുപ്പിൽ മാണി കുടുംബത്തിൽ നിന്നുമല്ലാത്ത ഒരാൾ സ്ഥാനാർത്ഥിയായി എത്തുന്നു എന്നത് തനിക്കു ഗുണം ചെയ്യുമെന്നാണ് കാപ്പന്റെ വിശ്വാസം. ഇടതു മുന്നണിയുടെ കണക്കു കൂട്ടലും ഇത് തന്നെയാണ്.

കേരള കോൺഗ്രസിലെ പടലപ്പിണക്കം മുതലെടുക്കുന്നതിനൊപ്പം മണ്ഡലത്തിലെ ബി ഡി ജെ എസ് വോട്ടുകളിലും എൽ ഡി എഫ് പ്രതീക്ഷ വെക്കുന്നുണ്ട്. എൻ ഡി എ കൺവീനർ കൂടിയായ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി യുടെ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടലും പാലാ സീറ്റു തങ്ങൾക്കു വേണമെന്ന ബി ഡി ജെ എസ് ആവശ്യം ബി ജെ പി നേതൃത്വം തള്ളിയതുമൊക്കെ തങ്ങൾക്കു അനുകൂല ഘടകമാവും എന്ന വിശ്വാസത്തിൽ തന്നെയാണ് ഇടതു മുന്നണി. എന്തായാലും എൻ ഡി എ സ്ഥാനാർത്ഥിയെ ബി ജെ പി ഇന്ന് പ്രഖ്യാപിക്കുന്നതോടുകൂടി ചിത്രം കൂടുതൽ വ്യക്തമാകും.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍