UPDATES

ട്രെന്‍ഡിങ്ങ്

പാർട്ടിയുടെ രഹസ്യ യോഗ കേന്ദ്രത്തിൽ വെച്ച് മതിഅഴകനെ ആരാണ് വക വരുത്തിയത്? വിപ്ലവ പുരോഹിതനായ കെ വേണു ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍

കെ വേണു ഇപ്പോൾ എതിർക്കുന്നത് ഇന്ത്യയിലെയോ കേരളത്തിലെയോ അല്ലെങ്കിൽ ആഗോള തലത്തിലോ ഉള്ള വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികളെയോ അവർ ഉണ്ടാക്കിയെടുത്തിട്ടുള്ള ഭരണകൂടങ്ങളെയോ ഭരണ വ്യവസ്ഥിതിയെയോ അല്ല. മറിച്ചു കമ്മൂണിസം എന്ന സിദ്ധാന്തത്തെ തന്നെയാണ്.

കെ എ ആന്റണി

കെ എ ആന്റണി

തികച്ചും സൗമ്യനായ ഒരാൾ. കാച്ചിക്കുറുക്കിയ വാക്കുകൾ. ശ്രോതാക്കളെ പിടിച്ചിരുത്താൻ പോന്ന, നേർത്ത കവിത പോലുള്ള പ്രഭാഷണം. ഇതൊക്കെ ചേർന്നാൽ കെ വേണുവായി. അതെ; ‘ഇരുപതു വയസ്സ് തികയും മുൻപേ പ്രപഞ്ച വിജ്ഞാനത്തെയാകെ സ്വന്തം ഉള്ളംകൈയിൽ ഒതുക്കിയ ആൾ’ എന്ന് കവി കുഞ്ഞപ്പ പട്ടാനൂർ തന്റെ ഒരു കവിതയിൽ വാഴ്ത്തിപ്പാടിയ കെ വേണു എന്ന മുൻ നക്സലൈറ്റ് നേതാവ്. നക്സലൈറ്റ് പ്രസ്ഥാനത്തോടൊപ്പം നിലകൊണ്ടപ്പോഴും പിന്നീട് ജനാധിപത്യവാദിയായി സ്വയം അവരോധിച്ചപ്പോഴും കെ വേണുവിന്റെ പ്രകൃതത്തിലും പ്രഭാഷണ ശൈലിയിലും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ അദ്ദേഹം പണ്ട് പറഞ്ഞിരുന്ന കാര്യങ്ങളല്ല ഇന്നിപ്പോൾ പറയുന്നതെന്ന് മാത്രം. കാലം കെ വേണുവെന്ന വിപ്ലവ പുരോഹിതനെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയാക്കി മാറ്റിയിരിക്കുന്നു.

കെ വേണുവിനെക്കുറിച് ആമുഖമായി ഇത്രയും കുറിക്കേണ്ടി വന്നത് അടുത്തിടെ ആർ എസ് എസ് സംഘടനായ തപസ്യ കലാ സാഹിത്യ വേദി എറണാകുളത്തെ ആർ എസ് എസ് കാര്യാലയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം പങ്കെടുത്തതുമായി വന്ന വാർത്തയും തുടർന്ന് ചില കോണുകളിൽ നിന്നും ഉയർന്ന വിമർശനവുമാണ്. വാർത്തയോട് പ്രതികരിച്ചുകൊണ്ട് താൻ ഇതാദ്യമായല്ല ആർ എസ് എസ് വേദികളിൽ പ്രത്യക്ഷപ്പെടുന്നതെന്നും കമ്മ്യൂണിസ്റ്റുകാർ വിളിച്ചാലും താൻ അവരുടെ വേദികളിലും പോകുമെന്നുമാണ് വേണു നൽകിയ വിശദീകരണം.

വിഷയം ‘കമ്മൂണിസം പരാജയപ്പെട്ട പ്രത്യയ ശാസ്ത്രം’ എന്നതായിരുന്നുവെന്നും ഇത് താൻ മുന്നോട്ടുവെക്കുന്ന ഒരു പ്രധാന വാദമാണെന്നും ഇതേ വിഷയത്തെക്കുറിച്ച് താൻ ഒരു പുസ്തകം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ടെന്നും അപ്പോൾ പിന്നെ അതേക്കുറിച്ച് പ്രഭാഷണം നടത്തുന്നതിൽ എന്താണ് അപാകത എന്നും വേണു ചോദിക്കുന്നു.

ശരിയാണ് ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഏതൊരു പൗരനും ഇതിനൊക്കെയുള്ള അവകാശമുണ്ട്. അപ്പോൾ പിന്നെ വേണുവിന്റെ ഭൂതകാലം ചികഞ്ഞെടുത്ത്‌ ആർ എസ് എസ് വേദിയിൽ പ്രത്യക്ഷപ്പെട്ടതിനെ വിമർശിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നതും തികച്ചും സ്വാഭാവികം. പോരെങ്കിൽ തന്നെ വേണു നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും വളരെ പെട്ടെന്ന് തന്നെ അതിന്റെ നേതൃനിരയിൽ എത്തിപ്പെടുകയും ചെയ്ത 1970 കളുടെ തുടക്കം മുതൽക്കു തന്നെ മാർക്സിസസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചുമൊക്കെ തികച്ചും വ്യത്യസ്തവും പലപ്പോഴും പരസ്പര വിരുദ്ധവുമായ നിലപാടുകളുമാണ് സ്വീകരിച്ചു പോന്നിരുന്നത്. ആദ്യം റഷ്യൻ വിപ്ലവത്തെ വാനോളം പുകഴ്‍ത്തുകയും പിന്നീട് ചൈനയിലെ സാംസ്കാരിക വിപ്ലവമായിരുന്നു കൂടുതൽ ശരിയെന്നു ഏറെക്കാലം വാദിക്കുകയും അങ്ങനെ ചെയ്യുമ്പോൾ തന്നെ സാംസ്കാരിക വിപ്ലവത്തിനുശേഷം ചൈനയിൽ കമ്മൂണിസം സ്ഥാപനവൽക്കരിക്കപ്പെടുകയാണ്ചെയ്തതെന്ന് എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്ത ആളായിരുന്നു വേണു. സി പി ഐ (എം എൽ ) പ്രസിദ്ധീകരങ്ങളായിരുന്ന ‘പ്രേരണ’, ‘കോംമ്രേഡ്’ എന്നിവയിൽ വേണു അക്കാലത്ത് എഴുതിയ ലേഖനങ്ങൾ വായിച്ചാൽ ഇക്കാര്യം വ്യക്താമാകും.

സ്വാഭാവികമായും പുതിയ തലമുറ ചർച്ച ചെയ്യുന്നത് ഒളിവിലും ജയിലും പിന്നീട് തെളിവിലും കഴിഞ്ഞ ശേഷം സഖാവ് വേണു എന്നും മുതിർന്നവർ കെ വി എന്നും മറ്റു ചിലർ അവർക്കു പൊരുത്തപ്പെടാത്ത നിലപാടുമാറ്റങ്ങളുടെ പേരിൽ അവരിൽ ചിലർ സമ്മാനിച്ച ‘കേണു’ ‘കെണി’ തുടങ്ങിയ ഒളിപ്പേരുകളുടെ പേരിൽ കൂടിയാവാം. സത്യത്തിൽ അത്രയൊന്നും അധിക്ഷേപം അദ്ദേഹം അര്‍ഹിക്കുന്നില്ലെങ്കിലും തന്റെ പഴയ നിലപാടുകളും അവ എങ്ങിനെ ഒരു യുവതയെ വഴിതെറ്റിച്ചുവെന്നും അതിന്റെ പരിണിതഫലം എന്തായിരുന്നുവെന്നും ഓരോരോ പുതിയ തിയറികളുമായി കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിൽ പുത്തൻ ഏടുകൾ ചമച്ചുകൊണ്ടിരുന്നു കെ വേണു. വിപ്ലവത്തിൽ തുടങ്ങി ഒടുവിൽ ജനാധിപത്യത്തിൽ എത്തിനിൽക്കുന്ന തന്നെ തന്നെ ശ്രീമാൻ വേണു രാഷ്ട്രീയാപരമായി മാത്രമല്ല മനഃശാസ്‌ത്രപരമായികൂടി വിശകലനം ചെയ്യുകയും, മാത്രമല്ല അക്കാര്യം പൊതു സമൂഹത്തോട് തുറന്നു സമ്മതിക്കുകയും ചെയ്യേണ്ടി ഇരിക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ഒരു അവസ്ഥ അദ്ദേഹം തന്നെ സൃഷ്ടിച്ചെടുക്കുന്നില്ലേ എന്നൊരു സന്ദേഹം പൊതുവെ രൂപപ്പെടുന്നതും ഇതുകൊണ്ടു തന്നെയാണ്.

കെ വേണു ഇപ്പോൾ എതിർക്കുന്നത് ഇന്ത്യയിലെയോ കേരളത്തിലെയോ അല്ലെങ്കിൽ ആഗോള തലത്തിലോ ഉള്ള വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികളെയോ അവർ ഉണ്ടാക്കിയെടുത്തിട്ടുള്ള ഭരണകൂടങ്ങളെയോ ഭരണ വ്യവസ്ഥിതിയെയോ അല്ല. മറിച്ചു കമ്മൂണിസം എന്ന സിദ്ധാന്തത്തെ തന്നെയാണ്. കെ വേണുവിന് വെളിപാട് ഉണ്ടാകുന്നതിനും എത്രയോ കാലം മുൻപ് തന്നെ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികളും അവരുടെ ഭരണകൂട അജണ്ടകളും ഉള്ളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മനസ്സിൽ കമ്മൂണിസം എന്ന മഹത്തായ ഒരു ആശയം കൊണ്ട് നടക്കുന്നവർക്ക് ഉത്തമ ബോധ്യമുണ്ടാവും എന്ന് തന്നെയാണ് കരുതുന്നത്. കെ വി ഇപ്പോൾ പങ്കെടുത്തുവെന്നു പറയുന്ന ആർ എസ് എസ് തപസ്യയുടെ ലേബലിൽ സംഘടിപ്പിച്ച ‘കമ്മൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം’ എന്ന വിഷയം തന്നെ പുതുമ നഷ്ടപ്പെട്ട ഒന്നാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിൽ നിരാശ പൂണ്ട് 1949ൽ സ്റ്റീഫൻ സ്‌പെൻഡർ, ലൂയിസ് ഫിഷർ തുടങ്ങി ആറു മുൻനിര എഴുത്തുകാർ എഴുതിയ പ്രബന്ധങ്ങളുടെ സമാഹാരത്തിന്റെ പേരും ‘The God That Failed’ (പരാജയപ്പെട്ട ദൈവം) എന്നായിരുന്നു.

പല ഘട്ടങ്ങളിലായി ഒരേ വിഷയത്തിൽ വേണു സ്വീകരിച്ചിട്ടുള്ള വ്യത്യസ്ത നിലപാടുകൾ മനസ്സിലാക്കാൻ പണ്ട് പ്രേരണയിൽ അദ്ദേഹം തന്നെ എഴുതിയ ‘സാംസ്കാരിക വിപ്ലവം- പരസ്‌പര വിരുദ്ധമായ രണ്ടു വീക്ഷണങ്ങൾ’ എന്ന ലേഖനവും ഇതിനെ വിമർശിച്ചുകൊണ്ട് ജീവിതത്തിലും വിപ്ലവത്തിലും നിരാശാ പൂണ്ട് ആത്മഹത്യ ചെയ്ത കെ ജി സുബ്രമണ്യ ദാസ് എഴുതിയ മറുപടിയും മാത്രം വായിച്ചാൽ മതിയാകും. 2013ൽ പ്രസക്തി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സുബ്രമണ്യ ദാസ് ഇന്നും’ എന്ന പുസ്തകത്തിൽ ഈ ലേഖനങ്ങൾ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.

നക്സലൈറ്റ് പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പും പുതിയ പാർട്ടിയുടെ (സി ആർ സി ആർ സി , സി പി ഐ (എം എൽ) രൂപീകരണവും അതിന്‌ മുൻപ് പ്രസ്ഥാനത്തിന്റെ ജനകീയ മുഖമായിരുന്ന ജനകീയ സാംസ്കാരിക വേദിയുടെ പിരിച്ചുവിടലും ഇനിയങ്ങോട്ട് പ്രാദേശിക ദേശീയ വാദങ്ങളിൽ അധിഷ്ഠിതമായി വേണം മുന്നോട്ടുള്ള പ്രയാണം എന്ന വേണുവിന്റെ കണ്ടെത്തലും (ഇതിന്റെ ഭാഗമായി കേരള ദേശീയത എന്ന വിഷയത്തിൽ തലശ്ശേരിയിലടക്കം ചില സെമിനാറുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു) ഒക്കെ കഴിഞ്ഞാണ് ജനാധിപത്യ ചിന്തകളിലേക്ക് വേണു കടക്കുന്നത്. ഇതിന്റെ ഭാഗമായി തന്നെയാവണം സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി എന്ന പാർട്ടി രൂപീകരിച്ചപ്പോൾ തുടക്കത്തിൽ വേണുവും അതിന്റെ ഭാഗമായതും പിന്നീട് ഗൗരിയമ്മക്കെതിരെ സി പി എം ഉന്നയിച്ച അതേ ധാർഷ്ട്ട്യത്തിന്റെ പേര് പറഞ്ഞു ഗൗരിയമ്മയിൽ നിന്നും അകന്നതും.

തന്റെ സിദ്ധാന്തങ്ങളിൽ വിശ്വസിക്കാനും അവ പ്രചരിപ്പിക്കാനും വേണുവിന് ന്യായമായും അവകാശമുണ്ട്. എന്നാൽ അതോടൊപ്പം ചില ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള ബാധ്യതയും ഈ പഴയ വിപ്ലവ പുരോഹിതനുണ്ട്. അതിലൊന്ന് അടിയന്തരാവസ്ഥക്കാലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന രാജന്റെ അറസ്റ്റിലേക്കും ഉരുട്ടിക്കൊലയിലേക്കും നയിച്ച കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് ഇപ്പോൾ എന്ത് പറയുന്നു എന്നത് തന്നെ. മറ്റൊന്ന് 1982ൽ മഹാരാഷ്ട്രയിലെ താനെയിൽ പാർട്ടിയുടെ രഹസ്യ യോഗ കേന്ദ്രത്തിൽ വെച്ച് ജെ എൻ യു വിദ്യാർത്ഥിയായിരുന്ന മതിഅഴകനെ ആരാണ് വക വരുത്തിയതെന്നതാണ്. ആ കൊലപാതകവും ഒരു ഫാസിസ്റ്റു നടപടിയായിരുന്നില്ലേ? സാംസ്കാരിക വേദിയുടെ പിരിച്ചുവിടലിനെ തുടർന്ന് അതിന്റെ പ്രവർത്തകർക്കിടയിൽ ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ എത്രയെത്ര പേരെ ആത്മഹത്യയിലേക്കും മുഴു ഭ്രാന്തിലേക്കും നയിച്ചു എന്നതാണ് മറ്റൊരു ചോദ്യം. എല്ലാം കഴിഞ്ഞു തങ്ങൾ ഒരു സമ്പൂർണ ഗാന്ധിയനായി സ്വയം ചമയുമ്പോൾ ഇടക്കൊക്കെ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍