UPDATES

ട്രെന്‍ഡിങ്ങ്

ടി പി ക്ക്‌ പിന്നാലെ വയല്‍കിളികളും; സിപിഎമ്മില്‍ കുലംകുത്തികള്‍ പെരുകുന്നു

സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ തന്നെ സമരമുഖത്തു ഉറച്ചു നില്‍ക്കുന്നത് കണ്ണൂരിലെ പാര്‍ട്ടിയെ തെല്ലൊന്നുമല്ല ആശങ്കയില്‍ ആഴ്ത്തിയത്.

കെ എ ആന്റണി

കെ എ ആന്റണി

അരിവാളിന്‍ ചുണ്ടില്‍ നിന്നും കതിരും പാട്ടും ചുറ്റിക തന്‍ അടിയില്‍ നിന്നും കഥയുമൊക്കെ ഉണ്ടായ ആ പഴയ കാലം എങ്ങോപോയി മറഞ്ഞിരിക്കുന്നു. പകരം കര്‍ഷക സഖാക്കള്‍ വിതക്കുകയും കൊയ്യുകയും കൊയ്യുന്ന വയലുകള്‍ പോലും അവരില്‍ നിന്നും കവര്‍ന്നെടുക്കുന്ന കാലം വന്നുചേര്‍ന്നിരിക്കുന്നു. അതും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍! ഇങ്ങനെ ഒരു അവസ്ഥാവിശേഷമാണ് കണ്ണൂരിലെ തളിപ്പറമ്പിനടുത്തുള്ള കീഴാറ്റൂരില്‍ ഉണ്ടായത്. നഗരത്തെ രക്ഷിക്കാന്‍ നെല്‍പ്പാടം നികത്തി ഗ്രാമത്തെയും ഗ്രാമീണരെയും ശിക്ഷിക്കാനുള്ള നീക്കത്തിനെതിരെയാണ് കീഴാറ്റൂരില്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ‘വയല്‍കിളികള്‍’ എന്ന കൂട്ടായ്മ സൃഷ്ടിച്ചത്. കീഴാറ്റൂര്‍ ഒരു പാര്‍ട്ടി ഗ്രാമമായതുകൊണ്ടു തന്നെ തങ്ങളുടെ വയലേലകള്‍ സംരക്ഷിക്കുക എന്ന ഏക ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മയുടെ മുന്‍നിരയില്‍ അണിനിരന്നവര്‍ സി പി എം സഖാക്കള്‍ തന്നെയായതു തികച്ചും സ്വാഭാവികം.

വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ ആര് തന്നെയായാലും അവരെ തള്ളിപ്പറയേണ്ടതുണ്ടെന്ന കാര്യത്തില്‍ ഒട്ടുമേ തര്‍ക്കമില്ലാത്ത പാര്‍ട്ടിയാകയാല്‍ സി പി എം വയല്‍കിളികളെയും സി പി എം വടകര ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരനെയും കൂട്ടുകാരെയും എന്ന പോലെ തന്നെ കുലംകുത്തികളായി തന്നെ കണ്ടു എന്നുവേണം കരുതാന്‍. പാര്‍ട്ടി വിരുദ്ധ (വികസന വിരുദ്ധ) നിലപാട് തിരുത്താന്‍ തയ്യാറാകാതിരുന്ന അവരെ ഒടുവില്‍ ഇന്നലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒന്നും രണ്ടുമല്ല. പതിനൊന്നു പേരെയാണ് ഒറ്റയടിക്ക് ഇന്നലെ പുറത്താക്കിയത്. എല്ലാവരും കീഴാറ്റൂര്‍ നോര്‍ത്ത്, സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍. പാര്‍ട്ടി വിലക്കിയിട്ടും വയല്‍ സംരക്ഷണ സമരവുമായി എന്തിനു മുന്നോട്ടുപോയെന്ന ചോദ്യത്തിന് ഇവര്‍ വിശദീകരണം നല്‍കിയില്ല എന്നതാണ് പുറത്താക്കല്‍ നടപടിക്ക് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം. ഇതുകൂടാതെ കീഴാറ്റൂരില്‍ പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതിനെതിരെ പ്രതിക്ഷേധപ്രകടനം നടത്തിയതിന്റെ പേരില്‍ 45 ഓളം പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുമുണ്ട്.

പാര്‍ട്ടി വിരുദ്ധ നിലപാടെടുക്കുന്ന ആരെയും പുറത്താക്കാനുള്ള അവകാശം ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സി പി എമ്മില്‍ അര്‍പ്പിതമാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പക്ഷെ ഒരു തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയാണ് സി പി എം എന്ന യാഥാര്‍ഥ്യം ഇടക്കൊക്കെ പാര്‍ട്ടിയെ നയിച്ച് തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ അറിഞ്ഞോ അറിയാതെയോ മുതലാളിത്ത പാര്‍ട്ടിയാക്കിയാക്കി മാറ്റുന്നവര്‍ അറിയുന്നുണ്ടോ ആവോ എന്നതാണ് കുറച്ചേറെക്കാലമായി പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ ഉയരുന്ന പ്രധാന ചോദ്യം. പാര്‍ട്ടി അതിന്റെ രൂപീകരണ വേളയില്‍ തന്നെ മുന്നോട്ടു വെച്ച നയങ്ങളിലും പരിപാടികളിലും എന്നേ വെള്ളം ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല അടിസ്ഥാനവര്‍ഗ വിരുദ്ധ നിലപാടുകളുടെ പ്രവാചകരും പ്രായോജകരും ആയി മാറിയ ഒരു സംഘം ആള്‍ക്കാരുടെ ജന വിരുദ്ധ ജല്‍പനങ്ങള്‍ നടപ്പാക്കുന്നിടം വരെ എത്തി നില്‍ക്കുന്നു എന്ന് പറയേണ്ടി വരുന്നുവെന്നത് ഏറെ വേദനിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു.

ഒരു എം വി ആറോ, ഗൗരിയമ്മയൊ, ടി ജെ ആഞ്ചലോസോ മാത്രമല്ല അതിനും എത്രയോ കാലം മുന്‍പ് തന്നെ ഈ പ്രസ്ഥാനത്തിന് മറ്റൊരു മുഖം കൂടിയുടെന്നറിയാന്‍ ചരിത്രപുസ്തകങ്ങളുടെ ഏടുകള്‍ ഒരിക്കല്‍ക്കൂടി മറിച്ചുനോക്കിയാല്‍ മതിയാവും. ടിയാനന്മെന്‍ കൂട്ടക്കുരുതി അവിടെ നില്‍ക്കട്ടെ. ടി പി ചന്ദ്രശേഖരനിലേക്കുള്ള വഴി തിരഞ്ഞു പോയാല്‍ ഒരുപക്ഷെ എത്തിച്ചേരുക ട്രോട്‌സ്‌കിയുടെ അതിദാരുണമായ കൊലപാതകത്തിലേക്ക് തന്നെയാവും. നന്ദിഗ്രാമിലേതെന്നപോലെ കീഴാറ്റൂരിലും പാര്‍ട്ടി നേതൃത്വത്തിന് അവരുടേതായ ന്യായീകരണമുണ്ടാവാം. കാരണം കുത്തക മുതലാളിത്തത്തെയും നവ ലിബറലിസത്തെയുമൊക്കെ എതിര്‍ക്കുന്നുവെന്നു പ്രഘോഷിക്കുമ്പോഴും രണ്ടിന്റെയും ഗുണഭോക്താവായി പാര്‍ട്ടി മാറിക്കഴിഞ്ഞിട്ടു കാലമേറെയായി. കീഴാറ്റൂര്‍ നല്‍കുന്ന പാഠവും മറ്റൊന്നല്ല. കീഴാറ്റൂരിലെ വയല്‍കിളി കൂട്ടത്തിനു പറയാനുള്ളത് കൂടി കേട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പാതക്ക് വീതികൂട്ടുമ്പോള്‍ തളിപ്പറമ്പ് നഗരത്തിലെ വ്യവസായികളെ രക്ഷിക്കാനുള്ള നീക്കമാണ് ദേശീയപാതയെ ബന്ധിപ്പിക്കാന്‍ ഒരു ബൈപാസ് റോഡ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ദേശീയ പാതയില്‍ നിന്നും ഏതാണ്ട് 180 അടി താഴെ സ്ഥിതിചെയ്യുന്ന നാല് ഭാഗവും കൊച്ചു കുന്നുകളാല്‍ വലയം ചെയ്യപ്പെട്ട പാടശേഖരം ഉള്‍പ്പെട്ട പ്രദേശമാണ് കീഴാറ്റൂര്‍ എന്ന കൊച്ചു ഗ്രാമം.

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

മഴക്കാലത്ത് ഏതാണ്ട് രണ്ടു മാസത്തോളം ഒരു വലിയ പുഴയായി മാറുന്ന വയലില്‍ ഒരു തവണ നെല്ലും പിന്നീട് പച്ചക്കറിയും കൃഷി ചെയ്യുന്ന ഈ പ്രദേശം ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനുവേണ്ടി നികത്താന്‍ 24 ലക്ഷം ക്യൂബിക് അടി എങ്കിലും വേണ്ടിവരും. ഈ മണ്ണ് കണ്ടെത്താന്‍ വയലിന് ചുറ്റും തലയുയര്‍ത്തി നില്‍ക്കുന്ന മുഴുവന്‍ കുന്നുകളും ഇടിച്ചു നിരപ്പാക്കേണ്ടിവരും. 10000 ഓളം ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണമാകുന്നു ഒരേര്‍പ്പാട് എന്നതിലുപരി തളിപ്പറമ്പ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന വലിയ കിണറും ഇതോടെ കുഴിച്ചുമൂടപ്പെടും. തീര്‍ന്നില്ല, 1200 ലേറെ വരുന്ന ചെത്തുതൊഴിലാളികള്‍ തൊഴില്‍ രഹിതരാവും. ബൈ പാസിനായി കീഴാറ്റൂര്‍ തിരഞ്ഞെടുക്കപ്പെടുന്ന ഘട്ടത്തില്‍ തന്നെ തങ്ങളുടെ ആശങ്കകള്‍ ജനപ്രതിനിധികളുമായി പങ്കുവെച്ചിരുന്നുവെന്നു വയല്‍കിളി സമരത്തിന് നേതൃത്വം നല്‍കുന്ന സുരേഷ് കീഴാറ്റൂര്‍ പറയുന്നു. ജില്ലാ കളക്ടറും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സ്ഥലം എം എല്‍ എ ജെയിംസ് മാത്യുവും ഒക്കെ പങ്കെടുത്ത ആദ്യയോഗം ഗ്രാമീണരുടെ ആശങ്ക ശരിവെക്കുകയും ആദ്യം നിശ്ചയിച്ചിരുന്ന അലൈന്‍മെന്റ് പ്രകാരം സ്ഥലം ഏറ്റെടുക്കാന്‍ നിശ്ചയിക്കുകയും ചെയ്തിടത്തുനിന്നാണ് സി പി എം ജില്ലാ നേതൃത്വം കടുംപിടിത്തവുമായി രംഗത്തുവന്നതെന്നു സുരേഷ് പറയുന്നു. ചുരുങ്ങിയ പക്ഷം ഒരു പരിസ്ഥിതി ആഘാത പഠനത്തിന് പോലും തയ്യാറാവാതെ പാര്‍ട്ടി ഗ്രാമം ആയതിനാല്‍ എന്തും നടക്കുമെന്ന സപീപനമാണ് പാര്‍ട്ടി കീഴാറ്റൂരില്‍ കൈകൊണ്ടത് എന്ന് വ്യക്തം.

സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ തന്നെ സമരമുഖത്തു ഉറച്ചു നില്‍ക്കുന്നത് കണ്ണൂരിലെ പാര്‍ട്ടിയെ തെല്ലൊന്നുമല്ല ആശങ്കയില്‍ ആഴ്ത്തിയത്. ഇതിനിടെ ബി ജെ പി യുടെ ജനരക്ഷ യാത്രക്കിടയില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാഷ്ട്രീയ മുതലെടുപ്പിന് ഒരു ചെറിയ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ലെന്നതും സമരരംഗത്തുള്ളവരെ പിന്തിരിപ്പിക്കാനാവും എന്ന അമിത വിശ്വാസം സി പി എം നേതൃത്വത്തിന് നല്‍കിയെന്ന് തന്നെവേണം കരുതാന്‍. ഈ ആത്മവിശ്വാസം നല്‍കുന്ന ധാര്‍ഷ്ട്യം തന്നെയാണ് വയല്‍കിളികളെ കുലംകുത്തികളായി ചിത്രീകരിക്കാനുള്ള നീക്കവും അതിന്റെ ഭാഗമായുള്ള ഇപ്പോഴത്തെ പുറത്താക്കല്‍ നടപടിയും എന്ന് കീഴാറ്റൂര്‍ക്കാര് കരുതിയാല്‍ അവരെ കുറ്റം പറയാനാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കീഴാറ്റൂര്‍ സമരം: 11 പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍