UPDATES

ട്രെന്‍ഡിങ്ങ്

എന്തു കണ്ടിട്ടാണോ പൂഞ്ഞാര്‍ പുലി കുമ്മനത്തെ നമ്പരുതെന്നു രാജന്‍ ബാബുവിനെ ഉപദേശിച്ചത്?

ചുവപ്പിനെ പാടെ തൂത്തെറിഞ്ഞു കേരളത്തെ കാവി പുതപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കുമ്മനം നെയ്തുകൂട്ടുന്ന സ്വപ്നങ്ങളത്രയും

കെ എ ആന്റണി

കെ എ ആന്റണി

‘ജില്ലയില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ബി ജെ പി, ആര്‍ എസ് എസ്, സി പി എം എന്നീ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചു ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണ. തങ്ങളുടെ ഭാഗത്തു നിന്ന് അക്രമം ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഇരു വിഭാഗം നേതാക്കളും യോഗത്തില്‍ ഉറപ്പുനല്‍കിയതായി കളക്ടര്‍ മീര്‍ മുഹമ്മദ് അലിയും ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമവും മാധ്യമങ്ങളെ അറിയിച്ചു. സി പി എമ്മിനെ പ്രതിനിധീകരിച്ചു ജില്ലാ സെക്രട്ടറി പി ജയരാജന്‍ മാത്രമാണ് പങ്കെടുത്തത്. ആര്‍ എസ് എസ് – ബിജെപി നേതാക്കളായ വി ശശിധരന്‍, വത്സന്‍ തില്ലങ്കേരി, കെ പ്രമോദ്, പി സത്യപ്രകാശ്, കെ രഞ്ജിത് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ മട്ടന്നൂര്‍, പാനൂര്‍ മേഖലകളില്‍ രാഷ്ട്രീയ ആക്രമങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്തു ഉഭയകക്ഷി സമാധാന യോഗം വിളിച്ചുചേര്‍ത്തത്. ജില്ലയിലെ രാഷ്ട്രീയ അക്രമം സംബന്ധിച്ച് കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന നേതാക്കള്‍ ഗവര്‍ണറെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു.

ഇത്രയും ഇക്കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് മുന്‍കൈയെടുത്തു വിളിച്ചുചേര്‍ത്ത ഉഭയ കക്ഷി സമാധാന ചര്‍ച്ച സംബന്ധിച്ചുള്ള പത്ര വാര്‍ത്തയില്‍ നിന്നുള്ളതാണ്. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ പൂര്‍ണമായി സഹകരിക്കുമെന്ന് ആര്‍ എസ് എസ് – ബി ജെ പി യുടെയും സി പി എമ്മിന്റെയും നേതാക്കള്‍ ഉറപ്പുനല്‍കിയതായും വാര്‍ത്ത പറയുന്നു. പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗങ്ങള്‍ നേതാക്കള്‍ ഒഴിവാക്കുമെന്ന് ഉറപ്പു നല്‍കിയതായും എരിതീയില്‍ എണ്ണ ഒഴിക്കുന്ന സൈബര്‍ പോരാളികളെ നിയന്ത്രിക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാം ഇന്നലത്തെ ഉഭയ കക്ഷി സമാധാന യോഗ തീരുമാനപ്രകാരം നടന്നാല്‍ എത്ര നല്ലത്! അങ്ങനെ തന്നെ സംഭവിക്കട്ടെയെന്നു നമുക്കും ആശിക്കാം.

ഇന്നലെ ഉഭയ കക്ഷി സമാധാന യോഗം ചേരുന്നതിനു മുന്‍പ് പ്രചരിച്ച വാര്‍ത്ത യോഗത്തില്‍ ആര്‍ എസ് എസ് – ബി ജെ പി നേതാക്കള്‍ പങ്കെടുക്കില്ല എന്നായിരുന്നു. ഇതൊരു വ്യാജ പ്രചാരണം ആയിരുന്നില്ല. ഇന്നലെ ഉച്ചവരെ അവര്‍ ഏതാണ്ട് ഇതേ നിലപാടില്‍ തന്നെയായിരുന്നു. പക്ഷെ ഒടുവില്‍ അവര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നത് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന കാര്യം തന്നെ. അപ്പോഴും ഒരു സംശയം ബാക്കിയാവുന്നുണ്ട്. അക്രമങ്ങളല്ല അക്രമ പരമ്പരകള്‍ തന്നെ നടന്നതിനുശേഷം വിളിച്ചുചേര്‍ക്കപ്പെടുന്ന ഇത്തരം സമാധാന യോഗങ്ങള്‍ ഒരു പ്രഹസനമായി മാറുന്നില്ലേയെന്ന സംശയം. യോഗ തീരുമാനങ്ങള്‍ താഴെത്തട്ടിലേക്കു വേണ്ട രീതിയില്‍ എത്തുന്നില്ലായെന്നത് കൊണ്ട് തന്നെയാവണമല്ലോ അക്രമ സംഭവങ്ങള്‍ ഒരു തുടര്‍കഥയാവുന്നത്. ഇക്കാര്യത്തില്‍ ഇരുപക്ഷത്തുനിന്നുമുള്ള സംസ്ഥാന തലം മുതല്‍ ഏറ്റവും താഴെയുള്ള ഘടകം വരെയുള്ള നേതാക്കള്‍ മതിയായ ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നു തന്നെവേണം കരുതാന്‍. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്. മുന്‍പൊക്കെ ഓരോ ആക്രമണ പരമ്പരക്കും ശേഷം സര്‍വകക്ഷി സമാധാന യോഗം വിളിക്കുക എന്നതായിരുന്നു പതിവ്. ഇപ്പോള്‍ അത് മാറി സംഘട്ടനത്തില്‍ നേരിട്ട് പങ്കാളികളാവുന്നവരുടെ പാര്‍ട്ടി നേതാക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉഭയ കക്ഷി സമാധാന യോഗങ്ങള്‍ വന്നു. എന്നിട്ടും കാര്യങ്ങള്‍ പഴയ മട്ടില്‍ തന്നെ തുടരുന്നു എന്ന് വന്നാല്‍ ഈ യോഗങ്ങള്‍ കൊണ്ട് എന്തുണ്ട് പ്രയോജനം? യോഗങ്ങള്‍ മാത്രം പോരാ നേതാക്കളുടെയും അനുയായികളുടെയും മനസ്സ് മാറ്റാന്‍ പോന്ന എന്തെകിലും ഒരു സംവിധാനം അനിവാര്യമായിരിക്കുന്നു എന്ന് തോന്നുന്നതും അതുകൊണ്ടു തന്നെയാണ്.

പതിവുപോലെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്. സ്വപ്നം കാണുന്നത് ഒരു അപരാധമൊന്നുമല്ല. പക്ഷെ കുമ്മനത്തിന്റെ സ്വപ്നത്തിനു പിന്നില്‍ ഒരു പ്രത്യേക രാഷ്ട്രീയ അജണ്ട തന്നെയുണ്ട്. ചുവപ്പിനെ പാടെ തൂത്തെറിഞ്ഞു കേരളത്തെ കാവി പുതപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കുമ്മനം നെയ്തുകൂട്ടുന്ന സ്വപ്നങ്ങളത്രയും. ഇക്കഴിഞ്ഞ ദിവസവും കുമ്മനം തന്റെ മനസ്സിലിരുപ്പ് തുറന്നു പറഞ്ഞു. രാജന്‍ ബാബു നയിക്കുന്ന ജെ എസ് എസിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് കുമ്മനം തന്റെ സ്വപ്നം വീണ്ടും ഒരിക്കല്‍ കൂടി പരസ്യമാക്കിയത്. ഇന്നത്തെ രാത്രി എല്‍ ഡി എഫിന്റേത് ആണെങ്കില്‍ നാളത്തെ സുപ്രഭാതം എന്‍ ഡി എയുടേത് ആണെന്നായിരുന്നു കുമ്മനത്തിന്റെ പ്രഖ്യാപനം. എന്‍ ഡി എക്ക് നേതൃത്വം നല്‍കുന്നത് ബി ജെ പി ആയതുകൊണ്ട് തന്നെയാവണം കുമ്മനം പ്രഭാതം എന്നതിനുപകരം സുപ്രഭാതം തന്നെ ഉപയോഗിച്ചത്. കുമ്മനത്തിന്റെ ആഗ്രഹം ഒക്കെ കൊള്ളാം. പക്ഷെ അത് നടക്കത്തില്ലെന്നു പി സി ജോര്‍ജ് അതെ വേദിയില്‍ വെച്ച് തന്നെ പറഞ്ഞു എന്നാണു പത്ര റിപ്പോര്‍ട്ട്. കുമ്മനത്തിനു ആശിക്കാന്‍ അവകാശമുള്ളതുപോലെ തന്നെ അത് നടപ്പിലാകില്ലെന്ന് ജോര്‍ജിനും പറയാം. പക്ഷെ, എന്ത് കണ്ടിട്ടാണോ പൂഞ്ഞാര്‍ പുലി കുമ്മനത്തെ നമ്പരുതെന്നു രാജന്‍ ബാബുവിനെ ഉപദേശിച്ചതെന്നുമാത്രം മനസ്സിലാവുന്നില്ല.

കള്ളം പറഞ്ഞ് കുമ്മനം; പ്രതീക്ഷ നശിച്ച് അമിത് ഷാ; കേരള ബിജെപി പെരുവഴിയില്‍

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍