UPDATES

ട്രെന്‍ഡിങ്ങ്

വീരന്റെ ബ്രേക്കിംഗ് ന്യൂസ് രാജി; ‘പടനായര്‍’ക്ക് ഹൃദയാഘാതം ഉണ്ടാക്കുമോ?

അഞ്ചു മാസത്തിലേറെയായി ജെ ഡി യു സംസ്ഥാന കമ്മിറ്റി ചേര്‍ന്നിട്ടെന്നും ഇങ്ങനെ ഒരു തീരുമാനം പാര്‍ട്ടിയുടെ ഒരു ഘടകത്തില്‍ പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും പറഞ്ഞു വര്‍ഗീസ് ജോര്‍ജ് രംഗത്ത്

കെ എ ആന്റണി

കെ എ ആന്റണി

പത്രങ്ങള്‍ക്ക് എസ്‌ക്ലൂസീവ് വാര്‍ത്തകള്‍ എന്ന പോലെ തന്നെ പരമ പ്രധാനമാണ് വാര്‍ത്താ ചാനലുകള്‍ക്ക് ബ്രേക്കിംഗ് ന്യൂസ്. റേറ്റിംഗ് ഉയര്‍ത്താനും പരമാവധി പരസ്യം ലഭിക്കാനും ഇരുകൂട്ടര്‍ക്കും ഇങ്ങനെ ഒന്ന് വേണം. പണ്ടൊക്കെ ഈ ഏര്‍പ്പാട് നിലനില്‍പ്പിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ കൂടി അടയാളപ്പെടുത്തലായിരുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ആ നല്ല നാളുകള്‍ ചാനല്‍ യുദ്ധത്തിനിടയില്‍ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. സത്യം പുറത്തു കൊണ്ടുവന്നതിന്റെ പേരില്‍ തകര്‍ന്നു പോയ പഴയ പത്രാധിപന്മാരും പത്രപ്രവര്‍ത്തകരും ഇന്നില്ല. എല്ലാം കമ്പോളം നിയന്ത്രിക്കുന്ന പുതിയ കാലത്തു പത്ര മുതലാളിക്കും അയാളെ പതപ്പിച്ചു സുഖിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ആളുകളുമാണ് ഇന്ന് തിമിര്‍ത്താടുന്നത്. ജേണലിസം ഒരു ഒറ്റയടി പാതയാണെന്നും അതിക്രമിച്ചു കടക്കുന്നവര്‍ വെടിയേറ്റ് വീഴും എന്ന ആ പഴയ മാധ്യമ സിദ്ധാന്തം പുതിയ കാല മാധ്യമ ലോകം എന്നേ മറന്നു കഴിഞ്ഞിരിക്കുന്നു, അല്ലെങ്കില്‍ മാച്ചു കളഞ്ഞിരിക്കുന്നു.

വെറുതെ ആവേശം പൂണ്ട് എഴുതിയതല്ല ഇന്നിപ്പോള്‍ വീണ്ടും ഒരു ബ്രേക്കിംഗ് ന്യൂസ് കേരളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടതിനെ തുടര്‍ന്നുണ്ടായ ഓളം കണ്ടപ്പോഴാണ്. വാര്‍ത്ത മറ്റൊന്നുമല്ല എം പി വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജിവെക്കുന്നുവെന്നും അദ്ദേഹം നേതൃത്വം നല്‍കുന്ന കേരളത്തിലെ ജെ ഡി യു (ജനതാ ദള്‍ യുണൈറ്റഡ് ) ഘടകം യു ഡി എഫ് ബാന്ധവം അവസാനിപ്പിച്ചു ഇടതു മുന്നണിയിലേക്കു പോകുന്നു എന്നുമായിരുന്നു. ഇത്തരം ഒരു വാര്‍ത്ത ഇതെ ചാനല്‍ ബ്രേക്കിംഗ് ന്യൂസ് ആക്കുന്നത് ഇതാദ്യമല്ല; എക്കാലത്തും എല്‍ ഡി എഫിനൊപ്പം നിലകൊണ്ട വീരേന്ദ്രകുമാര്‍ സീറ്റു തര്‍ക്കത്തെ തുടര്‍ന്ന് എല്‍ ഡി എഫ് വിട്ടു യു ഡി എഫില്‍ ചേക്കേറുകയും പിന്നീട് ലോക്‌സഭയിലേക്കു യു ഡി എഫിനോട് ചോദിച്ച മണ്ഡലം കിട്ടാതെ പാലക്കാട് നിന്നും തോറ്റു തുന്നം പാടിയ നാള്‍ മുതല്‍ തുടങ്ങിയതാണ് ഈ ഏര്‍പ്പാട്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വീരേന്ദ്ര കുമാറിന്റെ ജെ ഡി യു വട്ടപ്പൂജ്യം ആയപ്പോഴും വീരന്റെ പാര്‍ട്ടിക്ക് കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് കണ്‍വീനര്‍ പദവി നല്‍കാതെ വന്നപ്പോഴും നേരത്തെ ഉറപ്പു നല്‍കിയ രാജ്യസഭ സീറ്റ് വെച്ച് നീട്ടിയപ്പോഴും മുന്നണി മാറ്റം എന്ന ബ്രേക്കിംഗ് വാര്‍ത്തകള്‍ കണ്ട് ഇടതുപക്ഷം കോള്‍മയിര്‍ കൊള്ളുകയും വലതു മുന്നണി ആശങ്കാകുലരാവുകയും ചെയ്തു. ഇതൊക്കെ പഴങ്കഥ എന്ന് പറഞ്ഞു എഴുതി തള്ളാന്‍ വരട്ടെ.

വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജി വെക്കുന്നു, പൊറുതി പഴയ ലാവണത്തില്‍ ആവട്ടെ എന്ന് ഉറപ്പിച്ച അദ്ദേഹത്തിന്റെ പാര്‍ട്ടി യു ഡി എഫ് മുന്നണി വിടുന്നു എന്ന പുതിയ ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കിയിട്ടുള്ള പ്രതികരണങ്ങള്‍ വീരന്റെ പാര്‍ട്ടിയില്‍ നിന്നും ഇരു മുന്നണി നേതൃത്വങ്ങളില്‍ നിന്നും വന്നിരിക്കുന്നു. ഇവയെല്ലാം ചേര്‍ത്ത് വളര്‍ത്തി വലുതാക്കി തീര്‍ച്ചയായും ഇന്നത്തെ അന്തി ചര്‍ച്ച വരെ എത്തിക്കുന്ന ഈ വൈഭവത്തെ സ്തുതിക്കാതെ വയ്യ. ഇതാ ഞങ്ങ പറഞ്ഞ നടന്‍ എന്നത് പോലെ തന്നെ ഇതാ നിങ്ങള്‍ പറഞ്ഞ ബ്രേക്കിംഗ് ന്യൂസുകാരനും ചാനലും എന്ന് ആരും സമ്മതിച്ചുപോകും. നിലവില്‍ എം പി സ്ഥാനം രാജിവെക്കേണ്ടുന്ന ഒരു ഗതികേടിലാണ് വീരേന്ദ്രകുമാര്‍. ചതി ഒപ്പിച്ചത് നിതീഷ് കുമാറും. ഇരുട്ടി വെളുക്കും മുന്‍പ് അയാള്‍ ബി ജെ പി വിരുദ്ധ വിശാല സഖ്യം പൊളിച്ചു എന്‍ ഡി എയുടെ ഭാഗമായി. ഗാട്ടും കാണാ ചരടും ഒക്കെ എഴുതിയിട്ടുള്ള നമ്മുടെ വീരേന്ദ്രകുമാര്‍ പണ്ട് മുതല്‍ക്കേ കളങ്ക രഹിത സോഷ്യലിസ്റ്റു ആണ്. ചില്ലറ ഈഗോ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു അടിയന്തരാവസ്ഥ കാലത്തെ മറ്റൊരു ജയില്‍ വാസിയായ പിണറായിയുമായി. തന്റെ ‘ഇരുള്‍ പറക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ പിണറായിയെ തന്നെ ക്ഷണിക്കുക വഴി അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതുമാണ്.

വീരേന്ദ്ര കുമാര്‍ വലിയ മൗനത്തിലാണ്

എന്നിട്ടും എത്രയോ കാലമായി താന്‍ താലോലിച്ചു കൊണ്ട് നടക്കുന്ന പാര്‍ട്ടിയില്‍ വീണ്ടും ഒരു പിളര്‍പ്പ് വേണ്ടെന്നു കരുതി ഇരിക്കുന്ന കാലത്തു വന്ന ഇന്നത്തെ ബ്രേക്കിംഗ് ന്യൂസ് വീരനെ മാത്രമല്ല ഉലച്ചത്. അഞ്ചു മാസത്തിലേറെയായി ജെ ഡി യു സംസ്ഥാന കമ്മിറ്റി ചേര്‍ന്നിട്ടെന്നും ഇങ്ങനെ ഒരു തീരുമാനം പാര്‍ട്ടിയുടെ ഒരു ഘടകത്തില്‍ പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും പറഞ്ഞു വര്‍ഗീസ് ജോര്‍ജ് തന്നെ രംഗത്തിറങ്ങിയതും തൊട്ടുപിന്നാലെ വീരന്‍ തന്നെ തന്റെ നിലവിലെ ഗതികേട് വെളിവാക്കിയതും നമ്മള്‍ കാണേണ്ടി വന്നു. വീരന്‍ വരുന്നുവെന്ന് കേട്ടപ്പോള്‍ സി പി എം കേന്ദ്ര നേതൃത്വം ആവേശത്തിലാണെന്നും അതിനിടെ ഇതേ ചാനല്‍ പറഞ്ഞു കേട്ടു. അതോടൊപ്പം ഞാനൊന്നും അറിഞ്ഞില്ലേയെന്ന കോടിയേരിയുടെ പ്രതികരണവും ഒപ്പം ഇത് നിങ്ങള്‍ക്ക് പാരയോ എന്ന മട്ടില്‍ ഒരു ചോദ്യം ഉന്നയിച്ചതിനു സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞ മറുപടിയും കേട്ടു. കൂട്ടത്തില്‍ ഏറെ പരിഭ്രാന്തതനായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ. വീരനെയും പുത്രനെയും വിളിച്ചു കാര്യങ്ങള്‍ തിരക്കിയ ശേഷം വലിയൊരു നെടുവീര്‍പ്പോടെ ഇത് തന്റെ പടയോട്ടത്തെ തകര്‍ക്കാന്‍ ചില ചാനലുകാര്‍ കരുതിക്കൂട്ടി ചെയ്തതാണെന്ന് ആവലാതിപെടുന്നതും കേട്ടു.

വീരേന്ദ്രകുമാര്‍ മുന്നണി വിടുകയോ വിടാതിരിക്കുകയോ ചെയ്യട്ടെ. അതൊക്കെ സൗകര്യം പോലെ നടക്കട്ടെ. പക്ഷെ വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജി വെക്കുന്നു എന്നത് യു ഡി എഫ് വിടുന്നതിനിടെ മുന്നോടിയായി വ്യാഖ്യാനിക്കുന്നത് അത്ര ഉചിതമോ എന്ന ചോദ്യം ബാക്കിയാവുന്നു. ശരിയാണ് നിലവില്‍ ടിയാന്‍ പേറുന്ന രാജ്യസഭാ അംഗത്വം കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫ് നല്‍കിയതാണ്. പക്ഷെ വീരേന്ദ്രകുമാര്‍ പ്രിതിനിധാനം ചെയ്തിരുന്ന പാര്‍ട്ടിയുടെ അമരക്കാരന്‍ ഇന്നിപ്പോള്‍ നിതീഷ് കുമാറാണ്. പാര്‍ട്ടിയുടെ പതാകയും പേരും ചിഹ്നവുമൊക്കെ അയാള്‍ കൈവശപ്പെടുതിയിരിക്കുന്നു. അപ്പോള്‍ അയാളെ അനുകൂലിക്കാത്ത വീരേന്ദ്രകുമാര്‍ രാജി വെക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. രാജ്യസഭ സീറ്റു നല്‍കിയത് കേരളത്തിലെ യു ഡി എഫ് ആണെന്ന വാദമൊന്നും തന്നെ പിന്തുണക്കാത്ത ഒരാളെ പുറത്താക്കാന്‍ നിതീഷ് തയ്യാറാവുമ്പോള്‍ എങ്ങിനെ ഉന്നയിക്കാന്‍ കഴിയും? എങ്കിലും കൊള്ളാം മക്കളെ, ഇടയ്ക്കിടെ ഇങ്ങനെ ഓരോരോ പുകില്‍ ഒപ്പിച്ചു കളിക്കണം. എങ്കിലും ഇതിത്തിരി കടന്ന കൈ ആയിപ്പോയി. പലര്‍ക്കും പ്രതീക്ഷ കൊടുത്തതിനൊപ്പം ആ പാവം പടയോട്ടക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടിയില്ലേ? മുഖ്യമന്ത്രി പദം സ്വപ്നം കണ്ട് പടക്കിറങ്ങിയ ആ പട നായര്‍ക്ക് ഹൃദയം പൊട്ടി ഒരു മരണം സംഭവിച്ചാല്‍ ആര് മറുപടി പറയും?

ചെന്നിത്തല ഗാന്ധി മനസിലാക്കേണ്ട ഒന്നുണ്ട്, ഈ പാര്‍ട്ടി ഉണ്ടെങ്കിലേ നേതാവ് കളി പറ്റൂ എന്ന്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍