UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

Black Letters

രൂപേഷ് കുമാര്‍

ട്രെന്‍ഡിങ്ങ്

ഇനിയെങ്കിലും തലയില്‍ ചെളിയാണെന്ന് പറയരുത്; ചെളിയില്‍ ചവിട്ടി ലോകം നിര്‍മിച്ച ഒരു മനുഷ്യനുണ്ട്

കല്ലേൻ പൊക്കുടന്റെ രണ്ടാം ഓർമ്മ ദിവസമാണ് നാളെ; പൊക്കുടന്റെ സ്വപ്നമായ, മാൻഗ്രൂവ് സ്‌കൂളിനെ കുറിച്ചുള്ള ചർച്ചകളും ആരംഭിക്കുന്നു

കുറെയധികം കാലത്തിനു  ശേഷമാണ് പൊക്കുടന്‍ വല്യച്ചന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം പോകുന്നത്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ജിഷ രാത്രി ഒരു ഫോണ്‍ കോള്‍ ചെയ്യുകയാണ്. “എടാ, ഞങ്ങടെ സ്കൂളിലെ എന്‍.എസ്.എസ് കുട്ടികള്‍ക്ക് ഒരു ദിവസം കല്ലെന്‍ പൊക്കുടന്റെ കണ്ടല്‍ കാടുകള്‍ കാണാന്‍ വരണം എന്നൊന്നുണ്ട്. നീ അവിടെ ഉണ്ടാകുവോ?” കിട്ടിയോ പണി എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും ഇങ്ങനെ പറഞ്ഞു; “കോഴിക്കോട് പോണം, എന്നാലും ഞാനെത്താം. നീയും പിള്ളേരും വന്നോ”. അങ്ങനെയാണ് കല്യാശേരിയിലെ കെ പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികളുമായി ജിഷയും, വളരെ കാലത്തിനു ശേഷം ഞാന്‍ കണ്ടു മുട്ടുന്ന മാത്യു എന്ന കാര്യവട്ടം യൂണിവേഴ്സിറ്റി കാംപസില്‍ സുഹൃത്തായിരുന്ന മാത്യു മാഷും എത്തുന്നത്. രാവിലെ തന്നെ ഇല്ലാത്ത പൈസയും തപ്പി ഒരു ഓട്ടോയും പിടിച്ച് അവിടെ എത്തി.

കുറെ കാലത്തിനു ശേഷം പൊക്കുടന്‍ വല്യച്ഛന്റെയും മീനാക്ഷി വല്യമ്മയുടെയും വീട്ടില്‍ എത്തുകയാണ്. രഘു, വല്യച്ഛന്റെ രണ്ടാമത്തെ മകന്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കുട്ടികള്‍ പഴയങ്ങാടി എത്തിയിട്ടുണ്ടെന്ന് ഞാന്‍ അവരോടു പറഞ്ഞു. “എന്നാല്‍ അവിടം മുതല്‍ കുട്ടികളോട് സംസാരിച്ചു തുടങ്ങാം” ഫോട്ടോ എടുക്കാന്‍ സ്നേഹ ഏയ്‌ഞ്ചലിനെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രൊട്ടസ്റ്റ് നടത്തിയപ്പോള്‍ അവിടെ സ്നേഹ ഉണ്ടായിരുന്നു. അവിടെ വെച്ചു ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ഫേസ്ബുക്കിലൂടെ ഒക്കെ കൂട്ടായിരുന്ന സേനഹയോട്, “ഇജ്ജ് വന്നു ഫോട്ടോ എടുത്തു തരണം” എന്ന് പറഞ്ഞപ്പോ സമ്മതിച്ചു. ഫേസ്ബുക്കില്‍ എഴുതി പൊളിക്കുന്ന സ്നേഹ ഒന്നും മിണ്ടുന്നില്ല. അവള് മിണ്ടാണ്ട്‌ നിന്ന് ഇങ്ങനെ ഫോട്ടോ എടുത്തു പൊവുകയാണ്. രഘു ആ കുട്ടികളെ പുഴയോരത്തൂടെ നടത്തിച്ച് കണ്ടല്‍ക്കാടുകളെക്കുറിച്ച് ക്ലാസ് എടുക്കുകയാണ്. ഉന്നത വിദ്യാഭ്യാസം ഒക്കെ കിട്ടാത്ത ആ മനുഷ്യന്‍ എത്ര മനോഹരമായാണ് ക്ലാസ് എടുക്കുന്നത്. നമ്മളൊക്കെ വല്യ അധ്യാപഹയന്മാരാണെന്ന തള്ളല്‍ വിചാരങ്ങള്‍ രഘുവിന്റെ മുന്നില്‍ അപ്പോ തന്നെ അഴിഞ്ഞു വീണു.

ആ നടത്തത്തിന്റെ ഇടയിലാണ്, പുഴയില്‍ നിന്ന് നോക്കിയാന്‍ അങ്ങ് ദൂരെ മാടായിപ്പാറ കാണുന്നത്. ആ കുട്ടികളോട് ഇത്ര മാത്രേ പറഞ്ഞുള്ളൂ. നീലക്കുറിഞ്ഞികളുടെ മാത്രം നിലമല്ല മാടായിപ്പാറ. ഒരു കാലത്ത് ഈ പുഴയോരത്ത് അടിമപ്പണി എടുക്കാനുള്ള പുലയരെ വിറ്റ ഒരു സ്ഥലം കൂടിയായിരുന്നു  മാടായിപ്പാറ. കുട്ടികള്‍ പതുക്കെ പുഴയുമായി തങ്ങളെ ചേര്‍ത്ത് വച്ച് വിടര്‍ന്ന കണ്ണുകളോടെ നടന്നു കൊണ്ടേയിരുന്നു. അവര്‍ രഘുവിനെ സശ്രദ്ധം തന്നെ ഫോളോ ചെയ്യുന്നുണ്ട്. ജിഷ എന്നോട് “എന്തൊക്കെ ആടാ ഭാവി പരിപാടികള്‍? ഋതു  എങ്ങനുണ്ട്?” എന്നൊക്കെ ചോദിക്കുന്നുണ്ട്. ഒക്കെ മറക്കാനാണ്, സമയവും മനസ്സും ഒക്കെ മറ്റു പലതും വെച്ചു ഫില്‍ ചെയ്യാനാണ് ഇപ്പോ നീ വിളിച്ചപ്പോ ഓടി വന്നത്; നമുക്ക് മറ്റു വല്ലതുമൊക്കെ സംസാരിക്കാം എന്നും പറഞ്ഞ് കൂടെ നടന്നു.

മഴ വരുമ്പോ രഘു ശരിക്കും ഹെഡ് മാഷ്‌ ആയി. വേഗം നടന്നോ മഴ കൊള്ളണ്ടാന്ന് പിള്ളേരോട്. അവര്‍ക്കാണെങ്കില്‍ മഴ കൊള്ളണം. “പിള്ളേര് മഴ കൊള്ളട്ടെ” എന്ന് രഘുവിനോട് പറഞ്ഞപ്പോ “ഒരു  ഊ… റൊമാന്റിസിസം” എന്ന രീതിയിലാണ് രഘു എന്നെ നോക്കുന്നത്. രഘു കുട്ടികള്‍ക്ക് മീനുകള്‍ പാര്‍ക്കുന്ന ഇടങ്ങള്‍ കാണിച്ചു കൊടുത്തു. ഓരോരോ കണ്ടലുകലെയും കാണിച്ചു കൊടുത്തു. കുട്ടികള്‍ മഴ നനഞ്ഞു നടന്നു. അതില്‍ ഒരു കുറുമ്പത്തി, “ഞാന്‍ കേരള വര്‍മ കോളേജില്‍ പഠിക്കും. കേരള വര്‍മ്മ കോളേജില്‍ പഠിക്കും” എന്ന് പറയുമ്പോള്‍ കൂടെയുള്ള മക്കള്‍, “ഓ… ഓലെ ഒരു ത്രിശൂരും കേരള വര്‍മ കോളേജും. ഒന്ന് നിര്‍ത്തുവോ?” രസകരമായ ആ സംസാരം കേട്ട് മഴയത്ത് ഒരു കുടയില്‍ നടന്ന ഞാനും ജിഷയും എന്താന്നു ചോദിച്ചപ്പോള്‍, “ഏട്ടാ… ഇവള് കേരളവര്‍മ്മയില്‍ പഠിക്കുവത്രേ. എപ്പോഴും ഇതന്നെയാ പറച്ചില്‍”. “കേരള വര്‍മ്മയെ, നിനക്കങ്ങന്നെ കിട്ടണം” ബാക്കിയുള്ളവരുടെ കൂടെ അവളെ “തോല്‍പ്പിക്കാന്‍” ഒരാളും കൂടി കൂടിയപ്പോ എല്ലാവര്‍ക്കും പെരുത്ത് സന്തോഷം.

കുറച്ചു കഴിയുമ്പോള്‍ സുനിലേട്ടനും എത്തിയിരുന്നു. നേതാവിന്റെ ബോഡി ലാങ്ങ്വേജുള്ള മനുഷ്യനാണ് സുനിലേട്ടന്‍. ജിഷ കുറെ നാളായി പരിചയപ്പെടാന്‍ നില്‍ക്കുന്ന ഒരു മനുഷ്യന്‍. സ്നേഹയുടെ കൂടെ ഒരു സെല്‍ഫി എടുക്കാന്‍ ഫോണെടുത്തപ്പോള്‍ ജിഷയും കൂടെ വന്നു നിന്നു. “പോയെ, തൊണ്ടിമാരെ കൂട്ടില്ല” എന്ന് പറഞ്ഞപ്പോള്‍, ‘പോടാ’ന്നും പറഞ്ഞ് അവളങ്ങ് പോയി. മാത്യു ഒരു ടിപ്പിക്കല്‍ മാഷ് ആയി മാറിയിരുന്നു. പഴയ കാര്യവട്ടം ഹോസ്റ്റലില്‍ കല്ലെന്‍ പൊക്കുടന്റെ മകന്‍ ശ്രീജിത്ത്‌ പൈതലെന്‍ മാത്യുവിന്റെ റൂംമേറ്റും ആയിരുന്നു. മനോരമ ലേഖകന്‍ സുധീരേട്ടന്‍ അവിടെ വന്ന് സ്നേഹയെക്കൊണ്ട് ഞങ്ങളെ പോസ് ചെയ്യിച്ച് ഒരു വാര്‍ത്തയും ഉണ്ടാക്കി തിരിച്ചു പോയി.

അങ്ങനെ നടന്ന ആ പുഴയുടെ കരയില്‍ രണ്ടു മനുഷ്യന്മാര്‍ വിശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ ചെന്നതിന്റെ തലേന്നായിരുന്നു മീനാക്ഷി വല്യമ്മയുടെ നാലാം ചരമ വാര്‍ഷികം. അവരുടെ രണ്ടു പേരുടെയും കുടീരത്തില്‍ മക്കളും ചെറുമക്കളും ഒക്കെ പൂവ് കൊണ്ട് അലങ്കരിച്ചിരുന്നു, ചുറ്റും കത്തിത്തീരാത്ത മെഴുകുതിരികള്‍ ഉണ്ടായിരുന്നു. ഈ രണ്ടു മനുഷ്യരും മരണത്തിനു ശേഷവും ഒരിക്കലും കത്തി തീരാത്ത മെഴുകുതിരികള്‍ ആയിരുന്നു. ഈ രണ്ടു മനുഷ്യരും പോയതിനു ശേഷം ഞങ്ങള്‍ അനാഥരായിരുന്നു. ഇവര്‍ രണ്ടു പേരും ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്ന കാലത്ത് വല്ലാത്ത ധൈര്യമായിരുന്നു. ഒരു ദളപതിയായി നെഞ്ചു വിരിച്ചു മുന്നില്‍ നടന്ന കല്ലെന്‍ പൊക്കുടന്റെ പിന്നില്‍ ഞങ്ങളൊക്കെ ഇങ്ങനെ നിന്ന് കൊടുത്താല്‍ മതിയായിരുന്നു. വല്യച്ഛനോട് കാര്യങ്ങള്‍ പറഞ്ഞ് നേരെ വല്യമ്മയുടെ മുന്നില്‍ ചെന്ന് വിശക്കുന്നു എന്ന് വയറു തടവാമായിരുന്നു. ബുദ്ധിസ്റ്റ് രീതിയിലാണ് ആ മനുഷ്യരെ അവിടെ അടക്കിയിരിക്കുന്നത്; ആ പുഴയോരത്ത്. വല്യച്ഛന്‍ പറഞ്ഞിരുന്നു; എന്നെ മീനാക്ഷിയുടെ അടുത്ത് തന്നെ അടക്കണം. വല്യച്ഛന്‍ ഇങ്ങനെ ശക്തനായത്, അല്ലെങ്കില്‍ വല്യച്ഛനേക്കാള്‍ ശക്തയായ ഒരു സ്ത്രീ ആയിരുന്നു മീനാക്ഷി വല്യമ്മ. കുട്ടികളോട് ആ കുടീരത്തിന് മുന്നില്‍ വെച്ച് ബുദ്ധിസ്റ്റ് രീതിയിലാണ് ഇവരുടെ കര്‍മ്മങ്ങള്‍ ചെയ്തതെന്നൊക്കെ വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇടയ്ക്കു കരച്ചില്‍ വന്ന് ആ ‘പ്രസംഗം’ നിര്‍ത്തി.

ചില മനുഷ്യന്മാർ കടന്നു പോയാൽ ഉപ്പു കാറ്റടിക്കുന്ന പുഴയുടെ കരയിലെ ആകെയുള്ള തണലായ മരം വീണ പോലെ ആയിരിക്കും. പണ്ടൊരു ഡോക്യുമെന്ററിയുടെ ഷൂട്ട് കഴിഞ്ഞ് ‘ഞാൻ പോട്ടെ’ എന്നു  പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അതും ഞങ്ങൾ സ്ലോമോഷൻ ആയി ഷൂട്ട് ചെയ്തിരുന്നു. വല്ലാത്ത ഫൈറ്ററായ ആ മനുഷ്യൻ പോയാൽ ഒരുപാട് ചെറുപ്പക്കാർ തകർന്നു പോകും എന്നു ഞങ്ങൾക്കറിയാമായിരുന്നു. പിന്നീട് അദ്ദേഹം പോയപ്പോൾ ഒരു ലോങ്ങ് ഷോട്ടിൽ പുഴയുടെ കരയില്‍ കൂടി നിന്ന ആൾക്കൂട്ടത്തിനിടയിൽ വല്യച്ഛന്റെ ദേഹം കുഴിയിലേക്ക് താഴുന്നത് ദൂരേന്നു കണ്ട് പുഴക്കരയിലെ ഒരു റോഡിലൂടെ ഒരിറ്റു കണ്ണീരു വീഴാതെ തിരിഞ്ഞു നടക്കുകയായിരുന്നു. അയാൾ പലപ്പോഴും പറഞ്ഞത് “കരയരുത്, നിവർന്നു നിൽക്കണം” എന്നായിരുന്നു; പക്ഷേ, അപ്പോള്‍ എന്തുകൊണ്ടോ, കഴിഞ്ഞില്ല.

വല്യച്ഛന്റെ മൂത്ത മകന്‍ അനന്തേട്ടന്‍ കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും നല്ല അധ്യാപകരില്‍ ഒരാളാണ്. ആ മനുഷ്യന്‍ കുട്ടികളോട് സംസാരിക്കുമ്പോള്‍ പുറത്ത് തിണ്ണയിലിരുന്നു കേട്ടു. അയാള്‍ ഇങ്ങനെ പറഞ്ഞു: “പലപ്പോഴും പലരും ഇങ്ങനെ പറയുന്നത് കേള്‍ക്കാറുണ്ട്, എന്താ നിങ്ങടെ തലയില്‍ ചെളി ആണോ എന്ന്? ചെളി എന്നത് അത്ര മോശം കാര്യമൊന്നുമല്ല. മുപ്പത് വര്‍ഷം ചെളിയില്‍ കണ്ടല്‍ നട്ട മനുഷ്യനാണ്, ഒരുപക്ഷെ ലോകത്തിന് പരിസ്ഥിതിയുടെ വലിയ ഒരു സന്ദേശം കൊടുത്തത്.” ഈ ചെളിയിലാണ് ഒരുപാട് മനുഷ്യന്മാരുടെ വിയര്‍പ്പ് വീണത്. ഈ ചളിയിലാണ് ഒരു പാട് മനുഷ്യന്മാരുടെ ചോര വീണത്. ചളി എന്ന് വിളിക്കുന്ന ചതുപ്പിലാണ് പുറത്താക്കപ്പെട്ട ഒരു പാട് മനുഷ്യര്‍ ഒരു സംസ്കാരം തീര്‍ത്തത്. കല്ലെന്‍ പൊക്കുടന്‍ ഈ ചളിയില്‍ നട്ട് പിടിപ്പിച്ച കണ്ടല്‍ക്കാടുകളുടെ വേരുകളിലാണ് മനുഷ്യന്റെ നിലനില്‍പ്പു തന്നെ.

വൈകുന്നേരം ജിഷ വിളിച്ചു പറഞ്ഞു: “എടാ, അവര് പോയ ഏറ്റവും നല്ല യാത്രകളില്‍ ഒന്നാണ് എന്നാണ് കുട്ടികള്‍ എന്നോട് പറഞ്ഞത്”. അതില്‍ ഒരു പെണ്‍കുട്ടി അവരുടെ സന്തോഷം നികേഷ് എന്ന ടിവി ക്യാമറാമാന്റെ മുന്നില്‍ തിളങ്ങുന്ന കണ്ണുകളോടെയാണ് വിളിച്ചു പറഞ്ഞത്. ആ പുഴയുടെ തീരത്ത് ചോറ്റുപാത്രം തുറന്ന് കുട്ടികള്‍ അവരുടെ ആഹാരവും പങ്കു വെച്ചു കഴിച്ച് തിരിച്ചു പോയി. അവര്‍ പോയാല്‍ പിന്നെ നമ്മളും ആ രണ്ട് ആത്മാക്കളും മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവില്‍ നമ്മള്‍ നേരത്തെ സുനിലേട്ടന്റെ ബൈക്കില്‍ അവരോടു യാത്ര പറഞ്ഞു മുങ്ങിയിരുന്നു. ലോകത്തിലെ അറിയപ്പെടാത്ത കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ തേടുന്നവര്‍ക്ക് ഇനിയും പഴയങ്ങാടിയിലെ മുട്ടുകണ്ടിയിലേക്ക് വരാം. അവിടെ ഞങ്ങള്‍ ഒരു മാന്‍ഗ്രൂവ് സ്കൂള്‍ തുടങ്ങാന്‍ പോവുകയാണ്.

ആ മനുഷ്യൻ ഞങ്ങളെ പഠിപ്പിച്ചത് പുഴ, മഴ, കാട് എന്നൊന്നുമല്ലായിരുന്നു. മറിച്ച്, “മോനെ പുഴയിൽ കണ്ടൽ കാട് നട്ടാൽ കുറെ പക്ഷികൾ വരും. പക്ഷികൾ കൂടു കൂട്ടിയാൽ, പക്ഷികൾ വന്നാൽ മീനുകൾ വരും. അപ്പോ കറിക്ക് മീൻ കിട്ടും. അപ്പോ പുഴക്കരയ്ക്ക് ജീവിക്കുന്ന നമ്മക്ക്
പീടിയിൽ പോയി കറിക്ക് വാങ്ങേണ്ട. കണ്ടല് കൊത്തി കറി വെയ്ക്കാം. പിന്നെ മഴ; മഴയും കാറ്റും വന്നാൽ യുദ്ധം ചെയ്യുന്ന പോലെ കുടിലിന്റെ തൂണ് കെട്ടിപ്പിടിച്ചു നിന്നോളണം; വിടരുത്. അങ്ങനെയാണ് ഞങ്ങളൊക്കെ  ഇവിടം വരെ ജീവിതം തുഴഞ്ഞത്”.

സർവൈവലിന്റെ, നട്ടെല്ല് കുനിക്കാത്ത യുദ്ധങ്ങളിൽ ഞങ്ങളെ പറഞ്ഞുവിട്ട കല്ലേൻ പൊക്കുടന്റെ രണ്ടാം ഓർമ്മ ദിവസം നാളെ (27-ആം തീയതി)യാണ്. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് പരിപാടിയുണ്ട്. ടി.വി രാജേഷ് എംഎൽഎ ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നരവംശ ശാസ്ത്രജ്ഞയായ ഡോ. വിനീത മേനോൻ, ദളിത് ചിന്തകൻ ഡോ. കെ എസ് മാധവൻ, കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. കെ. മനോജ് എന്നിവർ പരിസ്ഥിതി, ദളിത് ജീവിതം, രാഷ്ട്രീയം എന്നിവയെക്കുറിച്ചു സംസാരിക്കുന്നുണ്ട്. കല്ലേൻ പൊക്കുടന്റെ സ്വപ്നമായ, മാൻഗ്രൂവ് സ്‌കൂളിനെ കുറിച്ചുള്ള ചർച്ചകളും ആരംഭിക്കും. എല്ലാവരെയും ക്ഷണിക്കുന്നു.

കല്ലെന്‍ പോക്കുടനെക്കുറിച്ചുള്ള ഒരു പോസ്റ്റിനടിയില്‍ വായിച്ച ഒരു കമന്റ് ഇങ്ങനെയായിരുന്നു: “ചുരുക്കം ചില നല്ല മനുഷ്യരാണ് ഈ ലോകം നശിക്കാതെ നിലനിര്‍ത്തുന്നത്.”

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍