UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്

എം ബി സന്തോഷ്

പ്രധാന വാര്‍ത്ത

ചെങ്ങന്നൂരിനെ കര്‍ണ്ണാടക ബാധിച്ചാല്‍ കൈപൊള്ളുക ആര്‍ക്ക്?

ചെങ്ങന്നൂരില്‍ മൂന്നു രാഷ്ട്രീയ മുന്നണികള്‍ക്കും വിജയമല്ലാതെ മറ്റൊന്നും കൂടാതെ മുന്നോട്ടുപോകാനൊക്കില്ല

കേരളത്തിലാണ് ചെങ്ങന്നൂരെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പും അനന്തരഫലങ്ങളും മേയ് 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നറിയാതെ അങ്കലാപ്പിലാണ് പ്രമുഖ മുന്നണികള്‍. പ്രചാരണരംഗത്ത് മുഖ്യവിഷയം ഇപ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പുതന്നെ.ഒരാഴ്ച കഴിയുന്നതോടെ പരസ്യ പ്രചാരണം അവസാനത്തിലേക്ക് നീങ്ങുമെന്നതിനാല്‍ തീര്‍ച്ചയായും കര്‍ണാടകം ചെങ്ങന്നൂര്‍ വോട്ടെടുപ്പിനെ ബാധിക്കുമെന്നുറപ്പാണ്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല രണ്ടാഴ്ച നീട്ടിനല്‍കിയ ഭൂരിപക്ഷം തെളിയിക്കല്‍ സുപ്രീംകോടതി ഇടപെട്ടതോടെ അന്തിമഘട്ടത്തിലും കര്‍ണാടകം ചെങ്ങന്നൂരില്‍ കൊടിപാറിക്കുമെന്നുറപ്പാണ്. കൊലയും മറുകൊലയും എന്ന നിലയില്‍ ആരോപണ പ്രത്യാരോപണമുഖരിതമായിരുന്ന ചെങ്ങന്നൂര്‍ നേരെ കര്‍ണാടകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

കര്‍ണാടകത്തില്‍ പത്തൊമ്പതിടത്ത് മത്സരിച്ച സി.പി.എമ്മിന് ഒരു സീറ്റില്‍പോലും വിജയിക്കാനായില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മത്സരിച്ച മണ്ഡലത്തില്‍ രണ്ടാമതെത്താനായി എന്നതൊഴിച്ചാല്‍ ആശ്വസിക്കാന്‍ വകയൊന്നുമില്ല. കേരളത്തില്‍നിന്ന് എം.ബി.രാജേഷ് എം.പി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ സി.പി.എം ‘നോട്ട’യ്ക്കും പിന്നില്‍പോയതിന്റെ നാണക്കേടില്‍ സൈബര്‍ സഖാക്കള്‍ മുഖംപൂഴ്ത്തിയിരിക്കേണ്ട അവസ്ഥ. എല്‍.ഡി.എഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ ജനതാദള്‍ (എസ്) നേതാവ് കുമാരസ്വാമി ബി.ജെ.പി പിന്തുണ സ്വീകരിക്കാത്തതിന്റെ ആശ്വാസത്തിലാണ് മുന്നണി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് ബാന്ധവത്തിനെതിരെ അരയും തലയും മുറുക്കി നിന്നവരാണ് കേരളത്തിലെ പാര്‍ട്ടി എങ്കിലും ചെങ്ങന്നൂരില്‍ മുന്നണിയിലെ മൂന്നാം കക്ഷിയുടെ നേതാവ് മുഖ്യമന്ത്രിയാവുന്നതിന് എന്ന ന്യായംപറഞ്ഞ് കോണ്‍ഗ്രസ് പിന്തുണയില്‍ ആവേശം കൊള്ളുന്നുണ്ട് എങ്കിലും ഇവിടെ അത് പരസ്യമായി പ്രകടിപ്പിക്കാനും പറ്റാത്ത സ്ഥിതിയുണ്ട്.

കര്‍ണാടക രാഷ്ട്രീയത്തില്‍ ഒരു റോളും ഇല്ലാതായതില്‍ സി.പി.എം ചെങ്ങന്നൂരില്‍ വല്ലാതെ പരിഹസിക്കപ്പെടുകയാണ്. ഒരു സീറ്റില്‍പോലും ജയിക്കാന്‍ കഴിയാത്ത ദേശീയപാര്‍ട്ടിക്ക് ആകെയുള്ള കച്ചിത്തുരുമ്പാണ് കേരളം എന്ന നിലയിലുള്ള പരിഹാസം പ്രാദേശിക നേതാക്കളെ പൊള്ളിക്കുന്നുണ്ട്. ത്രിപുര തോറ്റതിന്റെ മ്‌ളാനതയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സി.പി.എം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സിറ്റിംഗ് സീറ്റുകളില്‍ തോറ്റതോടെ ആഞ്ഞടിക്കുകയായിരുന്നു. ആ മേല്‍ക്കൈയാണ് കര്‍ണാടകം പൊളിച്ചത്. അതിനെക്കാളുപരി പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും പിന്നിലാണ് സി.പി.എമ്മിന്റെ സ്ഥാനം എന്നത് അവരെ ചെങ്ങന്നൂരില്‍ കുറച്ചൊന്നുമല്ല വിയര്‍പ്പിക്കുന്നത്.’അഡ്വ.കെ.കെ.രാമചന്ദ്രന്‍നായര്‍ തുടങ്ങിവച്ച വികസനക്കുതിപ്പിന്റെ തുടര്‍ച്ചയ്‌ക്കൊരോട്ട് ‘ എന്ന നിലയിലേക്ക് തികച്ചും പ്രാദേശികമായി സി.പി.എം സ്ഥാനാര്‍ത്ഥി സജിചെറിയാന്‍ വോട്ടുചോദിക്കുന്നതിന്റെ കാരണം പ്രതിരോധത്തിലാഴ്ത്തുന്ന ദേശീയ സാഹചര്യങ്ങളാണ്.

കര്‍ണാടകത്തിലെ വിജയം അക്ഷരാര്‍ത്ഥത്തില്‍ ബി.ജെ.പി ചെങ്ങന്നൂരില്‍ ആഘോഷിക്കുകയാണ്. ത്രിപുര, കര്‍ണാടകം… അടുത്തത് കേരളംതന്നെയെന്നാണ് അവരുടെ പ്രഖ്യാപനം. അതിന്റെ തുടക്കം തിരുവനന്തപുരം നേമത്ത് ഒ.രാജഗോപാല്‍ കുറിച്ചതിന്റെ തുടര്‍ച്ചയാണ് ചെങ്ങന്നൂരില്‍ പി.എസ്.ശ്രീധരന്‍പിള്ളയിലൂടെ ഉണ്ടാവുക എന്നാണ് അവര്‍ കാടിളക്കുന്നത്. ജനവിധി അട്ടിമറിച്ച കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസിനും ഏറ്റവും വലിയ ഒറ്റക്കക്ഷിക്കാണ് ഭരിക്കാനുള്ള ജനവിധിയെന്നാണ് ബി.ജെ.പിയുടെ മറുപടി. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ഗോവ, മണിപ്പൂര്‍,മേഘാലയ എന്നിവിടങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കാതെ ബി.ജെ.പി കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കിയതിനെക്കുറിച്ചു ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് അതിന് തയ്യാറാകാത്തതിനാല്‍ ഭരണഘടനാപ്രതിസന്ധി ഒഴിവാക്കാന്‍ അധികാരത്തിലേറി എന്ന ‘ത്യാഗ’മാണ് തങ്ങളില്‍ നിന്നുണ്ടായതെന്നാണ് വിശദീകരണം.

ചെങ്ങന്നൂരിലെ ‘മ’കള്‍

ത്രിപുര പിടിച്ച ബി.ജെ.പിക്ക് പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പിന്നിലാക്കാനുമായി. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ 42,682 വോട്ടുനേടിയ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ഇത്തവണ ജയിച്ചേ തീരൂ.കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിപ്പോയെങ്കിലും വന്‍കുതിപ്പാണ് വോട്ടുവിഹിതത്തിലുണ്ടായത്. അതാണ് ബി.ജെ.പിക്ക് പ്രതീക്ഷ പകരുന്നതും. എന്നാല്‍, ബി.ഡി.ജെ.എസ്സും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖം തിരിച്ചുനില്‍ക്കുന്നത് തിരിച്ചടിയാവുമോ എന്ന പേടിയുണ്ട്. വരും ദിവസങ്ങളില്‍ വെള്ളാപ്പള്ളിയേയും മകനേയും ബി.ജെ.പി കേന്ദ്രനേതൃത്വം മെരുക്കുമെന്നാണ് കരുതുന്നത്. ബി.ജെ.പിയുടെ കണ്ണിലെ ഏറ്റവും വലിയ കരടാണ് സി.പി.എമ്മും കേരള സര്‍ക്കാരും. അതുകൊണ്ടുതന്നെ ഇവിടെ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താല്‍ കേരളവും കാവിപുതയ്ക്കാന്‍ തുടങ്ങി എന്ന് ദേശീയതലത്തില്‍ പ്രചരിപ്പിക്കാനാവും. അതിനെക്കാളേറെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇടതുപാര്‍ട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുകയുമാവാം. ഈ ലക്ഷ്യത്തോടെ ബി.ജെ.പി ദേശീയനേതാക്കള്‍ ഉടന്‍ ചെങ്ങന്നൂരെത്തും.

പ്രചാരണത്തില്‍ ഇതുവരെയും സി.പി.എമ്മിനും ബി.ജെ.പിക്കുമൊപ്പം എത്താത്തതിന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ കാരണം പ്രമുഖരെല്ലാം കര്‍ണാടകത്തിലാണ് എന്നതായിരുന്നു. അതില്‍ കുറച്ചു വാസ്തവവുമുണ്ടായിരുന്നു എന്ന് സമ്മതിക്കാം. ആലപ്പുഴ എം.പി കെ.സി.വേണുഗോപാലും ചെങ്ങന്നൂരിലെ മുന്‍ എം.എല്‍.എ വിഷ്ണുനാഥുമായിരുന്നല്ലോ കര്‍ണാടകത്തിലെ അണിയറക്കാരിലെ പ്രമുഖര്‍.പണത്തിന്റെ കുറവ് കോണ്‍ഗ്രസിന്റെ മൊത്തം പ്രചാരണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലില്ലാത്ത ഒരു പാര്‍ട്ടിക്ക് പിരിവ് അത്ര എളുപ്പമല്ല എന്ന് കോണ്‍ഗ്രസുകാര്‍ തിരിച്ചറിയുകയാണ്. ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റും അഖില ഭാരതീയ അയ്യപ്പസേവാ സംഘം ഉപാദ്ധ്യക്ഷനും പള്ളിയോടസംഘം ഭാരവാഹിയുമായ സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ തന്നെയാണ് ഇവിടെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തുറപ്പുചീട്ട്. കോണ്‍ഗ്രസിന്റെ വോട്ട് കഴിഞ്ഞ തവണത്തെപ്പോലെ മറിയാതെ, കൈപ്പത്തിയില്‍ തന്നെ വീഴ്ത്താന്‍ വിജയകുമാറിന് കഴിയുമോ എന്നതാണ് ചോദ്യം. കര്‍ണാടകത്തിലെ ജനാധിപത്യ ധ്വംസനത്തിനെതിരേ കോണ്‍ഗ്രസ് ഇവിടെ ആഞ്ഞടിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യസര്‍ക്കാരായ ഇ.എം.എസ് സര്‍ക്കാരിനെ ഗവര്‍ണറെ ഉപയോഗിച്ച് മറിച്ചിട്ടത് കോണ്‍ഗ്രസല്ലേ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ പാര്‍ട്ടിക്കാര്‍ പ്രയാസപ്പെടുന്നുണ്ട്.

ചെങ്ങന്നൂരില്‍ ആര്‍ എസ് എസ് വോട്ട് സ്വീകരിക്കും; കാനം ‘ട്രോളി’യത് കോടിയേരിയെയോ മാണിയെയോ?

ദേശീയരാഷ്ട്രീയത്തിലും പാര്‍ട്ടിഭരണത്തിലിരുന്ന ത്രിപുരയിലും ബംഗാളിലും പിന്തള്ളപ്പെട്ട സി.പി.എമ്മിന് കേരളമെങ്കിലും ബാക്കിയുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെയും ദേശീയതലത്തിലും ബോദ്ധ്യപ്പെടുത്താന്‍ ചെങ്ങന്നൂരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിക്കുന്ന സജി ചെറിയാന്‍ വിജയിച്ചേ മതിയാവൂ. സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും ഒരുമിച്ച് തളര്‍ത്തിയാല്‍ ദേശീയതലത്തില്‍തന്നെ ഏറ്റവും ശക്തമായ പ്രതിപക്ഷ പ്രഹരമാവും അതെന്ന തിരിച്ചറിവില്‍ ചെങ്ങന്നൂര്‍ പിടിച്ചെടുത്തേ മതിയാവൂ എന്നതിനാല്‍ താമര അടയാളത്തില്‍ വോട്ടുതേടുന്ന പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ജയം കൂടിയേ തീരൂ. ദേശീയതലത്തിലും കേരളത്തിലും തോറ്റു എങ്കിലും ഇവിടെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് കേരളത്തിനുമാത്രമല്ല, ഇന്തയയ്ക്കാകെ കാട്ടിക്കൊടുക്കാമെന്നതിനാല്‍ വിജയകുമാറിനും വിജയിച്ചേ മതിയാവൂ.

ചെങ്ങന്നൂരില്‍ മൂന്നു രാഷ്ട്രീയ മുന്നണികള്‍ക്കും വിജയമല്ലാതെ മറ്റൊന്നും കൂടാതെ മുന്നോട്ടുപോകാനൊക്കില്ല. കാരണം, മൂന്നു കൂട്ടരുടെയും കേരളത്തിലെ നിലനില്‍പ്പ് ചെങ്ങന്നൂര്‍ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ്. സി.പി.എം ജയിച്ചാല്‍, കസ്റ്റഡി മരണവും പട്ടിണി മരണവും മുതല്‍ കൊലപാതകരാഷ്ട്രീയം വരെ പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിവാദങ്ങളൊന്നും ജനങ്ങളെ ബാധിച്ചിട്ടില്ലെന്ന നെഞ്ചുറപ്പോടെ എല്‍.ഡി.എഫ് സര്‍ക്കാരിനും സി.പി.എമ്മിനും മുന്നോട്ടുപോകാം. പ്രത്യേകിച്ചും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവേളയിലാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ മുന്നണിക്കും സര്‍ക്കാരിനും അത് വളരെ നിര്‍ണായകമാവുന്നു.ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെയും സുരേഷ്‌ഗോപിയുടെയും എം.പി സ്ഥാനലബ്ധിയിലൂടെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയിലൂടെയും നരേന്ദ്രമോദി – അമിത്ഷാ കൂട്ടുകെട്ടിന്റെ ‘കേരളമിഷന്‍’ വിലയിരുത്തലാവും ചെങ്ങന്നൂര്‍ഫലം. ബി.ജെ.പിയുടെ കേരളഘടകത്തിലെ പടലപ്പിണക്കങ്ങളുടെ പശ്ചാത്തലത്തില്‍ പല തലകളും ഉരുളാനുള്ള സാധ്യതയും ഈ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉണ്ടാകാനിടയുണ്ട്. ചെങ്ങന്നൂരില്‍ ഇത്തവണയും തോല്‍ക്കുകയാണെങ്കില്‍ ദേശീയതലത്തിലെന്നപോലെ കോണ്‍ഗ്രസ് കേരളത്തിലും വലിയൊരു തകര്‍ച്ചയെയാവും നേരിടുക. നിയുക്ത കെ.പി.സി.സി പ്രസിഡന്റിനെ മാത്രമല്ല, പുതിയ ഭാരവാഹികളെയും നിശ്ചയിക്കുമ്പോള്‍ അതിന്റെ പ്രതിഫലനമുണ്ടാവുമെന്ന് ഉറപ്പാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബി ഡി ജെ എസ് ‘തേപ്പ്’ പാര്‍ട്ടി ആവുമോ? വെള്ളാപ്പള്ളി ‘തേപ്പുകാര’നും?

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍