UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീത പഥങ്ങള്‍

വിശാഖ് ശങ്കര്‍

കത്വ: എന്തുകൊണ്ട് ദീപക് ശങ്കരനാരായണന്‍?

ഒരു ദീപക് മാത്രമല്ല ഇതിലെ ഇര. ചിത്രകാരിയായ ദുര്‍ഗ്ഗ മാലതി, അധ്യാപികയായ ദീപ നിശാന്ത്‌, പ്രവാസിയായ മന്‍സൂര്‍ കൊച്ചുകടവ് തുടങ്ങി പിന്നെയുമുണ്ട് പേരുകള്‍. ഭാഗം – 2

കത്വയില്‍ നാം കണ്ടത് ഭരണകൂടവും പോതുബോധവും ഒന്നായി, അത് ദേശം തന്നെയായി മാറുന്നതിന്റെ, അഥവാ അത്തരം ഒരു പ്രതീതി ജനിപ്പിക്കപ്പെടുന്നതിന്റെ ഭീതിദമായ ചിത്രമാണ്. കത്വ സംഭവത്തില്‍ ഇരയുടെ പക്ഷത്തുനിന്ന് ഹിന്ദുത്വ പൊതുബോധത്തിനെതിരായി സംസാരിച്ച, പ്രതികരിച്ച മനുഷ്യര്‍ക്ക് എതിരേ ഇങ്ങ് കേരളത്തില്‍ പോലും നടക്കുന്ന കായിക ആക്രമണങ്ങളും ഭീഷണികളും തെളിയിക്കുന്നത് അതാണ്‌. ആദ്യ ഭാഗം ഇവിടെ വായിക്കാം- കത്വ: ആത്മഹത്യാ മുനമ്പില്‍ ഒരു ജനാധിപത്യം

ഭാഗം 2

കത്വയില്‍ എവിടെ ബിജെപി, ആര്‍എസ്എസ്?

കത്വ സംഭവം ജനശ്രദ്ധ പിടിച്ച് പറ്റിയതോടെ അതില്‍ ബിജെപിക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ ഒരു പങ്കുമില്ല എന്ന പതിവ് വാദവുമായാണ് അവരുടെ പ്രതിനിധികള്‍ സംഭവത്തെ നേരിട്ടത്. എന്നാല്‍ സംഭവത്തില്‍ ഇരപക്ഷം ചേര്‍ന്ന് നിന്നുകൊണ്ട് അതിന്‍റെ രാഷ്ട്രീയ പരിപ്രേക്ഷ്യത്തെ വിശദീകരിച്ച ദീപക് ശങ്കരനാരായണനെതിരെ അവര്‍ ചെയ്ത കൃത്യങ്ങള്‍ ആ പങ്കില്ലായ്മ വാദത്തെ സ്വയം ഒറ്റികൊടുക്കുന്നു.

കത്വ സംഭവത്തില്‍ കുറ്റാരോപിതരായ മനുഷ്യരോളം മാത്രം ചെല്ലുന്ന വിമര്‍ശനങ്ങളും കൊലവിളികളും അവരെ ബാധിക്കില്ല. എന്നാല്‍ അതിന് പിന്നിലെ പ്രത്യയശാസ്ത്ര ചാര്‍ച്ചകള്‍ വിശദീകരിച്ചുകൊണ്ടുള്ള വസ്തുനിഷ്ഠ സാംസ്കാരിക ഇടപെടലുകളെ നേരിടുക അത്ര എളുപ്പമല്ല. അത് അവരെ വല്ലാതെ തുറന്ന് കാട്ടുന്നു. അപ്പോള്‍ പിന്നെ അവയെ ദുര്‍വ്യാഖ്യാനങ്ങളിലൂടെ വളച്ചൊടിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് തുറന്നിട്ടുകൊടുക്കുകയല്ലാതെ വേറെ വഴിയില്ല. ഇതാണ് ദീപക്കിനെതിരേ നടന്ന സംഘി ആക്രമണങ്ങളുടെ കാതല്‍.

തങ്ങളല്ല, തങ്ങള്‍ക്ക് അറിയില്ല എന്നിങ്ങനെ നിഷ്കളങ്കത നടിക്കുകയും സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാറിനോ പങ്കുണ്ടെന്ന് തെളിയിക്കാമോ എന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നവര്‍ക്ക് തങ്ങള്‍ പറയുന്നതില്‍ വിശ്വാസമുണ്ട് എങ്കില്‍ എന്തിനീ വെറി? മോശപ്പെട്ട സാംസ്കാരികയുക്തികളെ അവയെക്കാള്‍ മെച്ചപ്പെട്ടവകൊണ്ട് പരാജയപ്പെടുത്തിയാല്‍ പോരെ?

എന്തുകൊണ്ട് ദീപക്?

നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാവും എന്നോ, ബിജെപിമുന്നണി മൂന്നില്‍ രണ്ടോളം ഭുരിപക്ഷം നേടി ഇന്ത്യയില്‍ അധികാരത്തില്‍ വരുമെന്നോ ആരും കരുതാത്ത (സ്വപ്നം കാണുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യാത്ത എന്നല്ല) കാലം മുതല്‍ക്കേ, അതായത് മലയാളം സൈബര്‍ ലോകത്തിന്റെ ആദ്യകാലമായ രണ്ടായിരങ്ങള്‍ മുതല്‍ക്കേ ഹിന്ദുത്വ വാദം എന്ന, ഇന്ത്യന്‍ ബഹുസ്വര, ബഹുമത ജനാധിപത്യം ഇന്ന് നേരിടുന്ന അപകടത്തെ മുന്‍കൂട്ടി കാണുകയും മുര്‍ച്ചയുള്ള ഭാഷയില്‍ അത് മനുഷ്യരുമായി സംവദിക്കുകയും ചെയ്ത ഒരാള്‍ ആണ് ദീപക്. ഇന്ന് അര്‍ത്ഥശങ്കയില്ലാത്തവണ്ണം പ്രചാരത്തിലുള്ള ‘സംഘി’ എന്ന ചുരുക്കപ്പേര് പോലും ആ ബ്ലോഗ്‌ കാലത്തിനുമുമ്പ് നിലവില്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം.

സംഘികള്‍ക്ക് ദീപക്കിനോടുള്ള കലി കത്വ സംഭവത്തോടനുബന്ധിച്ച് അദ്ദേഹം ഇട്ട ഒരു പോസ്റ്റല്ല എന്ന് വ്യക്തം. അവര്‍ പരോക്ഷമായി പൊതുബോധത്തിലേക്ക് കടത്തിവിടാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്ധ്വംസക പ്രത്യയശാസ്ത്രത്തെ ആ നിലയില്‍ തന്നെ, കേവലം പ്രശനാധിഷ്ടിതമായി അല്ലാതെ തുറന്ന് കാട്ടുന്ന മേല്‍പ്പറഞ്ഞ തരം സ്വതന്ത്ര ആശയ ആവിഷ്കാരങ്ങള്‍ക്ക്, അവയുടെ നിര്‍മ്മാണ ശേഷിക്ക് മുമ്പില്‍ സംഘപരിവാര്‍ നിരായുധമാകുന്നു. ദീപക് ഒരു പാര്‍ട്ടിയിലേയും മെമ്പര്‍ അല്ല. സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. അത്തരം ആള്‍ക്കാരെ അവര്‍ക്ക് സംഘടനാ ചരിത്രത്തെയും വസ്തുതകളെയും വളച്ചൊടിച്ചും ഞങ്ങള്‍ ചെയ്തതെങ്കില്‍ നിങ്ങളും ചെയ്തിട്ടില്ലേ എന്ന് പൊടുന്നനെ മറുവാദം ഉന്നയിച്ചും ചെറുക്കാം. പക്ഷെ കൃത്യമായ രാഷ്ട്രീയ ചായ്വിനുള്ളില്‍ നിന്ന് ആങ്കര്‍മാര്‍ പ്രതീതി നിര്‍മ്മാണത്തിനായി ഉണ്ടാക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ എന്ന പോലെ ഇവിടെ വ്യാജ ഡാറ്റയും റെട്ടറിക്സും വച്ചുള്ള കളി നടക്കില്ല. ആധുനികതയുടെ മനുഷ്യപക്ഷ മതേതര യുക്തികളും അവയില്‍ അധിഷ്ഠിതമായ ആധുനിക ഇന്ത്യയുടെ ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചായിരുന്നു നാളിതുവരെയുള്ള ദീപക്കിന്റെ സംഘി വിമര്‍ശനങ്ങള്‍. അതാണ്‌ അവരെ വല്ലാണ്ട് വെറളിപിടിപ്പിക്കുന്നതും.

ദീപക് ശങ്കരനാരായണന്‍ മുമ്പോട്ട്‌ വച്ചുപോരുന്ന സാംസ്കാരിക യുക്തികളെ നേരിടാന്‍ അവരുടെ പക്കല്‍ മറു സാംസ്കാരിക യുക്തികളില്ല. ഉള്ളത് കുറുവടിയും തൃശൂലവും പോലെയുള്ള ആയുധങ്ങളും പിന്നെ അധികാരവും മാത്രമാണ്.

ഹിന്ദുക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു!!

ദീപക് ശങ്കരനാരായണന്‍ എന്ന വ്യക്തിക്കെതിരെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ആത്മാഭിമാനമുള്ള ഹിന്ദുക്കള്‍ എത്രയും പെട്ടന്ന് തയ്യാറാവണം, അയാള്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് എതിരെ കുട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നു എന്ന നിലയില്‍ ബിജെപി ‘ബുദ്ധിജീവി’ ടി.ജെ മോഹന്‍ദാസ്‌ നടത്തിയ ഉത്ബോധനത്തിന് ആധാരമായ പോസ്റ്റിലേക്ക് പിന്നീട് വരാം. കാരണം അതല്ല, യഥാര്‍ത്ഥത്തില്‍ അവരെ പ്രകോപിപ്പിച്ച പോസ്റ്റ്‌ അതിന് മുമ്പ് വന്നതാണ് എന്ന് ഞാന്‍ കരുതുന്നു. അതിന് കാരണമുണ്ട്. ആ പോസ്റ്റ്‌ ഇതാണ്.
വയലൻസോ അക്രമഭീഷണിയോ, സ്വയരക്ഷക്കല്ലാതെ, രാഷ്ട്രീയമോ മതപരമോ ആയ പരോക്ഷലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെയാണ് ഭീകരവാദം എന്ന് പറയുന്നത്. ഇര എന്ന വ്യക്തിയുടെ മുകളിൽ കുറ്റവാളി എന്ന വ്യക്തി നേരിട്ടുള്ള നേട്ടത്തിനുവേണ്ടി നടത്തുന്ന ക്രൈമല്ല ഭീകരവാദം. അതിൽ ഇരയ്ക്ക് പ്രാതിനിധ്യപരമായ പ്രസക്തിയാണുള്ളത്.
കത്വയിൽ നടന്നത് ലൈംഗികമായ ആവശ്യങ്ങൾക്കായി ഒരു കുട്ടിയെ ബലാത്സംഗം ചെയ്യലോ വ്യക്തിതലത്തിലെ അധികാരം സ്ഥാപിക്കാൻ വേണ്ടി നടത്തുന്ന, ഇന്ത്യയിൽ സർവ്വസാധാരണമായ, ബലാത്സംഗമോ അല്ല. അതാണെങ്കിൽ നിസ്സാരമാണെന്നല്ല, പക്ഷേ അത് ചുരുങ്ങിയത് ഒരു കുറ്റകൃത്യം എന്ന ന്യായമായ പരിഗണന അർഹിക്കുന്ന ഒന്നെങ്കിലും ആയേനെ. ഗോവിന്ദച്ചാമിയെയോ അമീർ ഉൾ ഇസ്ലാമിനെയോ പോലെയുള്ള വ്യക്തിഗത കുറ്റവാളികളല്ല ആസിഫയുടെ കേസിലെ കുറ്റവാളികൾ. അവർ തങ്ങളുടെ വംശീയമായ ആധിപത്യം നിലനിർത്തുന്നതിനുവേണ്ടി മറുപക്ഷത്തുനിന്ന് ഒരു ഇരയെ റാൻഡമായി തെരഞ്ഞെടുത്ത് പ്രതീത്മാകമായി ഏഴ് ദിവസം പട്ടിണിക്കിട്ട് ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. അതിനിടക്ക് അവർ പല പൂജകളും നടത്തിയിരുന്നു.

എല്ലാ അർത്ഥത്തിലും ഒരു ഭീകരവാദപ്രവർത്തനമായിരുന്നു ആസിഫയുടെ കൊലപാതകം. നടന്നത് ഒരു ബാലികയുടെ ബലാത്സംഗമോ കൊലയോ അല്ല, നീചമായ ഈ രണ്ട് കുറ്റകൃത്യങ്ങളേയും വലിയ ലക്ഷ്യത്തിനായി പ്രതീകാത്മകമായി ഉപയോഗിച്ച ഭീകരവാദപ്രവർത്തനമായിരുന്നു.റേയ്പിനെ രാഷ്ട്രീയായുധമായി ഉപയോഗിക്കുക എന്നത് ഭീകരവാദികൾ ലോകത്തിലെവിടെയും ചെയ്തുവരുന്നതുമാണ്. ഇന്ത്യയിൽ ആൻഡമാൻ ജയിലിൽ ആറുതവണ മാപ്പെഴുതിക്കൊടുത്ത് പുറത്തുവരാൻ ശ്രമിച്ച, ഗാന്ധി വധക്കേസിൽ പ്രതിയായിരുന്ന, സവർക്കർ എന്ന ഒരാൾ ഈ റേയ്പ് തിയറി പ്രാവർത്തികമാക്കുന്നതെങ്ങനെ എന്ന് വിശദമായി വിവരിച്ചിട്ടുമുണ്ട്.

നടന്നത് റേയ്പുമല്ല കൊലയുമല്ല, റേയ്പ് ടെററിസമാണ്. ആ വസ്തുതയെ അംഗീകരിക്കാത്തവർ, പല വഴിക്ക് നീതീകരിക്കുന്നവർ, ആ ഭീകരപ്രവർത്തനത്തിലെ കൂട്ടാളികളാണ്. അവർ അഭിപ്രായം പറയുകയല്ല, ഭീകരവാദികൾക്കനുകൂലമായി അഭിപ്രായരൂപീകരണം നടത്തുകയാണ്.”

ഇവിടെ വ്യക്തിതലത്തില്‍ നടക്കുന്ന ബലാത്സംഗം എന്ന കുറ്റകൃത്യവും രാഷ്ട്രീയ ഉപകരണം എന്ന നിലയില്‍ കൃത്യമായ ആസൂത്രണവും അധികാരപിന്തുണയുമായി നടക്കുന്ന റേപ്പും തമ്മിലുള്ള വ്യത്യാസം ആദ്യമേ ദീപക് വ്യക്തമാക്കുന്നു. ഒപ്പം ബലാത്സംഗത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാന്‍ വിമുഖതയില്ലാത്ത ഒരു പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വവാദം എന്ന് അവരുടെ താത്വിക ആചാര്യനെ ചൂണ്ടിക്കാണിച്ച് തന്നെ വ്യക്തമാക്കുകയും ചെയ്യുന്നു. ഇതിനെ നേരിടാന്‍ സാംസ്കാരിക ഉപകരണങ്ങള്‍ ഇല്ല എന്നതിനാലാണ് വളച്ചൊടിക്കാന്‍ കുറച്ചുകൂടി സാദ്ധ്യതയുള്ള, ഞാന്‍ തുടക്കത്തില്‍ പറഞ്ഞ പോസ്റ്റിനെ അവര്‍ മുഖ്യ അവലംബമാക്കുന്നത്.

ജനാധിപത്യം എന്നത് ഭൂരിപക്ഷ ആധിപത്യമല്ല. അത് അവസാന മനുഷ്യനും തുല്യ നീതി ഉറപ്പാക്കുന്ന ഒരു നൈതിക രാഷ്ട്രീയ സംവിധാനമാണ്. അത് പ്രവര്‍ത്തിക്കുന്നത് എണ്ണത്തെ അടിസ്ഥാനമാക്കിയല്ല, മുല്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ആ മൂല്യങ്ങള്‍ക്ക് എതിരായി രാജ്യത്തെ ഭൂരിപക്ഷം മനുഷ്യരും നിലകൊണ്ടാല്‍ പോലും നീതി നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം, അത് ഒരാളാണെങ്കില്‍ ആ ഒറ്റ മനുഷ്യനൊപ്പം നിലകൊള്ളണം. അത് ജനാധിപത്യത്തിലെ ഒരു അടിസ്ഥാന മൂല്യമാണ്. അതിന്റെ തീവ്രമായ ഭാഷയില്‍ ഉള്ള ഒരു ആവിഷ്കാരമായിരുന്നു ദീപക്കിന്‍റെ പ്രസ്തുത പോസ്റ്റ്‌. അതായത് ഒരു ജനാധിപത്യ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അതിനെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവന്‍ മനുഷ്യരും മറുപക്ഷത്ത് നിന്നാലും മേല്പറഞ്ഞ ആ അവസാനത്തെ മനുഷ്യനൊപ്പം നില്‍ക്കേണ്ടിവരും. അവരെ മുഴുവന്‍ വെടിവച്ച് കൊന്നിട്ടായാലും അയാള്‍ക്ക് അയാള്‍ അര്‍ഹിക്കുന്ന നീതി ഉറപ്പ് വരുത്തേണ്ടിവരും.
കാതലറ്റ ജനാധിപത്യം.

മേല്പറഞ്ഞ വാചകത്തിന്റെ കാതല്‍ അത് ഉള്‍കൊള്ളുന്ന പ്രാഥമിക വ്യവസ്ഥയിലാണ്. ഓരോ വ്യക്തിക്കും ലഭിക്കേണ്ട സ്വാഭാവിക നീതിക്കെതിരേ ഒരു സമൂഹം മുഴുവന്‍ എതിരുനിന്നാലും അയാള്‍ക്ക് നീതി ലഭിക്കണം. അതിന് ഭൂരിപക്ഷം എതിരുനില്‍ക്കുന്നു എന്ന ഒരവസ്ഥ വന്നാലാണ് അവരെ മുഴുവന്‍ വെടിവച്ച് കൊന്നിട്ടായാലും അവസാന മനുഷ്യന് നീതി ഉറപ്പ് വരുത്തണം എന്ന് പറയുന്നത്. അത് ഭൂരിപക്ഷത്തെയോ ബിജെപിക്കാരെയോ ഹിന്ദുമത വിശ്വാസികളെയോ കൊല്ലാനുള്ള ആഹ്വാനമല്ല, മറിച്ച് ജനാധിപത്യത്തെ ആള്‍ക്കൂട്ട ആധിപത്യമാകാന്‍ അനുവദിക്കരുത് എന്ന് ഭരണകുടത്തിനോടുള്ള ആഹ്വാനമാണ്. അതിലെ ആ പ്രാഥമിക വ്യവസ്ഥയെ എടുത്ത് മാറ്റി കൊല്ലാനുള്ള ആഹ്വാനം എന്ന് വ്യാഖ്യാനിക്കുന്നവര്‍ അടിയന്തിരമായി ഒരു വ്യാകരണ സ്കൂളില്‍ ചേര്‍ന്ന് അടിസ്ഥാന വ്യാകരണം സ്വായത്തമാക്കുകയാണ് വേണ്ടത്.

സംഗതി അജ്ഞതയൊന്നുമല്ല എന്ന് ഇതുവരെ പറഞ്ഞതില്‍ നിന്നും വ്യക്തമായിക്കാണുമല്ലോ. പ്രശ്നം മനസിലാവാത്തതല്ല, മനസിലായതിന് ഉത്തരമില്ല എന്നതാണ്. അപ്പൊ സാംസ്കാരിക വേദികളില്‍ പൊട്ടന്‍ കളിക്കുക, ഒപ്പം തെരുവില്‍ ഗൂഡാലോചനകള്‍ കായികമായി നടപ്പിലാക്കുക എന്നതാണ് തന്ത്രം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ വല്ലാതെ പിറകോട്ടടിച്ച ഈ സംഭവത്തില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ അവര്‍ പല വഴികളും തേടും. അതില്‍ ഒന്നാണ് അവര്‍ ആഹ്വാനം ചെയ്ത് എസ് ഡി പി ഐ പോലുള്ള റാഡിക്കല്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ കൊണ്ട് നടത്തിപ്പിച്ച ‘ജനകീയ’ ഹര്‍ത്താല്‍ പോലും എന്ന് ഇപ്പോള്‍ തെളിഞ്ഞു. അതേ ലക്ഷ്യം തന്നെയാണ് സൈബര്‍ മീഡിയ കേന്ദ്രമാക്കി അവര്‍ ഉയര്‍ത്തികൊണ്ടുവന്ന ഈ വിവാദത്തിന്റെയും പിന്നില്‍.

ലിംഗം കൊണ്ടു ചിന്തിക്കുന്നവരുടെ ഭീഷണിക്ക് മുന്നില്‍ പേടിക്കില്ല; ദുര്‍ഗ മാലതി

വേറെയുമുണ്ട് ഇരകള്‍

ഒരു ദീപക് മാത്രമല്ല ഇതിലെ ഇര. ചിത്രകാരിയായ ദുര്‍ഗ്ഗ മാലതി, അധ്യാപികയായ ദീപ നിശാന്ത്‌, പ്രവാസിയായ മന്‍സൂര്‍ കൊച്ചുകടവ് തുടങ്ങി പിന്നെയുമുണ്ട് പേരുകള്‍. ഇവര്‍ ആരും തന്നെയും ഒറ്റപ്പെട്ട തിരഞ്ഞെടുപ്പുകളും അല്ല. വ്യക്തികളിലുപരി അവരുടെ നിലപാടുകള്‍ ആണ് ലക്ഷ്യം എന്ന് വ്യക്തം. വ്യാപ്തിയുള്ള എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുക. അതിന് അവര്‍ വ്യത്യസ്തമായ വഴികള്‍ അവലംബിക്കും.

പ്രവാസിയായ ദീപക്കിന്റെ വാസവും തൊഴിലും തകരാറിലാക്കിയ അവര്‍ അയാളെ ഒളിവ് ജീവിതത്തിലേക്ക് തള്ളിയിട്ടു. ചിത്രകാരിയായ ദുര്‍ഗ്ഗാ മാലതിയുടെ വീട് ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തു. സ്ത്രീകള്‍ എന്ന നിലയില്‍ ദുര്‍ഗയ്ക്കും അധ്യാപികയായ ദീപയ്ക്കും എതിരെയുള്ള ആക്രമണങ്ങളില്‍ ‘സ്ലട്ട് ഷേയ്മിംഗ്’ എന്ന പരമ്പരാഗത ആണ്‍കോയ്മ തന്നെ ഉപകരണം. പ്രവാസിയായ മന്‍സുറിനെ ആക്രമിക്കാന്‍ അയാളുടെ മുസ്ലീം പേര് തന്നെ ധാരാളം. വ്യക്തികള്‍ എന്ന നിലയില്‍ നിരവധി വ്യക്തിഗത പരാധീനതകള്‍ക്കിടയില്‍ ജീവിക്കുന്ന ഇത്തരം മനുഷ്യരെ അവരുടെ സാംസ്കാരിക ഇടപെടലുകളുടെ പേരില്‍ ആക്രമിക്കുക. അവരുടെ അസ്തിത്വത്തിന്റെ അടിത്തറയെ തന്നെ ഉലയ്ക്കുക. ഇതിലുടെ സംഘപരിവാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കുന്ന ഒരു സന്ദേശമുണ്ട്.

സന്ദേശം

മലയാളികളുടെ ഒരു ഇഷ്ട സിനിമയാണ് സന്ദേശം. അത് അവസാനിക്കുന്നത് രാഷ്ട്രിയ വൈരികളായ സഹോദരങ്ങള്‍ രാഷ്നിട്രീയം നിരര്‍ത്ഥകമാണെന്ന് കണ്ട് അത് ആദ്യം സ്വയം ഉപേക്ഷിക്കുകയും അനുജന്റെ കയ്യില്‍ ഇരുന്ന കൊടി പിടിച്ച് വാങ്ങി ഒടിച്ച് എറിയുകയും ചെയ്യുന്നിടത്താണ്.

അവിടെനിന്ന് മുമ്പോട്ട്‌ നോക്കിയാല്‍ ആ സിനിമയുടെ സന്ദേശം ഉള്‍ക്കൊണ്ട നിരവധി സംഭവങ്ങള്‍ നമുക്ക് പിന്നീട് കാണാം. ഇടിമുറികള്‍ ഉള്ള പ്രൊഫഷണല്‍ കോളേജുകള്‍, കുട്ടികള്‍ക്ക് ചാടി ചാവാന്‍ തക്ക ഉയരത്തില്‍ കെട്ടിയ സ്വകാര്യ വിദ്യാലയങ്ങള്‍, മാര്‍ക്ക് കുറഞ്ഞത് മുതല്‍ പരുഷ വര്‍ത്തമാനങ്ങളാല്‍ വരെ ജീവനൊടുക്കുന്ന വിദ്യാര്‍ത്ഥികളെ ഉത്പാദിപ്പിക്കുന്ന കൊടിയില്ലാത്ത കെട്ടിടങ്ങള്‍.

മേല്പറഞ്ഞ മനുഷ്യരോടും പറഞ്ഞും പറയാതെ തൊണ്ടയില്‍ കെട്ടി കിടന്നതുമായ പൊതുബോധത്തിന്റെ സന്ദേശങ്ങള്‍ കാണും. കശ്മീരിലെ പെണ്ണിനെ നീ എന്തിനോര്‍ക്കണം? പോളണ്ട് എന്ന് കേട്ട് എന്തിനു തിളയ്ക്കണം? അവരവരുടെ കാര്യം നോക്കി ജീവിച്ചാല്‍ ഈ ഗതി വരുമായിരുന്നോ?

ഇത് അവരോട് മാത്രമുള്ള ഒരു ചോദ്യമല്ല. നമ്മളോട് മാത്രവുമല്ല. പന്‍സാരെ, ധബോല്‍ക്കര്‍, ഗൌരി ലങ്കേഷ് തുടങ്ങിയ മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നു. ഇപ്പോള്‍ ഇല്ല. ആര് കൊന്നു എന്നറിയില്ല എങ്കിലും എന്തിന് കൊന്നു എന്ന് അറിയാം. അറിയാവുന്നവര്‍ തന്നെ പക്ഷെ വല്ല കാര്യവും ഉണ്ടായിരുന്നോ എന്ന് ചോദിക്കും. അപ്പോള്‍ അറിയാത്ത നിഷ്കളങ്കരുടെ കാര്യം ചര്‍ച്ചയ്ക്ക് എടുക്കണമോ?

ഐസക്ക് അസിമോവ്‌ അമേരിക്കയെ കുറിച്ച് പറയുന്നതിലും ഒരു കാര്യമുണ്ട്: There is a cult of ignorance in the United States, and there has always been. The strain of anti-intellectualism has been a constant thread winding its way through our political and cultural life, nurtured by the false notion that democracy means that my ignorance is just as good as your knowledge.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കത്വ: ആത്മഹത്യാ മുനമ്പില്‍ ഒരു ജനാധിപത്യം

ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം; ‘എനിക്ക്‌ നീതി കിട്ടിയില്ലെങ്കിൽ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും’

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍