UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീത പഥങ്ങള്‍

വിശാഖ് ശങ്കര്‍

ട്രെന്‍ഡിങ്ങ്

കത്വ: ആത്മഹത്യാ മുനമ്പില്‍ ഒരു ജനാധിപത്യം

ഒടിപ്പോവുക; അതിലൂടെ ബാക്കിയുള്ളവരെയെങ്കിലും രക്ഷിക്കുക; നിസ്സഹായതയില്‍ നിന്നും ഉയരുന്ന പലായനങ്ങളില്‍ ബാക്കിയാവുന്ന യുക്തി അത് മാത്രമാണ്.

ഭാഗം 1

“ആത്മഹത്യ ചെയ്തിട്ടില്ലാത്ത ഒരു ജനാധിപത്യമില്ല” എന്ന വാചകം ജോണ്‍ ആഡംസിന്റെയാണ്. പതിനേഴ്‌, പതിനെട്ട് നുറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പഴഞ്ചന്‍റെ സിനിക്കല്‍ നിരീക്ഷണം എന്ന് അതിനെ തള്ളിക്കളയാവുന്നതുമാണ്. അയാളുടെ വ്യക്തിജീവിതത്തെ മാറ്റിനിര്‍ത്തി ഭാഷാപരമായി പരിശോധിച്ചാല്‍ പക്ഷെ അതില്‍ ഒരു സാധ്യതയുടെ പ്രവചനമുണ്ട്. ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കുന്ന ജനത വാസ്തവത്തില്‍ അതിന്റെ ആത്മഹത്യയെ തന്നെയാണ് ആവിഷ്കരിക്കുന്നത്. അത്തരം ആത്മഹത്യകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഉമ്പര്‍ട്ടോ എക്കൊയെ പോലെയുള്ള ധൈഷണികര്‍ അതിന്റെ ലക്ഷണങ്ങളെയും എണ്ണിപറഞ്ഞിട്ടുണ്ട്. വര്‍ത്തമാന ഇന്ത്യന്‍ അനുഭവം എടുത്താല്‍ നാം ഇന്ന് അത്തരമൊരു ആത്മഹത്യയിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരിക്കുകയുമാണ്.

ജനാധിപത്യം എന്നാല്‍ തിരഞ്ഞെടുപ്പല്ല. അത് ഭൂരിപക്ഷമോ ഭരണകുടമോ പോലുമല്ല; മറിച്ചൊരു മൂല്യാധിഷ്ടിത മനുഷ്യപക്ഷ രാഷ്ട്രിയ സംവിധാനമാണ്. അതില്‍നിന്നും ആ മൂല്യങ്ങള്‍ എടുത്ത് മാറ്റപ്പെടുന്നതോടെ അതിന്റെ പക്ഷവും മാറുന്നു. ജനാധിപത്യം ആള്‍ക്കൂട്ടാധിപത്യമായി ആത്മഹത്യ ചെയ്യാന്‍ തുടങ്ങുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി നാം ഇന്ത്യയിലെ പല ഭാഗങ്ങളിലായി കണ്ടുവരുന്നത് അത്തരം ഒരു പ്രവണതയുടെ സാര്‍വത്രികവത്ക്കരണമാണ്.

കത്വ സംഭവം: ജനാധിപത്യത്തിന്റെ ആത്മഹത്യ

ജമ്മു-കശ്മീരിലെ കത്വ ജില്ലയില്‍ നടന്ന സംഭവം മേല്‍പ്പറഞ്ഞ സാധ്യതയിലേക്ക് വിരല്‍ ചുണ്ടുന്നു. എട്ടു വയസ് മാത്രം  പ്രായമുള്ള ഒരു പെണ്‍കുട്ടിയെ  ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു എന്നത് മനുഷ്യമന:സാക്ഷിക്ക് അത്ര എളുപ്പം പോരുത്തപ്പെടാവുന്ന ഒരു വാര്‍ത്തയല്ല. ഒറ്റപ്പെട്ട ഒരു കുറ്റകൃത്യം എന്ന നിലയില്‍ പോലും അത് അത്ര എളുപ്പം ദഹിപ്പിക്കാവുന്ന ഒന്നല്ല. എന്‍റെ രാജ്യത്തോ, എന്റെ സമൂഹത്തിലോ, എന്നിങ്ങനെ മനുഷ്യരെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാതെ കിടത്തുന്ന ഒന്നാണ് അത്തരം ഒരു വാര്‍ത്ത ഉണ്ടാക്കുന്ന അരക്ഷിതത്വബോധം.

ഇന്ത്യയില്‍ ഇന്ന് സംഭവിച്ചിരിക്കുന്നത് അതുപോലുമല്ല. കത്വയില്‍ നടന്നത് ആദ്യം അന്വേഷിച്ച പോലീസ് കണ്ടെത്തിയത് പോലെ യാദൃശ്ചികമായ ഒരു കുറ്റകൃത്യമല്ല എന്ന് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ സംഭവത്തിന്റെ ഏറ്റവും വികൃതമായ മുഖം അവിടെയുമല്ല.

മനുഷ്യവംശത്തില്‍ പിറന്ന ആരെയും വൈകാരികമായി പിടിച്ചുലയ്ക്കുന്ന ആ അരുംകൊലയില്‍ കുറ്റാരോപിതരായവരെ നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതിനെതിരെ ആ നാട്ടില്‍നിന്നും ഒരു പ്രക്ഷോഭം ഉയര്‍ന്നുവരിക, അതിന് ‘ജനകീയ’ എന്ന വിശേഷണം ലഭിക്കുക, നാടിന്റെ ഭരണം ഉള്‍പ്പെടെ കയ്യാളുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ മന്ത്രിമാര്‍ മുന്നണിയില്‍ നിന്ന് അത് നയിക്കുക. ഇവിടെ ആദ്യം പറഞ്ഞത് പോലെ ജനാധിപത്യം ആള്‍ക്കൂട്ട ആധിപത്യമായി ആത്മഹത്യ ചെയ്യാന്‍ തുടങ്ങുന്നു.

ഇത് കേവലമൊരു കുറ്റകൃത്യമോ?

കാമവെറിപുണ്ട ഏതാനും നരാധമന്മാര്‍ സന്ദര്‍ഭവശാല്‍ കിട്ടിയ ഒരു ഇരയ്ക്കുമേല്‍ തങ്ങളുടെ വെറി തിര്‍ത്ത ഒരു കേവല ക്രിമിനല്‍ പശ്ചാത്തലമല്ല കത്വ സംഭവത്തിനുള്ളത്. അതില്‍ കാമപൂര്‍ത്തിയല്ല പ്രാഥമിക ലക്ഷ്യം; സംഭവം യാദൃശ്ചികവുമല്ല.

മുസ്ലിമിനെ ആഭ്യന്തര ശത്രുവായി കാണുന്ന ഒരു പ്രത്യയശാസ്ത്രത്തിന് ഇന്ന് ലഭ്യമായ രാഷ്ട്രിയ അധികാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആ വിഭാഗത്തിനെ തങ്ങളുടെ നാട്ടില്‍ നിന്നും പലായനം ചെയ്യിക്കാന്‍ ഒരു കൂട്ടം മനുഷ്യര്‍ ലക്ഷ്യമിടുന്നു. അധികാരമുണ്ട് എന്നുവച്ച് അത് നേരിട്ട് ഉപയോഗിച്ച് അവരെ നാട്ടില്‍ നിന്നും ഓടിക്കാന്‍ പറ്റില്ല. അപ്പോള്‍ പിന്നെ എന്താണ് വഴി? അവരെ നാടുവിടുകയല്ലാതെ മറ്റ് പോംവഴികള്‍ ഇല്ല എന്ന് ബോദ്ധ്യപ്പെടുത്തുന്ന അനുഭവങ്ങളിലൂടെ കടത്തിവിടുക.

എന്തുചെയ്താലും ആരും ചോദിക്കാന്‍ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തുകയേ ഇതില്‍ ആ വ്യവസ്ഥയ്ക്ക് ചെയ്യാനുള്ളൂ. അത് അവര്‍ ചെയ്യും. ബാക്കി നാട്ടിലെ ഭൂരിപക്ഷം ചെയ്യണം. ഭരണകൂടവും സിവില്‍ സമൂഹവും ഒരുമിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു വംശീയ ഉച്ചാടനം. അത് ചെയ്തത് പത്തുപേര്‍ ചേര്‍ന്നാണെങ്കിലും അതിന്റെ പ്രത്യക്ഷ കര്‍തൃത്വം മാത്രമേ അവരില്‍ ഒതുങ്ങുങ്ങുന്നുള്ളു. ഇത്രകണ്ട് നീചമായ ഒരു കുറ്റകൃത്യമായിട്ട് പോലും അതിലെ പ്രതികളെ വിട്ടുകൊടുക്കുകയില്ല എന്ന് ജനക്കൂട്ടം പറയുന്നത് അതുകൊണ്ടാണ്. അതായത് നടന്നത് ഒരു കുറ്റകൃത്യമായി പോലും അവര്‍ അംഗീകരിക്കുന്നില്ല എന്ന്.

ബലാത്സംഗം വഴി വംശീയ കുടിയൊഴിപ്പിക്കല്‍

അവര്‍ ചെയ്യുന്നതൊക്കെയും തങ്ങളുടെ പ്രവര്‍ത്തി തെറ്റല്ല, എന്ന ബോധ്യത്തില്‍ നിന്നാണ്. അത് അവര്‍ വ്യക്തിതലത്തില്‍ ഗവേഷണം നടത്തി കണ്ടെത്തിയതല്ല, മറിച്ച് ഒരു വിദ്വേഷ പ്രചാരണ യന്ത്രത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനം വഴി അവരില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ആ പൊതുബോധം, അതിന്റെ നിര്‍മ്മിതി; അതിലാണ് കത്വ സംഭവത്തിന്റെ രാഷ്ട്രിയ മാനവും.

മുസ്ലിങ്ങള്‍, ഹിന്ദുരാഷ്ട്രമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശ വംശമാണ്. അവര്‍ ദേശീയ ഹിന്ദുവിന് തുല്യമായ പദവി അര്‍ഹിക്കുന്നില്ല. ഹിന്ദുവിന്റെ അടിച്ചമര്‍ത്തപ്പെട്ട ആത്മവീര്യത്തിലാണ് അവര്‍ അവരുടെ തുല്യത കെട്ടിപ്പടുത്തിരിക്കുന്നത്. അതിനെ, ഹിന്ദുവിന്റെ ആ ആത്മവീര്യത്തെ ഉണര്‍ത്തുകയാണ് ഹിന്ദുത്വ വാദത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ കടമ. നമുക്ക് പരിചയമുള്ള ശശികല ടീച്ചറും അവരുടെ ഉത്തരേന്ത്യന്‍ പകര്‍പ്പുകളായ സാധ്വിമാരും സന്യാസിമാരും (അവരില്‍ പലരും) പറഞ്ഞുകൊണ്ടിരിക്കുന്നത് മുകളില്‍പ്പറഞ്ഞതിന്റെ ഭാഷാന്തരങ്ങളാണ്.

അത്തരം പ്രസംഗങ്ങളും പ്രചാരണങ്ങളും വഴി സൃഷ്ടിക്കപ്പെട്ട ഒരു പൊതുബോധത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി തങ്ങളുടെ നാട്ടില്‍ ജീവിക്കുന്നവരെ അവിടെനിന്നും ഓടിക്കുക എന്നത് ‘ആത്മവീര്യ’ത്തിന്‍റെ പ്രശ്നമാണ്. ഒപ്പം തന്ത്രത്തിന്റെയും. എട്ടുവയസ് മാത്രമുള്ള ഒരു ബാലിക ക്രൂരമായി ആക്രമിക്കപ്പെട്ട്‌ മരണം വരിച്ചിട്ടും നിഷ്ക്രിയമായി നില്‍ക്കുന്ന ഒരു വ്യവസ്ഥ അതിന്റെ ഇരകളില്‍ ഉണ്ടാക്കുന്ന വികാരം എന്തായിരിക്കും?

ഒടിപ്പോവുക; അതിലൂടെ ബാക്കിയുള്ളവരെയെങ്കിലും രക്ഷിക്കുക; നിസ്സഹായതയില്‍ നിന്നും ഉയരുന്ന പലായനങ്ങളില്‍ ബാക്കിയാവുന്ന യുക്തി അത് മാത്രമാണ്. അവരെ ഓടിച്ചവരെ സംബന്ധിച്ചിടത്തോളം, അത്തരം ഒരു നിസ്സഹായത ഏറ്റവും എളുപ്പത്തില്‍, ഏറ്റവും തീവ്രമായി ജനിപ്പിക്കുന്ന ഒരു കൃത്യം തന്നെ അവര്‍ തിരഞ്ഞെടുത്തു എന്ന ചാരിതാര്‍ത്ഥ്യവും.

തിരഞ്ഞെടുത്ത ഇര

ആ എട്ടുവയസുകാരിയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും ദാരുണമായ ഏട് താന്‍ ‘തിരഞ്ഞെടുക്കപ്പെട്ടവള്‍’ ആയിരിക്കുന്നു എന്നത് ആ കൃത്യം നടക്കുന്ന അന്നുവരെ അവള്‍ അറിഞ്ഞില്ല എന്നതാണ്. സാധാരണ ഏത് ദിവസവും എന്നപോലെ അന്നും അവള്‍ കുതിര മേയ്ക്കാന്‍ പോയി. സാധാരണ ഏത് പെണ്‍കുട്ടിക്കും ആ പ്രായത്തിലുള്ള എല്ലാ നിഷ്കളങ്ക കുതൂഹലങ്ങളോടും ഊര്‍ജ്ജത്തോടും കൂടി.

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പേ അവളുടെ ദുരന്തം അവളെ തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു. ഏതെങ്കിലും ഒരു പെണ്ണിനെ ബലാത്സംഗം ചെയ്താല്‍ ഈ പ്രതീതി ഉത്പാദിപ്പിക്കാനാവില്ല. പ്രായപൂര്‍ത്തിയായ, കുടുതല്‍ കായിക ശേഷിയുള്ള ഒരു പെണ്ണിനെ തിരഞ്ഞെടുക്കുക എന്നുവയ്ക്കുക. നടപ്പാക്കാന്‍ സ്വാഭാവികമായും കൂടുതല്‍  പ്രയാസമുണ്ടാവും. ഇനി നടപ്പിലാക്കിയാല്‍ തന്നെ അവര്‍ ഉദ്ദേശിക്കുന്നത്ര തീവ്രമായ ഒരു വൈകാരിക ആഘാതമുണ്ടാവുമോ? ജമ്മു കശ്മീരില്‍ മുസ്ലീം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരില്‍ പോലും അത്രകണ്ട് ആഘാതമുണ്ടാക്കുമോ എന്നായിരിക്കണം സംശയം! അങ്ങനെ ആ എട്ടു വയസുകാരി തിരഞ്ഞെടുക്കപ്പെട്ടവള്‍ ആകുന്നു.

ഇത്ര കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു ബലാത്സംഗ കൊലപാതകമാണ് എണ്ണമറ്റ ബലാത്സംഗങ്ങളില്‍ ഒന്ന്, അപലപനീയമായ ഒരു കുറ്റകൃത്യം എന്ന് ഭരണകൂടവും അതിന്റെ പ്രതിനിധികളും ന്യൂനവത്ക്കരിക്കുന്നത്. അതിനെയാണ് പൊതുബോധം ഏറ്റുപിടിക്കുന്നത്. പാകിസ്ഥാന്‍ ചാരസംഘടനകള്‍ നടത്തിയ ഗൂഡാലോചന എന്നൊക്കെയുള്ള അതിവിചിത്രമായ ന്യായവാദങ്ങള്‍ പോലും സംശയലേശമില്ലാതെ, വസ്തുതകള്‍ ഒന്നും പരിഗണിക്കാതെ ഏറ്റുചൊല്ലുന്ന പൊതുബോധം വഴി നമ്മുടെ ജനാധിപത്യം എത്തിനില്‍ക്കുന്നത് ഒരു ആത്മഹത്യാ മുനമ്പിലാണ് എന്ന് ഇനിയും വിശദീകരിക്കേണ്ടതുണ്ടോ?

റേപ്പല്ല, റേപ്പ് ടെറിസിസം

കത്വയില്‍ നാം കണ്ടത് ഭരണകൂടവും പോതുബോധവും ഒന്നായി, അത് ദേശം തന്നെയായി മാറുന്നതിന്റെ, അഥവാ അത്തരം ഒരു പ്രതീതി ജനിപ്പിക്കപ്പെടുന്നതിന്റെ ഭീതിദമായ ചിത്രമാണ്. ആ അവസ്ഥയില്‍ പൊതുബോധത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന വീക്ഷണങ്ങള്‍, ആശയങ്ങള്‍, നിരീക്ഷണങ്ങള്‍ ഒക്കെയും യാതൊരു വീണ്ടുവിചാരവുമില്ലാതെ രാജ്യദ്രോഹമായി മുദ്രകുത്തപ്പെട്ട് വേട്ടയാടപ്പെടുന്നു.

കത്വയില്‍ നടന്നതുപോലെ മനുഷ്യരായി തുടരുന്നവരില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന, അവരെ രാഷ്ട്രീയവും സാമൂഹ്യവുമായി അനാഥമാക്കുന്ന ഒരു സംഭവത്തിനോടുള്ള പ്രതികരണങ്ങളും അത്രതന്നെ തീവ്രവും പ്രകോപനപരവുമാകാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. എന്നാല്‍ അവയെ അവയുടെ സാംസ്കാരികവും വൈകാരികവും വസ്തുതാപരവുമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സമീപിക്കുന്നതിന് പകരം അതിവിചിത്രമായ വ്യാഖ്യാനങ്ങളിലൂടെ ആള്‍ക്കൂട്ടത്തിന്റെ ഹിസ്റ്റീരിയയ്ക്ക് തുറന്നിട്ട്‌ കൊടുക്കുക എന്നതാണ് ഇന്ന് നമ്മുടെ ജനാധിപത്യത്തിന്റെ കേന്ദ്ര സ്ഥാനത്ത് നിലകൊള്ളുന്ന രാഷ്ട്രീയ സംഘടന ചെയ്യുന്നത്.

കത്വ സംഭവത്തില്‍ ഇരയുടെ പക്ഷത്തുനിന്ന് ഹിന്ദുത്വ പൊതുബോധത്തിനെതിരായി സംസാരിച്ച, പ്രതികരിച്ച മനുഷ്യര്‍ക്ക് എതിരേ ഇങ്ങ് കേരളത്തില്‍ പോലും നടക്കുന്ന കായിക ആക്രമണങ്ങളും ഭീഷണികളും തെളിയിക്കുന്നത് അതാണ്‌.

(തുടരും)

ഭാഗം രണ്ട്: എന്തുകൊണ്ട് ദീപക് ശങ്കരനാരായണന്‍?- ഉടന്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മന്‍മോഹനാണോ മോദിയാണോ ഇന്ത്യയുടെ ഏറ്റവും വലിയ ‘മൗനി ബാബ’ പ്രധാനമന്ത്രി? ഈ 15 കാര്യങ്ങള്‍ സത്യം പറയും

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍