UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

വയല്‍ക്കിളികള്‍; രാഷ്ട്രീയം കവിതയല്ല, ഗദ്യത്തില്‍ ഒരു തീരുമാനമായാല്‍ മതി

ഇതൊന്നും പറ്റില്ലെങ്കില്‍ പിന്നെ പശു വളി വിടാന്‍ പാടില്ല എന്ന് പറയരുത്. ആവശ്യവുമായി ബന്ധപ്പെട്ട് മനുഷ്യര്‍ പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകളില്‍ തുരങ്കം വയ്ക്കരുത്.

കേരളത്തിലെ റോഡുകളില്‍ പ്രതിദിനം മരിച്ച് വീഴുന്നവരുടെ എണ്ണം ഗുഗിളില്‍ ഒന്ന് തപ്പിയാല്‍ കിട്ടും. ‘പാണ്ടിലോറി’ക്ക് തല വച്ചവരുടെ, എന്നുവച്ചാല്‍ നമ്മുടെ നാട്ടുഭാഷയില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കല്ല, അപകടത്തില്‍ പെട്ട് മരിച്ചവരുടെ കണക്കാണ്. ഇത് എഴുതുന്ന ആള്‍ക്കും വായിക്കാന്‍ പോകുന്നവര്‍ക്കും ഇതില്‍ സംശമൊന്നും ഉണ്ടാകാന്‍ ഇടയില്ലാത്തതുകൊണ്ട് സ്ഥിതിവിവര കണക്കുകള്‍ അന്വേഷിച്ച് പോകുന്നില്ല. ഇക്കണ്ട അപകട മരണങ്ങള്‍ ഒക്കെയും സംഭവിക്കുന്നത് മദ്യപാനം കൊണ്ടാണ് എന്ന ബ്ലാങ്കറ്റ് സ്റ്റേറ്റ്മെന്റ് ഒരു അബദ്ധമാണ് എന്ന് തെളിയിക്കാനും.

റോഡ്‌ വികസനം അനിവാര്യമാണ് എന്ന് തെളിയിക്കാന്‍ അപകട മരണങ്ങളുടെ കണക്ക് ആവശ്യമില്ല. വിഷയത്തില്‍ എന്തെങ്കിലും തരം ഗൂഡതാല്പര്യങ്ങള്‍ ഉള്ളവര്‍ക്ക് ഒഴികെ എല്ലാവര്‍ക്കും വലിയ വിശദീകരണമൊന്നും ഇല്ലാതെ തന്നെ കാര്യം മനസിലാവും. പ്രശ്നം അതല്ല എന്ന് ചുരുക്കം.

എല്ലാവര്‍ക്കും മനസിലാകുന്ന, പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്ന ഒന്നാകുമ്പോഴും പ്രയോഗത്തിലേക്ക് കടക്കുമ്പോള്‍ റോഡ്‌ വികസനം വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണിത്? മനുഷ്യരുടെ ഇരട്ടത്താപ്പാണിത്, ശുദ്ധ കള്ളത്തരം, സ്വാര്‍ത്ഥത എന്നൊക്കെ പറഞ്ഞ് ഈ വൈരുദ്ധ്യത്തെ തള്ളിക്കളയുന്നതും മറ്റൊരു ബ്ലാങ്കറ്റ് യുക്തിയാണ്. ഇവിടെ ആദ്യം വേണ്ടത് മനസിലാക്കല്‍ ആണ്. പിന്നെ മനസിലാക്കിയുള്ള പരിഹാരവും.

‘തെരുവ്’ എന്ന ആവാസവ്യവസ്ഥ

ആവാസവ്യവസ്ഥയെന്ന് കേട്ടാല്‍ നമ്മുടെ മനസിലേക്ക് ഉടന്‍ ഓടിയെത്തുക കാടും മലയും കുളവും വയലും ചതുപ്പും ഒക്കെ ആയിരിക്കും. എന്നാല്‍ സമഗ്രാര്‍ത്ഥത്തില്‍ നഗരവും ഒരു ആവാസവ്യവസ്ഥയാണ്. അതില്‍ തെരുവ് സവിശേഷമായ ഒന്നും.

എസ് കെ പൊറ്റക്കാടിന്റെ ‘തെരുവിന്റെ കഥ’ എന്ന നോവല്‍ അത്തരം ഒരു ആവാസവ്യവസ്ഥയെ ആവിഷ്കരിക്കുന്നുണ്ട്. ഭിക്ഷക്കാരും വേശ്യകളും തെരുവിന്റെ മക്കളായ അനാഥരും തെരുവ് നായ്ക്കളും പൂച്ചകളും പെരുച്ചാഴിയും മുതല്‍ ചെറുകിട, വന്‍കിട കച്ചവടക്കാരും, പലയിടങ്ങളില്‍ നിന്നായി വന്നുപോകുന്ന മുഖമില്ലാത്ത മനുഷ്യരും ഒക്കെ ചേര്‍ന്ന് നിര്‍മ്മിക്കുകയും നിലനിര്‍ത്തി പോരുകയും ചെയ്യുന്ന ഒരു ആവാസവ്യവസ്ഥ. ഇതില്‍ വന്നുപോകുന്ന മുഖമില്ലാത്ത മനുഷ്യര്‍ക്ക് ഒഴിച്ച് ആര്‍ക്കും തെരുവ് ആദി മധ്യാന്തമില്ലാത്ത പൊതുവഴിയല്ല. അത് അവരുടെ തെരുവാണ്. അവരുടെ ആവാസവ്യവസ്ഥയാണ്. അതില്‍ വരുന്ന ഏതൊരു മാറ്റവും അവരെ ബാധിക്കും. അത് വീതി കൂട്ടലായാലും കവല മാറ്റം ആയാലും ഫ്ലൈ ഓവര്‍ ആയാലും.

എന്നുവച്ച് ഒരു നഗരവും മാറാതിരിക്കുന്നില്ല. ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് കണ്ട കോലത്തിലല്ല കേരളത്തില്‍ ഇന്നുള്ള ഒരു നഗരവും. നഗര ‘ശുദ്ധീകരണ’ത്തിന്റെ, സൌന്ദര്യവത്ക്കരണത്തിന്റെ മാറുന്ന ഭാവുകത്വം സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്നും പറിച്ചെറിഞ്ഞ ഈ ജീവികള്‍ നഗരവത്കൃത നവ മധ്യവര്‍ഗ്ഗത്തിന്റെ ഗൃഹാതുര സ്മരണകളില്‍ പെടുന്നില്ല എന്നതിനാല്‍ ഇവര്‍ എങ്ങോട്ട് പോയി എന്ന് പോലും ആരും അറിയില്ല.

അനിവാര്യമായ മാറ്റം എന്ന ഭൌതീക ശക്തിക്ക് വിധേയമായി അവര്‍ മണ്മറഞ്ഞിരിക്കാം. ഇല്ലെങ്കില്‍ തങ്ങള്‍ക്കൊത്തപോല്‍ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവാം. രാജാവായ്‌ വാണവര്‍ ഒന്നുമല്ലാത്തതുകൊണ്ട് അവരുടെ ആനുപാതിക പതനത്തിന് നാടകീയ മാനങ്ങളില്ല. സ്വത്വമില്ലാത്തതുകൊണ്ട് അവര്‍ക്കായി സമരമുഖങ്ങള്‍ തുറക്കാനും പ്ലാറ്റ്ഫോമുകള്‍ പണിയാനും ഫണ്ടിങ്ങുമില്ല.

പ്രാകൃതിക ആവാസവ്യവസ്ഥയെന്ന മിത്ത്

ഇവിടെ വായനക്കാര്‍ക്ക് തോന്നാവുന്ന ഒരു കല്ലുകടി നഗരവത്ക്കരണം വഴി ഉണ്ടായ തെരുവുകളിലെ ആവാസവ്യവസ്ഥയും പ്രാകൃതികമായ ആവാസവ്യവസ്ഥയും ഒന്നാണോ എന്നതാവും. പക്ഷെ മറുചോദ്യം നാം ഇന്ന് പ്രാകൃതികം എന്ന് വിളിക്കുന്ന ആവാസവ്യവസ്ഥകള്‍ ഒക്കെയും ആ നിലയ്ക്ക് പ്രാകൃതികം ആണോ എന്നതാണ്.

കീഴാറ്റുര്‍ വിഷയത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഒരു പഠനം അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. “കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം” എന്നതാണ് അതിന്റെ തലക്കെട്ട്‌. എന്നാല്‍ അതില്‍ “കോടിക്കണക്കിന് വര്‍ഷങ്ങളുടെ ഭൗമപ്രക്രിയയിലൂടെയാണ് വയലുകള്‍ രൂപപ്പെട്ടത്” എന്നൊരു വാചകം കണ്ടു. 20,000 BC-9,500 BC കാലഘട്ടം വരെയെങ്കിലും മനുഷ്യര്‍ ധാന്യങ്ങള്‍ പെറുക്കി തിന്ന് ജീവിക്കുകയായിരുന്നു എന്ന് വിക്കിപീഡിയ നോക്കിയാല്‍ തന്നെ അറിയാം. അപ്പോള്‍ അതിന് ശേഷം ആയിരിക്കണമല്ലോ കൃഷിക്കായി വയലുകള്‍ ഉണ്ടാകുന്നത്.

ഇനി അതല്ല, കൃഷിക്കും മനുഷ്യനും മുമ്പേ ഉള്ള വയലുകളുടെ കാര്യമാണ് പറയുന്നത് എങ്കില്‍ അതിന് ശേഷം മനുഷ്യന്‍ കൃത്രിമമായി വയലുകള്‍ ഉണ്ടാക്കി എന്നും അവയാവണം ഇന്ന് നാം വയലുകള്‍ എന്ന് വിളിക്കുന്നതില്‍ ഭൂരിഭാഗവും എന്ന് അനുമാനിക്കാം. അതായത് വയലുകള്‍ എന്ന് നാം ഇന്ന് വിളിക്കുന്ന ആവാസവ്യവസ്ഥ മനുഷ്യ സ്പര്‍ശം ഇല്ലാത്ത ഒരു പ്രാകൃതിക ആവാസവ്യവസ്ഥ അല്ല എന്ന്.

മനുഷ്യന്റെ വ്യുല്പത്തിക്ക് മുമ്പ് വരെ ഒരു മാറ്റവും ഇല്ലാതെ തുടര്‍ന്ന ഒന്നല്ല ഭൂമി. മറിച്ച് അതില്‍ വന്ന പല പാരിസ്ഥിതിക മാറ്റങ്ങളില്‍ ഒന്നാവണം ജീവന്‍റെ വ്യുല്പത്തിക്ക് കാരണം. മനുഷ്യന്റെ നാളിതുവരെയുള്ള ചരിത്രമാകട്ടെ പ്രകൃതിക്ക് വിധേയമായി ഉള്ള ഒരു നിഷ്ക്രിയ സഹജീവനത്തിന്റെയുമല്ല. ഭുമിയില്‍ ജീവന്‍ ഉണ്ടായ കാലം മുതല്‍ക്കേ അതിനെ താങ്ങിപ്പോരുന്നതാണ് നമ്മുടെ വയലേലകള്‍ അടങ്ങുന്ന ഹരിത പരിസ്ഥിതി, അതില്‍ കലര്‍പ്പുകള്‍ വരുത്തിയത് മനുഷ്യന്റെ ദുരയാണ് എന്നൊക്കെ തോന്നിപ്പോകും ഇപ്പോഴത്തെ അതികാല്പനിക പരിസ്ഥിതി വാദത്തിന്റെ ആവേശ വാദങ്ങള്‍ കേട്ടാല്‍. കള്‍ച്ചര്‍ തുടങ്ങുന്നത് അഗ്രികള്‍ച്ചറില്‍ ആണ് എന്ന് പറയും. എന്നാല്‍ അന്നത്തെ പരിസ്ഥിതിയില്‍ നടത്തിയ ഒരു മാനുഷിക ഇടപെടല്‍ തന്നെയാണത്. അങ്ങനെ ഉണ്ടായതാണ് ഇന്ന് കാണുന്ന തരം വയലുകള്‍. ജനസംഖ്യ വര്‍ദ്ധിച്ചതും ശിശുമരണ നിരക്ക് കുറഞ്ഞതും ഒക്കെ ഇടപെടല്‍ ആണ്. വൈദ്യം എന്നൊക്കെ പറയുന്നത് വന്‍ നിലയില്‍ പരിസ്ഥിതി വിരുദ്ധമായ മനുഷ്യ ഇടപെടല്‍ ആണ്. ആധുനിക വൈദ്യം അതിന്റെ ഇഫക്ടീവ്നെസ്സ് കൊണ്ട് വൈദ്യങ്ങളില്‍ ഏറ്റവും പാരിസ്ഥിതിക വിരുദ്ധവും.

പരിസ്ഥിതിവാദം

പരിസ്ഥിതിവാദം എന്നത് വളരെ ദീര്‍ഘമായ ചരിത്രമുള്ള ഒരു ജ്ഞാന ശാഖയാണ്‌ എങ്കിലും അതിന് കൃത്യമായ ഒരു ശാസ്ത്രീയ മാനദണ്ഡം ഉണ്ടാകുന്നത് ഇരുപതാംനൂറ്റാണ്ടിലാണ് എന്ന് വ്യക്തം. അതിന് മുമ്പ് ആ നിലയ്ക്കുള്ള നീക്കങ്ങളായി വ്യാഖ്യാനിക്കാവുന്ന പലതിനും ആ കാലപരിസരത്തിനുള്ളില്‍ നിന്നുകൊണ്ട് ഒരു ശാസ്ത്രിയ വിശദീകരണം നല്‍കുക പ്രയാസമാകും. അല്ലെങ്കില്‍ പിന്നെ സ്വന്തം മുടിക്കെട്ടില്‍, എന്നുവച്ചാല്‍ ശിരസ്സില്‍, അതായത് തലച്ചോറില്‍, ചിന്തയില്‍ ഒരു നദിയെ വഹിച്ച ശിവന്‍ ആദ്യ പരിസ്ഥിതിവാദിയായിരുന്നു എന്ന നിലയില്‍ വ്യാഖ്യാനിക്കണം.

അത്തരം കസര്‍ത്തുകളെ മാറ്റിവച്ചാല്‍ പാരിസ്ഥിതി വാദത്തിന്റെയും ഉറവിടം എമ്പെരിക്കല്‍ സയന്‍സ് തന്നെയാണ് എന്ന് മനസിലാക്കാം: നമ്മള്‍ യുറോപ്യന്‍ എന്ന് വിളിച്ച് ഹിംസയാക്കുന്ന അതെ ജ്ഞാന പദ്ധതി; അതേ രീതിശാസ്ത്രം. അത് വെറും ഒരു ആഖ്യാനമാണ് എന്ന് പറയുന്ന നമ്മുടെ ഉത്തരാധുനിക നവ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ മഴവില്ലില്‍ പെടുന്നത് എങ്കിലും പരിസ്ഥിതിവാദം ആവശ്യം വരുമ്പോള്‍ എമ്പെരിക്കല്‍ യുക്തി എടുത്ത് അലക്കും. ഇതില്‍ ഒരു വൈരുദ്ധ്യമില്ലേ?

ഉവ്വ്. പക്ഷേ ഇതിലും വലിയ ഒരു വൈരുദ്ധ്യമുണ്ട് യുറോപ്യന്‍ പരിസ്ഥിതി വാദത്തില്‍. ഇന്ന് ആഗോളതാപനം പോലെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം എന്ന് കണ്ടെത്തപ്പെട്ട ഹരിത വാതകങ്ങളുടെ പ്രഭവ കേന്ദ്രം കൃഷിയും കന്നുകാലി വളര്‍ത്തലുമാണ്. ഈ അപകടം മനസിലാക്കി അതില്‍ നിന്ന് മാറണം എന്ന് യുറോപ്പ് മൂന്നാംലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നു. ഒപ്പം കോര്‍പ്പറേറ്റുകളോട് സി.എസ്.ആര്‍ അഥവാ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പുലര്‍ത്തണം എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അത് എങ്ങനെ നടക്കുന്നു എന്നൊക്കെ നമുക്ക് അറിയാം. അതവിടെ നില്‍ക്കട്ടെ.

ഹരിത വിപ്ലവത്തിന്റെയും ധവള വിപ്ലവത്തിന്റെയും ഒന്നും പ്രഭവ കേന്ദ്രമോ, ആദ്യ ഗുണഭോക്താക്കളോ മൂന്നാം ലോകമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവ ഉണ്ടാക്കിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ വില, ഇനിയും പുര്‍ത്തിയായിട്ടില്ലാത്ത മൂന്നാം ലോകത്തിന്‍റെ വികസന ആവശ്യങ്ങളുടെ ചിലവില്‍ വേണം എന്നതാണ് വാദം.

ടാറും മെറ്റലും പുഴുങ്ങി തിന്നുന്ന കാലം വരുമോ ‘വികസന പൈങ്കിളി’യേ?

കേവല പാരിസ്ഥിതിക വാദം

അംഗീകരിച്ചാലും ഇല്ലെങ്കിലും അങ്ങനെയോന്നുണ്ട്. അതിന്‍റെ ചുരുക്കം ഇതാണ്. ഞങ്ങളുടെ ആവശ്യം കഴിഞ്ഞ സ്ഥിതിക്ക് ഇനി സ്റ്റാറ്റ്സ്കോ നിലനിര്‍ത്തണം.

യൂറോപ്പ് നിലവില്‍ ഉള്ള പര്യാപ്താവസ്ഥയില്‍ നിന്നും പിന്നോട്ട് പോകില്ല. ആവശ്യമെന്ന് തോന്നിയാല്‍ ഇനിയും മുമ്പോട്ട്‌ പോകും. പക്ഷെ മറ്റാരും പാടില്ല. ഇവിടം മുതല്‍ പരിസ്ഥിതി ഒരു വിശുദ്ധ പശുവാകുന്നു.

എല്ലാവര്‍ക്കും വേണ്ടതാണ് പരിസ്ഥിതി എന്നതാണ് വാദം. എല്ലാവര്‍ക്കും വേണ്ടതല്ലേ ആഹാരം? ധാന്യം, ഫലവര്‍ഗ്ഗങ്ങള്‍, പച്ചക്കറി, പാല്‍, ഇറച്ചി? നമുക്ക് കൃഷി, കാലിവളര്‍ത്തല്‍ നിര്‍ത്താം. പകരം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മനസിലാക്കി, ശിശു മരണനിരക്കിലെ ഇടിവും ശരാശരി ആയുര്‍ ദൈര്‍ഘ്യത്തിലെ വികാസവും തുടര്‍ച്ചയാക്കുന്ന ആധുനിക വൈദ്യത്തിന്റെ വഴി വിട്ട് നമ്മുടെ മോഹനന്‍ വൈദ്യരും വടക്കാഞ്ചേരിയും ഒക്കെ മുന്നോട്ട് വയ്ക്കുന്ന പ്രകൃതി ചികിത്സാ  സമ്പ്രദായം അവര്‍ ഔദ്യോഗിക ചികിത്സയായി സ്വീകരിക്കുമോ?

ഇതൊന്നും പറ്റില്ലെങ്കില്‍ പിന്നെ പശു വളി വിടാന്‍ പാടില്ല എന്ന് പറയരുത്. ആവശ്യവുമായി ബന്ധപ്പെട്ട് മനുഷ്യര്‍ പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകളില്‍ തുരങ്കം വയ്ക്കരുത്.

ചെളി വില്പന മാഫിയ

കൃഷിഭുമിയില്‍ നിന്നും കര്‍ഷകരെ കുടിയിറക്കുന്നു എന്നൊകെ പറഞ്ഞ് തുടങ്ങിയ സമരം ഇപ്പോള്‍ കൃഷി നടക്കുന്നതായാലും അല്ലെങ്കിലും, ആവുമെങ്കില്‍ ലോകത്ത് എവിടെയും ഒരിഞ്ച് വയല്‍ നികത്താന്‍ ആരെയും അനുവദിക്കില്ല എന്ന നിലയില്‍ ഒരു അഖില കേരള, അഖിലേന്ത്യാ, ആഗോള പരിസ്ഥിതി സമരം ആകാന്‍ സജ്ജമായി കഴിഞ്ഞു.

ജനുവരിയില്‍ ഇതേ വിഷയത്തില്‍ അഴിമുഖം തന്നെ പ്രസിദ്ധീകരിച്ച കെ എ ആന്റണിയുടെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. “അരിവാളിന്‍ ചുണ്ടില്‍ നിന്നും കതിരും പാട്ടും ചുറ്റിക തന്‍ അടിയില്‍ നിന്നും കഥയുമൊക്കെ ഉണ്ടായ ആ പഴയ കാലം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പകരം കര്‍ഷക സഖാക്കള്‍ വിതയ്ക്കുകയും കൊയ്യുകയും കൊയ്യുന്ന വയലുകള്‍ പോലും അവരില്‍ നിന്നും കവര്‍ന്നെടുക്കുന്ന കാലം വന്നുചേര്‍ന്നിരിക്കുന്നു. അതും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍! ഇങ്ങനെ ഒരു അവസ്ഥാവിശേഷമാണ് കണ്ണൂരിലെ തളിപ്പറമ്പിനടുത്തുള്ള കീഴാറ്റൂരില്‍ ഉണ്ടായത്. നഗരത്തെ രക്ഷിക്കാന്‍ നെല്‍പ്പാടം നികത്തി ഗ്രാമത്തെയും ഗ്രാമീണരെയും ശിക്ഷിക്കാനുള്ള നീക്കത്തിനെതിരെയാണ് കീഴാറ്റൂരില്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ‘വയല്‍കിളികള്‍’ എന്ന കൂട്ടായ്മ സൃഷ്ടിച്ചത്”.

അതായത് പ്രശ്നം കര്‍ഷകരുടെ അതിജീവന സ്ഥലം സര്‍ക്കാര്‍ കവര്‍ന്ന് അവരെ കുടിയിറക്കുന്നതാണ് എന്ന്. നന്ദീഗ്രാം വിഷയവുമായൊക്കെയാണ് താരതമ്യം. എന്നാല്‍ ഭൂമി നഷ്ടമാകുന്ന കര്‍ഷക കുടുംബങ്ങളില്‍ ഭൂരിപക്ഷവും ബൈപ്പാസിന് അനുകൂലമായി നിലപാട് എടുത്ത് ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായതോടെ ഈ മാര്‍ച്ചില്‍ മുദ്ര്യാവാക്യം മാറി. അത് പരിസ്ഥിതി സംരക്ഷണത്തിന്റെ, ഒരിഞ്ച് വയലിന്റെ, ഒരു എതിര്‍ശബ്ദത്തിന്റെയായി മാറി.

സുരേഷ് കീഴാറ്റൂര്‍ എന്ന സമര നായകന്‍ വഴിയില്ലായ്മയെ കുറിച്ച് പണ്ടിട്ട ഫേസ്ബുക്ക് പോസ്റ്റും അയാളുടെ വീട്ടിലേക്ക്‌ വയല്‍ നികത്തി ഉണ്ടാക്കിയ വഴി എന്ന ആരോപണവും വിലയിരുത്താന്‍ ഞാന്‍ ആളല്ല. എന്നാല്‍ കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം ചെയ്ത കിളികള്‍ ഒക്കെയും ഇപ്പോഴും ഒരു പറ്റമാണെന്ന് വിശ്വസിക്കാനും. ഇവിടെ രണ്ട് പക്ഷം ഉറപ്പായും ഉണ്ട്. അനിവാര്യമായ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പൊതു ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി വയല്‍ നികത്താം എന്ന നിയമവും.

രാഷ്ട്രീയം കവിതയല്ല. ഇതില്‍ ഗദ്യത്തില്‍ ഒരു തീരുമാനമായാല്‍ മതി. അത് എലിവേറ്റഡായാലും തറവഴി ആയാലും വഴി ഉണ്ടായാല്‍ മതി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം

‘കൂടെ നില്‍ക്കുന്നവരെയെല്ലാം ചേര്‍ത്ത് സമരം’; വയല്‍ക്കിളി സമരം സിപിഎമ്മില്ലാത്ത ‘ആറന്‍മുള’യോ?

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

കീഴാറ്റൂര്‍ സമരക്കാര്‍ സിപിഎം വിരുദ്ധരുടെ ഏജന്റുമാര്‍-മന്ത്രി ജി സുധാകരന്‍ സംസാരിക്കുന്നു

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍