UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

ട്രെന്‍ഡിങ്ങ്

അതുകൊണ്ട് ജാഗ്രത, സംഘിത്തം ഫാഷിസമല്ല, അതിലും വിഷമാണ്

ഇവിടെ ചീറ്റിപ്പോയ ആ വെടി മറ്റു പല ഇടങ്ങളിലും പരിവാറികള്‍ മെനക്കെട്ടിരുന്ന് ഫോട്ടോഷോപ്പും അനുഭവ കഥനവും ഒക്കെയായി ഊതിപ്പിടിപ്പിക്കുന്നുണ്ട്

ഈ ലേഖനത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം: ഭാഗം-1 ആ കോമഡി രക്ഷായാത്ര അത്ര കോമഡിയല്ല, സംഘപരിവാറിനെ സംബന്ധിച്ചെങ്കിലുംഭാഗം-2 കോമഡി രക്ഷായാത്ര; ദയനീയമായ തമാശകളും ചിരിച്ചു കൂടാത്ത അപകടങ്ങളും

ഭാഗം – 3
സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത് ലളിതമായ ഒരു പ്രവര്‍ത്തി പദ്ധതി വച്ചുകൊണ്ടാണ്. അത് ഇന്ത്യയിലെ നുറുകോടിയില്‍ പരം മനുഷ്യരില്‍ ഭൂരിഭാഗവും നിലനില്‍ക്കുന്ന ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും ഒക്കെ ചേര്‍ന്ന കൊടിയ പിന്നോക്കാവസ്ഥയെ തങ്ങള്‍ക്ക് അനുകൂലമായി മാനിപുലേറ്റ് ചെയ്യുക എന്നതാണ്. അത് തന്നെയാണ് നിരവധി സമാന്തരങ്ങള്‍  ഉള്ളപ്പോഴും അതിനെ ഫാഷിസത്തില്‍ നിന്ന് വ്യതിരിക്തമാക്കുന്നതും. മുസോളിനിയുടെ ഫാഷിസത്തെക്കാള്‍ ഹിറ്റ്‌ലറുടെ നാസിസത്തോടായിരുന്നുവല്ലോ അവര്‍ക്ക് കൂടുതല്‍ പ്രിയം.

ഹിറ്റ്ലറിന്റെ ആര്യന്‍ വംശീയ ആധിപത്യ സിദ്ധാന്തവും ജൂത വിരോധവുമോക്കെയായി ഇതിന് നിരവധി സമാന്തരങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ഹിറ്റ്‌ലര്‍ താന്‍ വിശ്വസിച്ച കാര്യം ജനങ്ങളോട് പറയുകയും അതിന് സമ്മതി നിര്‍മ്മിക്കുകയുമായിരുന്നു. എന്നാല്‍ സംഘപരിവാറിന്റെ രീതിശാസ്ത്രം അതല്ല. ഹിറ്റ്‌ലര്‍ ജര്‍മന്‍ വംശജരെ ഒരുമിച്ച് നിര്‍ത്താനും അവരുടെ ആത്മവീര്യം ഉയര്‍ത്താനുമായി ആര്യന്‍ സുപ്രീമസി തിയറി ഉപയോഗിച്ചു എങ്കില്‍ സംഘപരിവാറിന്റെ ഹിന്ദുത്വ സിദ്ധാന്തത്തില്‍ അങ്ങനെ തുല്യരായി ഒരുമിച്ച് നില്‍ക്കേണ്ട ഒരു ഹിന്ദു തന്നെയും ഇല്ല. ഉചനീചത്തങ്ങള്‍ ഒരു വിശുദ്ധ വ്യവസ്ഥയായി നിലനില്‍ക്കുന്ന അവരുടെ പ്രത്യയശാസ്ത്രത്തില്‍ ആര്യനും സുപ്രീമസിയും കടന്നുവരുന്നത് ഹിന്ദുക്കളില്‍ തന്നെ ഒരു ന്യൂനപക്ഷമായ ബ്രാഹ്മണന്‍ എന്ന ഉപവിഭാഗം വഴിയാണ്. അതായത് ജര്‍മ്മന്‍ ഒരു വംശമാണെങ്കില്‍ ഹിന്ദു  അതല്ല, ബ്രാഹ്മണന്‍ മാത്രമാണ് ആ സുപ്രീം വംശം.

വെള്ളം കടക്കാത്ത, വായു കടന്നുകൂടാത്ത അറ അത് മാത്രമാണ്. താഴോട്ടുള്ള ക്ഷത്രിയ, വൈശ്യ, ശുദ്ര പദവികള്‍ ഒക്കെയും ബ്രാഹ്മണ്യത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച് മാറാം. ചില ഇടങ്ങളില്‍ ശുദ്രന്‍ ക്ഷത്രിയ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടാം. അന്യ മതസ്ഥര്‍ക്ക് പോലും വൈശ്യ വൃത്തിയില്‍ ഏര്‍പ്പെടാം. വ്യവസ്ഥ, ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നത് മാത്രമാണ്.

ജാതിയും ചാതുര്‍വര്‍ണ്യവുമൊന്നും ഈ പറഞ്ഞ നിലയിലല്ല നിലനില്‍ക്കുന്നത് എന്നൊരു വാദം ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കര്‍മ്മസിദ്ധാന്തപ്രകാരം ജാതി പദവി ആര്‍ജ്ജിതമാണത്രെ: ഒരു തരം സാമൂഹ്യ ബിരുദം. മുകളില്‍ പറഞ്ഞ കാര്യത്തിന് നമ്മുടെ സമീപകാല ചരിത്രത്തില്‍ നിന്ന് തന്നെയും നിരവധി തെളിവുകള്‍ കണ്ടെടുക്കാം. എന്നാല്‍ ബ്രാഹ്മണനായി സ്ഥാനക്കയറ്റം ലഭിച്ച ഒരു ക്ഷത്രിയനെ കാണണമെങ്കില്‍ തന്നെയും  മിത്തുകളില്‍, ഇതിഹാസങ്ങളില്‍ തിരയണം. ഒരേ ഒരു വിശ്വാമിത്രന്‍; പറഞ്ഞുകേള്‍ക്കുന്ന ഒറ്റ ഉദാഹരണം അത് മാത്രമാണ്!

ഇനി അവര്‍ പറയുന്ന യുക്തിവച്ച് തന്നെ ചിന്തിച്ചാല്‍ ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രാഹ്മണനായി തീരുന്നു. ഈ ബ്രഹ്മം എന്നത് അറിവാണെന്നും അത് ആര്‍ജിക്കാവുന്നതാണെന്നും അല്ലേ പറയുന്നത്. അങ്ങനെയെങ്കില്‍ വേദം കേട്ടുപഠിക്കാന്‍ ശ്രമിച്ച ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ച കഥ എങ്ങനെ ഉണ്ടായി? അതിനിപ്പോള്‍ ഉന്നയിച്ച് കേള്‍ക്കുന്ന ഒരു മറുവാദമാണ് ശുദ്ധിയുടേത്. അതായത് അറിവ് വിശുദ്ധമായ ഒന്നാണ്. അതിനെ ആര്‍ജിക്കുവാന്‍ പാത്രത്തിനും ശുദ്ധാശുദ്ധതകളുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പാലിക്കേണ്ടിവരും എന്ന്. ഈ അടുത്ത ദിവസങ്ങളില്‍ പുജാവിധികള്‍ പഠിച്ച് പി എസ് സി ടെസ്റ്റ്‌ എഴുതി പുജാരിയായ അബ്രാഹ്മണരെ അനുകൂലിച്ചുകൊണ്ട് തന്നെ, എതിര്‍ക്കാന്‍ അവര്‍ കണ്ടെത്തിയ ഒരു വാദമാണിത്. സംഗതി പഠിച്ച് പാസ്സായി. പക്ഷെ മാംസ ഭക്ഷണശീലം പോലെയുള്ളവ പരമ്പരാഗതമായി ഉള്ളവരില്‍ ഈ ശുദ്ധി എവിടെ? ഈ പറയുന്ന ബ്രാഹ്മണ, ക്ഷത്രിയാദികള്‍ ഒക്കെയും മാംസം ഭക്ഷിച്ചിരുന്നതിന് മേല്പറഞ്ഞ സാമൂഹ്യ ബിരുദം നേടി ബ്രാഹ്മണനായ വിശ്വാമിത്രന്റെയൊക്കെ കാലത്തുനിന്ന് പോലും തെളിവുകള്‍ കണ്ടെത്താമല്ലോ എന്ന മറുചോദ്യം വന്നാല്‍ അവര്‍ പിന്നെയും മലക്കം മറിയും. അത് കാലികമായ തിരുത്താണെന്ന് വരെ വാദിച്ച് കളയും. ഈ മലക്കം മറിച്ചിലുകളുടെ സാംസ്കാരിക യുക്തി ചുരുക്കി പറഞ്ഞാല്‍ ഇതാണ്.

ശുദ്ധവും അശുദ്ധവും, പവിത്രവും പതിതവും ഒക്കെ അതാത് കാലങ്ങളില്‍ ബ്രാഹ്മണിക് അധികാരം തീരുമാനിക്കും. വ്യവസ്ഥകളും അവര്‍ നിശ്ചയിക്കും. വിശ്വാമിത്രന് ശേഷം ആര്‍ക്കും ബ്രാഹ്മണ്യം കല്പിച്ച് കിട്ടിയില്ല എങ്കില്‍ അതിന് ‘യോഗ്യത’യുള്ളവര്‍ പിന്നിട് ഉണ്ടായില്ല എന്ന് ചുരുക്കം. എന്നാല്‍ അതിന് കിഴില്‍ അവര്‍ക്കായി ഭരണം നടത്താന്‍ അവര്‍ കല്പിച്ചരുളിയ നിരവധി ഓണററി ക്ഷത്രിയര്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒരാളാണ് നരേന്ദ്ര മോദി. അദ്ദേഹം ഒരു പിന്നോക്കക്കാരനായിട്ടുപോലും രാജ്യം ഭരിക്കുന്നില്ലേ, പിന്നെന്താ? അപ്പോള്‍ ജാതി ജന്മസിദ്ധമാണോ? പറയൂ!

വ്യവസ്ഥയുടെ ഇരകളായവരെക്കൊണ്ട് തന്നെ അത് സംരക്ഷിക്കാനായി ആയുധമെടുപ്പിച്ച് ബ്രാഹ്മണ്യം നിലനിര്‍ത്തി പോരുന്ന ഒന്നാണ് ഹിന്ദുത്വ രാഷ്ട്രിയം. അതായത് ഹിറ്റ്ലര്‍ ജര്‍മ്മന്‍കാരെ ഉത്ബോധിപ്പിച്ച ആര്യന്‍ മേധാവിത്വം ഇവിടെ ഹിന്ദുക്കള്‍ക്ക് ബാധകമല്ല. അയാള്‍ മുന്നോട്ട് വച്ച ജ്യൂത വിരോധം നിലവില്‍ സംഘം ഉയര്‍ത്തിക്കാട്ടുന്ന മുസ്ലീമിലേയ്ക്ക് മാത്രം ചുരുങ്ങുന്നതുമല്ല. കള്ളങ്ങളും കുതന്ത്രങ്ങളും കൊണ്ട് നിര്‍മ്മിച്ച ഒരു കോട്ടയ്ക്കുള്ളിലാണ് അത് സുരക്ഷിതമായി പ്രവര്‍ത്തിച്ച് പോരുന്നത്. അതുകൊണ്ട് തന്നെ ശരിയായാലും തെറ്റായാലും സത്യസന്ധമായ ബോദ്ധ്യങ്ങള്‍ മുന്നോട്ട് വച്ച് അതിനായി ഹെഗമണി തീര്‍ത്ത് നിലവില്‍ വന്ന വ്യവസ്ഥകള്‍ പ്രവര്‍ത്തി തലത്തില്‍ അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങളാല്‍ തകര്‍ക്കപ്പെടുന്നതുപോലെ ഹിന്ദുത്വം തകരില്ല. കാരണം അത് മുതലാളിത്തം പോലെ ഒരു ചുഷണമാത്ര പ്രത്യയശാസ്ത്രമാണ്. അതുകൊണ്ട് തന്നെ ഒരു കള്ളം വരുത്തിവച്ച പ്രതിസന്ധി അത് മറ്റൊരു കള്ളത്തിലൂടെ മറികടക്കും. ഏതുവരെ? സമൂഹത്തെ  ഈ കള്ളത്തരങ്ങള്‍ക്ക് ഇരയായും കാവലായും നില്‍ക്കാന്‍ നിര്‍ബന്ധിതമാക്കുന്ന ഭൌതികവും സാംസ്കാരികവുമായ അവസ്ഥ മാറുംവരെ.

അതിന് ഒരു വന്‍ സാംസ്കാരിക-രാഷ്ട്രീയ പരിണാമം സംഭവിക്കണം. അത് ഒരു ധനാത്മക പ്രത്യയശാസ്ത്രത്തിന്റെ ഭൌതികവും ധൈഷണികവുമായ ഇടപെടല്‍ ഇല്ലാതെ താനേ സംഭവിക്കുകയുമില്ല. അതാണ്‌ സംഘപരിവാര്‍ നിലവില്‍  നേരിടുന്ന ഒരേ ഒരു ഭീഷണി. അത് ആരില്‍ നിന്നും വരുന്നു എന്നത്, അവര്‍ ആരെ ഫ്രാന്റിക്കായി എതിര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ നിന്ന് മനസിലാക്കാം. അതുവരെ എല്ലാം ശരി. പക്ഷെ അവരുടെ പ്രതിരോധം, അതിനെ വിലയിരൂത്തുന്നതില്‍ വരുന്ന പിഴവുകള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും. ഹിന്ദുക്കള്‍ കമ്യൂണിസ്റ്റുകാരാലും മുസ്ലീങ്ങളാലും ഒരുപോലെ വേട്ടയാടപ്പെടുന്ന ഒരു നാട് എന്ന നിലയില്‍ കേരളത്തെ അവര്‍ വാര്‍ത്തകളിലുടെ പ്രൊജക്റ്റ് ചെയ്യാന്‍ തുടങ്ങിയത് ഈ കോമഡി രക്ഷായാത്ര തൊട്ടൊന്നുമല്ല. ദീര്‍ഘമായ ഒരു ദേശിയ നിലമൊരുക്കലിനു ശേഷമാണ് അവര്‍ കേരളത്തില്‍; നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ബാക്കിയാവുന്ന രണ്ട് കമ്യൂണിസ്റ്റ് സംസ്ഥാനങ്ങളില്‍, താരതമ്യമില്ലാത്ത വണ്ണം വലിയ സംസ്ഥാനത്തില്‍ യാത്ര തുടങ്ങുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ അംബേദ്‌കര്‍-മാര്‍ക്സ് കൈകോര്‍ക്കലിന്റെ പ്രത്യയശാസ്ത്ര ഭീഷണി മുതല്‍ രാജസ്ഥാനില്‍ നിന്ന് ലഭിച്ച പ്രത്യക്ഷ, പ്രായോഗിക സൂചന വരെയുണ്ട്.

ഇതാണ് ജനരക്ഷാ യാത്രയുടെ യഥാര്‍ത്ഥ പശ്ചാത്തലം. ലക്ഷ്യം കേരളമല്ല, ഇന്ത്യയാണ്, അവിടെ പൊറുതിമുട്ടുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍കൃതര്‍ക്ക് ഇടയില്‍ സംഭവിക്കാവുന്ന ഐക്യമാണ്. കമ്യൂണിസ്റ്റുകള്‍ ഹിന്ദുവിരോധികളും അതുകൊണ്ട് മാത്രം ബിജെപി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ ഭരണനടപടികളോട് സഹകരിക്കാതെ പിന്നോക്കാവസ്ഥ സ്വയം വരിച്ചവരും ആണെന്ന് അവര്‍ പറയുന്നത് മലയാളികള്‍ വിശ്വസിക്കാനല്ല. ഞാന്‍ ആദ്യം പറഞ്ഞ, ദാരിദ്ര്യവും അനാരോഗ്യവും നിരക്ഷരതയും കൊണ്ട് വന്‍  പിന്നോക്കാവസ്ഥയില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷ ജനത പത്രം വായിച്ചോ, ചാനല്‍ ചര്‍ച്ച കേട്ടോ അല്ല അഭിപ്രായം രൂപീകരിക്കുന്നതും. അപ്പോള്‍ കേരളത്തില്‍ അവര്‍ നടത്തിയ ജനരക്ഷാ യാത്രയുടെ ഓളം ഇന്ത്യ ഒട്ടാകെയുണ്ട്; ചുവപ്പ് ഭീകരത-ജിഹാദി എന്ന മുദ്രാവാക്യവും. അത് ചീറ്റിപ്പോയത് പരമാവധി നാഗരിക മദ്ധ്യവര്‍ഗ്ഗത്തിന്റെ ഇടയിലും.

മദ്ധ്യവര്‍ഗ്ഗം എന്നത് കേരളത്തില്‍ ഭൂരിപക്ഷമാണെങ്കിലും ഇന്ത്യയില്‍ അങ്ങനെ അല്ലല്ലോ. ഇവിടെ ചീറ്റിപ്പോയ ആ വെടി മറ്റു പല ഇടങ്ങളിലും പരിവാറികള്‍ മെനക്കെട്ടിരുന്ന് ഫോട്ടോഷോപ്പും അനുഭവ കഥനവും ഒക്കെയായി ഊതിപ്പിടിപ്പിക്കുന്നുണ്ട്. അത്തരം ഒരു കനല്‍ അവര്‍ക്ക് ലഭ്യമാക്കുന്നതില്‍ അപ്പുറം ലക്ഷ്യമൊന്നും കേരളത്തില്‍ കോമഡി രക്ഷായാത്രയായി കലാശിച്ച ഇതിന് സംഘപരിവാരവും നല്‍കി കാണാന്‍ ഇടയില്ല.

അതുകൊണ്ട്, ജാഗ്രത… സംഘിത്തം ഫാഷിസമല്ല, അതിലും വിഷമാണ്. ഒരിക്കല്‍ വന്നുപോയാല്‍ പിന്നെ വരാത്തവണ്ണം ആ ദേഹത്തെ പ്രതിരോധക്ഷമമാക്കുന്ന ഒരു രോഗവുമല്ല. അത് കാന്‍സറസാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍