UPDATES

ഇങ്ങനെയുള്ള ഒരു പാർട്ടി പിളർന്നാലും വളർന്നാലും സത്യത്തിൽ പൊതുജനത്തിന് എന്ത് കാര്യം?

കേരള കോൺഗ്രസിലെ പതിനൊന്നാമത്തെ പിളർപ്പിനാണ് ഇന്നലെ കോട്ടയം സാക്ഷ്യം വഹിച്ചത്

കെ എ ആന്റണി

കെ എ ആന്റണി

ഒന്നും അവിചാരിതമോ പൊടുന്നനെ സംഭവിച്ചതോ ആയിരുന്നില്ല. പൊട്ടലും ചീറ്റലും അന്തരീക്ഷത്തിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു. മൂടിക്കെട്ടിയ മേലാപ്പിനു കീഴെ നിന്നും പല്ലിറുമ്മുന്ന ശബ്‌ദം പലരും കേട്ടിരുന്നതുമാണ്. ഒടുവിൽ അനിവാര്യമായ ഒന്ന് അങ്ങ് സംഭവിച്ചെന്ന് കരുതിയാൽ മതി. അല്ലെങ്കിൽ തന്നെ അസംപ്തൃപ്തിയും ശ്വാസംമുട്ടലും ഓക്കാനവുമൊക്കെ എത്രകണ്ട് ഒരു മരണ വീടിന് താങ്ങാൻ കഴിയും? രണ്ടില നെടുകെ പിളർക്കുമ്പോഴും കേരള കോൺഗ്രസിലെ പിളർപ്പുകൾക്കും ലയനങ്ങൾക്കും എന്നും നെടുനായകത്വം വഹിച്ച കരിംകോഴക്കൽ മാണി മാണിയുടെ പുത്രൻ ജോസ് കെ മാണി കരുതിയതും ഇങ്ങനെയൊക്കെ തന്നെയാവും. ഇനി പുതിയ ആകാശം പുതിയ ഭൂമി. പിളർപ്പ് ഒഴിവാക്കാൻ കടിനാനാദ്ധ്വാനം ചെയ്ത സഭക്കും യു ഡി എഫ് മേലധികാരികൾക്കും ഇപ്പോഴും എപ്പോഴും സ്തുതിയും ബഹുമാനവും. പിളർപ്പിനായി കാതോർത്തിരുന്നവർക്ക് ശാന്തിയും  സമാധാനവും.  എങ്കിലും മകനായിട്ടൊരാൾ ഒരു പുതിയ കുടുംബം തുടങ്ങുമ്പോൾ അപ്പനെ മറക്കരുതല്ലോ. അതുകൊണ്ട് അപ്പനും സ്തുതി.

സത്യത്തിൽ ഇന്നലെ കേരള കോൺഗ്രസിനെ നെടുകെ പിളർത്തികൊണ്ട് ജോസ് കെ മാണി അപ്പനെക്കുറിച്ചു പറഞ്ഞത് ശ്രവിച്ച അയാളുടെ കൊടിയ അനുയായികളെങ്കിലും ഒരുവേള നിശബ്തരാവുകയും ആനന്ദാശ്രുക്കൾ പൊഴിക്കുകയും ചെയ്തിരിക്കണം തീർച്ച. മാണിസാറിനെ സ്നേഹിക്കുന്നവർക്കൊപ്പം മാണിസാർ ഉണ്ടെന്ന ധ്വനി ചെയർമാനായി വാഴിക്കപ്പെട്ടതിനു തൊട്ടു പിന്നാലെ അണികളെ അഭിസംബോധന ചെയ്ത ജോസ് കെ മാണിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. ‘ഈ യാത്രയിൽ മാണി സാറിന്റെ ആത്മാവ്‌ ഞങ്ങൾക്കൊപ്പമാണ്’ എന്നാണത്രെ അദ്ദേഹം പറഞ്ഞത്. അല്ലെങ്കിലും മകനെ ഇത്രമേൽ സ്നേഹിക്കുകയും ലാളിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത പിതാവിന്റെ ആത്മാവ്‌ മകനൊപ്പമല്ലാതെ പിന്നാർക്കൊപ്പം നിൽക്കാനാണ്. മകന്റെ ആത്മവിശ്വാസത്തിന്റെ കാറ്റ് അങ്ങ് പാലായിലെ കുടുംബ കല്ലറയിൽ എത്തിയോ എന്നൊന്നും അറിയില്ലെങ്കിലും അങ്ങനെ തന്നെ സംഭവിച്ചുവെന്ന് കരുതാനാവും ജോസ് മോനും അനുയായി വൃന്ദത്തിനും താല്പര്യം.

കേരള കോൺഗ്രസിലെ പതിനൊന്നാമത്തെ പിളർപ്പിനാണ് ഇന്നലെ കോട്ടയം സാക്ഷ്യം വഹിച്ചത്. പിളർപ്പെന്നത് കേരള കോൺഗ്രസിൽ ഒരു പുതിയ കാര്യമൊന്നുമല്ല. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രെസെന്ന് മാണിസാർ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. സത്യത്തിൽ ഈ പിളർപ്പ് പാർട്ടി ചെയർമാൻ ആയിരുന്ന മാണി ജീവിച്ചിരുന്നപ്പോൾ തന്നെ സംഭവിക്കേണ്ടതായിരുന്നു. ഇടക്കാലത്തു മാണി എൽ ഡി എഫിലേക്കു പോകുമെന്ന സംസാരം ഉണ്ടായ ഘട്ടത്തിൽ തന്നെ പി ജെ ജോസഫ് എന്ന ഔസേപ്പച്ചനും കൂട്ടരും ഇടഞ്ഞതായിരുന്നു. ലോക്സഭയിൽ കാലാവധി ബാക്കിയുണ്ടായിട്ടും മകനെ പിടിച്ചു രാജ്യസഭ അംഗമാക്കിയപ്പോൾ മുറുമുറുപ്പ് വർധിച്ചു. പാർട്ടി കമ്മിറ്റികളിലൊന്നും ചർച്ച ചെയ്യാതെ കേരളയാത്ര നയിക്കാൻ അപ്പൻ മകനെ അയച്ചപ്പോൾ മുറുമുറുപ്പ് കലാശാലായി. ജോസ് കെ മാണി ഒഴിവാക്കിയ കോട്ടയം സീറ്റ് തനിക്കു വേണമെന്ന് ഔസേപ്പച്ചൻ പിടിവാശി പിടിച്ചതും പാർട്ടിക്കുള്ളിൽ പുകയുന്ന അതൃപ്തിയുടെ ഭാഗം തന്നെയായിരുന്നു. ഔസേപ്പച്ചനെ പിരികേറ്റാൻ കോട്ടയത്തെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും ഉണ്ടെന്ന സൂചനയും ശക്തമായിരുന്നു. ഒടുവിൽ മാണി മരിച്ചതോടെ ചെയർമാന്റെ കസേരയിൽ ആരിരിക്കണം എന്നതായി തർക്കം. അപ്പന്റെ കസേര എനിക്ക് തന്നെ എന്ന് മകനും അല്ല എനിക്കാണ് വേണ്ടതെന്നു പറഞ്ഞു വർക്കിംഗ് ചെയർമാൻ ഔസേപ്പച്ചനും തമ്മിൽ ആരംഭിച്ച കടിപിടിയുടെ ക്ലൈമാക്സ് ആണ് ഇന്നലെ കോട്ടയത്ത് കണ്ടത്.

പാർട്ടി പിളർന്നെങ്കിലും അത് സമ്മതിച്ചു കൊടുക്കാൻ ഔസേപ്പച്ചൻ ഇപ്പോഴും തയ്യാറല്ല. ആൾക്കൂട്ടം തിരെഞ്ഞെടുത്ത ചെയർമാനാണ് ജോസ് കെ മാണിയെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നുമാണ് ഔസേപ്പച്ചന്റെ നിലപാട്. എന്നാൽ തന്നെ കേരള കോൺഗ്രസ് – എം ചെയർമാനായി തിരഞ്ഞെടുത്തുവെന്നു കാണിച്ചു ജോസ് കെ മാണി ഇന്നലെ തന്നെ തിരെഞ്ഞെടുപ്പ് കമ്മീഷന് ഇ-മെയിൽ സന്ദേശം അയച്ചു കഴിഞ്ഞു. എന്നുവെച്ചാൽ പാർട്ടിയും കൊടിയും ചിഹ്നവും ഓഫിസുകളുമൊക്കെ ഇനി അയാൾക്ക്  സ്വന്തം എന്ന് സാരം. ഔസേപ്പച്ചന് ഇനി കേസിനുപോകാം. ഇരുവിഭാഗം അണികൾക്കും തെരുവിൽ ഏറ്റുമുട്ടാം. വേണമെങ്കിൽ മരിക്കുകയും ചെയ്യാം. അത്തരത്തിലുള്ള എല്ലാ ഓപ്‌ഷനുകളും അവർക്കു മുൻപിലുണ്ട്.

അപ്പോഴും പി ടി ചാക്കോ എന്ന കോൺഗ്രസ് നേതാവിനോട് കോൺഗ്രസ് അനീതി കാട്ടിയെന്ന് പറഞ്ഞു ചാക്കോയുടെ മരണ ശേഷം (കൃത്യമായി പറഞ്ഞാൽ 1964 ൽ) അദ്ദേഹത്തിന്റെ അനുകൂലികളായിരുന്ന ഒരു സംഘം കോൺഗ്രസ്സുകാർ മന്നത്തു പദ്മനാഭന്റെ അനുഗ്രഹാശിസുകളോടെ രൂപീകരിച്ച കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഇന്നത്തെ പ്രസക്തി എന്തെന്ന ചോദ്യം ബാക്കിനിൽക്കുന്നു. മധ്യ തിരുവിതാംകൂറിലെ ഒരു സംഘം നസ്രാണികളും  നായന്മാരും ചേർന്ന് ഉണ്ടാക്കിയ കേരള കോൺഗ്രസ് എന്ന പ്രസ്ഥാനം ഒരു കാലത്തു വളരെ ശക്തമായിരുന്നു. ഒരു ഘട്ടത്തിൽ 22 സീറ്റ് വരെ നേടി (മാണി കോൺഗ്രസ്സും ആർ ബാലകൃഷ്ണ പിള്ള കോൺഗ്രസ്സും ചേർന്ന്) കേരളത്തിൽ കോൺഗ്രസ് ഉൾപ്പെടെ മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും കനത്ത വെല്ലുവിളി ഉയർത്താനും കഴിഞ്ഞ ഒരു രാഷ്ട്രീയ പ്രസ്ഥാനം ആയിരുന്നുവെന്നതും ശരി തന്നെ. എന്നാൽ ആ പ്രസ്ഥാനത്തിൽ പിന്നീടുണ്ടായ ഓരോ പിളർപ്പും വളർച്ചയുമൊക്കെ നേതാക്കളുടെ ആസ്തിയും സ്വാധീനവും വളർത്താൻ മാത്രമേ ഉപകരിച്ചുള്ളു. നേതാക്കളോട് ഒട്ടി നിന്ന ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരും നേട്ടമുണ്ടായേക്കി. അനധികൃത ഭൂമി കയ്യേറ്റങ്ങളിലും റബ്ബർ സൊസൈറ്റികളുടെ പേരിൽ നടന്ന തട്ടിപ്പുകളിലും മാത്രം ഒതുങ്ങുന്നതല്ല ഇത്തരം നേട്ടങ്ങൾ. സുനാമി ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി വിനിയോഗിക്കപ്പെട്ട പണത്തിന്റെ നല്ലൊരു ഭാഗം പല ജില്ലാ പ്രസിഡന്റുമാരുടെ വീടുകളിലേക്കുള്ള റോഡിനും അവരുടെ പറമ്പിൽ വലിയ കുളങ്ങൾ നിര്‍മ്മിക്കപ്പെടുന്നതിനും വേണ്ടി വിനിയോഗിക്കപ്പെട്ടതും കെ എം മാണി മന്ത്രിയായിരുന്ന ഘട്ടങ്ങളിലാണ്. ഇങ്ങനെയുള്ള ഒരു പാർട്ടി  പിളർന്നാലും വളർന്നാലും സത്യത്തിൽ പൊതുജനത്തിന് എന്ത് കാര്യം?

Read More: പിളര്‍പ്പിന് ശേഷം നിയമനടപടികളുമായി കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍; പാല ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് കടമ്പയാകും

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍