UPDATES

ഡോ. ജയകൃഷ്ണന്‍ പി.ആര്‍

കാഴ്ചപ്പാട്

Guest Column

ഡോ. ജയകൃഷ്ണന്‍ പി.ആര്‍

അടുത്ത വര്‍ഷവും പ്രളയമുണ്ടാകുമോ? അതിതീവ്ര മഴയും വെള്ളപ്പൊക്കവും- ഒരു അവലോകനം

കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിക്കുക എന്നതാണ് ആദ്യപടി

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അങ്ങനെ തമാശ പറഞ്ഞു ചിരിച്ചു കളയാനുള്ള വിഷയങ്ങൾ അല്ല. രണ്ടും പടിവാതിക്കൽ വന്നു നിൽക്കുന്ന വിഷസർപ്പങ്ങളാണ്. പണ്ടൊക്കെ ഞാൻ ഗവേഷണം ചെയ്യുന്ന സമയത്ത് (2006 സമയത്തൊക്കെ) 2020-ലെ താപനില, കാറ്റ് തുടങ്ങിയവയുടെ മോഡൽ പ്രവചനങ്ങൾ എടുത്തു നോക്കാറുണ്ട്. അന്നൊക്കെ വിചാരിക്കും ഓ, 2020 അല്ലേ, അതൊക്കെ ഇനിയും എത്ര കാലം പിടിക്കും എന്ന്. അന്ന് പ്രവചിച്ച താപനിലയില്‍ കൂടുതൽ ഒന്നും ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ല എന്നായിരുന്നു ധാരണ. കാലം മാറി. അത് പോലെ തന്നെയായിരുന്നു ആഗോളതാപനവും തുടർന്നുണ്ടാവുന്ന അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളും. ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ല എന്ന് സമാധാനിച്ചിരുന്നവ ഇപ്പൊ കടന്നു വരുന്നു. ദൈവത്തിന്റെ സ്വന്തം നാടാണ്, നമ്മൾ എല്ലാവരും സേഫ് സോണിലാണ്. പ്രളയം ഒക്കെ അവർക്കല്ലേ, എന്ന് സമാധാനിച്ചിരുന്ന നമ്മൾ കേരളീയർക്ക് പ്രളയം ഒരു വാർത്ത അല്ലാതെയായിരിക്കുന്നു. മുംബൈയിൽ കൊടുംപ്രളയം, അസ്സമിൽ പ്രളയം, ചെന്നൈയിൽ പ്രളയം, കർണാടകയിൽ പ്രളയം എന്നൊക്കെ കേട്ടപ്പോഴും നമ്മൾ വിചാരിച്ചു കേരളത്തിൽ പ്രളയം ഉണ്ടാവില്ല എന്ന്. ഇതാ 2018-ലും ഇപ്പൊ 2019-ലും ഒരേ മാസത്തിൽ തന്നെ പ്രളയം ആവർത്തിച്ചിരുന്നു. ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്ന സമസ്യയാണിത്. പ്രത്യേകിച്ചും ഈ മേഖലയിൽ വൈദഗ്ധ്യം ഇല്ലാത്ത ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ അനവധിയാണ്. കാലാവസ്ഥാ പ്രവാചകരെയും കാലാവസ്ഥാ ശാസ്ത്രജ്ഞരെയും മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന പതിവ് പല്ലവിയിൽ കളിയാക്കുന്നവർക്ക് അത് ഇനിയും തുടരാം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെയും മറ്റനേകം ഏജൻസികളുടെയും കാലാവസ്ഥാ പ്രവചനങ്ങൾ ഇപ്പോഴും ജനങ്ങൾ വേണ്ടത്ര രീതിയിൽ ജാഗ്രതയോടെ എടുക്കുന്നുണ്ടോ എന്നുള്ളത് സംശയയമാണ്. സാധാരണ ജനങ്ങളുടെ അടുത്തേക്ക് ഈ കാലാവസ്ഥാ പ്രവചനങ്ങൾ അതിന്റെതായ ഗൗരവത്തിൽ എത്തുന്നുണ്ടോ എന്നതും ഒരു വസ്തുത തന്നെയാണ്. ഈ പശ്ചാത്തലത്തിൽ പ്രളയവും അതിനോടനുബന്ധിച്ചുണ്ടാകാവുന്ന സാധാരണക്കാരുടെ സംശയങ്ങളും ഒന്ന് വിശകലനം ചെയ്യാൻ ഉള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.

എന്തുകൊണ്ട് ഈ പ്രളയം ഉണ്ടായി?

ഒറ്റ വാക്കിൽ ഉത്തരം പറയാവുന്ന ഒരു സംഗതി അല്ല. കഴിഞ്ഞ തവണത്തേയും ഇത്തവണത്തേയും പ്രളയം ശ്രദ്ധിച്ചാൽ തന്നെ ഒരു കാര്യം ഉറപ്പാണ്. ജൂൺ, ജൂലൈ എന്നീ മാസങ്ങളിൽ കേരളത്തിൽ സാധാരണ നിലയിലോ അതിലും കുറവോ മഴ പെയ്യുകയും പൊടുന്നനെ ഓഗസ്റ്റ് മാസം പകുതിയോടടുപ്പിച്ച് അഞ്ചോ ആറോ ദിവസം കൊണ്ട് ഒരു മാസം പെയ്യേണ്ടുന്നതോ അല്ലെങ്കിൽ രണ്ടു മാസം കൊണ്ടോ പെയ്യേണ്ടുന്നതോ ആയ മഴ തിമിർത്തു പെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. ഉദാഹരണത്തിന് ഈ വർഷം എടുക്കുകയാണെങ്കിൽ ഇടുക്കിയിൽ മാത്രം ജൂൺ മാസം മുഴുവൻ പെയ്തത് 336 mm മഴയും ജൂലൈ മുഴുവനും കൊണ്ട് 532.5 mm മഴയും ആണെങ്കിൽ ഓഗസ്റ്റിൽ ആകെ ഒരു ആഴ്ച കൊണ്ട് പെയ്ത മഴ 638.4 mm ആണ്. എന്ന് വച്ചാൽ ഒരു മാസം കൊണ്ട് പെയ്ത മഴയെക്കാൾ കൂടുതൽ ഒരാഴ്ച കൊണ്ട് പെയ്തു തീർത്തു എന്നർത്ഥം. കൂടുതൽ വിശദമാക്കുകയാണെങ്കിൽ ഒരു ദിവസം, അതായത് ഇടുക്കിയിൽ 24 മണിക്കൂർ കൊണ്ട് പെയ്യേണ്ടുന്ന മഴ സാധാരണ നിലയിൽ 20 mm ആണെന്ന് ഇരിക്കട്ടെ, ആ ദിവസം രാവിലെ തന്നെ ഒരു മണിക്കൂർ കൊണ്ട് ഏകദേശം 100 mm മഴ പെയ്താൽ പ്രളയം തന്നെ ഉണ്ടാകും. ഒരു ദിവസം കൊണ്ട് പെയ്യേണ്ടുന്ന മഴ ഒരു മണിക്കൂർ കൊണ്ട് പെയ്താൽ സ്വാഭാവികമായും വെള്ളം പൊങ്ങും. ആകെ പ്രശ്നമാവും. ഇത് തന്നെയാണ് അടിസ്ഥാനപരമായി പ്രളയം ഉണ്ടാവാൻ ഉള്ള കാരണം. ശാസ്ത്രീയമായ വിശകലനങ്ങൾ കൂടുതൽ പഠനങ്ങൾ നടത്തിയാലേ അറിയാൻ സാധിക്കൂ.

എല്ലാ വർഷവും ഓഗസ്ത് മാസത്തിൽ പ്രളയം പ്രതീക്ഷിക്കാമോ?

ഒരിക്കലുമില്ല. അങ്ങനെ സ്ഥിരമായി ഉണ്ടായ ഒരു കാലാവസ്ഥാ വ്യതിയാനം ആയിട്ടൊന്നും ഈ പ്രളയത്തെ നമുക്ക് കാണാൻ സാധിക്കില്ല. എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും ഭാഗമായി അതിതീവ്ര മഴകൾ, അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളായ ഉഷ്‌ണ തരംഗങ്ങൾ, കടലിൽ കൂടുതൽ ചുഴലിക്കാറ്റുകൾ തുടങ്ങിയവ ഉണ്ടാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അത് എവിടെയൊക്കെ, എപ്പോൾ ഒക്കെ ഉണ്ടാവും എന്നത് പ്രവചനാതീതമാണ്. അടുത്ത കൊല്ലം ഈ സമയത്ത് കൊടുങ്കാറ്റ് ഉണ്ടാകുമോ എന്ന് നമ്മുടെ ഇപ്പോഴത്തെ ശാസ്ത്ര സങ്കേതങ്ങൾ വച്ച് നമുക്ക് പ്രവചിക്കാൻ സാധ്യമല്ല. അതുപോലെ ഇത്തവണത്തേയും കഴിഞ്ഞ തവണത്തേയും മഴ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഉണ്ടായതാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കണെങ്കിലും ഒട്ടനവധി പഠനങ്ങൾ നടത്തേണ്ടതുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. കാലാവസ്ഥാ വ്യതിയാനം ഒരു സത്യമാണ്. ആഗോള താപനവും ഒരു ചങ്കിടിപ്പാണ്. രണ്ടും നമ്മുടെ പടിവാതിക്കൽ എത്തിയിട്ടുണ്ട്. ഇനി എന്ത് ചെയ്യാൻ സാധിക്കും എന്നത് മാത്രമേ ചോദ്യമുള്ളൂ.

എങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനം മൂലം അതിതീവ്ര മഴയും ഉഷ്ണതരംഗങ്ങളുമെല്ലാം ഉണ്ടാവുന്നത്?

വ്യവസായവത്ക്കരണം മൂലവും മനുഷ്യന്റെ ഇടപെടൽ മൂലവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിന്മടങ്ങു അളവിൽ കാർബൺ ഡയോക്‌സൈഡ് കലർന്നിട്ടുണ്ട്. കഴിഞ്ഞ നൂറു വർഷത്തിനിടയിൽ തന്നെ ഇതിൽ ഉണ്ടായിട്ടുള്ള ഭീമമായ അളവ് കൊണ്ട് ഹരിതഗൃഹ പ്രഭാവം മൂലം ആഗോള തലത്തിൽ ചൂട് വർധിച്ചിട്ടുണ്ട്. ഇങ്ങനെ ചൂട് വർദ്ധിക്കുന്നതുകൊണ്ടു പ്രധാനമായും രണ്ട് ഫലങ്ങളാണുള്ളത്. ഒന്ന് ചൂട് കൂടുമ്പോൾ കടലിലെ ചൂടും കൂടും. അതിനനുസരിച്ച് കടലിലെ ജലത്തിൽ സംഭരിച്ചു വെക്കാവുന്ന ഊർജം കൂടും. കടൽ വികസിക്കുകയും ചെയ്യും ഒപ്പം. കടലിലെ കൂടുതൽ അളവിൽ നിന്നുള്ള ഊർജം സ്വീകരിച്ച് കൂടുതൽ മഴ മേഘങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം ഒരുങ്ങുന്നു. ഒപ്പം തന്നെ കൂടിയ അളവിലുള്ള അന്തരീക്ഷത്തിലെ ചൂട് അന്തരീക്ഷത്തിലെ വായുവിന് കൂടുതൽ ജലതന്മാത്രകളെ ഉൾക്കൊള്ളാൻ ശേഷി നൽകുന്നു. അത് മൂലം കൂടുതൽ പ്രഹര ശേഷി ഉള്ള മഴമേഘങ്ങൾ ഉണ്ടാവുന്നു.

എങ്ങനെയാണ് ഒരു കാലാവസ്ഥാ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഉണ്ടായതാണ് എന്ന് പറയാൻ പറ്റുന്നത്?

എല്ലാത്തിനെയും നമുക്ക് കാലാവസ്ഥാ വ്യതിയാനവുമായി കൂട്ടിക്കെട്ടാൻ പറ്റും എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അതുമായി സംബന്ധിക്കുന്ന പഠനങ്ങൾ (attribution studies) നടത്തിയാൽ മാത്രമേ അത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണെന്നു പറയാൻ പറ്റുകയുള്ളൂ. ഉദാഹരണത്തിന്, കംപ്യൂട്ടർ സിമുലേഷനുകളിൽ കാർബൺഡയോക്‌സൈഡ് ഇരട്ടി ആകുന്നതു മാറ്റി പകരം നാലിരട്ടി ആകുന്നതു നമുക്ക് സിമുലേറ്റ് ചെയ്യാൻ സാധിക്കും. അങ്ങനെ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുക എന്ന് നോക്കാം. അതിനനുസരിച്ച് താപനിലയിലുള്ള വ്യത്യാസവും അതുപോലെ മാറുന്നു. ഇതുപോലെ അമേരിക്കയിൽ ഉണ്ടായ ഹാർവി ചുഴലിക്കാറ്റിനെക്കുറിച്ച് പഠനങ്ങൾ നടത്തിയപ്പോൾ മനുഷ്യന്റെ ഇടപെടൽ മൂലം ഉണ്ടായ കാലാവസ്ഥാ വ്യതിയാനം കൊണ്ടും ആഗോള താപനം കൊണ്ടും മാത്രം ഹാർവി ചുഴലിക്കാറ്റിൽ ഉണ്ടായ മഴയുടെ തീവ്രത 15 ശതമാനം കൂടുതലായിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി. അതുപോലെ ഈ പ്രതിഭാസവും നമുക്ക് പഠിക്കാൻ സാധിക്കും. കൂടുതൽ സമയം വേണ്ടി വരും. കൂടുതൽ ഡാറ്റയും.

മഴയുടെയും മേഘങ്ങളുടെയും ഘടന മാറിയോ?

കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ എന്ന് മാത്രമല്ല ലോകത്തിലെ തന്നെ മഴയുടെയും മേഘങ്ങളുടെയും ഘടന മാറിയിട്ടുണ്ട്. ഇന്ത്യൻ മൺസൂൺ മേഘങ്ങൾ പൊതുവെ പരന്നു കിടക്കുന്ന, അധികം ഉയരത്തിലല്ലാത്ത, ഏകദേശം 3-4 കി.മീ ഉയരത്തിലുള്ള നിമ്പോസ്ട്രാറ്റസ് എന്നറിയപ്പെടുന്നതരം മേഘങ്ങളാണ് എന്നാണ് നമ്മൾ പഠിച്ചിരിക്കുന്നത്. കൂടാതെ ഇത്തരം മേഘങ്ങളിൽ ഇടിവെട്ടിനു സാധ്യമായ ഭൗതിക സാഹചര്യങ്ങൾ ഇല്ലാത്തതുകൊണ്ട് പൊതുവെ മൺസൂൺ സമയത്ത് ഇടിവെട്ട് കുറവാണ് എന്നും പഴയകാല ശാസ്ത്ര ലേഖനങ്ങളും പുസ്തകങ്ങളും പറയുന്നു. എന്നാൽ കഴിഞ്ഞ ഒരു പത്തോ ഇരുപതോ വർഷങ്ങളിലെ മഴയുടെയും മേഘങ്ങളുടെയും ഘടന പരിശോധിച്ചാൽ ഇതിൽ നിന്നുമുള്ള മാറ്റം കാണാവുന്നതാണ്. മേഘങ്ങളിലെ ജലത്തിന്റെ വ്യാപ്തി, മേഘങ്ങളുടെ ഉയരം തുടങ്ങിയവ മാറിയിട്ടുണ്ട്. കുറച്ചു സമയം കൊണ്ട് കൂടുതൽ പെയ്യുന്ന രീതിയിലുള്ള അതിതീവ്ര മഴ, മഴത്തുള്ളികളുടെ വലുപ്പത്തിൽ ഉള്ള മാറ്റം എന്നിവ ശ്രദ്ധേയമാണ്.

Read Azhimukham: പ്രളയകാലത്തിന്റെ ഓമനയായി മനുഷ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ കൊച്ചുമിടുക്കിക്ക് ‘വല്യ സ്‌പോര്‍ട്‌സുകാരി’യാകണം; ഇപ്പോള്‍ വേണ്ടത് ഒരു വീടാണ്

കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാവുന്ന കെടുതികൾക്ക് നമുക്ക് എന്ത് ചെയ്യാനാകും?

കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിക്കുക എന്നതാണ് ആദ്യത്തെ പടി. ഒരു വലിയ ചെമ്പു വാർപ്പിൽ ചെറിയ ചൂടിൽ വെള്ളം ചൂടാക്കി കൊണ്ടിരിക്കുക എന്ന് വയ്ക്കുക. ആദ്യം അത് ചെറിയ ചൂട് വെള്ളമാവും. പിന്നീട് അത് വെട്ടിത്തിളയ്ക്കാൻ തുടങ്ങും. അപ്പൊ നിറച്ചും കുമിളകൾ ഉണ്ടാവും. അതുപോലെ, പല സ്ഥലത്തുള്ള കുമിളകളായി നമുക്ക് കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാവുന്ന അതിതീവ്ര പ്രതിഭാസങ്ങളെ ഉപമിക്കാം. വെട്ടിത്തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ കിടക്കുന്ന നമ്മൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ് ആദ്യത്തെ ചോദ്യം. ഒന്നുകിൽ നമുക്ക് അടുപ്പ് ഓഫ് ചെയ്യാം. അപ്പോള്‍ തിള നിൽക്കും. അതായത് മനുഷ്യന്റെ ഇടപെടൽ മൂലം ഉണ്ടാവുന്ന കാർബൺ ഉത്സർജനം, അതേപോലെ മറ്റു ഹരിത വാതകങ്ങൾ എന്നിവ കുറച്ചു കൊണ്ട് വരിക എന്നതാണ് ആദ്യത്തെ പടി. അടുപ്പ് ഓഫ് ചെയ്യുന്നത് പോലെ ഒറ്റ നിമിഷം കൊണ്ട് ഇത് സാധിക്കുമോ? ഇല്ല. ഇപ്പൊ കുറയ്ക്കണം എന്ന് വിചാരിച്ചാലും അതിന്റെ പ്രഭാവമുണ്ടാവാൻ വർഷങ്ങൾ പിടിക്കും. അടുപ്പ്  ഓഫ് ചെയ്താലും വെള്ളത്തിന്റെ ചൂട് മാറാൻ സമയം എടുക്കുമല്ലോ. ഇത് തന്നെയാണ് പ്രകൃതിയുടെ കാര്യത്തിലും. ഇപ്പോള്‍ പോയ്ക്കൊണ്ടിരിക്കുന്ന പാതയിൽ നിന്നും പെട്ടെന്നുള്ള വ്യതിചലനം അസാധ്യമാണ്. കാർബൺ എമിഷൻ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തികൾ അല്ല, മറിച്ച് വിവിധ ഗവൺമെന്റുകളാണ് തീരുമാനം എടുക്കേണ്ടത് എന്നതും ശ്രദ്ധേയമാണ്. അതിന് പോളിസി വിദഗ്ധർ പല രാജ്യങ്ങളിലും നിന്ന് ഒത്തു കൂടി തീരുമാനം എടുക്കേണ്ടി വരും. ഇപ്പോഴുള്ള കാലാവസ്ഥാ വ്യതിയാനവുമായി താദാത്മ്യം പ്രാപിക്കുക എന്നത് മാത്രമേ തത്ക്കാലം രക്ഷയുള്ളൂ. അതിനു ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ എന്ന് പറയും. കൂടുതൽ പ്രളയങ്ങൾ, കൂടുതൽ ഉഷ്ണതരംഗങ്ങൾ ഇവ ഭാവിയിൽ മുന്നിൽ കണ്ടു കൊണ്ട്, അതിനു പറ്റിയ രീതിയിലുള്ള ക്രമീകരണങ്ങൾ നടത്തുക എന്നതാണ് ചെയ്യേണ്ടത്.

Also Read: 44ാമത്തെ ലോഡ് കേറുന്നു: മലബാറിലേക്ക് സ്നേഹത്തിന്റെ പ്രളയം കയറ്റിവിട്ട് തിരുവനന്തപുരം മേയറും കൂട്ടരും

ഡോ. ജയകൃഷ്ണന്‍ പി.ആര്‍

ഡോ. ജയകൃഷ്ണന്‍ പി.ആര്‍

ചൈനയിലെ ബീജിംഗ് നോര്‍മല്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ്‌ ഡോക്ടറല്‍ ഗവേഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍